Image

സന്നിധാനത്തിലേക്ക്...(വാസുദേവ് പുളിക്കല്‍)

Published on 31 December, 2015
സന്നിധാനത്തിലേക്ക്...(വാസുദേവ് പുളിക്കല്‍)
"സന്നിധാനമേ സ്വാമി സന്നിധാനമേ
സനാതനം ഈ സന്നിധാനം''

ബ്രഹ്മാണ്ഡനായകന്‍, കലിയുഗവരദന്‍, ഓങ്കാരപ്പൊരുള്‍ എന്നൊക്കെ വിളിക്കുന്ന അയ്യപ്പസ്വാമിയുടെ സന്നിധാനം സനാതനധര്‍മ്മത്തിന്റെ പ്രതീകമാണ്. സന്നിധാനത്തില്‍ എത്തുമ്പോള്‍ അവിടെ എഴുതി വച്ചിരിക്കുന്ന "തത്ത്വമസി' യും ഭാരതത്തിന്റെ സാര്‍വ്വലൗകിക സന്ദേശവും അനുഭവവേദ്യമാകണം. പവിത്രമായ ആ സന്നിധാനത്തിലേക്ക് യാത്ര തിരിക്കുമ്പോള്‍ അയ്യപ്പന്മാര്‍ പാടുന്നു:

വൃതശുദ്ധിയോടെ വരുന്നൊരി ജനസഞ്ചയത്തിനഭയമായ്
നിലകൊള്ളുമീശ്വരസന്നിധി നിധി പോലെ കാക്കുക നമ്മളാല്‍

ആശ്രിതവത്സലനായ അയ്യപ്പന്റെ സന്നിധാനം ഭക്തജനങ്ങള്‍ക്ക് അമൂല്യമായ നിധിയാണ്. മനസ്സും ശരീരവും ശുദ്ധമാക്കി വ്രതാനുഷ്ഠാനത്തോടെയാണ് ശബരിമലതീര്‍ത്ഥാടനം. സാധരണ ജീവിതത്തില്‍ നിന്ന് വ്യത്യസ്ഥമായ സാത്വീക ഭാവത്തിലുള്ള ഒരു ജീവിതക്രമമാണ് വൃതം. പഞ്ചേന്ദ്രിയങ്ങളെ അന്തര്‍മുഖമാക്കി ഭൗതിക സുഖഭോഗങ്ങള്‍ക്ക് വഴി മാറിക്കൊടുത്ത് മനസ്സ് ഈശ്വരചിന്തകൊണ്ട് നിറച്ചു കൊണ്ടുള്ള ഒരു ജീവിത ക്രമം. അപ്പോള്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ആത്മസൗന്ദര്യം ആസ്വദിക്കാന്‍ സാധിക്കുന്നു.

വൃശ്ചികം ഒന്നാം തീയതിയാണ് അയ്യപ്പന്മാര്‍ ശരണം വിളിച്ച് മുദ്രമാലയണിഞ്ഞ് 41 ദിവസം അല്ലെങ്കില്‍ 56 ദിവസം നീണ്ടു നില്‍ക്കുന്ന വൃതാനുഷ്ഠാനം ആരംഭിക്കേണ്ടത്. എന്താണ് വൃശ്ചികം ഒന്നും അയ്യപ്പനുമായുള്ള ബന്ധം. പന്തളരാജാവാണ് അയ്യപ്പന്റെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രം സ്ഥാപിച്ച് തപസ്വിനി ശബരിയുടെ അനുസ്മരണമായി ശബരിമല എന്ന് പേരിട്ടത്. സീതാന്വേഷണ സമയത്ത് ശ്രീരാമന് സീതയിരിക്കുന്നത് ലങ്കയിലാണെന്ന് പറഞ്ഞു കൊടുത്ത ശേഷം ദേഹത്യാഗം ചെയ്ത ശബരിക്ക് മോക്ഷം ലഭിക്കാതിരുന്നതിനാല്‍ ജനിമൃതികളുടെ ചാക്രീകതയില്‍ പെട്ട് വീണ്ടും ജന്മമെടുത്ത് ശാസ്താവിന്റെ അനുഗ്രഹത്തിനായി കാത്തിരുന്നതായിരിക്കണം. ക്ഷേത്രത്തിന്റെ പ്രതിഷ്ഠ എങ്ങനെ ആയിരിക്കണമെന്ന് നിശ്ചയിക്കാന്‍ സാധിക്കാതെ രാജാവ് വിഷമിച്ചപ്പോള്‍ ഒരു മഷി നോട്ടക്കാരന്‍ പ്രത്യക്ഷപ്പെട്ട് മഷി നോക്കി ക്ഷേത്രപ്രതിഷ്ഠയുടെ സ്വഭാവം കാണിച്ചു കൊടുത്തു. പരശുരാമന്‍ന്മഷി നോട്ടക്കാരനായി പ്രത്യക്ഷപ്പെട്ടതാണെന്നും പരശുരാമനാണ് ശബരിമലയില്‍ അയ്യപ്പ പ്രതിഷ്ഠ നടത്തിതെയന്നും അത് വൃശ്ചികം ഒന്നാം തീയതി ആയിരുന്നെന്നും ഐതിഹ്യം. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയതും ഒരു വൃശ്ചികം ഒന്നാം തീയതിയായിരുന്നു. അതുകൊണ്ടൊക്കെയായിരിക്കണം വൃശ്ചികം ഒന്നാം തീയതി ശബരിമല തീര്‍ത്ഥാടനത്തിനുള്ള മണ്ഡലവൃതം ആരംഭിക്കുന്നത്.

മോക്ഷപ്രാപ്തിക്കുവേണ്ടിയാണ് വൃതാനുഷ്ഠാനത്തോടെ അയ്യപ്പദര്‍ശനം നടത്തുന്നത്. കെട്ടും കെട്ടി ശബരിമലക്ക്, ആരെക്കാണാന്‍, സ്വാമിയെക്കാണാന്‍, സ്വാമിയെക്കണ്ടാല്‍ മോക്ഷം കിട്ടും എന്ന ശരണം വിളിയുടെ ധ്വനി മണ്ഡലകാലത്ത് അന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കാം. കര്‍മ്മങ്ങള്‍ അറ്റു പോകുന്നവര്‍ക്കാണ് മോക്ഷം ലഭിക്കുക. ആഗ്രഹങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോള്‍ അവസാനമില്ലാത്ത കര്‍മ്മത്തില്‍ കുടുങ്ങിപ്പൊകുന്നു. ഫലേച്ഛയോടേയുള്ള കര്‍മ്മത്തെ പരിത്യജിച്ചെങ്കില്‍ മാത്രമേ മോക്ഷപ്രാപ്തിയുണ്ടാവുകയുള്ളൂ. "ദുരേണ ഹൃവരം കര്‍മ്മ ബുദ്ധിയോഗാദ്ധനഞ്ജയ, ബുദ്ധൗ ശരണന്വിച്ഛ കൃപണഃ ഫലഹേതുവഃ'' (കര്‍മ്മത്തെ പരിത്യജിച്ച് ബുദ്ധിയെ ശരണം പ്രാപിച്ച് ബുദ്ധിയോഗിയായിരിക്കണം) എന്ന് ഗീതയില്‍ പറയുന്നു. മോക്ഷം എന്നാല്‍ ജനിമൃതികളില്ലാത്ത അവസ്ഥയാകുമ്പോള്‍ അതിനെ അമൃതിനോട് ഉപമിക്കാം. അമൃത് ഭക്ഷിക്കുന്നവര്‍ക്ക് മരണം സംഭവിക്കുകയില്ലല്ലൊ. മരണമില്ലെങ്കില്‍ പിന്നെ വീണ്ടും ജനിക്കേണ്ടതില്ല. പാലാഴി മഥനത്തിന്റെ അന്ത്യത്തിലാണ് അമൃത് ലഭിച്ചത്. പാലാഴി സ്വച്ഛമായ സാത്വികതയുടെ പ്രതീകമാണ്. പാലാഴി കടഞ്ഞപ്പോള്‍ മാലിന്യങ്ങളും വിഷാംശങ്ങളും നീങ്ങിയതിനു ശേഷമാണ് അമൃതകുംഭം പ്രത്യക്ഷപ്പെട്ടത്. മനസ്സ് ഒരു പാലാഴിയാണ്. അതുകൊണ്ട് മനസ്സില്‍ നിന്ന് കറകള്‍ നീക്കിന്കര്‍മ്മബന്ധത്തില്‍ നിന്ന് മോചിതരായി ആത്മസൗന്ദര്യത്തിന്റെ പ്രഭയില്‍ തിളങ്ങുമ്പോഴെ മോക്ഷപ്രാപ്തിക്ക് അര്‍ഹരാകുന്നുള്ളു. ആ അവസ്ഥയില്‍ എത്തി സായൂജ്യമടയുന്നതിനു വേണ്ടിയാണ് വൃതാനുഷ്ഠാനത്തോടെ അയ്യപ്പസന്നിധാനത്തിലേക്കുള്ള തീര്‍ത്ഥയാത്ര.

അയ്യപ്പന്മാര്‍ കെട്ടു നിറച്ച് ഗുരുസ്വാമിയില്‍ നിന്ന് കെട്ട് ഏറ്റുവാങ്ങി ശബരിമല യാത്ര ആരംഭിക്കുന്നു. എരുമേലിയില്‍ എത്തി അയ്യപ്പന്‍ നിന്റകത്ത് ഓം, സ്വാമി എന്റെകത്ത് ഓം എന്നാണ് ശരിയായ മന്ത്രമെങ്കിലും (അപ്പോഴാണ് തത്വമസിയാകുന്നത്) അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം എന്ന് ഈണത്തില്‍ പാടി പേട്ട തുള്ളുന്നു. പേട്ട തുള്ളല്‍ അവസാനിക്കുന്നത് അമ്പലപ്പുഴക്കാരുടേയും ആലങ്ങാട്ടുകാരുടേയും പേട്ട തുള്ളലോടേയാണ് അമ്പലപ്പുഴക്കാരുടെ പേട്ട തുള്ളലിന് ഒരു സവിശേഷതയുണ്ട്. പേട്ട തുള്ളുമ്പോള്‍ അകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കും. അമ്പലപ്പുഴ കൃഷ്ണന്‍ പരുന്തായി വന്ന് അമ്പലപ്പുഴ പേട്ടയെ അനുഗ്രഹിക്കുന്നു എന്ന് ഐതീഹ്യം. എരുമേലിയില്‍ പേട്ട തുള്ളി ജാതിമത ചിന്തകള്‍ക്ക് ഇടം കൊടുക്കാതെ വാവരുസ്വാമിയെ വണങ്ങി യാത്ര തുടരുന്നു. കോട്ടപ്പടിയും കടന്ന് പേരൂര്‍ത്തോട്ടിലെ വിശ്രമത്തിനു ശേഷമുള്ള യാത്ര നിബിഡമായ വനത്തിലൂടെയാണ്. കാനനച്ചോലകളും പുഷ്പലതാതികളും കൊണ്ട് മനോഹരമായ കാടിന്റെ സൗന്ദര്യം ആസ്വദിച്ചും ശരണം വിളിച്ചും കല്ലും മുള്ളും കാലിന് മെത്തയാക്കിയും സന്തോഷത്തോടെ മല കയറിപ്പോകുന്ന അയ്യപ്പന്മാര്‍ക്ക് ഭീതി ജനിപ്പിക്കും വിധത്തില്‍ കാട്ടുമൃഗങ്ങള്‍ മുരളുന്നു. എന്നാല്‍ അയ്യപ്പന്മാര്‍ക്ക് ഭയമില്ല. കാരണം:

ജപമാലയും ജപമന്ത്രവും തീര്‍ത്ഥയാത്രയില്‍ കൂടെ കൂട്ടിനായ്,
മല കേറിടുന്ന നേരവും പുഴ താണ്ടിടുന്ന നേരവും
തീര്‍ത്ഥയാത്രയില്‍ കൂട്ടിനായ മണികണ്ഠനെപ്പോഴുമെത്തീടും
ഇരുള്‍ മുടിടുന്നൊരു പാതയില്‍ നറു നെയ് വിളക്കായ് വന്നിടും

എന്ന് അയ്യപ്പന്മാര്‍ക്കറിയാം. മണികണ്ഠന്റ രക്ഷാവലയം ഉള്ളപ്പോള്‍ അവര്‍ എന്തിന് പേടിക്കണം.

പേരൂര്‍ത്തോടും പിന്നിട്ട് കാളകെട്ടിയിലാണ് പിന്നത്തെ വിശ്രമം. പരമശിവന്‍ ശാസ്താവിന്റെ മഹിഷിമര്‍ദ്ദനം കണ്ട് രസിച്ചത് ഈ സ്ഥലത്തിരുന്നാണ്. ശിവന്‍ തന്റെ വാഹനമായ കളയെ കെട്ടിയിട്ട ഈ സ്ഥലം പിന്നീട് കാളകെട്ടി എന്നറിയപ്പെട്ടു. ശാസ്താവിന്റെ ജന്മോദ്ദേശ്യംന്ദേവലോകം ആക്രമിച്ച് കീഴടക്കി ദേവന്മാരെ പീഡിപ്പിച്ചു കൊണ്ടിരുന്ന മഹിഷിയെ വധിക്കുക എന്നതായിരുന്നു. ശാസ്താവ് സ്വര്‍ഗ്ഗത്തില്‍ എത്തി മഹിഷിയുമായി ഏറ്റുമുട്ടി. ശാസ്താവ് ചുഴറ്റിയെറിഞ്ഞ മഹിഷി അഴുതാനദിയുടെ അടുത്തു ചെന്ന് വീണു. ശാസ്താവ് അവിടെ എത്തി മഹിഷിയുടെ മുകളില്‍ കയറി നിന്ന് നൃത്തം തുടങ്ങി. തപസ്സുകൊണ്ടും വരശക്തികൊണ്ടും ശക്തയായ തന്നെ കീഴടക്കിയത് സാക്ഷാല്‍ ശങ്കരനാരായണ പുത്രനല്ലാതെ മാറ്റാരുമല്ലെന്ന് മഹിഷി മനസ്സിലക്കി. ശൈവവൈഷ്ണവ അംശത്തില്‍ നിന്ന് ജനിച്ച് പന്ത്രണ്ട് സംവത്സരം ഒരു മനുഷ്യനെ സേവിക്കുന്നവനെ തന്നെ കൊല്ലാന്‍ കഴുയൂന്എന്ന ബ്രഹ്മാവിന്റെ വരദാനം അവള്‍ക്ക് ഓര്‍മ്മ വന്നു. ദേവിമാരുടെ അംശങ്ങളില്‍ നിന്ന് ജനിക്ല ലീല ഭര്‍ത്താവായ ദത്തമുനിയാല്‍ന്ശപിക്കപ്പെട്ട് അസുരജന്മമെടുത്ത് മഹിഷിയായതാണ്. മഹിഷി ശാസ്താവിനെ സ്തുതിക്കാന്‍ തുടങ്ങി. ശാസ്താവ് മഹിഷിയെ അനുഗ്രഹിച്ചു. സുന്ദരമായ ഒരു സ്ര്തീരൂപം മഹിഷിയില്‍ നിന്ന് ഉയര്‍ന്നു വന്നു. അവള്‍ക്ക് ശാസ്താവിനോട് അനുരാഗം തോന്നി. നിത്യ ബ്രഹ്മചാരിയായതു കൊണ്ട് തന്റെ വാമഭാഗത്ത് കുറച്ചു മാറി മണികണ്ഠന്‍ അവള്‍ക്ക് സ്ഥാനം നല്‍കി. അങ്ങനെ ശാപമോക്ഷം ലഭിക്ല ലീലയാണ് മാളികപ്പുറത്തമ്മ. ദേവിക്ക് മഞ്ഞള്‍ അഭിഷേകം പ്രിയമായതുകൊണ്ട് മഞ്ച മാതാവ് എന്നും അറിയപ്പെടുന്നു. കന്നിക്കാര്‍ ശബരമലക്ക് വരാത്ത അവസരത്തില്‍ മാളികപ്പുറത്തമ്മയുടെ ആഗ്രഹം സഫലീകരിക്കപ്പെടുമെന്ന് അയ്യപ്പന്‍ പ്രതീക്ഷ നല്‍കിയിരുന്നതായി മറ്റൊരു ഐതിഹ്യം.

കന്നിമലയേറാനാരും വരാത്ത നാള്‍, തൃപ്പടി താണ്ടുവാന്‍ കാത്തിരിപ്പൂ
കന്നിശരങ്ങളെ കാണുന്ന മാത്രയില്‍ കണ്ണുനീരൊപ്പി തിരിച്ചു പോകും

മാളികപ്പുറത്തമ്മയുടെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് നിഷ്ഫലമായിക്കൊണ്ടിരുന്നു. എങ്കിലും നിരാശപ്പെടാതെ ആകാംക്ഷയോടെ കാത്തിരുപ്പ് തുടരുന്നു.

അഴുതാമേടും കയറി കല്ലിടും കുന്നില്‍ കല്ലിട്ട് വണങ്ങി കഠിനമായ കരിമലയും കയറിയിറങ്ങി പാമ്പാതീരത്തെത്തുമ്പോള്‍ അയ്യപ്പന്മാര്‍ തികച്ചും ക്ഷീണിതരായിരിക്കും. എന്നാല്‍ ശാന്തമായൊഴുകുന്ന പമ്പയിലെ ശീതളതയില്‍ മുങ്ങിയുയരുമ്പോള്‍ അവര്‍ ഉന്മേഷവാന്മാരാകുന്നു. പമ്പയില്‍ സദ്യയുണ്ട് പമ്പാവിളക്കു കണ്ട് പമ്പമേളപ്പാട്ടുംന്പാടി യാത്രതുടര്‍ന്ന് നീലിമലയിലെ ശബരിയാശ്രമവും ശരംകുത്തിയും കടന്നു പതിനെട്ടാം പടിയ്ക്കല്‍ എത്തുമ്പോള്‍ അയ്യപ്പന്മാര്‍, പ്രത്യേകിച്ച്് കന്നിക്കാര്‍ ആനന്ദാശ്രുക്കള്‍ പൊഴിക്കുന്നു.

പടി പതിനെട്ടേറാന്‍ ഞങ്ങള്‍ ഇരുമുടിയേന്തുന്നേ
പദമൂന്നി വന്നേ ഞങ്ങള്‍ ഭഗവാനെ നിന്റെ മുന്നില്‍
പടി പതിനെട്ടും തൊട്ട് തൊഴുത് കേറുമ്പോള്‍
പരം പൊരുള്‍ അയ്യന്‍ ഭക്തിലഹരിയാകുന്നുന്

അയ്യപ്പഭക്തിലഹരിയില്‍ മുങ്ങി സന്നിധാനത്തില്‍ എത്തുമ്പോള്‍ അയാപ്പന്മാര്‍ക്ക് ലക്ഷ്യത്തിലെത്തിയ പ്രതീതിയാണ്.

പടി കേറി വന്നപ്പോള്‍ പാപങ്ങളൊക്കെയും
പമ്പ കടന്നെങ്ങോ പോയി

എന്ന് വിശ്വസിക്കുന്ന അയ്യപ്പന്മാര്‍ ഭഗവാന്റെ തിരുവുടല്‍ കണ്ട് നിര്‍വൃതിയടയാനുള്ള ആവേശത്തില്‍

ഇരുമുടി ഞാനൊന്നിളച്ചോട്ടേ
ആ തിരുവടി ഞാനൊന്നു കണ്ടോട്ടേ

എന്ന് ഭഗവാനൊട് അനുവാദം ചോദിക്കുന്നു. ഭഗവാന്റെ തിരുവുടല്‍ കണ്ടാല്‍ സായുജ്യം ലഭിക്കുമെന്നാണവരുടെ വിശ്വാസം. ഇരുമുടിയില്‍ കരുതിയിരിക്കുന്ന നെയ്‌ത്തേങ്ങയിലെ നെയ് അഭിഷേകത്തിനായ് കൊടുക്കുന്നു. ശബരിമലയിലെ പ്രധാന വഴിപാട് നെയ്യഭിഷേകമാണ്.ന്
അമൃതമീ അഭിഷേക തീര്‍ത്ഥം
അയ്യന്‍ തിരുമേനി തഴുകി താഴേക്കൊഴുകും
അകതാരില്‍ ആനന്ദ പമ്പ

ഭഗവാന്റെ തിരുമേനിയിലൂടെ ഒഴുകി വരുന്ന നെയ്യിന് ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം. അയ്യപ്പന്മാര്‍ ആ നെയ്യ് കുപ്പിയിലാക്കി വീട്ടില്‍ കൊണ്ടു പോകുന്നു.

ഒരു നെയ്‌ത്തേങ്ങയായ് മാറിയെങ്കില്‍ ഞാന്‍
ഒരു കണമായ് ഉരുകിയെങ്കില്‍ ഞാന്‍

എന്ന് അയ്യപ്പന്മാര്‍ ആഗ്രഹിക്കുന്നത് സ്വാമിതൃപ്പാദങ്ങളില്‍ സ്വയം സമര്‍പ്പിക്കുന്നതിന് തുല്യമാണ്. ഈശ്വരനുമായി താദാത്മ്യം പ്രാപിക്കാനുള്ള ഭക്തന്റെ അഭിവാഞ്ചയാണിത്. ഇനി മടക്കയാത്രക്കുള്ള ഒരുക്കമാണ്. അതിനു മുമ്പ് മകരസംക്രമത്തില്‍ ദീപാരാധനയും, മകരജ്യോതിയും, മകരവിളക്കും കണ്ട് തീര്‍ത്ഥയാത്രയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കണം. ദീപാരാധനക്ക് മുമ്പ് അയ്യപ്പന്റെ തിരുമേനിയില്‍ ചാര്‍ത്തുന്ന തിരുവാഭരണം കൊണ്ടു വരുന്നത് പന്തളം കൊട്ടാരത്തില്‍ നിന്നാണ്. തിരുവാഭരണം സന്നിധാനത്തിലേക്കടുക്കുമ്പോള്‍ ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്ന കാഴ്ച കാണുന്ന അയ്യപ്പന്മാര്‍ ഹര്‍ഷപുളകിതരായി ഭക്തി സാന്ദ്രതയില്‍ ആവേശത്തോടെ ഉച്ചത്തില്‍ ശരണം വിളിക്കൂന്നു, അവരുടെ വിശ്വാസത്തിന് ഉറപ്പ് കൂടുന്നു. തിരുവാഭരണം ചാര്‍ത്തി സര്‍വ്വാഭരണ വിഭൂഷിതനായി ദീപങ്ങളുടെ പ്രഭയില്‍ തിളങ്ങുന്ന പ്രതിഷ്ഠ അയ്യപ്പന്മാരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠയാകുന്നു.

അങ്ങനെ പൊന്നമ്പല നടയില്‍ ദീപാരധനയും, മകരവിളക്കും (മാളകപ്പുറത്തു നിന്ന് വാദ്യഘോഷങ്ങളോടെയുള്ള ആനയെഴുന്നെള്ളത്ത് എന്നും മകരസംക്രമപ്പുലരിയില്‍ അയ്യപ്പന്റെ തിരുനടയില്‍ കൊളുത്തുന്ന വിളക്ക് എന്നും വിഭിന്ന അഭിപ്രായങ്ങള്‍), മകരജ്യോതിയും (പൊന്നമ്പലമേട്ടില്‍ നിന്നുയരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ദിവ്യപ്രകാശം) കണ്ട് അയ്യപ്പന്മാര്‍ യാത്ര തിരിക്കുമ്പോള്‍ മനസ്സിലെ എല്ലാ ഭാരങ്ങളും ഇറക്കി വെച്ച പ്രതീതിയാണ്, സന്തുഷ്ടിയാണ്. അഭിപ്രായങ്ങളും ഐതീഹ്യങ്ങളും എന്തൊക്കെയാണെങ്കിലും വൃതശുദ്ധിയോടെ സന്നിധാനത്തിലെത്തി ഭക്തിയില്‍ കുളിക്ലു നില്‍ക്കുന്ന ഭക്തജനങ്ങളുടെ മനസ്സില്‍ സ്വയം തെളിഞ്ഞ് പ്രകാശിക്കുന്നതാണ് മകരവിളക്കും മകരജ്യോതിയുമൊക്കെ എന്നാണ് മനസ്സിലാക്കേണ്ടത്. (ഈ ലേഖനത്തില്‍ ഉദ്ധരിച്ചിരിക്കുന്ന ഈരടികള്‍ ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ "ഭക്തിഗാന സുധ'യില്‍ നിന്ന് എടുത്ത് ചേര്‍ത്തതാണ്).

സന്നിധാനത്തിലേക്ക്...(വാസുദേവ് പുളിക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2016-01-01 13:04:17
ചെറുപ്പക്കാരനായ ഒരു അയ്യപ്പഭക്തനു
ഭാര്യ സമേതം സന്നിധാനത്തിൽ പോയി
തൊഴാൻ സാധിക്കാത്തത് കഷ്ടമല്ലേ ശ്രീ വാസുദേവ്.
നിങ്ങളിലും ഒരു ദേവൻ ഉണ്ടല്ലോ.  എന്ത് പറയുന്നു.  ഭാര്യയെ കൂട്ടി പോയി തൊഴാൻ അവൾക്ക് മെനോപോസ്
വരുന്നത് വരെ കാത്തിരിക്കേണ്ടി വരുന്നത്
കഠിനം പൊന്നയ്യപ്പാ.... അമ്മയെ ദൈവത്തെപോലെ
കാണുന്നവരുടെ മുന്നില് അയ്യപ്പൻറെ മഹത്വത്തിനു
തിളക്കം കുറയുന്നില്ലേ?
andrew 2016-01-01 14:11:50
Mr. Vasudev's articles are more or less centered on religion, god, and his beliefs. So his articles being a personal sentiment of the author i stayed away. But curiosity was always there. The gods of almost all religions are afraid of women especially in the re-productive time. That means the gods too are helpless like we humans ? They cannot control themselves when they see a women and her body and  ' period time' is a taboo. Wonder why women worship male gods ? But Krishna had several women and there is no mention of him running away from them. In fact 16008 + Radha got  Orgasm at the same time from Krishna.
  it is interesting to note the findings that Sri Ayyappan is  not a hindu god but a converted Buddha and the temple was a Buddhist temple.
 Christian women stayed away from church and was forbidden to receive communion during menses. 
 it is funny to note that the old testament god came to kill Moses  but took of in full speed when he saw blood and knife. It is written Moses's wife Sipora was the daughter of a priest, so she might know how to handle male gods ?
Sudhir Panikkaveetil 2016-01-01 18:47:49
ഫോണിലൂടെ ഒരാൾ സംശയം ചോദിച്ചതിനു
മറുപടിയായി എന്റെ കമന്റ് ലളിതമായി
വിശദീകരിക്കുന്നു,.

ചോദ്യം: ഭാര്യക്ക് വേഗം മെനോപോസ് വരണമെന്ന്
ആഗ്രഹിക്കുന്ന ഭർത്താവ് ആർ?

ഉത്തരം: ശബരിമല ഭക്തൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക