Image

മൂന്നു മാസം ഭരണസ്തംഭനമോ? (ഡി. ബാബു പോള്‍)

Published on 08 March, 2016
മൂന്നു മാസം ഭരണസ്തംഭനമോ? (ഡി. ബാബു പോള്‍)
കേരളത്തില്‍ തിരഞ്ഞെടുപ്പ് മേയ് 16ന്. അസമിലും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടുണ്ട്. അത് ഏപ്രില്‍ നാലിന്. ഇവ തമ്മില്‍ ആകെയുള്ള ബന്ധം ഒരേസമയം ഇലക്­ഷന്‍ കമ്മിഷന്‍ മാലോകരെ വിവരം അറിയിച്ചു എന്നതാണ്. ഫലഭേദമോ? തിരഞ്ഞെടുപ്പ് നടക്കാനുള്ള ഒരിടത്തു പ്രചാരണത്തിന്റെ തിരക്കിനിടെ ഏതായാലും തല ചൊറിയാന്‍ നേരമില്ലാത്ത മുഖ്യമന്ത്രി ഗോഗൊയി ഇനിയങ്ങോട്ടു സര്‍ക്കാരിന്റെ പെന്‍സില്‍ ഉപയോഗിച്ചു തല ചൊറിയരുത്.

മറ്റേ ഇടത്തു രണ്ടരമാസക്കാലം മുഖ്യമന്ത്രിമാര്‍ ജയലളിതയും ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരിന്റെ പെന്‍സില്‍ തൊട്ടുപോകരുത്. ആദ്യത്തേതു മനസ്സിലാക്കാം. രണ്ടാമത്തേതു യാന്ത്രികമായി ചിന്തിക്കുന്ന റോബട്ടിക് മനസ്സിന്റെയും, കംപ്യൂട്ടറില്‍ നാം ഇനി അച്ചടിക്കാന്‍ പോകുന്ന വാക്ക് ഏതാണ് എന്നു നമ്മേക്കാള്‍ മുന്‍പേ ചിന്തിച്ച് എടുത്തുചാടി നമ്മെ കുഴപ്പത്തിലാക്കുന്ന കൃത്രിമബുദ്ധിയുടെയും ഓര്‍മയാണു മനസ്സില്‍ ഉണര്‍ത്തുക.

ടി.എന്‍. ശേഷന്‍ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണര്‍ "മു.തി.ക' ആകുന്നതിനു മുന്‍പുതന്നെ നിലവില്‍ ഉണ്ടായിരുന്നതാണു പെരുമാറ്റച്ചട്ടങ്ങള്‍. അധികാരികളെ മണിയടിച്ചു നില്‍ക്കുന്നവര്‍ക്കു മാത്രം കിട്ടുന്ന കസേരയാണ് മു.തി.ക ഇരിക്കുന്ന സ്വര്‍ണസിംഹാസനം. അങ്ങനെ ആ കസേരയില്‍ കയറിപ്പറ്റിയാല്‍ പിന്നെ എന്തും പറയാം. പറയുന്നതൊക്കെ നിയമവുമാണ്; ഹ്രസ്വകാലത്തേക്കെങ്കിലും. ആ സാധ്യത തിരിച്ചറിഞ്ഞ ആദ്യത്തെ മു.തി.ക എന്നതാണു ചരിത്രത്തില്‍ ശേഷന്റെ സ്ഥാനം.

ശേഷന്‍ ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്തു. അതില്‍ ഏറ്റവും പ്രധാനം പെരുമാറ്റച്ചട്ടങ്ങള്‍ക്കു കൃത്യതയും വ്യക്തതയും വരുത്തിയതാണ്. എന്നാല്‍ ഭാവനാശൂന്യമായി അതു പ്രയോഗിക്കുന്നതിന്റെ ഉദാഹരണമായി ഇത്തവണത്തെ പ്രഖ്യാപനം.

രണ്ടരമാസം ഇവിടെ തിരഞ്ഞെടുപ്പു കമ്മിഷന്റെ ഏകാധിപത്യം മതി എന്ന നിലപാടു സ്വീകരിക്കാനാവില്ല. അല്ലെങ്കില്‍ രാഷ്ട്രീയ കക്ഷികള്‍ കൂടിയാലോചിച്ചു പ്രസിഡന്റ് ഭരണത്തിന് അപേക്ഷിക്കട്ടെ. തിരഞ്ഞെടുപ്പു കാലത്ത് എല്ലായിടത്തും ഗവര്‍ണര്‍മാര്‍ ഭരിക്കട്ടെ. അതിനുപക്ഷേ, വിശ്വാസ്യത വരണമെങ്കില്‍, ഗവര്‍ണര്‍മാരുടെ രാഷ്ട്രീയ നിഷ്പക്ഷത ഉറപ്പുവരുത്തണം. ഉദ്യോഗസ്ഥന്മാര്‍ മാത്രം ഗവര്‍ണര്‍മാര്‍ ആയിരുന്ന ബ്രിട്ടിഷ്കാലം ഇനി വരികയില്ല. അതുകൊണ്ട് അത് അപ്രായോഗികമാണ്.

പിന്നെ എന്തു ചെയ്യാന്‍ കഴിയും? ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണം എന്നു സാവകാശത്തില്‍ ആലോചിച്ചു തിരഞ്ഞെടുപ്പു കമ്മിഷനും രാഷ്ട്രീയ പാര്‍ട്ടികളും തീരുമാനത്തിലെത്തണം. തല്‍ക്കാലം പ്രതിസന്ധി മറികടക്കാന്‍ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്ന നാള്‍ മുതലാണു പെരുമാറ്റച്ചട്ടം നിലവില്‍ വരിക എന്നു പ്രഖ്യാപിക്കാനുള്ള ധൈര്യവും ആര്‍ജവവും തിരഞ്ഞെടുപ്പു കമ്മിഷന്‍ കാണിക്കണം. ഏപ്രില്‍ 22നാണു നമുക്കു വിജ്ഞാപനം വരിക. അതുവരെ സര്‍ക്കാര്‍ പതിവുപോലെ ഭരിക്കട്ടെ. ഇപ്പോള്‍ കാണുന്ന ഉദ്ഘാടന വെപ്രാളോല്‍സവവും മറ്റും ജനത്തിന് അരോചകമാണ് ഏതായാലും. അതുകൊണ്ട് അത്തരം പ്രയോഗങ്ങള്‍ വേണ്ട എന്നു പറയാം. സാധാരണ പ്രവര്‍ത്തനങ്ങളില്‍ കമ്മിഷന്‍ ഇടപെടരുത്. നഗ്‌നമായ അധികാരദുര്‍വിനിയോഗം ജനം തിരിച്ചറിയും. അതു ഫലത്തെ ബാധിച്ചാല്‍ തിരഞ്ഞെടുപ്പു കേസ് ഉണ്ടാവുകയും ചെയ്യും.

2007 ജനുവരിയില്‍ പുറത്തിറങ്ങിയ '!ഡൂസ് ആന്‍ഡ് ഡോണ്ട്‌സ്' അവസാനിക്കുന്നത് ഇതു പൂര്‍ണമായ പട്ടിക അല്ല എന്ന പതിവ് സര്‍ക്കാര്‍ മുന്‍കൂര്‍ ജാമ്യത്തോടെയാണ്. 'മീയര്‍ലി ഇല്ലസ്‌ട്രേറ്റീവ്, നോട്ട് റിയലി എക്‌സോസ്റ്റീവ്' എന്നു സര്‍ക്കാരീയം. അതുകൊണ്ടു തീരുമാനങ്ങള്‍ ഔചിത്യത്തിനു വിട്ടുകൊടുത്താല്‍ ഒരു ദോഷവും വരാനില്ല.

പുതിയ പദ്ധതികളും സൗജന്യങ്ങളും പ്രഖ്യാപിക്കുകയോ ശിലാസ്ഥാപനങ്ങള്‍ നടത്തുകയോ അരുത്. ശരി, അടുത്ത ഖണ്ഡികയില്‍ വായിക്കുന്നു പണി തീര്‍ന്നതിന്റെ ഉപയോഗം മാറ്റിവയ്‌ക്കേണ്ട എന്ന്. ദ് കമിങ് ഇന്റു ഫോഴ്‌സ് ഓഫ് ദ് മോഡല്‍ കോ!ഡ് ഓഫ് കോണ്‍ഡക്ട് കനോട്ട് ബി ഗിവണ്‍ ആസ് ആന്‍ എക്‌സ്ക്യൂസ് എന്നതാണു നാം പിന്നെ വായിക്കുന്നത്. സംശയമുണ്ടെങ്കില്‍ കമ്മിഷനോടു ചോദിക്കാനും. അതായത് ഔചിത്യബോധം തന്നെ ആണ് അടിസ്ഥാനപരമായി ആണിക്കല്ല് ഇപ്പോള്‍തന്നെ. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പ്രഖ്യാപിക്കുകയോ പണി തുടങ്ങുകയോ പാടില്ല എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം.

മീനച്ചിലാറ്റിലെ ഒരു തടിപ്പാലം തകര്‍ന്നാല്‍ ഉമ്മന്‍ ചാണ്ടി അവിടെ പോകരുത്, പട്ടാളത്തെ വിളിച്ച് ഒരു താല്‍ക്കാലിക പാലം പണിയരുത് എന്നൊക്കെ വ്യാഖ്യാനിക്കാന്‍ പഴുതുനല്‍കുന്നതാണ് ഇപ്പോഴത്തെ രീതി. ഒരു ക്ഷേമ പെന്‍ഷന്‍ ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്‍ മരവിപ്പിച്ചു എന്നിരിക്കട്ടെ. തെറ്റു തിരുത്തി ഇനി പെന്‍ഷന്‍ കൊടുക്കാം, മാര്‍ച്ച് 31നകം കൊടുക്കണം. ഇപ്പോഴത്തെ രീതിക്ക് അതിനും തിരഞ്ഞെടുപ്പുകമ്മിഷന്‍ കനിയണം.

ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റം മറ്റൊരു സംഗതി. കലക്ടര്‍മാരെ പോലെ നേരിട്ടു ബന്ധം ഉള്ളവരെ ഇനി മാറ്റരുത് എന്നു പറയാം. ഈ സംസ്ഥാനത്തെ സകലമാന സ്ഥലംമാറ്റങ്ങളും ഇപ്പോള്‍ മുതല്‍ മൂന്നു മാസം മരവിപ്പിക്കണം എന്നു പറയുന്നതു ഭോഷ്ക്കാണ്. ഒരു പ്രമോഷനും പാടില്ലത്രെ. ഏപ്രിലില്‍ റിട്ടയര്‍ ചെയ്യുന്ന ആളുടെ ഒഴിവില്‍ കയറിയിരുന്ന് ഒരു ഫിക്‌സേഷന്റെ ആനുകൂല്യം നേടി തത്തുല്യമായ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കിനാവ് കണ്ടിരിക്കുന്ന പാവം സര്‍ക്കാരുദ്യോഗസ്ഥനെ വെള്ളത്തിലാക്കണോ?.

അതുകൊണ്ടു തിരഞ്ഞെടുപ്പു വിജ്ഞാപനം വരുന്ന തീയതി മുതലാവണം പെരുമാറ്റച്ചട്ടം നടപ്പില്‍ വരുത്തേണ്ടത്. അധികാരദുര്‍വിനിയോഗം പാടില്ല, ശരി. അതു മുഖ്യമന്ത്രിമാരുടെ ഔചിത്യബോധത്തിനു വിട്ടുകൊടുക്കുക, പരാതി ഉണ്ടായാല്‍ കമ്മിഷനോ കോടതിക്കോ എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാമല്ലോ. ഈ ത്രൈമാസ ശീതീകരണം അക്ഷന്തവ്യമാണ്.
മൂന്നു മാസം ഭരണസ്തംഭനമോ? (ഡി. ബാബു പോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക