മലയാളത്തിലെ എക്കാലത്തെയും മികച്ച സാഹിത്യാദ്ധ്യാപകരും നിരൂപകരുമായ ഗുപ്തന്നായര് സാറിന്റെയും ലീലാവതി ടീച്ചറിന്റെയും അഭിപ്രായങ്ങളുടെ പശ്ചാത്തലത്തില്‍ ബെന്യാമിന്റെ 'ആടുജീവിതം' എന്ന കൃതി നോവലിന്റെ സാമൂഹ്യപ്രതിബദ്ധത എങ്ങിനെ നിറവേറ്റുന്നുവെന്നു പരിശോധിക്കുന്നത് നന്നായിരിക്കും. താനുള്‍പ്പെടെയുള്ള ജനതയുടെ ജീവിതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ബാദ്ധ്യസ്ഥനായ നോവലിസ്റ്റ് ഏതു ജനതയുടെ കാര്യമാണ് പരിഗണിക്കേണ്ടത് ? ജന്മഭൂമിയായ കേരളത്തിലെയോ കര്‍മ്മഭൂമിയായ ബഹറിനിലെയോ?
“സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും…”
എന്നു മനസ്സിലുരുവിട്ടു ജന്മദേശത്തെ ഒരു കൂടെപ്പിറപ്പിന്റെ കദനകഥ പകര്‍ത്തുകയായിരുന്നു ബെന്യാമിന്റെ ലക്ഷ്യം. ചൂഷക വര്‍ഗ്ഗത്തിനെതിരായി പടപൊരുതാനുള്ള ആഹ്വാനം ബോധപൂര്‍വ്വം പ്രചരിപ്പിക്കാനോ കലാത്മകമായി വ്യജ്ഞിപ്പിക്കാനോ നോവലിസ്റ്റ് ശ്രമിച്ചിട്ടില്ല. ഗുപ്തന്നായര് സാര്‍ വിവരിച്ച വിശാലമായ പ്രതിജ്ഞാബദ്ധത - ധര്‍മ്മബോധം- 'Moral Commitment' അവിടെ തിളങ്ങി നില്ക്കുന്നു. പിന്നെയെന്തിനാണ് ഇംഗ്ലീഷ്, തമിഴ്, കന്നട, നേപ്പാളി തുടങ്ങി നിരവധി ഭാഷകളിലേയ്ക്കു വിവര്‍ത്തനം ചെയ്ത ആടുജീവിതം സൗദിഅറേബ്യയും, യു.ഏ.ഇ.യും കര്‍ശനമായി നിരോധിച്ചിരിക്കുന്നത് ? ബഞ്ചമിന് എന്ന പേരിന്റെ അറബി രൂപമായ ബെന്യാമിന് എന്ന പേരും സൗദി അറേബ്യ നിയമവിരുദ്ധമാക്കി. കഥയിലെ വേട്ടക്കാരനും ഇരയും ഒരേ മതസ്ഥരായതിനാല്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്ന ആരോപണവുമില്ല.
സാഹിത്യമൂല്യങ്ങളെക്കുറിച്ച് സര്വ്വജനസമ്മതവും സാര്‍വ്വകാലികവുമായ സങ്കല്പമോ നിര്‍വ്വചനമോ ഇല്ലെന്നും ദേശകാല സമൂഹവ്യവസ്ഥാഭേദങ്ങളനുസരിച്ചു മൂല്യസങ്കല്പങ്ങള് മാറിമാറി വരുമെന്നും ലീലാവതി ടീച്ചറെഴുതിയത് എത്ര സത്യം !
തനിക്കു മികച്ചവരുമാനവും ജീവിതനിലവാരവും നല്കിയ അറബിനാടിന്റെ ജനതയുടെ ജീവിതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ ഭരണാധികാരികള്‍ക്കു മാപ്പെഴുതി നല്കി, അവര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ഉത്തരാധുനിക കഥകളെഴുതി, ബെന്യാമിനു ശിഷ്ടജീവിതം നീക്കിവെയ്ക്കാമായിരുന്നു. അറബി സമൂഹത്തിന്റെ മൂല്യവ്യവസ്ഥകള്‍ സാമൂഹ്യപ്രതിബദ്ധതയുടെ പേരില്‍ ഒരു ഭാണ്ഡമായിട്ടും താനുള്‍പ്പെടുന്ന ജനതയുടെ ജീവിതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ സാഹിത്യകാരനുള്ള പ്രതിജ്ഞാബദ്ധതയെക്കുറിച്ചു ഇത്രയും വ്യക്തവും സ്പഷ്ടവുമായ പഠനങ്ങള്‍ നിലവിലുള്ളപ്പോഴും സംശയങ്ങള്‍ പിന്നെയും ബാക്കി.
5. മൂല്യസങ്കല്പങ്ങള്.
ഡോ.എം.ലീലാവതി -മൂല്യങ്ങള്‍ - സാഹിത്യത്തില്‍
“ജീവിതമൂല്യങ്ങളെക്കുറിച്ചോ സാഹിത്യധര്മ്മങ്ങളെക്കുറിച്ചോ സര്വജനസമ്മതവും സാര്‍വ്വകാലികവുമായ സങ്കല്പമോ നിര്‍വചനമോ ഇല്ല. ദേശകാല സമൂഹവ്യവസ്ഥാഭേദങ്ങളനുസരിച്ച് മൂല്യസങ്കല്പങ്ങള് മാറിമാറി വരുന്നു. നരമേധം, അശ്വമേധം, അജമേധം എല്ലാം നരവര്‍ഗ്ഗത്തിനു ശിവം കൈവരാന്‍ വേണ്ടി ചെയ്യപ്പെട്ട പുണ്യകര്മ്മങ്ങളായിരുന്നു-യജ്ഞങ്ങളില്‍ മുഴുകിയ വൈദിക മഹര്‍ഷിമാരുടെ നോട്ടത്തില്‍. വര്‍ണ്ണവിഭജനം ഗുണകര്‍മ്മങ്ങളെ മുന്‍നിര്‍ത്തി ചെയ്തവരുടെ ലക്ഷ്യം സമൂഹഭദ്രതയുമായിരുന്നു.
ബുദ്ധന്റെ കാലത്താകട്ടെ ഹിംസയും ജാതിവിവേചനവും പാപമായും നരവര്ഗശാപമായും ഗണിക്കപ്പെട്ടു.
ഇന്നിതാ ചൂഷിത ബഹുഭൂരിപക്ഷത്തിനുവേണ്ടി ചൂഷകന്യൂനപക്ഷത്തെ കൊന്നൊടുക്കുന്നതില്‍ തെറ്റില്ലെന്ന ഹിംസാധിഷ്ഠിതതത്വശാസ്ത്രം വളര്‍ന്നു വരുന്നു. ഇതിനകം അഹിംസ ഒരു കേവലജീവിതമൂല്യം അല്ലെന്നല്ലേ? സൗന്ദര്യം മുതലായ മൂല്യങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങള്ക്കു വന്നുചേരുന്ന അര്‍ത്ഥപരിണാമങ്ങള്‍?
പക്ഷേ വിഷത്തെ അമൃതാക്കി മാറ്റാന്‍ കഴിവുള്ളവനേ സാഹിത്യകാരനാവൂ. രതികേളികളോ രതിവൈകൃതങ്ങളോ ലഹരികളോ എന്നുവേണ്ട ജീവിതത്തിന്റേതായ എന്തും കലയില്‍ വിഷയമാകും. പക്ഷേ, രസാനുഭൂതിയുളവാക്കലാണ് കലയുടെ ലക്ഷ്യം.” (മൂല്യസങ്കല്പങ്ങള് പേജുകള്‍ 47-52)
എല്ലാക്കാലത്തും എല്ലാജനങ്ങളും അംഗീകരിച്ചുവെന്നു നാം വിശ്വസിച്ചു പോന്ന സാഹിത്യകാരന്റെ പ്രതിബദ്ധതയ്ക്കു ഈ മാറ്റം വന്നതിനു പിന്നില്‍ ഉത്തരാധുനികത എന്നു സാമൂഹ്യ പരിവര്‍ത്തനം തന്നെയാകണം കാരണം.
ആഗോളവല്ക്കരണവും ഡിജിറ്റല്‍ യുഗവും ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുകയറ്റം ഉറപ്പുവരുത്തി. എല്ലാ ചാനലുകളുടെയും ന്യൂസ് വിഭാഗങ്ങളാണ് ജനപ്രിയതവും വരുമാനവും വര്‍ദ്ധിപ്പിക്കുന്നത്. സി.എന്‍.എന്‍ ഹെഡ്ലൈനായാലും ഏഷ്യാനെറ്റ് ന്യൂസ് ആയാലും ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായി തീര്ന്നി ട്ടുണ്ട്. ഉത്തരാധുനിക സാഹിത്യത്തെ ഈ ദൃശ്യമാദ്ധ്യമങ്ങള്‍ സ്വാധീനിച്ചതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് രചനയിലെ സമൃദ്ധമായ ബിംബസാന്നിദ്ധ്യം. തുടരരെ തുടരെ സ്ക്രീനില്‍ വന്നു വീഴുന്ന ദൃശ്യബിംബങ്ങള്‍ പ്രേക്ഷകനെ സ്വയം നിഗമനങ്ങളിലെത്താനാണ് പ്രേരിപ്പിക്കുന്നത്.
അവതാരകന്റെ വീക്ഷണങ്ങള്‍ക്കുള്ള പ്രസക്തി കുറഞ്ഞിരിക്കുന്നു. പുതുമൊഴിക്കവിതയിലും ഉത്തരാധുനിക കഥയിലും എഴുത്തുകാര്‍ വാരി വിളമ്പുന്ന ബിംബങ്ങള്‍ വായനയുടെ പുതിയൊരു രീതി ആവശ്യപ്പെടുന്നു. കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ മനുഷ്യനൊരു ആമുഖം എന്ന നോവലിനെതിരെ ഉയര്‍ന്ന വിമര്‍ശനം ബിംബങ്ങളുടെ ഉത്സവം എന്നായിരുന്നുവല്ലോ. അപ്പോള്‍ രചനയിലെ ലാവണ്യദീപ്തിയും ധാര്മ്മികമൂല്യവും കണ്ടെത്തുന്നത് വായനക്കാരന്റെ ചുമതലയായി മാറുന്നു. സാമൂഹ്യപ്രതിബദ്ധതയും ധാര്‍മ്മികമൂല്യങ്ങളും മനസ്സില്‍ കരുതി അവ പൊലിപ്പിച്ചു കാട്ടാനായ എഴുതിയിരുന്ന പരമ്പരാഗത രീതിക്കു പകരം പ്രതിഭയില്‍ നിന്നുതിരുന്ന ബിംബങ്ങളും പ്രതികരണങ്ങളും, വിരുദ്ധേക്തികളും എഴുത്തുകാര്‍ നമ്മുടെ മുന്നിലേക്കു നീക്കിവെയ്ക്കുന്നു. സര്‍ഗ്ഗവൈഭവമുള്ളവരുടെ സൃഷ്ടികളില്‍ അതു പെട്ടെന്നു അനുവാചകനു തിരിച്ചറിയാം. ധാരാളം കള്ളനാണയങ്ങളും ഇക്കൂട്ടത്തില്‍ പ്രചരിക്കുന്നുണ്ടെന്നും സമ്മതിക്കണം.
വായനക്കാരന് ഏറ്റെടുക്കേണ്ട ഈ വര്‍ദ്ധിച്ച ചുമതല സൂചിപ്പിച്ചു ഗോവര്‍ധന്റെ യാത്ര അവസാനിപ്പിച്ചുകൊണ്ട് ആനന്ദ് എഴുതിയ വരികള്‍ ഇതാണ് അര്‍ത്ഥമാക്കുന്നത്.
“ഒരു പാട് കഷണങ്ങളുടെ സംഹിതയാണ് ഒരു കൃതി. വായനയെന്നത് എവിടെ വെച്ചും പിരിഞ്ഞു തെന്നിപ്പോകാവുന്ന ഒരു പ്രക്രിയയും… അങ്ങിനെ പിരിഞ്ഞു തെന്നിപ്പോകാന്‍ ഉത്തേജിപ്പിക്കുന്ന കൃതിയാണ് നല്ല കൃതിയാകുന്നത്… അങ്ങിനെ പിരിഞ്ഞു തെന്നിപ്പോകുന്ന വായനക്കാരനാണ് നല്ല വായനക്കാരനാകുന്നത്… “ ചില നല്ല കൃതികള്‍ വായിച്ച് പുസ്തകം അടച്ചു വെച്ചു നമ്മള് ചിന്തയിലാണ്ടു പോകുന്നത് ഓര്‍ക്കുക.
വിധിയുടെ പിടിയിലമര്‍ന്നു ഞെരിഞ്ഞ ഒരു സഹജീവിയുടെ കഥ വിശ്വമാനവികതയുടെ വിതാനത്തില്‍ വിരിയിച്ചെടുത്തതിനാമ് ബെന്യാമിന് പ്രശസ്തനായത്. ധാര്‍മ്മിക പ്രതിബദ്ധതയെന്നു ഗുപ്തന് നായര്‍ സാര്‍ വ്യാഖ്യാനിച്ച ആ മൂല്യം അറബ് രാജ്യങ്ങല്‍ നിഷ്ക്കരുണം തള്ളി. സാര്‍വ്വകാലികവും സാര്‍വ്വദേശീയവുമായി അംഗീകരിക്കുന്ന പ്രതിബദ്ധതയില്ലെന്ന ലീലാവതി ടീച്ചറിന്റെ നിരീക്ഷണം അര്‍ത്ഥവത്തായി. അറബി രാജ്യങ്ങളെ വിമര്‍ശിക്കാനുള്ള ധാര്‍മ്മിക പിന്ഡബലം ഇന്ത്യയ്ക്കില്ല.
അമേരിക്കന്‍ മലയാളികളെ പ്രതിബദ്ധത പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ നമ്മുടെ മുന്‍ പത്രാധിപര്‍ക്കും മുന്‍ ലാനാ പ്രസിഡന്റിനും തീരെയില്ല. അറബ് ഭരണാധികാരികളുടെ ധാരണകള്‍ക്കും വ്യത്യസ്തമായ ധാരണ വെച്ചു പുലര്‍ത്തുന്ന നോവലിസ്റ്റിനെയും നോവലിനെയും വെച്ചു പൊറുപ്പിക്കുകയില്ലെന്നു തീരുമാനിച്ചാണ് ബെന്യാമിന്റെ പേരും നോവലും അവര്‍ നിരോധിച്ചത്. മുന്‍ പത്രാധിപര്‍ക്കും മുന്‍പ്രസിഡന്റിനും കോപം വരുന്നതില്‍ നിന്നാവാം മുന്‍കോപമെന്ന വാക്കു തന്നെ മലയാളത്തില്‍ ഉത്ഭവിച്ചത്. തങ്ങളുടേതില്‍ നിന്നും വ്യത്യസ്തമായ ധാരണ പുലര്‍ത്തുന്നത് ബാലിശമാണെന്നും അബദ്ധമാണെന്നും അവര്‍ എഴുതിച്ചേര്‍ത്തു. ഡോ.എം.ലീലാവതി എന്ന ബാലിക ഈ അബദ്ധങ്ങള്‍ മൂല്യസങ്കല്പങ്ങള് എന്ന ഗ്രന്ഥത്തില്‍ പ്രസിദ്ധീകരിച്ചതു കൂടാതെ ബിരുദാനന്ത ഘട്ടത്തിലുള്ള എത്ര എത്ര വിദ്യാര്ഡത്ഥികളെ വഴിതെറ്റിച്ചു. ഇ-മലയാളി വായിക്കാനിടയില്ലാത്തതിനാല് അവര്‍ തെറ്റു തിരിച്ചറിയുകയില്ല.
സാഹിത്യസാംസ്കാരിക കാര്യങ്ങളില്‍ സജീവതാല്പര്യമുള്ളവര് അതതു സമ്മേളനങ്ങളില്‍ കഴിയുന്നത്ര പങ്കെടുത്ത് മറ്റുള്ളവരെ സഹായിക്കണം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് അറിവും അനുഭവവും പങ്കുവെച്ചാണ് നാം നിലനില്‍ക്കുന്നത്. ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കു അധികാരമൊഴിഞ്ഞശേഷം സാധാരണക്കാരുടെ ഇടയിലിറങ്ങി ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. ക്ലിന്റണും, ബുഷുമൊക്കെ അനുഭവിക്കുന്ന പരിമിതികള്‍ നമ്മുടെ നേതാക്കന്മാര്ക്കും ബാധകമായി തുടങ്ങിയിരിക്കുന്നു. പ്രോട്ടോക്കോള്‍ ലംഘനവും സുരക്ഷാപരിഗണനകളുമൊക്കെയാവാം കാരണങ്ങള്‍. പക്ഷേ, ഓണ്‍ലൈന്‍ ദിനപത്രത്തിലെ ഒരു വാര്‍ത്ത വായിച്ചു പ്രതിഷേധലേഖനമെഴുതി പ്രസിദ്ധീകരിക്കുന്നതിനു മുന്‍പായി, വാര്‍ത്തയുടെ പൂര്‍ണ്ണരൂപം അന്വേഷിച്ചറിയാന്‍ എല്ലാ സൗകര്യങ്ങളുമുള്ള ഈ നാട്ടില്‍ അവര്‍ മിനക്കെടാത്തതു പ്രോട്ടോക്കോള്‍ ലംഘനമോ, സുരക്ഷാപാളിച്ചയോ ഭയന്നിട്ടാണോ?
നന്മതിന്മകള് സൃഷ്ടിയിലല്ല ദൃഷ്ടിയിലാണെന്നു നമ്മുടെ പൂര്‍വ്വികര്‍ പറഞ്ഞുതന്നത് സമകാലസാഹിത്യകൃതികള് അന്വര്‍ത്ഥമാക്കിയിരിക്കുന്നു. മിത്രങ്ങളെന്നു കരുതിയിരുന്നവര്‍ പ്രയോഗിക്കുന്ന ഭാഷ, അവരുടെ സംസ്കാരത്തെ ധ്വനിപ്പിക്കുന്നതു കൊണ്ടാവാം ഭാഷ തന്നെയാണ് സംസ്കാരം എന്ന പ്രയോഗം നിലവില്‍ വന്നത്. ഇത്തരം മിത്രങ്ങളുണ്ടെങ്കില്‍ ശത്രുക്കള്‍ വേറെ വേണ്ടേ എന്നു പറഞ്ഞ പ്രതിഭയ്ക്കു സ്തുതി. മലയാളിയുടെ ചിന്തകളെ ഏറ്റവും സ്വാധീനിച്ച മഹാനായ കവി കുറിച്ചിട്ട വാക്കുകള്‍ കാലാതിവര്‍ത്തിയായി നിലനില്ക്കുന്നതും അതു കൊണ്ടുതന്നെ.
“തന്നതില്ല പരനുള്ളു കാണുവാന്‍
ഒന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയിതപൂര്ണ്ണമാണ ഹോ
വന്നുപോം പിഴയ്ക്കുമര്ത്ഥശങ്കയാല്.”
(നളിനി കുമാരനാശാന്)
അടിക്കുറിപ്പ്:
വായനയിലൂടെ ആത്മനിര്‍വൃതിയും ഹര്ഷോന്മാദവും അനുഭവിക്കാന്‍ ഒരു പുതിയ നോവല്‍ നിര്‍ദ്ദേശിക്കട്ടെ.
Colorless Jsukoru Tazaki by HARUKI MURAKAMIA.
വാഷിംഗ്ടണ്‍ പോസ്റ്റും, വാള്‍സ്ട്രീറ്റ് ജേര്‍ണ്ണലും, ന്യൂസ് വീക്കും തുടങ്ങി ദേശീയ മാദ്ധ്യമങ്ങല്‍ മുക്തകണ്ഠം പ്രശംസിച്ച ഈ നോവല്‍ 2015-ല്‍ വിശ്വസാഹിത്യത്തിനു ലഭിച്ച മുതല്‍ കൂട്ടായി കരുതപ്പെടുന്നു. മുന്നൂറില്പരം പേജുകളില്‍ അതീവലളിതമായ ഭാഷയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.
Part-1