Image

കുമരകത്ത് കാലിടറിയത് ആര്‍ക്ക്?

അനില്‍ പെ­ണ്ണുക്കര Published on 09 March, 2016
കുമരകത്ത് കാലിടറിയത് ആര്‍ക്ക്?
അങ്ങനെ ഇന്നും ഉമ്മന്‍ചാണ്ടി ബ ബ ബ്ബ ..അടിച്ചു.ഇത് സ്ഥിരം പരിപാടി ആയതുകൊണ്ട് ജനങ്ങള്‍ അത്ര കാര്യം ആക്കികാണില്ല.പക്ഷെ ചാനലുകള്‍ രണ്ടു ദിവസമായി ഉമ്മന്‍ ചാണ്ടിക്കും അടൂര്‍ പ്രകാശിനും നല്ല പണി കൊടുക്കുന്നുണ്ട് .അത് കൊണ്ട് ഇന്ന് അതിനും ഒരു തീരുമാനമായി .പറഞ്ഞു വരുന്നത് കുമരകത്തെ മെത്രാന്‍കായല്‍ പാടശേഖരത്തിന്റെ കാര്യമാണ് .നമ്മുടെ കപില്‍ ദേവിന് കുറച്ചു സ്ഥലം ഉണ്ട് .കുമരകത്ത് .അല്പം വിനോദ സഞ്ചാരമാണ് ലക്­ഷ്യം .അവിടെ കുറച്ചു കായല്‍ നിലം മണ്ണിട്ട്­ നികത്താനുള്ള അനുമതി നമ്മടെ അടൂര്‍ പ്രകാശ് നല്കിയത്രേ .

 പ്രകൃതിക്ക് ഇത്തരം സംരംഭങ്ങള്‍ എന്തുമാത്രം ദോഷം ചെയ്യുമെന്ന് അധികൃതരെ ബോധ്യപ്പെടുത്താന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ വേണ്ടി വരുന്നു എന്നത് കഷ്ടമാണ്. നേരത്തേ ഇടതുമുന്നണി സര്‍ക്കാരിന്റെ മുന്നില്‍ വന്ന പതിനെട്ട് വന്‍കിട പദ്ധതികളുടെ കൂട്ടത്തില്‍ മെത്രാന്‍കായല്‍ പാടശേഖരം നികത്തലും ഉണ്ടായിരുന്നു. പദ്ധതി നിര്‍ദേശങ്ങള്‍ എന്ന തലത്തില്‍ മാത്രമേ അന്ന് അംഗീകരിച്ചിട്ടുള്ളൂവെന്നും പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നില്ലെന്നുമാണ് ഇടതുപക്ഷം ഇപ്പോള്‍ പറയുന്നത്. പരിസ്ഥിതിക്ക് ദോഷകരമാണെന്ന് കണ്ടതിനാല്‍ പദ്ധതിക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. വന്‍കിട പദ്ധതികള്‍ക്ക് അനുമതി നല്‍കലും അതിനെതിരേ പ്രതിഷേധിക്കലും പ്രതിഷേധിക്കുന്നവര്‍ അധികാരത്തില്‍ വരുമ്പോള്‍ നേരത്തേ റദ്ദാക്കിയ അനുമതി പുനഃപരിശോധിച്ച് വീണ്ടും അനുമതി നല്‍കലും ഉദ്യോഗസ്ഥ രാഷ്ട്രീയ ഉപജാപങ്ങളുടെ ഭാഗമായി മാറാന്‍ തുടങ്ങിയിട്ട് കാലമേറെയായി. തീരുമാനം വന്നയുടന്‍ തന്നെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പദ്ധതിക്കെതിരേ രംഗത്തുവരികയും അനുമതി റദ്ദാക്കുവാന്‍ മുഖ്യമന്ത്രിയോടാവശ്യപ്പെടുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ധൃതിപിടിച്ചെടുത്ത തീരുമാനം റദ്ദാക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തല്‍പ്പരനായിരിക്കുന്നു എന്നത് നല്ല കാര്യം തന്നെ.മെത്രാന്‍കായലില്‍ പാടശേഖരം നികത്തി വിനോദസഞ്ചാര പദ്ധതിക്കും എറണാകുളത്ത് മള്‍ട്ടി സ്‌­പെഷ്യാലിറ്റി ആശുപത്രിക്കുമായി സ്ഥലം നികത്താന്‍ റാകിന്‍ ഡോ ഡെവലപ്പേഴ്‌­സ് കമ്പനിക്കാണ് റവന്യൂ വകുപ്പ് അനുമതി നല്‍കിയിരിക്കു­ന്നത്.

മെത്രാന്‍കായലില്‍ 378 ഏക്കറും എറണാകുളത്ത് കടമക്കുടി വില്ലേജില്‍ 47 ഏക്കറും നികത്തി നിര്‍മിക്കുന്ന പദ്ധതികള്‍ക്കായിരുന്നു മന്ത്രിസഭ അനുമതി നല്‍കിയിരുന്നത്. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ജിജി തോംസന്റെ എതിര്‍പ്പു മറികടന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത കമ്പനിയുടെ അപേക്ഷയില്‍ അനുമതി ഉത്തരവ് നല്‍കിയത്.തണ്ണീര്‍ത്തടങ്ങളും കായലുകളും പാടശേഖരങ്ങളും മണ്ണിട്ട് നികത്തുമ്പോള്‍ നാട്ടിലെ ജലസംഭരണികളെയാണ് നശിപ്പിക്കുന്നത്. വേനല്‍ തുടങ്ങും മുമ്പേ കുടിവെള്ളക്ഷാമം കേരളത്തില്‍ അനുഭവപ്പെടാന്‍ തുടങ്ങിയത് ഇത്തരം തലതിരിഞ്ഞ വികസനപ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ്. ജനജീവിതം താറുമാറാക്കിക്കൊണ്ട് ടൂറിസം പദ്ധതിയും മള്‍ട്ടി സ്‌­പെഷ്യാലിറ്റി ആശുപത്രികളും ഉയര്‍ന്നു വന്നിട്ടെന്തു കാര്യം?

സംസ്ഥാനത്തെ അഞ്ചുവകുപ്പുകളുടെ എതിര്‍പ്പിനെ മറികടന്ന് റവന്യൂ വകുപ്പ് ഇത്തരമൊരു പദ്ധതിക്ക് അനുമതി നല്‍കാന്‍ മാത്രം എന്തു അടിയന്തരാവശ്യമാണ് ഇവിടെ ഉള്ള­ത് .

രാഷ്ട്രീയ പാര്‍ട്ടികള്‍ സന്ദര്‍ഭം പോലെ പദ്ധതികളെ പിന്തുണക്കുന്നതും എതിര്‍ക്കുന്നതും വോട്ടുബാങ്ക് ലക്ഷ്യം വച്ചാണ്. ജനതാല്‍പ്പര്യം മുന്നില്‍കണ്ടല്ല. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ പ്രകൃതി സംരക്ഷണ കാര്യങ്ങളില്‍ അടുത്ത കാലത്തായി ജാഗരൂകരാകാന്‍ തുടങ്ങിയത് ശുഭസൂചനയാണ്. അത് കൊണ്ടാണ് ഉമ്മന്‍ ചാണ്ടി ഈ ഉത്തരവ് റദ്ദു ചെയ്തത് .ഇത് പോലെ തന്നെയാണ് ബുള്ളറ്റു ട്രെയിനിന്റെ കാര്യത്തിലും ചാണ്ടി പറഞ്ഞത് .ഒരിക്കല്‍ റദ്ദു ചെയ്ത ട്രെയിന്‍ ഏതാനും വര്‍ഷം കഴിയുമ്പോള്‍ ഓടിത്തു­ടങ്ങും

മെത്രാന്‍ പദ്ധതി ഭക്ഷ്യസുരക്ഷയെയും കുടിനീരിനെയും ജന്തുജാലങ്ങളുടെ ആവാസ വ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും ബാധിക്കുമെന്ന് കാണിച്ച് അഞ്ചു വകുപ്പുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും അതിനെയെല്ലാം മറികടന്ന് റവന്യൂ വകുപ്പ് അനുമതി നല്‍കിയത് ദുരൂഹമാണ്. അതിനാല്‍ തന്നെയാണ് മെത്രാന്‍ പദ്ധതിയെക്കുറിച്ച് ജനങ്ങളില്‍ ആശങ്കയും സംശയങ്ങളും ഉയര്‍ന്നുവന്നതും സമരരംഗത്ത് ഇറങ്ങാന്‍ അവരെ നിര്‍ബന്ധിതരാക്കിയതും.
കുമരകത്ത് കാലിടറിയത് ആര്‍ക്ക്?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക