അമേരിക്കന്‍ മലയാളികള്‍ അമേരിക്കയിലാണു ജീവിക്കുന്നതെന്ന തിരിച്ചറിവിലേക്ക്
വന്നതായി തൊന്നിത്തുടങ്ങിയതു ഈയടുത്തകാലത്താണ്. പത്രങ്ങള്‍ സംഘടനകള്‍.ചാനലുകള്‍
തുടങ്ങിയവയെല്ലാം നാട്ടിലെ വാര്‍ത്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമാണ്
മുന്‍തൂക്കം കൊടുത്തിരുന്നത്. നാട്ടിലാണു ജീവിക്കുന്നതെന്നൊ നാട്ടില്‍ പൊയി
ജീവിക്കീണ്ടവരാണെന്നൊ ഉള്ള ഒരു ചിന്ത മിക്കവരെയും പിടികൂടിയിരുന്നു. ഇവിടെ
വന്നവരില്‍ 90 % പെരും ഇവിടെ തന്നെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണെന്നു
മനസ്സിലാകുമ്പോഴെങ്കിലും ഇവിടെ നന്നായി ജീവിച്ചു തീര്‍ക്കാനുള്ള വഴികളല്ലെ
ആരായേണ്ടത്?
നമ്മുടെ സംസ്കാരവും ഭാഷയും ആചാരങ്ങളും നാം കാത്തു
സൂക്ഷിക്കുന്നതിനോടൊപ്പം നമ്മള്‍ ജീവിക്കുന്നത് ഇവിടെയാണെന്നകാര്യം മറന്നു
പോകരുത്.ഇവിടുത്തെ വായുവും വെള്ളവും നിരത്തും സൌകര്യങ്ങളുമൊക്കെയാണു നമ്മള്‍
അനുഭവിക്കുന്നത്; ഇവിടുത്തെ നിയമങ്ങളാണ് നാം അനുസരിക്കുന്നത്. ആറടി മണ്ണില്‍
ഒടുങ്ങിത്തീരേണ്ടതും ഇവിടെത്തന്നെയാണ്. അപ്പോള്‍ ഇവിടെ ജീവിക്കാനുതകുന്ന
കാര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിയേ മതിയാകൂ. നാട്ടില്‍ ചെന്നാല്‍
അമേരിക്കക്കാരനായും ഇവിടെ വന്നാല്‍ കേരളക്കാരനായും ജീവിക്കാന്‍ ശ്രമിക്കുന്ന
അക്കരപ്പച്ച സംസ്കാരമാണ് പലരും കൊണ്ടു നടക്കുന്നത്.പിറന്ന നാടിനെ മറക്കണമെന്നല്ല ,
ചവിട്ടി നില്‍ക്കുന്ന മണ്ണ് ഒലിച്ചു പോകാതെ നോക്കണ്ടതും
ആവശ്യമാണല്ലൊ.
പലപ്രാവശ്യം ഈ വിഷയത്തെക്കുറിച്ചു ഞാന്‍ എഴുതിയിട്ടും ഫലം
കാണാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പലരും എന്നെപ്പോലെ ചിന്തിക്കുന്നവരായി
ഉണ്ടെന്നുള്ളത് ചരിതാര്‍ത്ഥ്യം തന്നെ. പല സംഘടനകളും ആ അശയം മുന്നില്‍ക്കണ്ടുകൊണ്ടു
പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ഇവിടുത്തെ നിയമങ്ങള്‍!, വിദ്യാഭ്യാസം വ്യവസായം
സാമൂഹ്യസാംസ്കാരിക ഇടപെടലുകള്‍, ആരോഗ്യ സംര്ക്ഷണം, അവകാശങ്ങള്‍, ഇന്‍ഷുറന്‍സുകള്‍
കവരറേജ് തുടങ്ങിയവയെല്ലാം അറിയാനും അവ പ്രാവര്‍ത്തികമാക്കാനും സമ്ഘടനകളും
സാംസ്കാരിക നായകന്മാരും മുന്നോട്ടു വന്നേ മതിയാകു.. നമ്മുടെ സാംസ്കാരിക
കൂട്ടായ്മകളിലേക്കു അമേരിക്കന്‍ നേതാകളെയും ഭരണകര്‍ത്താക്കളെയും
പങ്കെടുപ്പിക്കണം.അപ്പോള്‍ നമ്മളെക്കുറിച്ചറിയാനും നമ്മുടെ സംസ്കാരത്തിന്റെ
നല്ലവശങ്ങളെക്കുറിച്ചറിയാനും അവര്‍ക്കു അവസരം ലഭിക്കുന്നു.നമുക്കും ഈ നാടിന്റെ
ഹൃദയത്തിലേക്കു ഇറങ്ങിച്ചെല്ലാനും അതൊരവസരമാണ്. ഇല്ലിനൊയില്‍ കൊല്ലപ്പെട്ട
പ്രവീണിന്റെ കേസേറ്റെടുത്ത അറ്റോര്‍ണി ആദ്യമായാണു ഒരു ഇന്ത്യന്‍ കുടുംബത്തെ
പരിചയപ്പെടുന്നതെന്നു പറയുകയുണ്ടായി.അപ്പോഴാണു അവര്‍ക്ക് ഇന്ത്യന്‍ വംശജരുടെ
സാംസ്കാരികവും വിദ്യാഭ്യാസപരവുമായുള്ള നല്ല വശങ്ങളെക്കുറിച്ചു അറിയാന്‍ കഴിഞ്ഞതും,
ഇന്ത്യാക്കാരെക്കുറിച്ചു നല്ലൊരു മനൊഭാവമുണ്ടാക്കാന്‍ ഇടയായതും.
ഇന്ത്യയില്‍
നിന്നു പ്രത്യേകിച്ചു കെരളത്തില്‍ നിന്നും വന്നിട്ടുള്ളവര്‍ സ്ത്രീപുരുഷഭേമെന്യേ
വിദ്യഭ്യാസത്തിലും ധിഷണയിലും മികവുറ്റവരാണ്. ആ പ്രത്യേകത അമേരിക്കന്‍ ജനത അറിയണം.
ഇന്ത്യന്‍ എന്നു കേള്‍ക്കുമ്പോള്‍ അവരുടെ നിലവാരമെന്തെന്നു അവര്‍ മനസ്സിലാക്കണം.
ഒരു രണ്ടാംതരം പൌരന്മാരായി കഴിയേണ്ടവരല്ല നമ്മള്‍ .അതിനു യുവതലമുറ പൊതു ധാരയിലേക്കു
വരണം. ഇവിടുത്തെ ഉന്നത പദവികള്‍ നമ്മുടെ കുട്ടികളില്‍ എത്താനുള്ള കരുക്കള്‍
മുതിര്‍ന്നവര്‍ ഒരുക്കികൊടുക്കണം. നേരായ വഴിയിലൂടെ ബുദ്ധിപൂര്‍വ്വം ശ്രമിച്ചാല്‍
ഉയര്‍ന്ന ഐ ക്യു ഉള്ള നമ്മുടെ കുട്ടികള്‍ക്കു അതു സാധിച്ചെടുക്കാം.സിറ്റിയുടേയും
സ്‌റ്റേറ്റിന്റെയും ഉയര്‍ന്ന തസ്തികകളില്‍ അവര്‍ക്കു ഇടം കിട്ടണം. ഭരണതലത്തിലായാലും
അവര്‍ക്കു കടന്നു ചെല്ലാന്‍ തക്കവണ്ണം വഴികാട്ടികളാകാന്‍ നമുക്കു കഴിയണം. നാട്ടില്‍
നിന്നും കുറേപെരെ വരുത്തി മീറ്റിംഗുകളും നടത്തി അവരുടെകൂടെ നിന്നു കുറേഫോട്ടോയും
എടുത്തു പത്രത്തിലും ഇട്ടാല്‍ എല്ലാം നേടി എന്നു വിചരിക്കുമ്പോള്‍ നമുക്കു തെറ്റി.
നമ്മുടെ ഇടയില്‍ത്തന്നെയുള്ള പ്രഗത്ഭമതികളെ കണ്ടെത്തി ആദരിക്കാനും
പ്രൊത്സാഹിപ്പിക്കാനും നമുക്കു കഴിയണം. നമുക്കൊരു പ്രശ്‌നമുണ്ടായാല്‍
ഒറ്റക്കെട്ടായി നിന്നു അതിനു പരിഹാരം കാണാന്‍ ശ്രമിക്കുകയും നമ്മുടെ ശക്തി
തെളിയിക്കപ്പെടുകയും ചെയ്യണം . അതിനു നല്ലൊരു ദൃഷ്ടാന്തമാണ് പ്രവീണിനു വേണ്ടി അമ്മ
ലൌലി നടത്തുന്ന പോരാട്ടവും പിന്നില്‍ ഒരു വലിയ സമൂഹത്തിന്റെ പിന്തുണയും . അതിനു
വേണ്ടി നടത്തപ്പെട്ട ഫോണ്‍ കോണ്‍ഫറന്‍സില്‍ എല്ലാവരുടെയും സഹായ വാഗ്ദാനം
ഉണ്ടായിരുന്നത് ശുഭോദര്‍ക്കമായ കര്യമാണ്.
ഫോമായിലൂടെ ജിബിതൊമസ് ,ബന്നി
വാച്ചാച്ചിറ ,ജോസി കുരിശ്ശിങ്കല്‍ എന്നിവര്‍ നടത്തിയ പ്രസ്താവന അമേരിക്കന്‍
മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രയോജനപ്രദമാണ്. അവരുടെതന്നെ വാക്കുകളില്‍
പറഞ്ഞാല്‍ “അമേരിക്കയിലെ മലയാളി പുതുതലമുറയെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക്
കൈപിടിച്ച് ഉയര്‍ത്തുക, എട്ട് ലക്ഷത്തോളം വരുന്ന നോര്‍ത്ത് അമേരിക്കന്‍
മലയാളികളില്‍ അര്‍ഹരായവരെ അമേരിക്കയില്‍ വോട്ട് ചെയ്യാന്‍ പ്രബുദ്ധരാക്കുക,
പ്രോത്സാഹിപ്പിക്കുക, വോട്ടിന് രജിസ്ട്രര്‍ ചെയ്യാന്‍ സഹായിക്കുക്ക കൂടാതെ തദ്ദേശ
സ്കൂള്‍ ബോറ്ഡുകള്‍, സിറ്റി, കൗണ്ടി തുടങ്ങിയ ഗവണ്മെന്റ് സ്ഥാപനങ്ങളിലും
സ്‌റ്റേറ്റ് അസംബ്ലി, യുഎസ് കോണ്‍ഗ്രസ് എന്നിവിടങ്ങളിലൊക്കെ ജനപ്രതിനിധികളായി
എങ്ങനെ എത്തിച്ചേരാമെന്നും,അതിനായി മുന്നോട്ടു വരുന്ന യുവതലമുറയ്ക്ക് തദ്ദേശ മലയാളി
അസോസിയേഷന്‍ വഴിയും മുഖ്യസംഘടനയായ ഫോമാ വഴിയും വേണ്ട സഹായങ്ങളും ജനപിന്തുണയും
നല്‍കുക, അമേരിയ്ക്കന്‍ മലയാളികളുടെ മുഖ്യധാരാരാഷ്ട്രീയ പ്രബുദ്ധത
വര്‍ദ്ധിപ്പിക്കാന്‍ രാഷ്ട്രീയ ഡിബേറ്റുകള്‍ അമേരിയ്ക്കയുടെ വിവിധ കേന്ദ്രങ്ങളില്‍
സംഘടിപ്പിക്കുക തുടങ്ങിയ നിരവധി ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി
ഷിക്കാഗോയില്‍ നിന്നും ബെന്നി വച്ചാച്ചിറ, ന്യുജഴ്‌സിയില്‍ നിന്നും ജിബി തോമസ്,
ജോസി കുരിശിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രള്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ ഒരു
കാഴ്ച്ചപ്പാടാണു നമുക്കുണ്ടാകേണ്ടത്.