MediaAppUSA

ഭരണഘടന, അസഹിഷ്ണുത സംവാദത്തിലൂടെ പാര്‍ലിമെന്റ് ശീതകാല സമ്മേളനം- (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 07 December, 2015
ഭരണഘടന, അസഹിഷ്ണുത സംവാദത്തിലൂടെ പാര്‍ലിമെന്റ് ശീതകാല സമ്മേളനം- (ഡല്‍ഹികത്ത് : പി.വി.തോമസ്)
പാര്‍ലിമെന്റിന്റെ ശീതകാലസമ്മേളനം (നവംബര്‍ 26) സംഘര്‍ഭരിതമായ ഒരു രാഷ്ട്രീയ അന്തരീക്ഷത്തിലാണ് ആരംഭിച്ചതെങ്കിലും സാമാന്യം മോശമല്ലാത്ത രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നു. രണ്ട് സംവാദങ്ങല്‍ ശ്രദ്ധേയം ആയി. ഒന്ന് ഭരണഘടനയെകുറിച്ചുള്ള ദ്വദിന ചര്‍ച്ച. ഈ ചര്‍ച്ചക്കുള്ള കാരണങ്ങള്‍ രണ്ട് ആയിരുന്നു. ഒന്ന് ഈ വര്‍ഷം ഭരണഘടനയുടെ പിതാവും ദളിത് നേതാവും ആയ അംബേദ്ക്കറുടെ 125-ാം ജന്മവാര്‍ഷികം ആണ്. രണ്ട് പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ച ദിവസം ആയിരുന്നു 66 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1949 നവംബര്‍ 26 ഭരണഘടനയുടെ കരട് രേഖ അംബേദ്ക്കര്‍ കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിക്ക് നല്‍കിയത്. പാര്‍ലിമെന്റിന്റെ ശീതകാലസമ്മേളനാരംഭത്തിലെ രണ്ടാമത്തെ സംവാദം- അസഹ്ഷ്ണുത-വളരെ സമകാലിക പ്രസക്തിയുള്ളതായിരുന്നു. വിഷയം കൃത്യമായി പറഞ്ഞാല്‍ ഇന്‍ഡ്യയിലെ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുത. ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചയും അസഹിഷ്ണുതയെക്കുറിച്ചുള്ള ചര്‍ച്ചയും വളരെ കാലോചിതം തന്നെയായിരുന്നു. പക്ഷേ, എന്തായിരിക്കും പരിണിത ഫലം?
ഭരണഘടന വളരെയധികം ധ്വംസിക്കപ്പെടുന്ന ഒരു കാലം ആണ് ഇത്. അത്‌പോലെതന്നെ അസഹിഷ്ണുതയും  വര്‍ദ്ധിച്ച് വരുകയാണ്. ജനങ്ങള്‍ മതത്തെയും ജാതിയെയും ഭാഷയെയും പ്രവശ്യയെയും പ്രദേശത്തെയും വര്‍ഗ്ഗീയതെയും ലിംഗത്തെയും ഒക്കെ ചൊല്ലി കലഹിക്കുകയാണ്. പരസ്പരം അസഹിഷ്ണാലുക്കള്‍ ആവുകയാണ്. ഇത് നരേന്ദ്രമോഡിയുടെ ഭരണത്തിന്റെ മാത്രം സൃഷ്ടിയാണെന്ന് ആരും പറയുകയില്ല. ഈ അസഹിഷ്ണുത, അല്ലെങ്കില്‍ ഭരണഘടനാമൂല്യങ്ങളോടുള്ള അതൃപ്തി ഭാരതീയന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. ഇത് മോഡി ഭരണത്തില്‍ കൂടുതല്‍ പ്രകടവും പ്രസ്പഷ്ടവും വ്യാപകവും ആയെന്ന് മാത്രം. ഇത് മോഡിയോ ബി.ജെ.പി.യോ സംഘപരിവാറോ അംഗീകരിക്കുകയില്ലെന്ന് മാത്രം. പക്ഷേ, സത്യം സത്യം ആണ്. ഇന്‍ഡ്യയില്‍ ഇന്ന് അസഹിഷ്ണുത ഉണ്ട്. പ്രത്യേകിച്ചും മതത്തിന്റെ പേരില്‍. ഈ വസ്തുതയെ അംഗീകരിച്ചുകൊണ്ട് അതിനെ അഭിമുഖീകരിക്കുന്നതും ഒരു പരിഹാരം കാണുന്നതും ആണ് ബുദ്ധി. കണ്ണടച്ച് ഇരുട്ടാക്കുന്നതല്ല. എന്താണ് ഇതിന്റെ കാരണം? എന്താണ് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ, ഉദാഹരണമായി മതനിരപേക്ഷത, ആശയ-ചിന്താ-ഭാഷണ സ്വാതന്ത്ര്യത്തെ, നിഗ്രഹിക്കുവാനുള്ള പുറപ്പാടിന്റെ പിമ്പിലുള്ള ചേതോവികാരം? അത് സങ്കുചിതമായ, അസഹിഷ്ണാപരമായ മത-ജാതിവികാരങ്ങള്‍ അല്ലേ? ആരാണ് ഇതിന് കാരണക്കാര്‍? അവരാണോ ഇന്നത്തെ ഭരണകര്‍ത്താക്കള്‍? അവരെ ഊട്ടിവര്‍ത്തിയ ചിന്താഗതിയും പ്രത്യയശാസ്ത്രവും ആണോ ഈ വക അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്? നല്ല ഒരു പരിധിവരെ അതുതന്നെയാണ്. മതങ്ങളും മനുഷ്യരും പരസ്പരം മനസിലാക്കാതെയും ഉള്‍ക്കൊള്ളാതെയും വരുമ്പോള്‍, പരസ്പരം ബഹുമാനിക്കാതെയും അംഗീകരിക്കാതെയും വരുമ്പോള്‍ സംഘര്‍ഷം ഉണ്ടാകും. അശാന്തി ഉണ്ടാകും. ഇതിനുള്ള പ്രതിവിധി പരിഹാരം ഭരണഘടനയില്‍ ഉണ്ട്. സഹിഷ്ണുതയും സഹവര്‍ത്തിത്വവും സമാധാനപരമായ സഹവാസവും ആണ് ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആധാരശില. സാംസ്‌ക്കാരിക ദേശിയത്വവും ഹിന്ദുരാഷ്ട്രവും മറ്റും ആഹ്വാനം ചെയ്യുന്നവര്‍ മറക്കുന്നത് സങ്കര സംസ്‌ക്കാരാധിഷ്ഠിതമായ ഇന്‍ഡ്യയെന്ന യാഥാര്‍ത്ഥ്യത്തെയാണ്. അധിനിവേശങ്ങളുടെയും രാഷ്ട്രവിഭജനത്തിന്റെയും മതവൈരത്തിന്റെയും വിഴുപ്പ് ഭാണ്ഡം ചുമക്കുന്നവര്‍ക്ക് ചരിത്രത്തിന്റെ ഈചതിച്ചുഴിയില്‍ നിന്നും രക്ഷയില്ല. അവരാണ് ഒരു രാഷ്ട്രത്തെയും ഒരു കാലഘട്ടത്തെയും ഈ കൊടുംസമസ്യയില്‍ ബന്ധിക്കുവാന്‍ ശ്രമിക്കുന്നത്.

അതിനാല്‍ പാര്‍ലിമെന്റിലെ ഈ രണ്ട് സംവാദങ്ങളും ചരിത്രമുഹൂര്‍ത്തങ്ങള്‍ ആയിരുന്നു. ഭരണഘടനയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയും ഭരണപക്ഷവും, ഒര്‍ത്ഥത്തില്‍ ആഭ്യന്തരമന്ത്രി ഒഴിച്ച്, പ്രതിപക്ഷവും അതിന്റെ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനെയും അതിന്റെ പവിത്രതയെ കാക്കേണ്ടതിന്റെയും ആവശ്യകതയെകുറിച്ച് ഒറ്റ സ്വരത്തില്‍ സംസാരിച്ചു. അസഹിഷ്ണുതയുടെ കാര്യത്തില്‍ പ്രധാനമന്ത്രി ഇന്‍ഡ്യയുടെ സങ്കരസംസ്‌ക്കാര പൈതൃകത്തെ ഉയര്‍ത്തി കാണിച്ചു. എന്നാല്‍ ഭരണകക്ഷിയിലെ ഭൂരിഭാഗവും ഇത് കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഒരു വിചാരഗതിയായി ചിത്രീകരിച്ചു. പ്രതിപക്ഷമാകട്ടെ അസഹിഷ്ണുതയെയും ഭരണഘടന വിധ്വംസത്തെയും അക്കമിട്ട് നിരത്തി നിഗ്രഹിച്ചു. ഈ സംവാദങ്ങളിലൂടെ കാര്യമായിട്ട് എന്തെങ്കിലും നേടിയോ എന്ന് ചോദിച്ചാല്‍ അതിന് ഭാവിഫലങ്ങള്‍ക്ക് മാത്രമെ മറുപടി പറയുവാന്‍ സാധിക്കുകയുള്ളൂ. പക്ഷേ, തീര്‍ച്ചയാണ് ഇവ രാഷ്ട്രത്തിന് ചില പുതിയ സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

അവയില്‍ പ്രധാനം ആണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവനകള്‍. ബീഹാറിലെ തെരഞ്ഞെടുപ്പ് പരാജയത്തിനും റത്തലാം(മദ്ധ്യപ്രദേശ്) ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് പരാജയത്തിനും ഗുജറാത്ത് സിവിക്ക് തെരഞ്ഞെടുപ്പ് തിരിച്ചടിക്കും ശേഷം മോഡി വല്ലാത്ത ഒരു പ്രതിസന്ധിയില്‍ ആണ്. അദ്ദേഹത്തിന് ആകെ കിട്ടിയ ഒരു ആശ്വാസം വൈറ്റ് ഹൗസില്‍ നിന്നും ആണ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് ഒരു പ്രതിദിന പ്രസ്ഫ്രീസിംങ്ങിനിടെ പ്രസിഡന്റ് ബരാക്ക് ഒബാമയെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.(പ്രസ്ട്രസ്റ്റ് ഓഫ് ഇന്‍ഡ്യ) മോഡി ആത്മാര്‍ത്ഥതയുള്ള ഒരു നേതാവാണ്. അദ്ദേഹം നിഷ്‌കപടനാണ്. അദ്ദേഹത്തിന് കാര്യങ്ങള്‍ അറിയാം. അദ്ദേഹത്തിന്റെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ ദിശാബോധം ഉണ്ട്. അതുപോലെ തന്നെ ഇന്‍ഡോ-അമേരിക്ക ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണകള്‍ ഉണ്ട്. ഒബാമയുടെ ഈ സര്‍ട്ടിഫിക്കറ്റ് മോഡിയും അദ്ദേഹത്തിന്റെ പബ്ലിക്ക് റിലേഷന്‍സ് വിഭാഗവും എക്കാലവും കടപ്പെട്ടിരിക്കുമെന്നതില്‍ സംശയം ഇല്ല. പക്ഷേ എന്താണ് ഇതിന് ഒബാമയെയും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയെയും പ്രകോപിപ്പിച്ചത്? തീര്‍ച്ചയായും ചില ഉദ്ദേശങ്ങള്‍ ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അത് എന്തുമാകട്ടെ.

എന്തായാലും ഭരണഘടന- അസഹിഷ്ണുത സംവാദങ്ങളില്‍ ഇടപെട്ടുകൊണ്ട് മോഡി പറഞ്ഞ ചിലകാര്യങ്ങള്‍ പരമപ്രധാന്യമര്‍ഹിക്കുന്നവയാണ്. അദ്ദേഹം ഇന്‍ഡ്യയുടെ വൈവിദ്ധ്യമാര്‍ന്ന സങ്കരസംസ്‌ക്കാരത്തെ അംഗീകരിച്ചു. അതാണ് ഇന്ത്യയുടെ ശക്തിയെന്നും പറഞ്ഞു. രാഷ്ട്രീയം സ്വയം സേവകസംഘിന്റെ സാംസ്‌കാരിക ദേശീയതയില്‍ ഹൈന്ദവ സംസ്‌ക്കാരത്തിനു മാത്രമെ സ്ഥാനമുള്ളൂ. അത്‌പോലെ തന്നെ മോഡി അഭിപ്രായ സമന്വയത്തിന് ഊന്നല്‍ നല്‍കി. ഇവയെല്ലാം തികച്ചും ജനാധിപത്യപരം ആണ്. നടപ്പിലാക്കിയാല്‍ വളരെ നല്ലതും. ഭരണഘടനയില്‍ യാതൊരു അഴിച്ചുപണിയും നടത്തുകയില്ലെന്നും മോഡി പറഞ്ഞത് വളരെ ശ്രദ്ധേയം ആണ്. അതിന് അദ്ദേഹത്തിന്റെ ഗവണ്‍മെന്റിന് അംഗബലം ഉണ്ടോയെന്നതല്ല വിഷയം. തലേദിവസം രാജ്‌നാഥ്‌സിംങ്ങ് നടത്തിയ വിവാദപരമായ ഒരു പ്രസ്ഥാവനയുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ മോഡിയുടെ ഉറപ്പ് പ്രസക്തം ആണ്. ഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യലിസ്റ്റ്, സെക്കുലര്‍' എന്ന രണ്ട് വാക്കുകള്‍ 42-ാം ഭേദഗതിയിലൂടെ ഇന്ദിരഗാന്ധി അടിയന്തിരാവസ്ഥക്കാലത്ത് കൂട്ടിച്ചേര്‍ത്തതിനെ രാജ്‌നാഥ് സിംങ്ങ് അത്ര സുഖകരമല്ലാതെ പരാമര്‍ശിക്കുകയുണ്ടായിരുന്നു. അത് ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി. സോഷ്യലിസവും മതനിരപേക്ഷതയും സംഘപരിവാറിന്റെ നിഘണ്ടുവില്‍ വര്‍ജ്ജിതമാണ്. മതനിരപേക്ഷതയാണ് ഇന്‍ഡ്യന്‍ ഭരണഘടനയില്‍ ഏറ്റവും ദുരുപയോഗിച്ചിട്ടുള്ള ഒരു വാക്കെന്നും രാജ്‌നാഥ് സിംങ്ങ് പറയുകയുണ്ടായി. അദ്ദേഹം ഉദ്ദേശിച്ചത് സംഘപരിവാറിന്റെ സ്ഥിരം പല്ലവിയായ ന്യൂനപക്ഷപ്രീണനം ആണെന്നതില്‍ തര്‍ക്കം ഇല്ല..... എന്നാല്‍ സിങ്ങിന് തെറ്റിയത്, മറ്റൊരു വസ്തുതയാണ്. ഭരണഘടനയില്‍ ഏറ്റവും ദുരുപയോഗിക്കപ്പെട്ടത് മതനിരപേക്ഷത അല്ല. അത് ആര്‍ട്ടിക്കിള്‍ 356 ആണ്. ഇത് പ്രകാരം നൂറിലേറെ സംസ്ഥാന ഗവണ്‍മെന്റുകളെയാണ് കേന്ദ്രം പിരിച്ചുവിട്ടിട്ടുള്ളത്. ഈ ആര്‍ട്ടിക്കിള്‍ ഭരണഘടനയില്‍ എഴുതിചേര്‍ക്കുമ്പോള്‍ അംബേദ്ക്കര്‍ നല്‍കിയ ഒരു മുന്നറിയിപ്പ് ഉണ്ടായിരുന്നു. അത് ഒരു ചത്ത് ആര്‍ട്ടിക്കിള്‍ ആയി ഭരണഘടനയില്‍ കിടക്കട്ടെയെന്ന്. അതായത് ഒരിക്കലും ഉപയോഗിക്കപ്പെടാതെയിരിക്കട്ടെയെന്ന്. പക്ഷേ, കോണ്‍ഗ്രസും, ജനതയും, നാഷ്ണല്‍ ഫ്രണ്ടും, യുണൈറ്റഡ് ഫ്രണ്ടും, ബി.ജെ.പി.യും എല്ലാം നിര്‍ദ്ദാഷണ്യം ഇത് ദുരുപയോഗിച്ചു അവരവരുടെ രാഷ്ട്രീയം താല്‍പര്യം അനുസരിച്ച്.

ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന വേളയില്‍, രാജ്യത്ത് അസഹിഷ്ണുതയും മതവൈരവും കത്തിപ്പടരുന്ന സന്ദര്‍ഭത്തില്‍ പാര്‍ലിമെന്റിന്റെ ഈ രണ്ട് സംവാദങ്ങളും സമയോചിതം ആയിരുന്നു. ഗവണ്‍മെന്റ് ഇവയെ പ്രാവര്‍ത്തീകം ആക്കുമോ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക