മലയാള കവിതാ-ഗാനലോകത്ത് പെയ്‌തൊഴിയാത്ത സ്‌നേഹത്തിന്റെയും നന്‍മയുടെയും മഴത്തുള്ളികള്‍ പൊഴിച്ച മലയാളത്തിന്റെ പ്രിയ കവി ഓഎന്‍വിയുടെ കാവ്യസപര്യക്ക് അന്ത്യമായി. മലയാള ഭാഷയില്‍ നറുനിലാവ് പൊഴിക്കുന്ന കാവ്യലോകത്ത് ആറു പതിറ്റാണ്ടിലധികമായി അദ്ദേഹത്തിന്റെ കവിതകള്‍ പരിമളം പരത്തുന്ന പൂമരങ്ങളായി പൂത്തുലഞ്ഞു നിന്നു. ഉദാത്തമായ ഭാവനയും ഹൃദ്യമായ ഭാഷയും കൊണ്ട് സൂക്ഷ്മതയോടെ സുലളിത പദങ്ങളാല്‍ നെയ്‌തെടുത്ത ആ കവിതകളും ഗാനങ്ങളും മലയാള സാഹിത്യ-സംഗീതലോകത്തെ ദീപ്തമാക്കി. താന്‍ ജീവിക്കുന്ന പ്രായോഗിക ലോകത്ത് തന്റെ കവിതകളിലൂടെ നന്‍മയുടെ ഒരു സാങ്കല്‍പ്പിക സമാന്തര ലോകം കെട്ടിപ്പടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാള കവിതയ്ക്ക് വ്യക്തമായ ദിശാബോധം പകര്‍ന്നു നല്‍കിയും, സമകാലീന ജീവിതത്തോട് നിരന്തരം സംവേദിച്ചുമാണ് മലയാള സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായി മാറാന്‍ ഓഎന്‍വി കവിതകള്‍ക്കായത്. കാവ്യാസ്വാദകരുടെ സ്‌നേഹാദരങ്ങളും, സാഹിത്യലോകം ഏകിയ ബഹുമതികളും കൊണ്ട് ധന്യമായിരുന്നു ആ ജീവിതം.
ഭാരതത്തിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠവും പ്രമുഖ സിവിലിയന്‍ പുരസ്‌കാരമായ പത്മഭൂഷണും ലഭിച്ച് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന അവസരത്തിലാണ് പ്രിയ കവി ഓഎന്‍വിയെ നേരില്‍ കാണാന്‍ എനിക്ക് അവസരമുണ്ടായത്.
മുന്‍രാഷ്ട്രപതി അബ്ദുല്‍ കലാമില്‍ നിന്നും പ്രശസ്തിപത്രം ഏറ്റുവാങ്ങാന്‍ അക്ഷരനഗരിയില്‍ എത്തിയതായിരുന്നു അദ്ദേഹം. തലമുറകള്‍ ഏറ്റു പാടിയ കാവ്യങ്ങളുടെ രാജശില്‍പിയെ കാണാനുള്ള ത്വരയും ആവേശവുമായിരുന്നു എന്റെ മനസ്സ് നിറയെ. കവിയെ പരിചയപ്പെടുകയും അതോടൊപ്പം അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങളില്‍ അക്ഷരങ്ങളെ സ്‌നേഹിക്കുന്ന പ്രവാസി മലയാളികളുടെ ആശംസകള്‍ നേരിട്ട് അറിയിക്കുകയുമായിരുന്നു ആ യാത്രയുടെ ഉദ്ദേശം.
പ്രസാധന രംഗത്തെ അതികായനായിരുന്ന ഡി സി കിഴക്കേമുറി പ്രതിഭാധനരായ സാഹിത്യകാരന്‍മാര്‍ക്ക് ആതിഥൃമരുളിയ അതിഥി മന്ദിരത്തിലായിരുന്നു പത്‌നി സരോജിനി ടീച്ചറോടൊപ്പം കവി വിശ്രമിച്ചിരുന്നത്. സാമൂഹ്യസാംസ്‌ക്കാരിക പ്രവര്‍ത്തകനും കോട്ടയം പബ്ലിക് ലൈബ്രറിയുടെ ഭാരവാഹിയുമായ അഡ്വ. സി ജോസ് ഫിലിപ്പിനോടൊപ്പം ഗസ്റ്റ്ഹൗസിലെത്തിയ എന്നെ സുസ്‌മേരവദനനായതാണ് അദ്ദേഹം സ്വീകരിച്ചത്. തകഴിയും ബഷീറും ഓ.വി വിജയനും മറ്റു സാഹിത്യ കുലപതികളും ഒത്തുകൂടുകയും സാഹിത്യ സല്ലാപങ്ങളില്‍ മുഴുകുകയും ചെയ്ത സ്വീകരണമുറിയിലേക്ക് കടന്നു ചെന്നപ്പോള്‍ അവരുടെ അദൃശ്യ സാന്നിധ്യം ഞാന്‍ അനുഭവിച്ചു. ആ ബോധം ആലസ്യത്തിലാണ്ടിരുന്ന എന്റെ സര്‍ഗ്ഗ ചിന്തകളെ ഉദ്ദീപിപ്പിക്കുന്നുണ്ടായിരുന്നു.
മലയാളഭാഷ മുതല്‍ പാശ്ചാത്യസംസ്‌കാരം വരെ പല വിഷയങ്ങളെക്കുറിച്ചും ദീര്‍ഘ നേരം ഓഎന്‍വി ഞങ്ങളോട് സംസാരിച്ചു. പ്രവാസി മലയാളികളോട് അദ്ദേഹത്തിന്റെ ആദ്യ അഭ്യര്‍ഥന നിങ്ങളുടെ കുട്ടികളെ മലയാളം പഠിപ്പിക്കണമെന്നായിരുന്നു. സമ്പന്നമായ കേരളീയ സംസ്‌കാരം അറിയുവാന്‍ അത് പുതുതലമുറയെ പ്രാപ്തരാക്കും. കസവുമുണ്ടുടുത്ത് മലയാളം ആംഗലേയത്തില്‍ എഴുതിവായിച്ചതുകൊണ്ട് എന്തു കാര്യമെന്ന് തുറന്നു ചോദിക്കാനും അദ്ദേഹം മടിച്ചില്ല. വസൂരി അണുക്കള്‍ നിറഞ്ഞ കമ്പിളി പുതപ്പുകൊണ്ട് പൊതിയുന്നതുപോലെ പാശ്ചാത്യ സംസ്‌കാരം മറ്റു സംസ്‌കൃതിയെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന തിരിച്ചറിവ് നമുക്കുണ്ടാവണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പണ്ട് നടത്തിയ വിദേശയാത്രകളെപ്പറ്റി കവി വാചാലനായി. ഈ യാത്രകളില്‍ കണ്ടറിഞ്ഞ മറ്റു ദേശങ്ങളിലെ സംസ്‌കൃതികള്‍ തന്നെ വളരെയധികം സ്വാധീനിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഗ്രീസും മെസപ്പൊട്ടാമിയാവും ഒക്കെ തന്നിലെ കവിതയെ ഉണര്‍ത്തിയിട്ടുണ്ടന്നും പുതിയ കവിതകള്‍ക്ക് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് താന്‍ ചരിത്രമുറങ്ങുന്ന ഈ നഗരികളോട് വിട പറഞ്ഞതെന്നും കവി ഓര്‍മ്മിച്ചു. മുന്‍പ് നടത്തിയ രണ്ട് അമേരിക്കന്‍ ഹൃസ്വ സന്ദര്‍ശനങ്ങളെക്കുറിച്ചും അദ്ദേഹം അയവിറക്കി. സിയാറ്റില്‍ സന്ദര്‍ശനം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. തന്റെ കാവ്യ ജീവിതത്തില്‍ പശ്ചിമ യൂറോപ്പ് നല്‍കിയ ഉത്തേജനം അമേരിക്കയ്ക്ക് നല്കാനായില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. പഴയതുപോലെ യാത്രകള്‍ക്ക് പ്രായവും ആരോഗ്യവും അനുവദിക്കുന്നില്ലെങ്കിലും നാട്ടിലേയും മറുനാട്ടിലേയും മലയാളികളുടെ സ്‌നേഹാദ്രമായ നിര്‍ബന്ധത്തിന് പലപ്പോഴും വഴങ്ങുകയാണ് പതിവെന്നും കവി കൂട്ടിച്ചേര്‍ത്തു.
പ്രവാസി എഴുത്തുകാര്‍ക്കായി അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഫോമാ ആ വര്‍ഷം നടത്തുന്ന മലയാള സാഹിത്യ മത്സരത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അതിന് എല്ലാവിധ ആശംസകള്‍ നേരുകയും അതോടൊപ്പം തന്റെ കവിതാ പുസ്തകങ്ങളെടുത്ത് അതിന്റെ ആദ്യ താളില്‍ 'സ്‌നേഹാശംസകളോടെ ഓഎന്‍വി' എന്നെഴുതി കയ്യൊപ്പിട്ട് മത്സര വിജയികള്‍ക്ക് നല്‍കാനായി ഏല്‍പ്പിച്ചതും ഒരു മധുര സ്മരണയാണ്. മറുനാട്ടിലെ മലയാള സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും തന്റെ സഹായമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
വിശ്രമിക്കാനായി അദ്ദേഹം മുറിയിലേക്ക് മടങ്ങാനൊരുങ്ങുമ്പോള്‍ ആ തൂലികയാല്‍ കോറിയിട്ട 'ശാര്‍ങ്ഗകപ്പക്ഷികള്‍' എന്ന കവിതയിലെ വരികള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി.
എല്ലാം മറന്നൊ -
ന്നുറങ്ങിയ യാമങ്ങള്‍
എന്നേക്കുമാ-
യസ്തമിച്ചു പോയ്- ഇന്നിനി
നമ്മിലൊരാളിന്റെ
നിദ്രയ്ക്കു മറ്റെയാള്‍
കണ്ണിമ ചിമ്മാതെ
കാവല്‍ നിന്നീടണം!
ഇനി ഞാനുണര്‍ന്നീരിക്കാം!
നീയുറുങ്ങുക!
ആകസ്മികമായെത്താവുന്ന വിപത്തിനെയോര്‍ത്ത് കണ്ണ് ചിമ്മാതെ ഉറക്കമൊഴിച്ച കവി മനസ്സിന്റെ വിഹ്വലതകള്‍ ആ കണ്ണുകളില്‍ അപ്പോഴും നിഴലിക്കുന്നുണ്ടോ എന്നറിയാന്‍ എന്നിലെ കൌതുകം അറിയാതെ പരതുന്നുണ്ടായിരുന്നു. ചാരിതാര്‍ത്ഥ്യത്തോടെ അവിടെ നിന്നും മടങ്ങുമ്പോള്‍ ആ മഹാകവിയുടെ വാക്കുകള്‍ മനസ്സില്‍ ചിന്തകളുടെ നവവസന്തമൊരുക്കുന്നത് ഞാന്‍ അറിഞ്ഞു.
മലയാള കവിതയ്ക്കും ചലച്ചിത്ര ഗാനശാഖക്കും അദ്ദേഹമേകിയ സംഭാവനകള്‍ മലയാള ഭാഷയുള്ളടത്തോളം ഓര്‍മ്മിക്കപ്പെടും. ലോകത്തെമ്പാടുമുള്ള ഭാഷാ സ്‌നേഹികളായ മലയാളികളോടൊപ്പം ചേര്‍ന്ന് മലയാളത്തിന്റെ മഹാകവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
(ബിജോ ജോസ് ചെമ്മാന്ത്ര)
(bijochemmanthara@gmail.com)