Image

വോട്ടുപോര് 2016-സ്ത്രീകള്‍ക്കായി കരുണയില്ലാക്കരച്ചില്‍ -2 (എ.എസ് ശ്രീകുമാര്‍)

Published on 09 March, 2016
വോട്ടുപോര് 2016-സ്ത്രീകള്‍ക്കായി കരുണയില്ലാക്കരച്ചില്‍ -2 (എ.എസ് ശ്രീകുമാര്‍)
കേരളം വേനല്‍ ചൂടിലും തിരഞ്ഞെടുപ്പ് തീയിലും ഒരുപോലെ അമരുകയാണ്. വിവധ മുന്നണികളിലെയും കക്ഷികളിലെയും  വയസന്‍ ക്ലബ്ബുകാര്‍ കുത്തക സീറ്റുകള്‍ തറവാട്ടുസ്വത്തു പോലെ വച്ചനുഭവിച്ച് മരിക്കും വരെ മല്‍സരിക്കുന്നവരാണ്. അല്ലാത്ത സീറ്റ് മോഹികള്‍ മണിയടിയുമായി നേതാക്കന്‍മാരുടെ നിഴലായിത്തന്നെയുണ്ട്. പൃഷ്ടം വൃത്തിയായി ചെറിയുന്നവര്‍ക്ക് മല്‍സരിക്കാനുള്ള ചീട്ട് കിട്ടും. കിട്ടാത്ത ചിലര്‍ പിണങ്ങി മുറുമുറുത്ത് പാര്‍ട്ടി വിടുകയോ രാഷ്ട്രീയക്കുപ്പായം തന്നെ ഊരിയെറിയുന്ന കടുത്ത തീരുമാനമെടുക്കുകയോ ചെയ്യും. മറ്റു പലരും മേലാളന്‍മാര്‍ എന്നെങ്കിലും കനിയും എന്ന പ്രതീക്ഷയില്‍ കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ സിദ്ധികൂടും.

എന്നാല്‍ സ്ത്രീ സംവരണത്തെക്കുറിച്ചൊക്കെ വാചാലരാവുന്നവര്‍ കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവുന്നതിനെപ്പറ്റി മിണ്ടുന്നില്ല എന്ന് ഈ തിരഞ്ഞെടുപ്പുവേളയിലും ചുമ്മാതെങ്കിലും ചര്‍ച്ചചെയ്യേണ്ടതുണ്ട്. നമ്മുടെ തൊട്ടടുത്തു കിടക്കുന്ന തമിഴ്‌നാട്, പിന്നെ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഡല്‍ഹി, ഗുജറാത്ത്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളെ കണ്ടു പഠിക്കുക. അവിടെയെല്ലാം വനിതകള്‍ മുഖ്യമന്ത്രിമാരായി വിലസിയിട്ടുണ്ട്. കേരള ജനസംഖ്യയില്‍ പുരുഷകേസരികളേക്കാള്‍ കൂടുതല്‍ മഹിളാമണികളുണ്ട്.  എന്നിട്ടും ഒരു വനിതാ മുഖ്യമന്ത്രിക്കായി നമ്മള്‍ അനന്തമായി കാത്തിരിക്കുകയാണ്.

ഇത്തരുണത്തില്‍ ഭരണഘടനാശില്‍പ്പിയായ ഡോ. ബി.ആര്‍ അംബേദ്കറുടെ സ്ത്രീപക്ഷ സമീപനത്തെക്കുറിച്ച് അറിയേണ്ടതുണ്ട്. ഇന്ത്യന്‍ സ്ത്രീകളുടെ ശാശ്വതവും സമഗ്രവുമായ ഉന്നമനത്തിനുവേണ്ടി എക്കാലവും പ്രവര്‍ത്തിച്ച വ്യക്തിയാണ് അംബേദ്കര്‍. സ്ത്രീ ശാക്തീകരണത്തെ സംബന്ധിച്ച് അംബേദ്കര്‍ പങ്കുവെച്ച ചിന്തകള്‍ ഇതിനുദാഹരണമാണ്. അംബേദ്കറുടെ പത്രങ്ങളായ 'മുഖ്യനായകും' 'ബഹിഷ്‌കൃത് ഭാരതും' സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്നു. സ്ത്രീശാക്തീകരണത്തിനുവേണ്ടി ഇവ നിലകൊള്ളുകയും ചെയ്തിരുന്നു. 1927 ജൂലൈ 18ന് അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തില്‍പ്പെട്ട ആയിരത്തോളം സ്ത്രീകളെ അഭിസംബോധന ചെയ്ത് അംബേദ്കര്‍ സംസാരിച്ചതിങ്ങനെ...

''സ്ത്രീകള്‍ കൈവരിക്കുന്ന വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഞാന്‍ സമുദായത്തിന്റെ വളര്‍ച്ച അളക്കാം. സ്വയം അസ്പൃശ്യരായി പരിഗണിക്കാതിരിക്കുക. സംശുദ്ധമായ ജീവിതം നയിക്കുക. സ്പര്‍ശ്യരായ സ്ത്രീകള്‍ ധരിക്കുന്നതുപോലുള്ള വസ്ത്രങ്ങള്‍ നിങ്ങളും ധരിക്കുക. നിങ്ങളുടെ വസ്ത്രങ്ങള്‍ കീറിത്തുളഞ്ഞതായാലും അവ വൃത്തിയുള്ളതായി സൂക്ഷിക്കുക. വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. നിങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ അയക്കുക. പുരുഷന്മാര്‍ക്ക് വിദ്യാഭ്യാസം എത്രത്തോളം പ്രധാനമാണ് അത്രത്തോളം സ്ത്രീകള്‍ക്കുമത് പ്രധാനമാണ്.  നിങ്ങള്‍ക്ക് എഴുതാനും വായിക്കാനും അറിഞ്ഞാല്‍ തീര്‍ച്ചയായും പുരോഗതി ഉണ്ടാവും. വൃത്തിയായിരിക്കാന്‍ പഠിക്കൂ. തിന്മയില്‍ നിന്ന് അകന്നുനില്‍ക്കൂ. നിങ്ങളുടെ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കൂ. അവരെ ലക്ഷ്യബോധമുള്ളവരാക്കൂ. മഹാന്മാരാകാനാണ് അവര്‍ ജനിച്ചതെന്ന ബോധ്യം അവരില്‍ സൃഷ്ടിക്കൂ. എല്ലാതരം അപകര്‍ഷ ബോധവും അവരില്‍ നിന്നും തുടച്ചുനീക്കൂ...'' 

സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശവുമായി ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് വനിതാ ദിനം ആഘോഷിക്കുകയുണ്ടായി. സ്വാതന്ത്യം, സമത്വം എന്നിങ്ങനെ സ്ത്രീകളെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ പോലും സ്ത്രീകള്‍ ഓരോമിനിറ്റിലും ആക്രമിക്കപ്പെടുകയാണെന്ന പരമാര്‍ത്ഥവും നിലനില്‍ക്കുന്നു. ലോകത്തെ 90 ശതമാനം പുരുഷന്‍മാരും സ്ത്രീകളെ ആക്ഷേപിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വനിതകള്‍ക്ക് ആശ്വാസവുമായി വനിതാ ദിനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തി. ''സമൂഹത്തില്‍ അതിപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്ന സ്ത്രീ സമൂഹത്തിന് നന്ദി...'' മോഡി ട്വിറ്ററില്‍ കുറിച്ചു. സ്ത്രീകള്‍ക്കായുള്ള വികസന പദ്ധതികളും പരിപാടികളും മോഡി സര്‍ക്കര്‍ തുടക്കമിട്ടതിനെ കുറിച്ച് അദ്ദേഹം വ്യക്തമാക്കുണ്ട്. സ്ത്രീശാക്തീകരണം ഇന്ത്യയുടെ വികസനത്തിനും വളര്‍ച്ചയ്ക്കും ഏറെ സഹായകരമായിട്ടുണ്ടെന്ന് മോഡി പറയുന്നു.

സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ കേരളം വളരെ മുന്നിലാണെന്ന് പ്രസംഗിക്കറുണ്ട്. സാക്ഷരതയുടെ കാര്യത്തിലും സ്ത്രീസ്വാതന്ത്ര്യത്തിന്റെ കാര്യത്തിലുമെല്ലാം മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് നോക്കിയാല്‍ കേരളം ഏറെ മുന്നിലാണ്. എന്നാല്‍ രാഷ്ട്രീയത്തിന്റെ കാര്യം വരുമ്പോള്‍ കേരള സ്ത്രീകള്‍ക്ക് മുന്നില്‍ അദൃശ്യമായ അയിത്തത്തിന്റെ മതിലുണ്ടോ എന്ന് തോന്നുന്നു. കാരണം രാഷ്ട്രീയ നേതൃത്വത്തിലെ സ്ത്രീ സാന്നിധ്യം കേരളത്തില്‍ തുച്ഛമാണ്. കാലാവധി അവസാനിക്കുന്ന ഈ കേരള നിയമസഭയില്‍ എത്ര സ്ത്രീകള്‍ ഉണ്ടെന്നും ഭരണ കക്ഷിയില്‍ തന്നെ എത്ര വനിത എം.എല്‍.എമാര്‍ ഉണ്ടെന്നും പരിശോധിച്ചാലത് മനസിലാകും.

കോണ്‍ഗ്രസില്‍ നിന്നുള്ള ഏക വനിത എം.എല്‍.എ ആണ് പി.കെ ജയലക്ഷ്മി. മാനന്തവാടി മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. ഭരണകക്ഷിയിലെ ഏക വനിത എം.എല്‍.എ എന്ന നിലയില്‍ മന്ത്രിസ്ഥാനവും അവര്‍ക്ക് ലഭിച്ചു. കൊട്ടാരക്കര മണ്ഡലത്തില്‍ ആര്‍ ബാലകൃഷ്ണപിള്ളയെ തറപറ്റിച്ച ചരിത്രമാണ് സി.പി.എമ്മിന്റെ അഡ്വ: പി ഐഷാ പോറ്റിക്കുള്ളത്. കഴിഞ്ഞ തവണ ഡോ. എന്‍ മുരളിയെയാണ് തോല്‍പിച്ചത്. കേരള നിയമസഭയിലെ തീപ്പൊരി വനിതകളില്‍ ഒരാളാണ് ജമീല പ്രകാശം. ജനതാദള്‍ സെക്യുലര്‍ നേതാവായ ജമീല കോവളത്ത് നിന്നാണ് നിയമസഭയില്‍ എത്തിയത്. 

സി.പി.എമ്മിന്റെ കുറ്റിയാടിയില്‍ നിന്നുള്ള സാമാജികയാണ് കെ.കെ ലതിക. രണ്ട് തവണ തുടര്‍ച്ചയായി വിജയം കൊയ്തു. സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ ഭാര്യ. തൃശൂര്‍ ജില്ലയിലെ നാട്ടിക മണ്ഡലത്തില്‍ നിന്നുള്ള സി.പി.ഐയുടെ എം.എല്‍.എ ആണ് ഗീത ഗോപി. മികച്ച സാമാജിക എന്ന നിലയില്‍ പേരെടുത്തിട്ടുണ്ട്. സി.പി.ഐയിലെ ഉരുക്കു വനിത യാണ് പീരുമേട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇ.എസ് ബിജിമോള്‍. പുതിയതായി രൂപീകരിക്കപ്പെട്ട ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് സി.പി.എം സാരഥിയായി നിയമസഭയില്‍ എത്തിയ വനിതയാണ് കെ.എസ് സലീഖ. 

ഇതാണ് സുഖകരമല്ലാത്ത ആ പെണ്‍ കണക്ക്. നമ്മള്‍ വനിതാ മുഖ്യമന്ത്രിയെപ്പറ്റി സ്വപ്നം കാണുമ്പോള്‍ 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളമാകെ മുഴങ്ങിക്കേട്ട ഒരു വിപ്ലവ മുദ്രാവാക്യം ഓര്‍ത്തെടുത്തേ മതിയാവൂ. ''കേരം തിങ്ങും കേരള നാട് കെ.ആര്‍ ഗൗരി ഭരിച്ചീടും....'' എന്നതായിരുന്നു അത്. ആ തിരഞ്ഞെടുപ്പില്‍ കെ.ആര്‍ ഗൗരിയെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയത്. ഇക്കാര്യം ആ പാര്‍ട്ടി ഇപ്പോഴും ഔദ്യോഗികമായി സമ്മതിച്ചിട്ടില്ലെന്നതാണ് രസകരം. 

പക്ഷേ അന്നത്തെ ഗൗരി മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞാണ് വി.എസ് അച്യുതാനന്ദനും പി.കെ വാസുദേവന്‍ നായരുമൊക്കെ കേരളത്തില്‍ മുഴുവന്‍ പ്രചാരണം നടത്തിയത്. തിരഞ്ഞെടുപ്പില്‍  ഇടതുമുന്നണി വന്‍ വിജയം നേടി. കെ.ആര്‍ ഗൗരിയും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചുവന്നു. പക്ഷേ മുഖ്യമന്ത്രിക്കസേര ലഭിച്ചത് ഇ.കെ നായനാര്‍ക്കായിരുന്നു. അതിന് പിന്നില്‍ കളിച്ചത് പാര്‍ട്ടിയുടെ താത്വികാചാര്യനായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു എന്നാണ് ഗൗരിയമ്മയുടെ ആരോപണം. നമ്പൂതിരിപ്പാടിന്റെ ജാതിചിന്തയാണ് ഇതിന് കാരണമെന്നും ഗൗരിയമ്മ പറഞ്ഞു. 

ഇതോടെ സി.പി.എമ്മുമായി അകന്നുതുടങ്ങിയ ഗൗരിയമ്മയെ പാര്‍ട്ടി തരംതാഴ്ത്തി. ഒടുവില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.സി.പി.എം പോലുള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടും ഗൗരിയമ്മ തളര്‍ന്നില്ല. ജെ.എസ്.എസ് എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി വര്‍ഗശത്രുക്കളുടെ കോട്ടയായ യു.ഡി.എഫില്‍ ചേര്‍ന്നു. തുടര്‍ച്ചയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു, ജയിച്ചു,  മന്ത്രിയായി. 2011 ല്‍ തോറ്റതോടെ ഗൗരിയമ്മ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങി. ''ലാത്തികള്‍ക്ക് കുഞ്ഞുങ്ങളെ സൃഷ്ടിക്കാനാകുമായിരുന്നെങ്കില്‍ ഞാന്‍ എത്രയോ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു...'' എന്നാണ് ഗൗരിയമ്മ ഏറ്റുവാങ്ങിയ പോലീസ് പീഡനങ്ങളെ കുറിച്ച് അവര്‍ തന്നെ പറയുന്നത്. 

കമ്യൂണിസ്റ്റുകാര്‍ വ്യാപകമായി വേട്ടയാടപ്പെട്ടിരുന്ന കാലത്തായിരുന്നു ഗൗരിയമ്മ ചങ്കൂറ്റത്തോടെ കമ്യൂണിസ്റ്റ് ആയത്. കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായ ഗൗരിയമ്മ കഴിഞ്ഞുപോയ പതിനാറ് തിരഞ്ഞെടുപ്പുകളില്‍ പതിമൂന്നിലും വിജയിച്ചു. ഇപ്പോള്‍ വയസ് 96. സ്വന്തം പാര്‍ട്ടി ഗ്രൂപ്പ് കളിയില്‍ ശിഥിലമായി. അങ്ങനെ ഇടതുപാളയത്തിലെത്തി. ഇനി മല്‍സരിക്കാനുമില്ല. ഇങ്ങനെയൊരു നേതാവിനിയുണ്ടാവില്ല. സി.പി.എം പോലെ ശക്തമായൊരു കേഡര്‍ പാര്‍ട്ടിയെ ഒറ്റയ്ക്ക് നയിക്കാന്‍ ഉശിരുണ്ടായിരുന്ന ഈ വനിതാ നേതാവ്  ഒരുകാലത്ത് കേരള മുഖ്യമന്ത്രിപദത്തിന് സര്‍വഥാ അര്‍ഹയായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ മാത്രം ശക്തയായ ഒരു വനിത നേതാവിനെ ഗൗരിയ്ക്ക് മുമ്പ് കേരളം കണ്ടിട്ടില്ല. അവര്‍ക്ക് ശേഷം അങ്ങനെ ഒരു നേതാവ് ഉണ്ടാകുമോയെന്ന് പ്രവചിക്കാന്‍ പാകത്തില്‍ ആരെങ്കിലുമിവിടെയുണ്ടോ...?

വോട്ടുപോര് 2016-സ്ത്രീകള്‍ക്കായി കരുണയില്ലാക്കരച്ചില്‍ -2 (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക