Image

കടം കയറി, വിജയ് മല്യ ഇന്ത്യ വിട്ടെന്ന് സര്‍ക്കാര്‍

Published on 09 March, 2016
കടം കയറി, വിജയ് മല്യ ഇന്ത്യ വിട്ടെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യ ഇന്ത്യ വിട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മല്യ ഇന്ത്യയില്‍ നിന്നും പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി സുപ്രീംകോടതിയെ ഇക്കാര്യം അറിയിച്ചത്. 

മാര്‍ച്ച് 2ന് തന്നെ മല്യ ഇന്ത്യയില്‍ നിന്നു രക്ഷപ്പെട്ടുവെന്നാണ് സി.ബി.ഐ നല്‍കുന്ന സൂചനകളെന്നും റോഹ്തഗി പറഞ്ഞു. മല്യയുടെ പാസ്‌പോര്‍ട്ട് കണ്ടു കെട്ടാന്‍ ആവശ്യപ്പെട്ട ദിവസം തന്നെയാണ് രാജ്യം വിട്ടത്. ലണ്ടനില്‍ കുറേ സ്വത്തുക്കളുള്ളതിനാല്‍ അദ്ദേഹം അങ്ങോട്ട് പോയിരിക്കാമെന്നും റോഹ്തഗി കോടതിയില്‍ പറഞ്ഞു. മല്യ എവിടെ പോയെന്നത് അറിയില്ലെന്നും ഇമെയില്‍ വഴി മാത്രമാണ് ബന്ധപ്പെടാറുള്ളതെന്നും അദ്ദേഹത്തിന്റെ വക്താവ് നേരത്തെ അറിയിച്ചിരുന്നു. 7800 കോടി രൂപയാണ് മല്യ വിവിധ ബാങ്കുകളിലേക്ക് തിരിച്ചടക്കാനുള്ളത്.

 ബ്രിട്ടീഷ് മദ്യക്കമ്പനിയായ ഡയാജിയോയുടെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞതിന്റെ പേരില്‍  മല്യയ്ക്ക് ലഭിക്കാനുള്ള 515 കോടി രൂപ എസ്.ബി.ഐയുടെ പരാതി പ്രകാരം ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ കഴിഞ്ഞദിവസം തടഞ്ഞുവെച്ചിരുന്നു. അതേസമയം ബാങ്കുകള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി മല്യക്ക് നോട്ടീസ് അയച്ചു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴി രാജ്യസഭ ഇമെയില്‍ വിലാസത്തില്‍ നോട്ടീസ് അയയ്ക്കുന്നതിനാണ് നിര്‍ദേശം. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍, ജസ്റ്റിസ് യു.യു ലളിത് എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക