Image

ആത്മഹത്യയ്ക്ക് ഒരാമുഖം (ഭാഗം-1) ഷീല.എന്‍.പി

ഷീല.എന്‍.പി Published on 27 November, 2015
ആത്മഹത്യയ്ക്ക് ഒരാമുഖം (ഭാഗം-1) ഷീല.എന്‍.പി
ഈ ലേഖനത്തിന്റെ പ്രേരണാസ്‌ത്രോതസ് 'മൃത്യുവിചാരം' എന്ന ലേഖനത്തിന് വിദ്യാധരന്‍ എഴുതിയ ടിപ്പണിയില്‍ കണ്ട ഒരു പ്രസ്താവനയാണ്. ഇടപ്പള്ളി രാഘവന്‍ പിള്ള ധീരമായി മരണം വരിച്ചു എന്ന പ്രശംസ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കാന്‍ ഒരു വിഷയമായി. കൂടാതെ, വികരാവേഗത്താല്‍ തീരെ നിസ്സാരമായ കാരണങ്ങളാലും, അയാള്‍ക്കൊഴികെ മറ്റാര്‍ക്കും അറിയാത്ത കാരണത്താലും ജീവനൊടുക്കിയ പലരെയും എനിക്കു നേരിട്ടറിയാവുന്നതിനാലും വായനക്കാരുടെ ചിന്തയ്ക്കു കൂടി ഇതു വിഷയമാക്കണമെന്നു തോന്നി.

ആത്മഹത്യാ പ്രവണത ഏറിയും കുറഞ്ഞും എല്ലാവരിലുമുണ്ട്. ഒരിക്കലെങ്കിലും ആത്മഹത്യ ചെയ്തുകളയാം എന്നാഗ്രഹിക്കാത്തവരായി ഒരുവരുമില്ല. (സാമാന്യകഥനം- (അപവാദം) എക്‌സെപ്ഷന്‍സ് നാം ഒഴിവാക്കുമല്ലൊ.) ഇതെഴുതുന്ന ഞാന്‍ പോലും അത്തരമൊരു വികാരത്തിന് അധീനയായിട്ടുണ്ട് എന്നു പരസ്യസാക്ഷ്യം. പക്ഷേ, നിസ്സാര കാരണങ്ങളുടെ പേരില്‍ പ്രത്യേകിച്ച് പ്രേമനൈരാശ്യത്തിന്റെ പേരിലോ, പ്രേമിച്ചു വിവാഹം കഴിച്ചവര്‍ തന്നെ, തങ്ങളുടെ മക്കള്‍ പ്രേമിച്ചു വിവാഹം കഴിച്ചു എന്ന കാരണത്താലോ, ആത്മഹത്യ ചെയ്യുന്നതിനോടും അത്തരം കാര്യങ്ങല്‍ സാഹിത്യത്തിനു പ്രമേയമാക്കുന്നതിനോടും എനിക്ക് ഒട്ടും യോജിപ്പില്ല. അത്തരം രചനകള്‍ സാഹിത്യകോടിയില്‍ വരുന്നുമില്ല. രമണന്‍ പോലുള്ള ഗ്രാമീണ വിലാപകാവ്യങ്ങള്‍ സാഹിത്യകോടിയില്‍ വരുന്നില്ലേ എന്നു ചൂണ്ടിക്കാട്ടാന്‍ വരട്ടെ. വിഷയത്തില്‍ നിന്നു വിട്ടു പോകുമെന്നതിനാല്‍ അതിനുള്ള മറുപടി ഞാന്‍ കരുതിവെച്ചിട്ടുണ്ട്. തല്‍ക്കാലം ആത്മഹത്യയിലേക്കു മടങ്ങാം.

വികാരം, വിചാരം തുടങ്ങിയ പല ആവേഗങ്ങളും മര്‍ത്ത്യനു ജന്മസിദ്ധം. വീണ്ടുവിചാരം അഥവാ വിവേകം കൈക്കൊള്ളുന്നവരെയാണ് സമൂഹത്തിനാവശ്യം. സമൂഹജീവിയായ മനുഷ്യന്‍ പൗരധര്‍മ്മം അറിഞ്ഞ് സമൂഹത്തിന്റെ നന്മയ്ക്കുതകുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ - ഗീതയിലെ വാക്കു കടംകൊണ്ടു പറയട്ടെ, 'സ്വധര്‍മ്മം' പാലിക്കണം.

മനുഷ്യജന്മം ലഭിക്കുന്നതു തന്നെ സുകൃതമാണ്. എണ്‍പത്തിനാലു കോടി ജന്മങ്ങള്‍ക്കുശേഷമാണ് മനുഷ്യജന്മം ലഭിക്കുന്നതെന്നൊരു വിശ്വാസമുണ്ട്. ജന്മമെടുത്താല്‍ അവനു ചില ബാധ്യതകളുമുണ്ട്. ദേവഋണം, പിതൃഋണം, ഋഷിഋണം തുടങ്ങിയ ചില കടങ്ങള്‍ വീട്ടിത്തീര്‍ക്കണം. എങ്കിലേ ജനിമൃതിയില്‍ നിന്നു മുക്തിനേടി പുറപ്പെട്ടിടത്തേക്കു മടങ്ങാനാവൂ. പുത്രന്‍ എന്ന പദത്തിനും വലിയൊരര്‍ത്ഥമാണല്ലോ ഉള്ളത്. (വിശ്വാമിത്രനും ത്രിശങ്കു സ്വര്‍ഗ്ഗവുമൊക്കെ കെട്ടുകഥകളാണെന്നു കരുതിയാലും മണ്ണാങ്കട്ടയും കരിലയുംകൂടി കാശിക്കു പോയെന്ന മുത്തശ്ശിക്കഥയില്‍ പോലും ജീവിതത്തിലെ ബന്ധങ്ങളുടെയും ആത്യന്തികമായുണ്ടാകുന്ന അനിര്‍വ്വാര്യ വേര്‍പാടിന്റെയും ദര്‍ശനം നിഗുംഭനം ചെയ്തിരിക്കുന്നു!

ബുദ്ധിശൂന്യത കൊണ്ടല്ല, തലയില്‍, ഇങ്ങോട്ടിറക്കി വിട്ടപ്പോള്‍ ഒടേതമ്പുരാന്‍ വിവേകമെന്ന ഒരു ടോര്‍ച്ചുകൂടി ഫിറ്റിടിയ്തിട്ടുണ്ടെന്നും ഉചിതസന്ദര്‍ഭത്തില്‍ അതുപയോഗിക്കാത്തതാണ് സര്‍വ്വനാശത്തിനും കാരണമെന്നും രക്ഷിതാക്കളും ഗുരുക്കന്മാരും പറഞ്ഞുതന്നാലും പഠിക്കില്ലാ എന്ന നിര്‍ബന്ധബുദ്ധി വിനയാകുന്നു. ഇടപ്പള്ളി കവിക്കു പറ്റിയത് തനിക്ക് അപ്രാപ്യമായിടത്ത് ഹൃദയം വരുംവരായ്ക നോക്കാതെ സമര്‍പ്പിച്ചതാണ്. പ്രേമക്കാരും കവികളുമൊക്കെ തലയിലെ ആണിക്ക് സ്വല്പം ഇളക്കം തട്ടിയവരാണ്. ഭ്രാന്തന്മാര്‍ക്കും ഇവര്‍ക്കുമിടയില്‍ ഒരു തലനാരിഴയുടെ വ്യത്യാസമേയുള്ളുവെന്നും മറ്റും ഒരാരോപണം പണ്ടേയുള്ളതാണ്. കൃഷ്ണപിള്ളയും രാഘവന്‍പിള്ളയും അന്തരംഗസുഹൃത്തുക്കളായിരുന്നല്ലോ. പരസ്പം കൈമാറാത്ത രഹസ്യങ്ങളുണ്ടായിരുന്നില്ല അവര്‍ക്കിടയില്‍. മുട്ടിക്കൂടി ചോദിച്ചപ്പോള്‍ സ്‌നേഹിതന്‍ ഉള്ളിലിരുപ്പു വെളിപ്പെടുത്തി. കാവ്യഭംഗിയില്‍ -

'ശരദഭ്രവീഥിയിലുല്ലസിക്കും, ഒരു വെള്ളിനക്ഷത്രമെന്തുകൊണ്ടോ
അനുരക്തയായിപോല്‍ പൂഴി മണ്ണില്‍, അമരും വെരുമൊരു പുല്‍ക്കൊടിയില്‍'
ചേര്‍ച്ചയില്ലാത്ത രണ്ടിനെ ചേര്‍ക്കുകില്‍ വിഷമമാം.

ഇവിടെ സംഭവിച്ചതും അതുതന്നെ. നല്ല സുഹൃത്തുക്കള്‍ തക്കസമയത്തു ബുദ്ധിയുപദേശിക്കുമെന്നാണ് പറയാറ്. ഇവിടെ പാടുന്ന പിശാചിന് (ഗുസ്തിക്കുവരണ്ട. കക്ഷി സ്വയം വിശേഷിപ്പിച്ചത്) അതിനു വല്ലതും നേരമുണ്ടോ? ഇഷ്ടന്‍ രഘുവംശത്തിലെ അവസാനകണ്ണി നമ്മുടെ അഗ്നിവര്‍ണ്ണന്റെ അനന്തിരവനായിരുന്നല്ലോ. പുള്ളിക്കാരന്റെ പങ്കപ്പാട് ഈ വിധത്തിലായിരുന്നു. സ്വാനുഭവം സാക്ഷിക്കുന്നതിങ്ങനെ-

പലപല നാരികള്‍ വന്നൂ വന്നവര്‍, 
പണമെന്നോതി നടുങ്ങീ ഞാന്‍
പലപല രമണികള്‍ വന്നൂ വന്നവര്‍
പദവികള്‍ വാഴ്ത്തി നടുങ്ങീ ഞാന്‍.-പോരേ പൂരം! രാജയക്ഷമാവൂ(ക്ഷയം പിടിപെട്ട് അരിയെത്തും മുമ്പ് ഇടം കാലിയാക്കേണ്ടിവന്നത് ഈ നാറികള്‍ മൂലമോ, അതോ രമണന്‍ പുറത്തിറങ്ങിയപ്പോള്‍ കിട്ടിയ സമ്മാനമാണോ എന്ന് ഇപ്പോഴും പലര്‍ക്കും സംശയം ബാക്കി. ഓണത്തിനൊരു മൂലം എന്നു സമാധാനിക്കുക. എന്റെ വാക്കുകള്‍ക്കു മാര്‍ദ്ദവം പോരാ എന്നുള്ളവരോട് പറയാനുള്ളത് സത്യത്തിന്റെ മുഖം അധികം പേര്‍ക്കും സുന്ദരമായി തോന്നാത്തതുകൊണ്ടാണ്. (എന്നെപ്പോലെ എന്നു പറയുന്നില്ല. കാരണം, ഞാന്‍ എന്നെ സ്‌നേഹിക്കുന്നു, തന്നത്താന്‍ സ്‌നേഹിച്ചിട്ടേ അന്യരെ സ്‌നേഹിക്കാവൂ എന്നാണ് എനിയ്ക്കു കിട്ടിയ ഉപദേശം.)

കൊക്കിലൊതുങ്ങുന്നതേ കൊന്നാവൂ എന്ന ചൊല്ല് പരേതാത്മാക്കളോട് പറഞ്ഞിട്ടു കാര്യമില്ല. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ, ആര്‍ക്കും ആരെ വേണമെങ്കിലും പ്രേമിക്കാന്‍ അവകാശമുണ്ട്. അതില്‍ ആണ്‍പെണ്‍ വിവേചനമില്ല. 'മനസ്വിമാര്‍ മനസ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍' എന്നൊക്കെ ആശാന്‍ പറയുന്നത് മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. മാംസനിബദ്ധമല്ല രോഗം എന്നു മറ്റൊരു മണ്ടത്തരം പറഞ്ഞതും ടിയാന്‍ ഒരു ഫലിതം പറഞ്ഞതായി കരുതിയാല്‍മതി. ഇക്കാര്യം ആശാന്‍ പ്രഭൃതികള്‍ സ്വയം തെളിയിച്ച കാര്യമല്ലേ. അപ്രിയ സത്യം പറയരുത്. പ്രിയംവദ: എന്നതാണു പ്രീണനപ്രിയരുടെ രീതിയെന്നും അറിയായ്കയല്ല. നമുക്ക് രാഘവന്‍പിള്ളയ്ക്കു പറ്റിയ മണ്ടത്തരത്തിലേക്കു മിഴിയൂന്നുക. അതവിടെ നില്‍ക്കട്ടെ- 

താന്‍ കൈ മെയ് മറന്നു പ്രേമിച്ച പെണ്ണ് ഹാവഭാവങ്ങളോടെ കടക്കണ്ണെറിഞ്ഞ് ആ പാപത്തിന്റെ ചിത്തം തന്റെ കാല്‍ക്കല്‍ പതിപ്പിച്ചെങ്കിലും ഉള്ളിലിരുപ്പ് മറ്റൊന്നായിരുന്നു. അവള്‍ക്കിത് ഒരോമന കൗതുകം മാത്രം. പുള്ളിക്കാരി-  എന്തുവന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം എന്ന ഉറച്ചതീരുമാനത്തിലായിരുന്നു. പൊതുവേ സ്ത്രീകള്‍ പുളിങ്കൊമ്പില്‍ പിടിക്കുന്ന സ്വഭാവക്കാരാണ്. പിള്ളേച്ചന്റെ പെണ്ണിനു ബോധമുണ്ടായിരുന്നു. കവിത കൊണ്ടു ജാരാഗ്നി ശമിപ്പിക്കാനാവുകയില്ലെന്ന്. കവികള്‍ ഊര്‍ധ്വമുഖരാണല്ലോ. (മനുഷ്യരെല്ലാം അങ്ങനെ തന്നെ) പക്ഷേ, നാം സാധാരണക്കാര്‍ കാണുന്നതും കേള്‍ക്കുന്നതുമല്ല ഈ പരിഷകളുടെ രീതി- ഏത് ചപ്രത്തലയിലും ഒരെണ്ണമിനുക്കം, ഏതു നഗ്നപാദത്തിലും ഒരു ചിലങ്കയുടെ കിലുക്കം…പാവം! തന്റെ ഹൃദയം അര്‍ഹിക്കാത്തിടത്താണു താന്‍ പ്രതിഷ്ഠിച്ചതെന്നു മനസ്സിലാക്കിയപ്പോഴേയ്ക്കും മനസ്സാകെ താളം തെറ്റി. അവള്‍ മറ്റൊരുത്തനോടു രസിച്ചുകൂടുന്നത് ആ.വ.കാ.വിന് (വഞ്ചിതകാമുകന്) സഹിക്കാവുന്നതിലപ്പുറമായിരുന്നു. ആഗ്രഹിച്ചത് കിട്ടാഞ്ഞപ്പോള്‍ പിന്നെ ജീവിതം പാഴായിപ്പോയെന്നൊരു ചിന്തയും വന്നുദിച്ചു. പിന്നെ ശേഷിച്ചത് ഒരേ ഒരാഗ്രഹം മാത്രം-

'വെള്ളിടി വെട്ടിയെന്‍ ജന്മം നശിക്കുവാന്‍
കള്ളമല്ലേറെ കൊതിക്കുന്നു മന്മനം!'

ആഗ്രഹിക്കുമ്പോള്‍ വെട്ടുന്ന ഒന്നല്ലല്ലോ വെള്ളിടി. വിഷം വാങ്ങിക്കാന്‍ കാശുമില്ല. ഒരുമുഴം കയറിനു പഞ്ഞമില്ലല്ലോ, 'ഒരു ഗഞ്ചിറപ്രേമം' - തലയ്ക്കടിച്ച് - തോന്നാബുദ്ധിയാണു പിന്നെത്തോന്നിയത് പിറന്ന ലഗ്നത്തില്‍ എവിടെയോ പാപദൃഷ്ടി പതിഞ്ഞിരിക്കും അപ്പോള്‍ വരാനുള്ളത് വഴിയില്‍ തങ്ങുകില്ല. ഇത്തരം 'അതിയത്തം' കാണിക്കാന്‍ എന്റെ വിദ്യാധരാ, ധൈര്യം വേണമെന്നില്ല. ഇല്ലെങ്കില്‍ ആശിക്കാന്‍ പിശുക്കില്ലാതെ നാം ആഗ്രഹിച്ചുപോകുന്നത് 'സാരാനര്‍ഘപ്രഭതിരളും ദിവ്യരത്‌നങ്ങളേറെ' സമുദ്രത്തിന്നഗാധതയില്‍ കിടപ്പുണ്ടെങ്കിലും ചിലതു ചിലനാള്‍ കേളിപ്പെടുന്നു. 

അവര്‍ണ്ണം, നവനവോന്മേഷശാലിനിയായ ആ കവി പ്രതിഭയില്‍ നിന്ന് ഒരു വിലാപം പോലെയുള്ള കാവ്യതല്ലജങ്ങള്‍ ചിലതൊക്കെ ഇനിയും കൈരളിക്കു ലഭിച്ചേനെ- പഹയന്‍, ഈ കൊലച്ചതി (ആനമണ്ടത്തരം) ചെയ്തില്ലായിരുന്നെങ്കില്‍ - എന്നു പറയാതെ വയ്യ.

കവി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും ആ കവിതകള്‍ ഇന്നും സഹൃദയമാനസങ്ങളില്‍ അലയടിക്കുന്നു. പക്ഷേ, ദേഹമാസക്തിയല്ല യഥാര്‍ത്ഥപ്രേമമെന്നു മനസ്സിലാക്കാനുള്ള തിരിച്ചറിവ് ഇല്ലാതെ പോയി. ശാരീരികാകര്‍ഷണം ഒരു ബാഹ്യ ഉപാധി മാത്രം. സ്ത്രീകള്‍ പ്രണയിച്ചാലും തങ്ങളുടെ അന്തസ്സിന് വിലയ്ക്കും നിലയ്ക്കും -യുക്തമല്ലെന്നു കണ്ടാല്‍ വീട്ടുകാര്‍ അവരുദ്ദേശിക്കുന്നിടത്തു കൊണ്ടുപോയി തളയ്ക്കും. അതാണു പഴയ രീതി. പിന്നെ ഏകാന്തനിമിഷങ്ങളില്‍ ഇനിയും നശിക്കാത്ത ചില വേരുകളില്‍ നിന്നു പൊടിക്കുന്ന ഇലകള്‍ നോക്കി ദീര്‍ഘ നിശ്വാസം ഉതിര്‍ക്കാനും മതി - സംതൃപ്ത കുടുംബജീവിതം! തഥാസ്തു!

തുടരും……….


ആത്മഹത്യയ്ക്ക് ഒരാമുഖം (ഭാഗം-1) ഷീല.എന്‍.പി
ആത്മഹത്യയ്ക്ക് ഒരാമുഖം (ഭാഗം-1) ഷീല.എന്‍.പി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക