Image

പൊന്നു പിള്ള മലയാളം സൊസൈറ്റി വൈസ് പ്രസിഡന്റ്

Published on 01 February, 2016
പൊന്നു പിള്ള മലയാളം സൊസൈറ്റി വൈസ് പ്രസിഡന്റ്
ഹ്യൂസ്റ്റന്‍: ഒരു തികഞ്ഞ ഭാഷാസ്‌നേഹിയും പരന്ന വായനയുമുള്ള അമേരിക്കയിലെ പ്രത്യേകിച്ച് ഹ്യൂസ്റ്റനിലെ സാമൂഹ്യ-സാംസ്ക്കാരിക വേദികളില്‍ നിറസാന്നിദ്ധ്യവും ഒരു തികഞ്ഞ ജീവകാരുണ്യ പ്രവര്‍ത്തകയുമായ ശ്രീമതി പൊന്നു പിള്ളയെ ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.

1979-ല്‍ അമേരിക്കയില്‍ കുടിയേറിയ പൊന്നു പിള്ള ഹ്യൂസ്റ്റനില്‍ സ്ഥിരതാമസമാക്കുകയും താമസിയാതെ പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കാനും തുടങ്ങി. സാമൂഹ്യ-സാംസ്ക്കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പൊന്നുപിള്ളയെ സംബന്ധിച്ചിടത്തോളം ജന്മസിദ്ധമാണ്. കുട്ടിക്കാലത്ത് സ്ക്കൂളില്‍ പഠിക്കുമ്പോള്‍തന്നെ മറ്റുകുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും കഴിയുന്നത്ര പരസഹായം ചെയ്യാനും അവര്‍ ശ്രമിച്ചിരുന്നു. ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയിന്‍സില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ നെഴ്‌സുമാര്‍ക്കുവേണ്ടി നേതൃനിരയില്‍ പ്രവര്‍ത്തിച്ച പരിചയവും അനുഭവസമ്പത്തും ഹ്യുസ്റ്റനിലെ മലയാളികളുടെ പൊതുകാര്യങ്ങളില്‍ ഏര്‍പ്പെട്ടു പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സഹായിച്ചു. അക്കാലത്ത് ഹ്യൂസ്റ്റനില്‍ മലയാളികളുടെ കുടിയേറ്റത്തിന്റെ തുടക്കമായിരുന്നതിനാല്‍ ബാലാരിഷ്ടപോലെ ധാരാളം പ്രശ്‌നങ്ങളുമുണ്ടായിരുന്നു. അതിനൊക്കെ സംഘടനയില്‍ ചേര്‍ന്ന് വേണ്ടപ്പെട്ടവരുമായി ഇടപെട്ടും തന്നാല്‍ കഴിയുന്ന വിധത്തിലും സഹായങ്ങള്‍ ചെയ്തു.

ഹ്യൂസ്റ്റന്‍ മലയാളി അസ്സോസിയേഷനിലെ പ്രവര്‍ത്തനങ്ങള്‍ അവരുടെ സാമൂഹ്യ-ജീവിതത്തിലെ പൊന്‍തൂവലായി നിലനില്‍ക്കുന്നു. നീണ്ട പതിനാറു വര്‍ഷം കമ്മിറ്റി മെമ്പര്‍, സെക്രട്ടറി, ട്രഷറര്‍, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സമൂഹത്തിലെ എല്ലാവരേയും ഉള്‍ക്കൊള്ളാന്‍വേണ്ടി യൂത്ത് ഫോറം, വിമന്‍സ് ഫോറം മുതലായ ഫോറങ്ങള്‍ സംഘടിപ്പിച്ച് അസ്സോസിയേഷനെ ബലപ്പെടുത്താനും പ്രയോജനപ്പെടുത്താനും കഴിഞ്ഞു. 2002-ല്‍ അവര്‍ തുടങ്ങിവച്ച കേരളാ സീനിയേഴ്‌സ് ഫോറത്തിന്റെ കോഓഡിനേറ്ററായി ഇന്നും തുടരുന്നു. ഇടയ്ക്ക് നാലുവര്‍ഷം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹ്യൂസ്റ്റന്‍ ചാപ്റ്ററില്‍ ചേര്‍ന്നു അതിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കാനും പൊന്നു പിള്ള സമയം കണ്ടെത്തി. 2008-ല്‍ ഹ്യൂസ്റ്റനില്‍ നടന്ന ഫൊക്കാന/ഫോമാ കണ്‍വന്‍ഷനില്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സനായി പ്രവര്‍ത്തിച്ചു.

അതോടൊപ്പംതന്നെ കേരളാ ഹിന്ദു സൊസൈറ്റിയിലും തന്റെ സേവനങ്ങള്‍ തുടര്‍ന്നു. അവിടെ സംഘടനയെ ബലപ്പെടുത്താനും സാമ്പത്തിക നേട്ടം കൈവരുത്താനും പൊന്നു പിള്ളയുടെ സേവനങ്ങള്‍ സഹായിച്ചു. നെഴ്‌സസ് സംഘടനയായ ഇന്‍ഡൊ അമേരിക്കന്‍ നെഴ്‌സസ് അസോസിയേഷനില്‍ അംഗത്വമെടുത്ത് കമ്മിറ്റി മെമ്പര്‍, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രസിഡന്റായും നാഷണല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ട്രഷററായും പ്രവര്‍ത്തിക്കുന്നു. ഹ്യൂസ്റ്റനിലെ ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റുമാണ്.

പൊന്നു പിള്ളയെ സംബന്ധിച്ചിടത്തോളം ജാതിമതഭേദമന്യേ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നൈസര്‍ഗ്ഗീകമായ വരദാനമാണെന്നു തോന്നുന്നു. സാമൂഹ്യ-സാംസ്ക്കാരിക രംഗങ്ങളില്‍ സജീവമായിരിക്കുമ്പോഴും ജീവകാരുണ്യ രംഗങ്ങളില്‍നിന്ന് വിട്ടുനിന്നിട്ടില്ല. എവിടെ എങ്ങനെ സഹായം ചെയ്യാന്‍ കഴിയുമോ അതൊക്കെ സ്വന്തം നിലയിലും സംഘടനയിലൂടെയും ചെയ്തിട്ടുണ്ട്. അതില്‍, നാട്ടില്‍ ഒന്നിലധികം പെണ്‍കുട്ടികളെ നെഴ്‌സിംഗ് പഠിപ്പിക്കുന്നതും കഴിയുന്നത്രയും പണം സമാഹരിച്ച് ടെലിവിഷനില്‍ "കണ്ണാടി' മുതലായ പരിപാടികളില്‍ പരിചയപ്പെടുത്തുന്ന അവശര്‍ക്കും നിര്‍ധനര്‍ക്കും, അല്ലാതെ അറിയുന്ന അര്‍ഹതപ്പെട്ടവര്‍ക്കും സഹായങ്ങള്‍ എത്തിക്കുന്നത് സാധാരണയാണ്. പലപ്പോഴും ഗാര്‍ഹിക പ്രശ്‌നങ്ങളില്‍ വേണ്ട ഉപദേശങ്ങള്‍ കൊടുക്കാനും ചിലപ്പോള്‍ വേണ്ടത്ര രേഖകളില്ലാതെവന്ന് ബുദ്ധിമുട്ടുന്നവര്‍ക്കു സഹായങ്ങള്‍ എത്തിച്ചുകൊടുക്കാനും പൊന്നു പിള്ള മുന്‍കൈഎടുത്തു പ്രവര്‍ത്തിക്കുന്നുണ്ട്. അങ്ങനെ സമൂഹത്തില്‍ പൊന്നുപിള്ള എല്ലാവരുടെയും പ്രിയങ്കരിയായ "പൊന്നു ചേച്ചി'യായി മാറിയിരിക്കുകയാണ്. പൊന്നു പിള്ളയുടെ നിസ്തുല സേവനങ്ങള്‍ കണക്കിലെടുത്ത് പല സംഘടനകളില്‍ പൊന്നാട അണിയിച്ചും ഫലകങ്ങള്‍ നല്‍കിയും ആദരിച്ചിട്ടുണ്ട്.

ഒരു തികഞ്ഞ ഭാഷാസ്‌നേഹിയും പരന്ന വായനയുമുള്ള പൊന്നു പിള്ള എല്ലാ പുസ്തകങ്ങളും പ്രത്യേകിച്ച് അമേരിക്കയിലെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിക്കുന്നതില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നു. "അമേരിക്കയിലെ തിരക്കിട്ട് ജീവിതത്തില്‍ വളരെ ചിന്തിച്ച് ധാരാളം സമയം ചിലവഴിച്ച് എഴുതുന്നത് നമ്മള്‍ വായിച്ചില്ലെങ്കില്‍ ആര് വായിക്കാനാണ്. അതുകൊണ്ട് നമ്മുടെ എഴുത്തുകാരുടെ രചനകള്‍ വായിക്കുന്നതില്‍ എനിക്ക് കൂടുതല്‍ താല്‍പര്യമുണ്ട്'. അവര്‍ സാക്ഷ്യപ്പെടുത്തുന്നു. പുരാണേതിഹാസങ്ങളിലും ഭഗവദ്ഗീത മുതലായ ആധ്യാത്മിക ഗ്രന്ഥങ്ങളിലും നല്ല ജ്ഞാനമുള്ള പൊന്നുപിള്ള ക്ഷേത്രങ്ങളിലും മറ്റ് ആത്മീയ ചടങ്ങുകളിലും വേദഗന്ഥങ്ങള്‍ പാരായണം ചെയ്യാറുണ്ട്.

മലയാളം സൊസൈറ്റിയുടെ സമ്മേളനങ്ങളില്‍ സ്ഥിരം പങ്കെടുത്ത് വിദഗ്ദ്ധമായ അഭിപ്രായങ്ങളും സൃഷ്ടിപരമായ വിമര്‍ശനങ്ങളും നല്‍കാറുള്ള പൊന്നു പിള്ളയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ അംഗങ്ങള്‍ സംതൃപ്തി പ്രകടിപ്പിച്ചു. മലയാളം സൊസൈറ്റിപോലെ അമേരിക്കയില്‍ ഭാഷയുടെ പരിപോഷണത്തിനു ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു വേദിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് പൊന്നു പിള്ള അറിയിച്ചു.
പൊന്നു പിള്ള മലയാളം സൊസൈറ്റി വൈസ് പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക