Image

മലയാളം കടന്ന് തമിഴിലും തെലുങ്കിലും കീര്‍ത്തി (ആശ പണി­ക്കര്‍)

Published on 09 March, 2016
മലയാളം കടന്ന് തമിഴിലും തെലുങ്കിലും കീര്‍ത്തി (ആശ പണി­ക്കര്‍)
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ "ഗീതാഞ്ജലി'യിലൂടെ മലയാള സിനിമാലോകത്തേക്കു കടന്നു വന്ന പെണ്‍കുട്ടിയാണ് കീര്‍ത്തി സുരേഷ്. സിനിമാലോകം കീര്‍ത്തിക്കു സ്വന്തം വീടു പോലെ തന്നെ. കാരണം എണ്‍പതുകളില്‍ മലയാളത്തിലെ മുന്‍നിരനായികമാരില്‍ തിളങ്ങി നിന്നിരുന്ന നടി മേനകയുടെയും നിര്‍മാതാവ് സുരേഷ്കുമാറിന്റെയും രണ്ടാമത്തെ മകളാണ് കീര്‍ത്തി. പ്രിയദര്‍ശനെ പോലൊരു സംവിധായകന്റെ ചിത്രത്തില്‍ നായികയായി കടന്നു വന്നിട്ടും മലയാള സിനിമ എന്തുകൊണ്ടോ കീര്‍ത്തിയെ വേണ്ട വിധം അംഗീകരിച്ചില്ല. പിന്നീട് ദിലീപിന്റെ നായികയായി റിംഗ് മാസ്റ്റര്‍ എന്ന ചിത്രത്തിലും കീര്‍ത്തി വന്നെങ്കിലും വേണ്ടത്ര പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാനായില്ല.

മലയാളം അര്‍ഹിക്കുന്ന പരിഗണന നല്‍കാത്ത നടിമാരുടെ കഴിവുകള്‍ തിരിച്ചറിയുന്നത് എന്നും തമിഴാണ്. അങ്ങനെ കീര്‍ത്തിക്കും ചെന്നൈയിലേക്ക് വിമാനം കയറേണ്ടി വന്നു. തമിഴിലെ ആദ്യചിത്രം എ.എന്‍. വിജയ് സംവിധാനം ചെയ്ത "ഇത് എന്ന മായം' വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കീര്‍ത്തിയെ തമിഴകത്തിന് ഇഷ്ടമായി. ഈ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടറായിരുന്ന പൊന്റാമിനും ക്രിയേറ്റീവ് ഹെഡ് രാജസാറിനും കീര്‍ത്തിയെയും കുടുംബത്തെയും അറിയാമായിരുന്നു. അങ്ങനെയാണ് പൊന്റാം സംവിധാനം ചെയ്ത രജിനി മുരുകനിലേക്ക് കീര്‍ത്തി നായികായി എത്തുന്നത്. ശിവകാര്‍ത്തികേയന്റെ നായികയായി തമിഴില്‍ രജിനിമുരുകനും തെലുങ്കില്‍ നീനു ശൈലജയുമാണ് സൂപ്പര്‍ ഹിറ്റുകളായത്. രജിനി മുരുകന്‍ കേരളത്തിലും ഹിറ്റായതോടെ തമിഴിലെ തിരക്കേറിയ നടിമാരില്‍ ഒരാളാവുകയാണ് കീര്‍ത്തിയും.

അച്ഛന്‍ സുരേഷ് കുമാര്‍ നിര്‍മിച്ച പല ചിത്രങ്ങളിലും കീര്‍ത്തി ബാലതാരമായി മുഖം കാണിച്ചിട്ടുണ്ട്. നടികൂടിയായ അമ്മ മേനകയില്‍ നിന്നും തമിഴ് എഴുതാനും വായിക്കാനും സംസാരിക്കാനും പഠിച്ചത് കീര്‍ത്തിക്ക് തമിഴിലേക്കുള്ള വഴി കൂടുതല്‍ എളുപ്പമാക്കി. അച്ഛനും അമ്മയും സിനിമാ രംഗത്തെ പ്രശസ്തരാണെങ്കിലും ആദ്യം കായികമേഖലയില്‍ ചുവടുറപ്പിക്കാനാണ് കീര്‍ത്തി ശ്രദ്ധിച്ചത്. ഇതിനായി തിരുവനന്തപുരത്ത് കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ തന്നെ നീന്തലിലും ടെന്നീസിലും പരിശീലനം ആരംഭിച്ചു. കേന്ദ്രീയ വിദ്യാലയങ്ങളുടെ , നാഷണല്‍ സ്‌പോര്‍ട്ടിസില്‍ ഫ്രീസ്റ്റൈലില്‍ സില്‍വറും ബാക്ക്‌സ്‌ട്രോക്കില്‍ ബ്രോണ്‍സും നേടി കീര്‍ത്തി തന്റെ മികവറിയിച്ചു. പിന്നീട് പന്ത്രണ്ടാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ക്രിക്കറ്റിലും പ്രതിഭ തെളിയിച്ചു.

കായികമികവിനൊപ്പം കലാരംഗത്തും കീര്‍ത്തി നിരവധിയിനങ്ങളില്‍ പരിശീലനം നേടിയിട്ടുണ്ട്. നൃത്ത-സംഗീതരംഗത്തെ പ്രമുഖരില്‍ നിന്നും ശിക്ഷണം നേടുന്നതിനൊപ്പം തന്നെ പഠനത്തിനും പ്രാധാന്യം നല്‍കിയാണ് കീര്‍ത്തി മുന്നേറുന്നത്. ചെന്നൈയിലെ പോള്‍ അക്കാദമിയില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണ് കീര്‍ത്തി സിനിമയില്‍ സജീവമായത്.

"" നായകന്‍ എന്ന നിലയ്ക്ക് കൂടെ അഭിനയിക്കുന്നവരോടെല്ലാം വളരെ നല്ല രീതിയില്‍ ഇടപെടുന്ന ആളാണ് ശിവകാര്‍ത്തികേയന്‍ . വലിയ നടനാണെന്നുള്ള ജാഡകള്‍ ഒന്നുമില്ല. പുതുമുഖമായ എനിക്ക് അതുകൊണ്ടു തന്നെ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞു''. കീര്‍ത്തി പറയുന്നു.

രജിനി മുരുകനു ശേഷം ശിവകാര്‍ത്തിയേകന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണ് കീര്‍ത്തിയിപ്പോള്‍. ധനുഷിന്റെ നായികയായി മറ്റൊരു ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.
മലയാളം കടന്ന് തമിഴിലും തെലുങ്കിലും കീര്‍ത്തി (ആശ പണി­ക്കര്‍)
മലയാളം കടന്ന് തമിഴിലും തെലുങ്കിലും കീര്‍ത്തി (ആശ പണി­ക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക