Image

പൂഞ്ഞാറിലെ കേജരിവാള്‍ അഡ്വക്കേറ്റ് ഇന്ദുലേഖ ജോസഫ് (ജോസഫ് പടന്നമാക്കല്‍)

Published on 08 May, 2016
പൂഞ്ഞാറിലെ കേജരിവാള്‍ അഡ്വക്കേറ്റ് ഇന്ദുലേഖ ജോസഫ് (ജോസഫ് പടന്നമാക്കല്‍)
പൂഞ്ഞാര്‍ നിയോജക മണ്ഡലമെന്നുള്ളത് എന്തുകൊണ്ടും ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നതും മനോഹരമായ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെട്ടതുമാണ്. മത സാഹോദര്യത്തിന്റെ ഈറ്റില്ലമാണിവിടം. ഹിന്ദുക്കളും മുസ്ലിമുകളും ക്രിസ്ത്യാനികളും തിങ്ങി പാര്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ ജാതി മത ഭേദമെന്യേ എക്കാലവും എല്ലാവരും സൗഹാര്‍ദ്ദമായി കഴിഞ്ഞിരുന്നുവെന്നതും ചരിത്രസത്യമാണ്. പൂഞ്ഞാറ്റില്‍ തമ്പുരാക്കന്മാരുടെ വാസസ്ഥലമെന്ന നിലയില്‍ ഈ പ്രദേശങ്ങള്‍ പഴയകാലം മുതല്‍ പേരും പെരുമയും ആര്‍ജിച്ചതായിരുന്നു. ഒരു വശത്തു മീനച്ചിലാറും മറ്റൊരു വശത്തു പമ്പാ നദിയും അടങ്ങിയ ഈ പ്രദേശങ്ങള്‍ വിവിധ സംസ്ക്കാരങ്ങളുടെ ഉറവിടങ്ങളായിരുന്നു. രണ്ടു പ്രാവശ്യം എം.എല്‍ .എ യായി പി.സി. ജോര്‍ജിനെ തെരഞ്ഞെടുത്തുവെന്നുള്ളതാണ് ഈ മണ്ഡലത്തിന്റെ പ്രത്യേകത. നിയമ സഭയില്‍ എന്നും വിവാദ പുരുഷനായിരുന്ന പി. സി. ജോര്‍ജിന്റെ മണ്ഡലമെന്നുള്ള നിലയില്‍ ജനശ്രദ്ധ മുഴുവനും ഇവിടെ നിഴലിച്ചിരിക്കുന്നതും കാണാം. പി.സി.ജോര്‍ജ് തൊപ്പിയടയാളവുമായി ഈ മണ്ഡലത്തില്‍ ജനവിധി തേടുന്നു.

ചര്‍ച്ച് ആക്റ്റ് തീവ്ര പ്രവര്‍ത്തകയും അഭിഭാഷകയുമായ ശ്രീമതി ഇന്ദുലേഖാ ജോസഫ് പൂഞ്ഞാറില്‍ നിന്നും ജനവിധി തേടുന്നത് ഈ തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകതയാണ്. പ്രതിയോഗി മാണി വിരുദ്ധനായി അവതരിച്ച പി.സി. ജോര്‍ജെന്ന വസ്തുതയും ഈ മത്സരത്തില്‍ പുതുമ നല്കുന്നുണ്ട്. സ്വതന്ത്രയായാണ് അവര്‍ മത്സരിക്കുന്നത്. അനീതിക്കും അഴിമതിക്കുമെതിരെ പ്രവര്‍ത്തിക്കുക, അഴിമതി വിരുദ്ധത ജനങ്ങളില്‍ എത്തിക്കുകയെന്നുള്ളത് തന്റെ ലക്ഷ്യങ്ങളെന്നു പ്രമുഖ ചാനലുകളിലെ ടെലിവിഷന്‍ അവതാരകരുടെ മുമ്പില്‍ പ്രൌഡ ഗംഭീരമായ ഭാഷയില്‍ ഇന്ദുലേഖ പറഞ്ഞു. തെരഞ്ഞെടുപ്പിന് അനാവശ്യമായി പണം ചെലവഴിക്കുന്നതിനെതിരെയും പി. സി. ജോര്‍ജിന്റെ അവസരോചിതമായ രാഷ്ട്രീയത്തിനെതിരെയും അവര്‍ പ്രതികരിച്ചു. എന്തിനായി ഇന്ദുലേഖ മത്സരിക്കുന്നുവെന്ന ഉത്തരമായി "മാലാഖമാര്‍ അറച്ചു നില്‍ക്കുന്നിടത്ത് ചെകുത്താന്മാര്‍ ഇടിച്ചു കയറും. ഇന്ന് നമ്മുടെ രാഷ്ട്രീയ രംഗത്ത് ചെകുത്താന്മാര്‍ ഇടിച്ചു കയറി അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. അതുകൊണ്ട് അഴിമതി വിരുദ്ധ രാഷ്ട്രീയമാണ് ഈ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡമായി ഞാന്‍ സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയത്തില്‍ കടന്നു വരാന്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ആദ്യം ഞാന്‍ സമീപിച്ചത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെയായിരുന്നു. എന്നാല്‍ അവരാരും എന്റെ തീ പാറുന്ന ആശയങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്നു. " ഇത് ചാനല്കാരുടെ മുമ്പില്‍ പറയുമ്പോഴും യുവത്വത്തിന്റെ ലഹരിയില്‍ ശ്രീമതി ഇന്ദുലേഖ ആവേശഭരിതയായിരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ മുന്നണി നേതാവായിരുന്ന അക്കാമ്മ ചെറിയാനുശേഷം പൂഞ്ഞാറില്‍ നിന്നും ഇന്ദുലേഖയെന്ന യുവതി കേജറിവാളിന്റെ ഉശിരോടെ രാഷ്ട്രീയക്കളരിയില്‍ അങ്കം വെട്ടാന്‍ ഇറങ്ങിയിരിക്കുന്നത് ഇന്ന് അനേകായിരം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. അഴിമതിയ്‌ക്കെതിരെ യുദ്ധം ചെയ്തുകൊണ്ട് ജനങ്ങളുടെ ന്യായമായ അവകാശങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി പോലീസ് സ്‌റ്റേഷനിലും കുത്തിയിരിക്കാന്‍ തയ്യാറായിട്ടാണ് അവര്‍ ജനങ്ങളുടെ വോട്ടിനായി ഇറങ്ങിയിരിക്കുന്നത്. ചെറുപ്രായത്തിലെ അവരുടെ കഴിഞ്ഞകാലാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇതൊരു പാഴ്വാക്കായി കരുതാനും സാധിക്കില്ല. നിത്യോപയോഗ പാചകങ്ങളില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത പച്ച മുളകാണ് തെരഞ്ഞെടുപ്പിന്റെ ചിഹ്നമായി സ്വീകരിച്ചിരിക്കുന്നത്.

സെന്റ്­ ജോര്‍ജ് കോളേജിലെ പ്രൊഫസര്‍ ജോസഫ് വര്‍ഗീസിന്റെയും അലോഷ്യാ ജോസഫിന്റെയും സീമന്ത പുത്രിയാണ് ശ്രീമതി ഇന്ദുലേഖ. ചിത്ര ലേഖയെന്ന ഒരു സഹോദരിയുമുണ്ട്. സാമ്പത്തിക ക്രമക്കേടുകള്‍ കാണിക്കുന്ന സഭയ്‌ക്കെതിരായി സാധാരണ അപ്പനും മകളും ഒന്നിച്ചാണ് പോരാടാനും പ്രകടനങ്ങള്‍ക്കായും പോകാറുള്ളത്. എന്തുകൊണ്ടും ഒരു രാഷ്ട്രീയ നേതാവാകാനുള്ള പരിചയവും തഴക്കവും ചെറു പ്രായത്തില്‍ തന്നെ ഇതിനോടകം ഈ യുവതി നേടിക്കഴിഞ്ഞു. കൊച്ചി സര്‍വ്വ കലാശാലയില്‍ നിന്നും നിയമ പഠനം പൂര്‍ത്തിയാക്കി 2014­ല്‍ അഭിഭാഷികയായി എന്‌ട്രോള്‍ ചെയ്തു. പഠിക്കുന്ന കാലങ്ങളില്‍ കോളേജിന്റെയും സര്‍വ്വ കലാശാലയുടെയും മുമ്പില്‍ സമര പന്തല്‍ വിരിച്ചുകൊണ്ട് സത്യാഗ്രഹം ചെയ്തും സ്വന്തം ജീവിതത്തെ കരു പിടിപ്പിക്കാനായി െ്രെകസ്തവ മാനേജ് മേന്റെനെതിരെ നീണ്ടകാലങ്ങള്‍ കേസുകള്‍ നടത്തിയും വാദമുഖങ്ങളില്‍ പങ്കെടുത്തുമുള്ള അസാധാരണമായ കഴിവുകള്‍ ഇതിനോടകം ഈ യുവതി നേടിക്കഴിഞ്ഞു. ടീ.വി. യിലും മാധ്യമങ്ങളിലും ശ്രീമതി ഇന്ദുലേഖ പ്രസിദ്ധയാണ്. കൂടാതെ നല്ലൊരു എഴുത്തുകാരിയും വാഗ്മിയുമെന്നുള്ള വസ്തുതയും ഇവിടെ എടുത്തു പറയുന്നു.

ആരാണ് ഈ യുവതി? കുഞ്ഞുന്നാള്‍ മുതല്‍ നൃത്തം ചവുട്ടി കലാ ലോകത്തും പ്രസരിപ്പു നേടിയിരുന്നു. ക്ഷണിച്ച പ്രകാരം ദൂര ദര്‍ശനില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി മൂവായിരം രൂപ കൈക്കൂലി ചോദിച്ചതിന് ഇന്ത്യാ പാര്‍ലമെന്റ് മന്ദിരത്തിനു മുമ്പില്‍ പ്രതിഷേധിച്ചു നൃത്തം ചവുട്ടിയ അഞ്ചു വയസുകാരിയുടെ ആ ദൌത്യം വിശ്രമമില്ലാതെ ഇന്നും തുടരുന്നു. കോളേജു പഠന കാലത്ത് പുരോഹിത കാപട്യ മുഖങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ പ്രതികരിക്കുന്നതിനായി സുപ്രീം കോടതി വരെ നിയമ യുദ്ധം നടത്തിയതും ശ്രീമതി ഇന്ദുലേഖയുടെ നേട്ടങ്ങളുടെ പട്ടികയില്‍ ഒന്നാണ്. കോടതിയില്‍ അന്നു വിജയിച്ചില്ലെങ്കിലും പരാജയം ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങളായ വിജയത്തിന്റെ പടികളെന്നും അവര്‍ വിശ്വസിക്കുന്നു.

സത്യവും ധര്‍മ്മവും മുമ്പില്‍ കണ്ടുകൊണ്ട്­ നീതിക്കായി ഇതിനോടകം നിരവധി പോരാട്ടങ്ങള്‍ അവര്‍ നടത്തി കഴിഞ്ഞു. അല്മായരുടെ പണം കൊണ്ട് തിന്നു കുടിച്ചു മദിച്ചു നടക്കുന്ന സഭാ നേതൃത്വത്തിനെതിരെ സന്ധിയില്ലാ സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ നിയന്ത്രണം മുസ്ലീമിന്റെയും ഹിന്ദുക്കളുടെയും സമുദായ സ്വത്തുക്കളുടെ മേലുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ സമുദായ സ്വത്തുക്കള്‍ ഏതാനും സ്വാര്‍ത്ഥമതികളായ പുരോഹിതര്‍ നിയന്ത്രിക്കുന്നത്­ തികച്ചും അനീതിയായി ഇന്ദുലേഖ കരുതുന്നു. അല്മായരുടെ സംഭാവനകള്‍കൊണ്ട് സ്വരൂപിച്ചിരിക്കുന്ന സഭാസ്വത്തുക്കളുടെ കണക്കുകള്‍ നോക്കാന്‍പോലും അവകാശമില്ലാത്ത വ്യവസ്തിയാണ് ഇന്ന് നിലവിലുള്ളത്. വിദേശപ്പണവും കറുത്ത പണവും സമുദായ നിധികളില്‍ ഒളിഞ്ഞിരുപ്പുണ്ട്. ധൂര്‍ത്തടിക്കുന്ന പുരോഹിതരുടെ വരുമാന മാര്‍ഗങ്ങളെപ്പറ്റി ചോദ്യം ചെയ്യാനും ആരുമില്ല. സമൂഹ താല്പര്യത്തിനായി സുപ്രീം കോടതി ജഡ്ജിയായിരുന്ന അന്തരിച്ച ശ്രീ ക്രിഷ്ണയ്യര്‍ രചിച്ച ക്രിസ്ത്യന്‍ ബില്ലിനെ ബിഷപ്പുമാരും പുരോഹിതരും മൊത്തം എതിര്‍ക്കുന്നു. ആ ബില്ല് നിയമമായി കാണുന്ന വരെ തനിക്കു വിശ്രമമില്ലെന്നും ശ്രീമതി ഇന്ദുലേഖ പറയുന്നു.

അഴിമതിയ്‌ക്കെതിരെ എന്നും സമര മുഖങ്ങളില്‍ പോരാട്ടങ്ങളുമായി മുമ്പിലായിരുന്ന ശ്രീമതി ഇന്ദുലേഖ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് പൂഞ്ഞാറില്‍ മത്സരിക്കുന്നത്.' തൊപ്പി' അടയാളമായി സ്വീകരിച്ച പി.സി.ജോര്‍ജാണ് എതിരാളികളില്‍ ഒരാള്‍. ഭരണ കാലങ്ങളില്‍ പ്രതികരിക്കുന്നവരെ ഉപദ്രവിച്ചു നടന്ന ശ്രീ ജോര്‍ജ് ഇന്ന് ജനകീയനായി ജനാധിപത്യത്തിന്റെ കാവല്ക്കാരനായി വീമ്പടിക്കുന്നതും ലജ്ജാവഹം തന്നെ. ശ്രീ ജോര്‍ജിനു വീഴുന്ന ഓരോ വോട്ടും ജനാധിപത്യ കേരളത്തിന് അപമാനമായിരിക്കും. മാനുഷിക പരിഗണനകളോ സംസ്ക്കാരത്തിന്റെ പാരമ്പര്യമോ ശ്രീ ജോര്‍ജില്‍ നിന്നും പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്‍റെ കഴിഞ്ഞ കാല ചരിത്രങ്ങള്‍ വ്യക്തമാക്കുന്നു. അഴിമതി വിരുദ്ധപോരാളിയെന്ന് സ്വയം പ്രഖ്യാപിക്കാന്‍ പി.സി.ജോര്‍ജിന് യോഗ്യതയുണ്ടോയെന്ന് അദ്ദേഹം ആത്മപരിശോധന നടത്തേണ്ടതായിയുണ്ട്. 

ശ്രീ ജോര്‍ജ് പ്രമാദമായ ഒരു കൈക്കൂലിക്കേസ്സില്‍ ഒരു ജുഡീഷണല്‍ അന്വേഷണത്തിനു വിധേയമായതും കോടതി ശിക്ഷിച്ച വസ്തുതയും മറച്ചു വെക്കുന്നു. അത് നിയമ സഭയുടെ ചരിത്രത്തിലുള്ള ആദ്യത്തെ സംഭവമായിരുന്നു. ഹൈക്കോടതി ജഡ്ജിമാരടങ്ങിയ ഒരു ജൂറി സംഘമായിരുന്നു അന്ന് ജോര്‍ജിനെതിരെ വിധി പ്രഖ്യാപിച്ചത്. 1981­ല്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍പ്പെട്ട ഒരു പാവപ്പെട്ട സ്ത്രീയ്ക്ക് ജോലി കൊടുക്കാമെന്നു സമ്മതിച്ച് ഇരുപത്തി അയ്യായിരം രൂപ കൈക്കൂലി മേടിച്ചുവെന്ന കേസ്സായിരുന്നു അന്നു തെളിഞ്ഞത്. ആ വിധി പൊതു പ്രവര്‍ത്തനം പോലും നടത്താന്‍ അയോഗ്യത കല്‍പ്പിച്ചുകൊണ്ടുള്ളതായിരുന്നു. ജഡ്ജി ബാല ഗംഗാധരന്‍, എസ.കെ. ഖാദര്‍, ഡോക്ടര്‍ ആര്‍ പ്രസന്നന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജുഡീഷല്‍ അംഗങ്ങളാണ് ജോര്‍ജിന്റെ ഗുരുതരമായ ഈ അഴിമതി തെളിയിച്ചത്.  വിധി വന്നപ്പോഴേയ്ക്കും ജോര്‍ജിന്റെ നിയമ സഭാ കാലാവധി അവസാനിച്ചിരുന്നു. പിന്നെ ഒന്നും സംഭവിച്ചില്ല. പൂഞ്ഞാറിലുള്ള താഴത്തു പറമ്പില്‍ തൊമ്മന്‍ ചാക്കോയാണ് ജോര്‍ജിന്റെ ഈ കോഴ വിവരം പുറം ലോകത്തെ അറിയിച്ചത്. അദ്ദേഹത്തിന്‍റെ സഹോദരി കെ. കെ. ത്രസ്യാമ്മയ്ക്ക് ചെമ്മലമറ്റം സ്കൂളില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന വാഗ്ദാനവുമായിട്ടായിരുന്നു ജോര്‍ജ് കോഴ വാങ്ങിയത്. എന്നാല്‍ സ്കൂള്‍ മാനേജ്‌മെന്റ് കോഴ വാങ്ങാന്‍ തയ്യാറാകാഞ്ഞതും ജോര്‍ജിന് വിനയായി. ജോര്‍ജ് പണം തിരികെ കൊടുക്കാന്‍ തയ്യാറാകാത്തതിനാല്‍ മാത്തച്ചന്‍ കുരുവിനാക്കുന്നേലും ഈ കേസ്സില്‍ മദ്ധ്യസ്ഥതയ്ക്കായി ഇടപെട്ടിരുന്നു. മാത്തച്ചന്‍ കുരുവിനാക്കുന്നേലുമായ കത്തുകളും സ്കൂള്‍ അധികൃതരുടെ തീരുമാനവും ജുഡീഷണല്‍ അന്വേഷണത്തില്‍ ജോര്‍ജിന് പ്രതികൂലമായി വന്നു.

മറ്റൊരു സ്ഥാനാര്‍ഥിയായ ശ്രീ പി. സി. ജോസഫ് മാണി കോണ്‍ഗ്രസ് വിട്ടു ഇടതു പക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാണ്. തോന്നുന്ന വിധം ആദര്‍ശങ്ങള്‍ ബഹിഷ്ക്കരിച്ച് അവസരോചിതമായി പാര്‍ട്ടികള്‍ മാറുന്നവരുടെ ഉദ്ദേശം പൊതു ജനങ്ങളുടെ സേവിക്കണമെന്നുള്ളതല്ല മറിച്ചു സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നതു കൊണ്ടാണ്. മാണി കോണ്‍ഗ്രസ്സില്‍ കൂടുതലായ സ്ഥാനം ലഭിക്കില്ലെന്നറിഞ്ഞപ്പോള്‍ ഇടതു പക്ഷമായി. 

ഇന്ദു ലേഖയുടെ അച്ഛന്‍ ജോസഫ് വര്‍ഗീസ്­ എഴുതിയ 'നസ്രായനും നാരായണത്തു ഭ്രാന്തനു'മെന്ന പുസ്തകം ഏറെ വിവാദമായിരുന്നു.

പുരോഹിതര്‍ക്ക് രുചിക്കാത്ത പുസ്തകം എഴുതിയതിന് അധികാര മത്തു പിടിച്ച പുരോഹിതര്‍ ഇന്ദുലേഖയെ കോളേജില്‍ നിന്നും പുറത്താക്കി പ്രതികാരം തീര്‍ക്കുകയാണുണ്ടായത്. നിയമവും കോടതികളും പുരോഹിതരുടെ വാക്കുകള്‍ കണക്കിലെടുത്തതു കൊണ്ട് ഇന്ദുലേഖയ്‌ക്കെതിരായി വിധിവന്നു. അത് അവരുടെ ജീവിതത്തിലെ താങ്ങാന്‍ പാടില്ലാത്ത ദുഃഖകരമായ ഘട്ടങ്ങളായിരുന്നു. അതുമൂലം മൂന്നു വര്‍ഷങ്ങളാണ് അവര്‍ക്ക് കോളേജു ജീവിതത്തില്‍ നഷ്ടപ്പെട്ടത്. മനുഷ്യത്വത്തിന്റെ വിലയറിയാത്ത കപട പുരോഹിതര്‍ക്ക് ഒരു പെണ്‍ക്കുട്ടിയുടെ ഭാവിയെ തകര്‍ക്കുന്നതില്‍ യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല. പാപപങ്കിലമായ കൈകള്‍കൊണ്ട് നിത്യം കുര്‍ബാനകള്‍ അര്‍പ്പിക്കുന്ന ആ വന്ദ്യ പുരോഹിതര്‍ക്ക് ഇന്ദുലേഖയുടെ നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ തിരിച്ചു കൊടുക്കാന്‍ സാധിക്കുകയുമില്ല. എങ്കിലും നിരാശയാകാതെ അടിപതറാതെ അവര്‍ ജീവിതത്തെ ഒരു വെല്ലുവിളിയായി സ്വീകരിച്ചു. ഇന്ന് ആയിരങ്ങളാണ് ഇന്ദുലേഖയ്ക്ക് പിന്നില്‍ പുരോഹിത അഴിമതികള്‍ക്കെതിരെ ശബ്ദിക്കുന്നത്. ഈ യുവതിയുടെ തീവ്രമായ യുവശക്തിയെ ലോകം മുഴുവന്‍ ആദരിക്കുന്നു. ശ്രവിക്കുന്നു. ചഞ്ചലമായ മനസോടു കൂടിയ ഒരു ജനപ്രതിനിധിയെയല്ല നമുക്കിന്നാവിശ്യം. ജനങ്ങളുടെ കണ്ണുനീരിനെ വിലയിരുത്താനും പാവങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും അവരുടെ ക്ഷേമാന്വേഷണങ്ങളില്‍ വ്യാപ്രുതനാവാനും കഴിവും പ്രാപ്തിയുമുള്ള ഒരു നേതാവിനെയാണാവശ്യം. വൃദ്ധ ജനങ്ങള്‍ പേരമക്കളെയും പരിരക്ഷിച്ചു കൊണ്ട് വീട്ടിലിരിക്കുന്നതിനു പകരം നാടിനെ മുടിക്കാന്‍ അധികാരത്തിനായി ഇറങ്ങിയിരിക്കുകയാണ്. അവരുടെ ഉദ്ദേശം മറ്റൊന്നുമല്ല, കോഴ­ കൈക്കൂലി കൊണ്ട് സ്വന്തം കീശ വര്‍ദ്ധിപ്പിക്കണം. കേരളത്തിലെ ധീരയായ ഇന്ദുലേഖയെന്ന യുവതി അഴിമതിക്കും പുരോഹിതരുടെ കോളേജുകളിലെ കോഴ പിരിവിനും എതിരായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ അഴിമതി വീരന്മാരും ഡല്‍ഹിയിലെ കേജറിവാളിനെ ഭയപ്പെടുന്നപോലെ കേരളത്തിലെ ഈ യുവതിയായ കേസരിയെയും ഒരിയ്ക്കല്‍ ഭയപ്പെടാതിരിക്കില്ല.

സ്വന്തമായി ജീവിതത്തെ കരു പിടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കോളേജില്‍ നിന്നും പുറത്താക്കിയ സഭയുടെ നടപടികള്‍ക്കെതിരെ സുപ്രീം കോടതിവരെ പോയി. അന്ന് കേട്ടനുഭവിച്ചറിഞ്ഞ കോടതി വിസ്താര വാദങ്ങളും പ്രതിവാദങ്ങളും ഇന്ദുലേഖയെ നാളയുടെ വാഗ്ദാനമായ ഒരു അറ്റോര്‍ണിയാകാന്‍ വഴി തെളിയിച്ചു. യുവതലമുറകളുടെ മനസ്സില്‍ ആഞ്ഞടിക്കുന്ന നവമായ ആശയങ്ങളാണ്­ പ്ലാറ്റ് ഫോറങ്ങളില്‍ നിന്നും കേള്‍വിക്കാരുടെ മുമ്പില്‍ അവര്‍ അവതരിപ്പിക്കുന്നത്­. കേജറിവാളിനെപ്പോലെ യുവത്വത്തിന്റെ പ്രസരിപ്പുള്ള നേതാക്കള്‍ രാജ്യം ഭരിക്കണമെന്ന് ഈ ഇരുപത്തിയേഴുകാരി ആവശ്യപ്പെടുന്നു. 'യുവാക്കള്‍ക്കും യുവതികള്‍ക്കും അവസരങ്ങള്‍ നല്കിക്കൊണ്ട് വൃദ്ധരായവര്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കണമെന്നും നിയമപരമായി തന്നെ രാഷ്ട്രീയത്തിലും പ്രായ പരിധി നിശ്ചയിക്കണമെന്നും രണ്ടു പ്രാവശ്യത്തില്‍ കൂടുതല്‍ ആരെയും സാമാജികരായോ മന്ത്രിമാരായോ തെരഞ്ഞെടുക്കാന്‍ പാടില്ലെന്നും' അവര്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ കാലം ഭരിക്കുംതോറും അധികാര മോഹവും അഴിമതികളും കാരണമാവുമെന്നും അതൊരു രാജ വാഴ്ചക്ക് നയിക്കുമെന്നാണ്­ ശ്രീമതി ചിന്തിക്കുന്നത്. സ്വന്തം പോക്കറ്റില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്ന് ഞെക്കി പിഴിഞ്ഞും തെരഞ്ഞെടുപ്പു ചെലവിനായി പണം മുടക്കുന്നവര്‍ ആ പണം വീണ്ടെടുക്കുന്നതിനായി പിന്നീട് അഴിമതികള്‍ക്ക് കൂട്ടു നില്ക്കുമെന്നും മത്സരിക്കുന്നവര്‍ മിതമായ സര്‍ക്കാര്‍ ചെലവില്‍ പ്രചരണം നടത്തേണ്ട സംവിധാന മുണ്ടാക്കണമെന്നും പ്രചരണ പത്രികയില്‍ പറയുന്നു. കഴിഞ്ഞ കാല അനുഭവങ്ങള്‍ വെച്ചു വിലയിരുത്തിയാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചെവികൊള്ളാന്‍ ഒരു രാഷ്ട്രീയ നേതാക്കളും രംഗത്തു വന്നിട്ടില്ലായെന്ന കാര്യവും അവര്‍ ചൂണ്ടി കാണിക്കുന്നു. ഒരു സാമാജികയായി അവസരം നേടിയാല്‍ സര്‍ക്കാരിലെ ചുവപ്പു നാടകളുടെ കൊള്ളരുതായ്മകളെ വെളിച്ചത്തു കൊണ്ടു വന്ന് ജനങ്ങളുടെയിടയില്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന വാഗ്ദാനങ്ങളും ഈ യുവസ്ഥാനാര്‍ത്ഥി നല്കുന്നു.

ഒരു എം.എല്‍.എ യായാല്‍ ഒരുവന്‍ കല്ലിടീലും നാട മുറിക്കലും കെട്ടിടങ്ങളുടെ ഫലകത്തില്‍ പേരു കൊത്തിക്കാനും സമയം കണ്ടെത്തുന്നു. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് അയാള്‍ക്ക്­ ഭീമമായ ശമ്പളവും യാത്രയ്ക്കുള്ള അലവന്‍സുകളും ലഭിക്കും. ബിഷപ്പിന്റെ അരമനകളിലെയും വന്‍കിട കോണ്‍ട്രാക്റ്റര്‍മാരുടെ ഭവനങ്ങളിലെയും ഭക്ഷണം അയാള്‍ക്ക് പ്രിയങ്കരമായിരിക്കും. വിശക്കുന്ന വയറുകള്‍ നാടിന്റെ നാനാ ഭാഗത്തുമുണ്ടെന്നുള്ള വിവരം അധികാരം കിട്ടുന്ന നാള്‍ മുതല്‍ മറക്കുകയും ചെയ്യും. ഇന്ദുലേഖയുടെ പ്രകടന പത്രികയില്‍ അധികാരം കിട്ടിയാല്‍ ഒരു ചില്ലി കാശു പോലും ജനങ്ങളുടെ പണത്തില്‍ നിന്ന് ദുര്‍ വിനിയോഗം ചെയ്യില്ലാന്നും ഉണ്ട്. അവര്‍ക്കതിന്റെ ആവശ്യവുമില്ല. മെത്രാനെ സ്തുതി ചെല്ലുകയുമില്ല. മറ്റുള്ള രാഷ്ട്രീയക്കാരില്‍ നിന്നും വേറിട്ട്­ ഡല്‍ഹിയിലെ കേജറി വാളിനെപ്പൊലെ വിദ്യാസമ്പന്നരായ മാതാപിതാക്കളില്‍ നിന്നാണ് അവര്‍ ശിക്ഷണം പഠിച്ചത്. അവരുടെ പിതാവ് ഒരു കോളേജിന്റെ സുപ്രസിദ്ധനായ പ്രൊഫസറുമാണ്. ആവശ്യത്തിന് സമ്പത്ത് കൈകാര്യം ചെയ്യുന്ന മാന്യമായ ഒരു വീട്ടിലാണ് അവര്‍ വളര്‍ന്നതും. അന്തസ്സും അഭിമാനവുമുള്ള കുടുംബ പാരമ്പര്യവും ഇന്ദുലേഖയുടെ ഈ ചുരുങ്ങിയ ജീവിതത്തിനുള്ളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മനസിലാക്കാം. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഇന്ദുലേഖയുടെ പ്രതിയോഗികളായി മത്സരിക്കുന്നവര്‍ പി.സി.ജോര്‍ജ്, ജോര്‍ജുകുട്ടി അഗസ്റ്റിന്‍, ആര്‍. ഉല്ലാസ് എന്നിവരാണ്. ശക്തരായ ഈ നേതാക്കളെ നേരിടാന്‍ ഇന്ദുലേഖ തയ്യാറായി കഴിഞ്ഞിരിക്കുന്നു. പണക്കൊഴുപ്പിന്റെ ഒഴുക്കുകളില്ലാതെ ചില മാധ്യമങ്ങളില്‍ പരസ്യം മാത്രം കൊടുത്താണ് അവര്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. രാക്ഷസനായ ഗോലീയാത്തിനെ നേരിടാന്‍ ഇടയ ബാലനായ ദാവീദിന് സാധിച്ചുവെന്ന വിശ്വാസമാണ് ശ്രീ മതി ഇന്ദു ലേഖയ്ക്കുള്ളത്. സ്വന്തം നാട്ടുകാര്‍ തനിക്കൊപ്പം നില്‍ക്കുമെന്നുള്ള ആത്മ വിശ്വാസം അവര്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ജയിക്കുമെന്നു തന്നെ ദൃഡമായി വിശ്വസിക്കുകയും ചെയ്യുന്നു.അഞ്ചാം വയസുമുതല്‍ പ്രതിക്ഷേധ ശബ്ദവുമായി രണഭൂമിയിലിറങ്ങിയ ഈ വീര ശൂര നായിക ജനാധിപത്യത്തിന് ഒരു മാതൃകയുമാണ്.
പൂഞ്ഞാറിലെ കേജരിവാള്‍ അഡ്വക്കേറ്റ് ഇന്ദുലേഖ ജോസഫ് (ജോസഫ് പടന്നമാക്കല്‍)
പൂഞ്ഞാറിലെ കേജരിവാള്‍ അഡ്വക്കേറ്റ് ഇന്ദുലേഖ ജോസഫ് (ജോസഫ് പടന്നമാക്കല്‍)

Join WhatsApp News
Texan American 2016-05-08 07:59:18
All the best Indulekha. Kerala needs youth like you as rulers.
varughese Philip 2016-05-09 15:18:41
Best wishes to Indulekha.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക