Image

ഇടതു, വലതു, മൂന്നാം മുന്നണികള്‍ പ്രവാസി നയം വ്യക്തമാക്കണം(ലേഖനം) സുധാ കര്‍ത്താ

സുധാ കര്‍ത്താ Published on 08 March, 2016
ഇടതു, വലതു, മൂന്നാം മുന്നണികള്‍ പ്രവാസി നയം വ്യക്തമാക്കണം(ലേഖനം) സുധാ കര്‍ത്താ
നിയമസഭാ മത്സരത്തിന് ഒരുങ്ങുന്ന കോണ്‍ഗ്രസ് മുന്നണിയും, കമ്മ്യൂണിസ്റ്റ് മുന്നണിയും. ബിജെപി മുന്നണിയും കാലങ്ങളായി അവഗണന അനുഭവിക്കുന്ന അമേരിക്കന്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ മുന്നണി നയം വ്യക്തമാക്കണം. അമേരിക്കന്‍ മലയാളികളുടെ ആവശ്യങ്ങള്‍ ഗള്‍ഫ് മലയാളികളില്‍ നിന്നും വ്യത്യസ്തമാണ്. ദീര്‍ഘദൂരം യാത്ര ചെയ്താല്‍ മാത്രമേ കേരളത്തിലെത്താനാവൂ. 

രണ്ടാഴ്ചയില്‍ കൂടുതല്‍ ജോലിയില്‍ നിന്നും അവധി ലഭിക്കുന്നില്ല. മോര്‍ട്ട്‌ഗേജ്, വിദ്യാഭ്യാസം, നികുതി, ആരോഗ്യസംരക്ഷണം അധികസമയം ജോലി ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുന്നു. നാടുമായി പത്തു മണിക്കൂറിന്റെ സമയവ്യത്യാസം പ്രശ്‌നപരിഹാരത്തിനായി ആശയവിനിമയത്തിന് അസൗകര്യമാകുന്നു. ജീവിത, സാമൂഹ്യശൈലിയിലുള്ള വ്യത്യാസം അമേരിക്കന്‍ മലയാളിയെ ഗള്‍ഫ് മലയാളികളുടെ സ്ഥിതിയില്‍ മലയാളികളില്‍ പലര്‍ക്കും നാട്ടില്‍ വോട്ടില്ല എന്നതും ഇവരെല്ലാം സമ്പന്നരാണെന്ന മിഥ്യാബോധവും അവഗണനക്ക് ആക്കം കൂട്ടുന്നു.

നിവേദനങ്ങളിലൂടെയും മുഖാമുഖങ്ങളിലൂടെയും നിരവധി തവണ അമേരിക്കന്‍ പ്രവാസികള്‍ അവരുടെ ആവശ്യങ്ങള്‍ കേരളസര്‍ക്കാരിനും അതിന്റെ പ്രതിനിധികള്‍ക്കും സമര്‍പ്പിച്ചിട്ടുണ്ട്. അവയില്‍ ചിലത് ശ്രദ്ധയില്‍ പെടുത്തട്ടെ.

1. അമേരിക്കന്‍ പ്രവാസികള്‍ ഉള്‍പ്പെടുന്ന വസ്തു തര്‍ക്കങ്ങള്‍ വേഗതയോടെ തീര്‍പ്പാക്കുവാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുക.

2. ഇത്തരം കേസുകള്‍ വേഗത ഉറപ്പാക്കുവാന്‍ പ്രത്യേക ദിവസവും സമയവും നിജപ്പെടുത്തി കോടതി നടപടികള്‍ ക്രമീകരിക്കുക.

3. വസ്തു കരമടക്കല്‍, വസ്തുകൈമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ വേഗതക്കായി അതാതു ഓഫീസുകളില്‍ പ്രവാസി കൗണ്ടറുകള്‍ അനുവദിക്കുക.

4. ഭരണതലകേന്ദ്രങ്ങളില്‍ പ്രശ്‌നപരിഹാരത്തിന് പ്രത്യേക സമയ പരിഗണന നല്‍കുക.

5. പ്രവാസികളുടെ സ്വത്തുസംരക്ഷണത്തിന് പ്രത്യേക പ്രവാസി സ്വത്തുസംരക്ഷണനിയമം നടപ്പിലാക്കുക.

6. വ്യവഹാര തീര്‍പ്പുകള്‍ പോലീസ് തലത്തില്‍ വേഗതയും മുന്‍ഗണനയും ഉറപ്പുവരുത്തുക

7. ദീര്‍ഘദൂരം വിമാനയാത്ര നടത്തുന്ന അമേരിക്കന്‍ പ്രവാസിക്ക് സഞ്ചരിക്കുന്നതിന്റെ ശാരീരികാസ്വാസ്ഥ്യം തീര്‍ക്കുവാന്‍ അന്തര്‍ദേശീയ വിമാനത്താവളങ്ങളില്‍ വിശ്രമമുറികള്‍ ഒരുക്കുക.

8. അമേരിക്കയുടെ പ്രധാനപട്ടണങ്ങളില്‍ നിന്നും എയര്‍ ഇന്ത്യയുടെ വിമാനസര്‍വ്വീസ് തുടങ്ങുക.

9. പ്രവാസി ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് കുടിയേറുന്നവര്‍ക്ക് പുനരധിവാസവും ക്ഷേമനിധിയും ഉറപ്പുവരുത്തുക.

10. അമേരിക്കന്‍ പ്രവാസി പ്രശ്‌നങ്ങള്‍ക്ക് എല്ലാ ജില്ലാ കളക്റ്ററേറ്റുകളിലും, കളക്ടറുടെ ഉത്തരവാദിത്വത്തില്‍ ഏകജാലകസേവന സംവിധാനമുണ്ടാക്കുക.

കഴിഞ്ഞ ഒരു വര്‍ഷമായി കേരളസര്‍ക്കാരിനെ ബോധവല്‍ക്കരിക്കുവാനും പ്രശ്‌നപരിഹാരത്തിനും പലരും ശ്രമിച്ചിരുന്നു. അമേരിക്ക സന്ദര്‍ശിച്ച ഭരണപക്ഷ-പ്രതിപക്ഷ പ്രതിനിധികളുമായി നിരവധി ചര്‍ച്ചകളും നടത്തിയിരുന്നു. അമേരിക്കന്‍ മലയാളികള്‍ക്കായി അര്‍ദ്ധ നീതിന്യായ അധികാരമുള്ള ഒരു പ്രവാസി കമ്മീഷന്‍ പരിഹാരമായി ഉന്നയിക്കപ്പെട്ടു. അമേരിക്കന്‍ പ്രവാസികളുടെ പൂര്‍ണ്ണപ്രാതിനിധ്യമുള്ള കാബിനറ്റ് പദവിയുടെ സൗകര്യങ്ങളുള്ള, ആവശ്യത്തിന് അംഗങ്ങളുള്ള കമ്മീഷനാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. എങ്കില്‍, ഇത്തരം സംവിധാനം വരുമ്പോള്‍ ഗള്‍ഫ് പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിഭജിച്ചു പോകുമെന്നുള്ള ഒരു ഭരണപങ്കാളിയുടെ ആശങ്കയാണ് ഇതിന് തടസ്സമായത് എന്നറിയുന്നു. ഇതില്‍ നിന്നും മനസ്സിലായത് മുന്നണി സംവിധാനത്തില്‍ ഓരോ പങ്കാളിയേയും ബോധവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയാണ്.

അമേരിക്കന്‍ മലയാളിയുടെ ഒറ്റ ശബ്ദമായിരുന്ന ഫൊക്കാനക്ക് 2006-ല്‍ സംഭവിച്ച സംഘടനാ ഉലച്ചില്‍ കേരളത്തിലെ ഭരണകേന്ദ്രങ്ങളില്‍ അമേരിക്കന്‍ പ്രവാസി പ്രാതിനിധ്യത്തിന് കാര്യമായ ക്ഷീണം സംഭവിച്ചിട്ടുണ്ട്. ഫൊക്കാനയും ഫോമയും മറ്റു ദേശീയ മലയാളി സംഘടനകളും കൈകോര്‍ക്കു പിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. നാലു ലക്ഷത്തിലേറെ മലയാളി സാന്നിദ്ധ്യവും രണ്ടായിരം കോടിയിലേറെ വസ്തുനിക്ഷേപവുമുള്ള അമേരിക്കന്‍ പ്രവാസി മലയാളിക്ക് നിര്‍ണ്ണായമായ സ്ഥാനവും അംഗീകാരവും നിഷേധിക്കപ്പെടുന്നത് ന്യായീകരിക്കാനാവില്ല.

പ്രവാസി വകുപ്പ് നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ഒട്ടും ശ്ലാഘനീയമല്ല. അവഗണന അനുഭവിക്കുന്ന പ്രവാസിക്ക് ഈ ക്രൂരനടപടിയോട് പ്രതികരിക്കുവാന്‍ പോലും സാധിക്കുന്നില്ല. ഒരു ദേശീയ പ്രവാസി കമ്മീഷന്‍ രൂപീകരിക്കുകയും മുഖ്യമായ പ്രാതിനിധ്യം അമേരിക്കന്‍ പ്രവാസികള്‍ക്ക് ഉറപ്പുവരുത്തുകയും വേണം.

തൊഴിലിനുവേണ്ടിയും ഉറ്റവരുടെ കൂടെ ജീവിക്കുന്നതിനുമാണ് നമ്മളില്‍ പലരും അമേരിക്കയിലേക്ക് കുടിയേറിയത്. ബൃഹത്തായ കണക്കുക്കൂട്ടലുകളൊന്നും നടത്താന്‍ പറ്റാതെയാണ് പലരും യുഎസ്സിലേക്ക് വിമാനം കയറുന്നത്. പലര്‍ക്കും നഷ്ടപ്പെടുന്നത്, നാട്ടില്‍ വിയര്‍പ്പൊഴിച്ച് സ്വരൂപിച്ച വീടും പറമ്പും ഉള്‍പ്പെടുന്ന സ്വപ്നലോകമാണ്. അവ അന്യാധീനപ്പെടുമ്പോള്‍ കണ്ണീരൊഴുക്കുവാനേ ഈ നിരാശ്രയര്‍ക്ക് സാധ്യമാവൂ.

യാന്ത്രികജീവിതം അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ അമേരിക്കന്‍ പ്രവാസിക്ക് നഷ്ടമാവുന്നത്, എന്നും ആശ്വാസം മനസ്സില്‍ സൂക്ഷിക്കുന്ന മലയാളി സംസ്‌കാരവും മലയാളഭാഷയുമാണ്. എന്തൊക്കെയോ നഷ്ടപ്പെട്ട ബോധവും ബാക്കിയെന്തോ നഷ്ടപ്പെടുവാനുണ്ടെന്ന തോന്നലുമാണ് അവനെ കേരളത്തിലേക്ക് കൊണ്ടുപോകുന്നത്. എന്നാല്‍, അവകാശങ്ങളും അര്‍ഹതയും തുല്യനീതിയും നിഷേധിക്കപ്പെടുമ്പോഴുള്ള തിരിച്ചറിവ്, ജന്മനാട്ടില്‍ രണ്ടാം തരം പൗരനായി താഴ്ത്തപ്പെടുമ്പോഴുള്ള ദുഃഖം അമേരിക്കന്‍ പ്രവാസി മലയാളിയെ ഉറക്കെ ചിന്തിക്കുവാനും കൈകോര്‍ക്കുവാനും ശക്തി നല്‍കട്ടെ എന്നു ആശിക്കട്ടെ....

സുധാ കര്‍ത്താ : 267 575 7333

sudakartha@aol.com


ഇടതു, വലതു, മൂന്നാം മുന്നണികള്‍ പ്രവാസി നയം വ്യക്തമാക്കണം(ലേഖനം) സുധാ കര്‍ത്താ
ഇടതു, വലതു, മൂന്നാം മുന്നണികള്‍ പ്രവാസി നയം വ്യക്തമാക്കണം(ലേഖനം) സുധാ കര്‍ത്താ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക