അന്നത്തെ മദ്രാസില്‍നിന്ന്, ഇന്നത്തെ ചെന്നൈയില്‍നിന്ന് വീണ്ടുമൊരു യാത്രയാണ്
ഞാന്‍ മനസ്സില്‍ വരച്ചിട്ടത്. നഗരത്തിനു പേരുമാറ്റമുണ്ടാകാം, പക്ഷേ
എന്റെ ആദ്യയാത്രയുടെ ചിത്രങ്ങളെങ്ങനെയാണ്
മായിച്ചുകളയുക?
മറ്റൊരു അവധിക്കാലം!
ഏതാനും ദിവസങ്ങള്‍
ചെന്നൈയില്‍ തങ്ങിയപ്പോള്‍, കാര്യമായി ഒന്നും ചെയ്യാനില്ലാതിരുന്നപ്പോള്‍
ചിന്തിച്ചു. എന്തുകൊണ്ട്, ഒരിക്കല്‍, യാത്ര തുടങ്ങിയ പാതയില്‍ക്കൂടി
ഒന്നുകൂടി - അത് ആസ്വാദ്യകരമായിരിക്കുകയില്ലേ, മനസ്സിന് കുളിര്‍മ്മ
പകരുന്നതായിരിക്കുകയില്ലേ?
ഇരുപതു വയസ്സു തികയുന്നതിനു
മുന്‍പായിരുന്നു ആദ്യയാത്ര. പഠിച്ച ഭൂമിശാസ്ത്രം നേരില്‍കാണാന്‍, വായിച്ച
ചരിത്രത്തിലേക്ക് ഒന്ന് എത്തിനോക്കാന്‍, ആ ചരിത്രഭൂമികളില്‍
തൊട്ടുരുമ്മിക്കൊണ്ട്.
ജി.റ്റി.എക്സ്പ്രസ് എത്രയോ കാലം
ചരിത്രത്തിന്റെയും ബ്രിട്ടീഷ്പ്രതാപത്തിന്റെയും പ്രതീകമായിരുന്നു.
എന്തിനാണ് പെഷവാര്‍ മുതല്‍ മംഗലാപുരംവരെ അന്ന് അത് ഓടിയിരുന്നത്?
പട്ടാളമേധാവികള്‍ക്ക് "രാജി'ന്റെ നെറുകയില്ക്കൂടി ജൈത്രയാത്ര നടത്താന്‍.
രാമച്ചവേരുകള്ക്കൊണ്ട് മെനഞ്ഞ, ഈര്പ്പമണിയപ്പെടുന്ന, തണുപ്പിച്ച
കൂടുകള്‍ക്കുള്ളില്‍ സുഖയാത്ര ചെയ്യുന്ന
സാഹിബ്ബു-ബീബിമാര്ക്കുവേണ്ടിയായിരുന്നു നൂറ്റിച്ചില്വാനം
മണിക്കൂറുകള്‍ ഓടിയിരുന്ന ഗ്രാന്‍ഡ് ട്രങ്ക് എക്സ്പ്രസ്.
എന്റെ
ആദ്യയാത്രാകാലങ്ങളായപ്പോഴേക്കും, ട്രെയ്നിന്റെ യാത്രാ ദൂരം
വെട്ടിക്കുറച്ചിരുന്നു. അതും ചരിത്രപരവും സാമൂഹികപരവും
കാരണങ്ങളാല്‍. അതെന്തായാലും നിര്‍ത്തുന്ന സ്റ്റേഷനുകളുടെ വിവരങ്ങളും മറ്റ്
അസുലഭകാഴ്ചകളും ഞാന്‍ നോട്ടുബുക്കില്‍ കുറിച്ചു, ഒരു
യാത്രാവിവരണംപോലെ. രണ്ടാം ദിവസം ഉച്ചകഴിഞ്ഞ്
മദ്ധ്യപ്രദേശില്ക്കൂടിയുള്ള യാത്ര രസകരമായിതോന്നി. വിന്ധ്യാ-സത്പുര
പര്‍വ്വതനിരകള്‍!
യാത്ര സാവധാനത്തിലായി.
മുന്നിലും
പിന്നിലുമായി എന്ജിന് ഘടിപ്പിച്ച് വലിഞ്ഞുകേറുന്ന ജിറ്റി. ഏതോ ഒരു വളവില്‍
"റ' എഴുതിയതുപോലെ, അതു കാണാന്‍ ജനത്തിന് ആകാംക്ഷയും.
അത്
കഴിഞ്ഞകാലം,
വര്‍ഷങ്ങളെത്ര?
അമ്പത്,
അരനൂറ്റാണ്ട്!
ഇന്ന്, നിറഞ്ഞൊഴുകുന്ന
കംപാര്ട്ടുമെന്റല്ല.
ശീതവത്ക്കരിച്ച ഒന്നാംക്ലാസിന്റെ
ആര്‍ഭാടത്തിന്റെ തണലിലെ യാത്ര, അത് അന്നത്തെ പട്ടാളമേധാവികളായ
"സായ്പ്പ'ന്മാര്‍ക്ക് വിഭാവന ചെയ്യാന്‍
കഴിയുന്നതിലതീതമായി!
ഇപ്പോള്‍ നോട്ടുബുക്കില്ല,
ഇനിയും
ഒന്നും എഴുതാനില്ല,
ഡയറിയും യാത്രാവിവരണവും എന്നേ
ഉപേക്ഷിച്ചു,
ഒരു ചോദ്യം
ബാക്കിനിര്‍ത്തിക്കൊണ്ട്
"ആര്‍ക്കുവേണ്ടി...?'
നാഗപ്പൂരില്നിന്നാണ്
അയാള്‍ എന്റെ സഹയാത്രികനായത്.
സാധാരണ എല്ലാവരും ചെയ്യുന്നതുപോലെ
ആദ്യം അപരിചിതര്‍ തമ്മില്‍ത്തമ്മില്‍ സൂക്ഷിച്ചുനോക്കുന്നു, നിശബ്ദമായ
പഠനം.
സൗഹൃദം സ്ഥാപിക്കുന്നതിന്റെ തുടക്കമായി.
തന്റെ പക്കല്‍
കരുതിയിരുന്ന കൂടയില്‍നിന്ന് ഏതാനും ഓറഞ്ച് അയാള്‍
പുറത്തെടുത്തു.
"ഫ്രഷ്, ഇത് ഓറഞ്ചിന്റെ നാടാണ്.'
ആദ്യം
നിരസിച്ചെങ്കിലും പിന്നീട് നിര്‍ബന്ധത്തിന് വഴങ്ങി.
ഞാന്‍
കരുതിയിരുന്ന ചോക്ലേറ്റ് ബാറുകള്‍ ഒരു മറുപടിയായി അദ്ദേഹത്തിനും
സമ്മാനിച്ചു.
"രഘു, രഘു മേനോന്...' അയാള്‍
പരിചയപ്പെടുത്തി.
ഏതോ ഉദ്യോഗങ്ങളെല്ലാം വഹിച്ച്, വിരമിച്ച്,
പക്വതവന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമപോലെ. മേലേക്കിട ക്ലാസുകളില്‍ യാത്ര
ചെയ്യുന്നവരുടെ ഉറച്ച ആത്മവിശ്വാസം. അതിന്റെ പ്രതീകമായ വെള്ള ഷര്‍ട്ടും
ചുവന്ന ടൈയും ജായ്ക്കറ്റും!
ഡല്‍ഹിയിലുള്ള മകളെയും കുടുംബത്തെയും
കാണാനുള്ള യാത്രയിലാണ്. പേരക്കുട്ടികള്‍ക്കുള്ള സമ്മാനമാണ്
ഓറഞ്ചുകൂട!
നിമിഷങ്ങള്‍ക്കകം അയാള്‍ വാചാലനായി.
കഴിഞ്ഞ അമ്പതു
വര്‍ഷമായി എത്രയോവട്ടം ഇതുപോലെ ഡല്‍ഹിയാത്ര ചെയ്തിരിക്കുന്നു.
നാഗപ്പൂരില്‍നിന്ന് ജിറ്റി എക്സ്പ്രസില്‍ കേറിയാല്‍ അടുത്ത ദിവസം പുലര്‍ച്ചെ
ഡല്‍ഹിയിലെത്തും. അന്നത്തെ ജോലിയും തീര്‍ത്ത് വൈകുന്നേരം
മടക്കയാത്രയും.
ആ യാത്രകള്‍-
എന്നില്‍ ആകാംക്ഷയുണര്‍ത്തി,
കൂടുതല്‍ അറിയാന്‍ താത്പര്യവും.
നാഗപൂരില്‍
ആസ്ഥാനമാക്കിയിരുന്ന, പാചകയെണ്ണ വന്‍തോതില്‍ ഉല്പാദിപ്പിക്കുന്ന ഒരു
സ്ഥാപനത്തിന്റെ ഡല്‍ഹി പ്രതിനിധിയായിരുന്നു അയാള്‍. സര്‍ക്കാര്‍
സ്ഥാപനങ്ങളിലെ ലേലങ്ങളില്‍ പങ്കെടുക്കുക, റിപ്പോര്‍ട്ടുകള്‍
തയ്യാറാക്കുക, തങ്ങളുടെ കച്ചവടം ഉറപ്പിക്കുന്നതിനു പ്രേരണ ചെലുത്തുക
തുടങ്ങിയവ അയാളുടെ പ്രവര്‍ത്തനമണ്ഡലവും. കൂടാതെ ലൈസന്‍സുകള്‍
തരപ്പെടുത്തുകയും ഡല്‍ഹിയിലെ "ഡിജിഎസ്ആന്ഡ്ഡി', "സിസിഐഇ' തുടങ്ങിയ
ഡിപ്പാര്‍ട്ടുമെന്റുകളായി ബന്ധപ്പെടുകയും.
സമാനമായ പ്രവര്‍ത്തന
സ്വഭാവമുണ്ടായിരുന്നതുകൊണ്ടായിരിക്കണം ഞാന്‍ അയാളുമായി വേഗം
അടുത്തത്.
"ആര്‍ക്കും പരാതിയില്ലാതിരുന്ന സുന്ദരമായ, അന്യോന്യം
വിജയിക്കുന്ന, "അഴിമതി'യുടെ സുവര്‍ണ്ണകാലം...' ഓര്‍മ്മ
പുതുക്കി.
"ശരിയാണ്, വിലകുറഞ്ഞ പരുത്തിക്കുരുവെണ്ണയില്നിന്ന്
പാചകനെയ്യ് ഉണ്ടാക്കുമ്പോള്‍ നിലവാരം ഉയര്‍ത്താന്‍ കനോലയെണ്ണയുംകൂടി
ചേര്‍ക്കാന്‍ സര്‍ക്കാരിന്റെ അനുവാദമുണ്ട്. എന്നാല്‍,
റേപ്പ്ലാന്ററില്നിന്നുള്ള കനോല കാനഡയില്‍നിന്നാണ് എത്തേണ്ടത്. അതിനാണ്
"വിലപ്പിടിപ്പുള്ള' ഇറക്കുമതി ലൈസന്‍സ്. വിദേശനാണ്യത്തിന്
ക്ഷാമമുണ്ടായിരുന്നകാലം. ഒരിക്കല്‍ ലൈസന്‍സു തരപ്പെട്ടാല്‍ "കനോല'
മുതലാളി മറിച്ചുവില്‍ക്കും. പിന്നെ ബന്ധപ്പെട്ട കക്ഷികള്‍ക്കെല്ലാം
ലാഭവിഹിതം!
രഘു മേനോന് പൊട്ടിചിരിച്ചു. തുടര്‍ന്നു. "റിക്കേര്‍ഡിംഗും
ക്യാമറയും ഇല്ലാതിരുന്ന നല്ലനാളുകള്‍...!'
അറിയാതെ എന്റെ മനസ്സ്
കാനഡയിലെ ആല്‍ബര്‍ട്ട സംസ്ഥാനത്തെ മഞ്ഞപ്പൂക്കളുടെ വയലുകളിലേക്കുപോയി.
കണ്ണെത്താത്ത ദൂരം നീണ്ടുനിവര്‍ന്നുകിടക്കുന്ന റേപ്പ്ലാന്റ്
വയലുകള്‍.
മഞ്ഞപ്പൂക്കളുടെ ഓളങ്ങള്‍, ഒരു
കുഞ്ഞികാറ്റടിക്കുമ്പോള്!
ആല്‍ബര്‍ട്ടയിലെ എഡ്മന്റന്‍ നഗരത്തിന്
പുറത്തേക്ക് കാറോടിച്ചുപോയതിന്റെ ഓര്‍മ്മ.
അവിടെനിന്നും എന്റെ
മനസ്സിനെ വര്‍ത്തമാനകാലത്തേക്കു രഘുമേനോന്
മടക്കിക്കൊണ്ടുവരുന്നു:
"ബേതുള്‍........'
അപ്പോള്‍ ഞങ്ങളുടെ
ട്രെയ്ന്‍ സത്പുരഘട്ടങ്ങളിലൂടെയായിരുന്നു യാത്ര.
ആദ്യയാത്രയിലായിരുന്നെങ്കില്
ഞാനെഴുതുമായിരുന്നു:
"വിന്ധ്യ-സത്പുരഘട്ടങ്ങള് ഭാരതത്തെ
തെക്കും വടക്കുമായി ഭൂമിശാസ്ത്രപരമായി വിഭജിക്കുന്നു. മലകളും
താഴ്വാരങ്ങളുമായി ഉയരമുള്ള മരങ്ങളില്ലാത്ത കുറ്റിക്കാടുകള്‍ നിറഞ്ഞ
ഭൂമി. എങ്കിലും ഓടുന്ന വണ്ടിയിലിരുന്നുള്ള കാഴ്ച മനോഹരമാണ്...'
അത്
അന്ന............!
"............. ഇനിയും ഇറ്റാര്‍സി,
ഹോഷംഗബാദ്............ ഇരുമ്പയിരു നിറഞ്ഞ കുന്നുകള്‍.........
അതുകൊണ്ടാണല്ലോ ഉരുക്കുവ്യവസായശാലകള്‍ ഇവിടത്തന്നെ
വേണമെന്ന്........... സര്വ്വയര്മാരെ വേണമെന്ന്.............'
ഇത്രയും
പറഞ്ഞിട്ട് രഘു മേനോന് എന്തോ ചിന്തിക്കുകയായിരുന്നു.
ഒരു കഥ പറയാം,
സംഭവകഥ..........
ഞാന്‍ കഥ കേള്‍ക്കാന്‍ കാതോര്‍ത്തു, രഘു
തുടര്‍ന്നു:
ഇതുപോലൊരു യാത്ര, വര്‍ഷങ്ങള്‍ക്കുമുന്‍പ്,
നിങ്ങള്‍ക്കറിയാമല്ലോ ഉറങ്ങാന്‍ സൗകര്യമുള്ള മൂന്നാംക്ലാസിലായിരുന്നു
യാത്ര. ഇന്നല്ലേ നാമൊക്കെ സാഹിബ്ബുമാരായത്. "ത്രിടയറി'ലെ താഴത്തെ കിടക്ക
ഞാന്‍ ബുക്കുചെയ്തിരുന്നു. നാഗപ്പൂരില്നിന്നുതന്നെയാണെന്നു തോന്നുന്നു
ഒരു യുവതിയും അവരുടെ രണ്ടു കുട്ടികളും എതിര്‍വശത്തെ സീറ്റില്‍ ഉണ്ടായിരുന്നു.
തുടക്കത്തിലെ ഞാന്‍ അവരെ ശ്രദ്ധിച്ചു. ഒന്ന് അവരുടെ ആകര്‍ഷണീയത, രണ്ട്
കുട്ടികളുടെ ദയനീയത. പെണ്‍കുട്ടിയുടെ കൈത്തണ്ടയില്‍ രണ്ടു
കുപ്പിവളകളാണുണ്ടായിരുന്നത്. അങ്ങനെയാണല്ലോ സമ്പത്തും നിലവാരവും
ശ്രദ്ധിക്കപ്പെടുന്നത്.
മൂന്നുപേരും വളരെ ചേര്‍ന്നിരുന്നതുകൊണ്ട്
ജനാലയോടുചേര്‍ന്ന് ഒരാള്കൂടിയിരിക്കാം.
ധൃതിയില്‍ വന്ന്
ഒരാള്‍,
അവിടെ ഇരുന്നപ്പോള്‍ അസ്വഭാവികമായി ഒന്നും കണ്ടില്ല. ഒരു
കുടുംബം. അച്ഛന്റെ വാത്സല്യത്തില്‍ അമര്‍ന്ന കുട്ടികള്‍, പ്രത്യേകിച്ച്
ഏഴുവയസുകാരി.
കഥ ആസ്വദിക്കുന്നോയെന്ന് അറിയാനിരിക്കണം രഘു
മേനോന് അല്പനേരം നിശബ്ധനായിരുന്നത്. എന്റെ ആകാംക്ഷയുണര്‍ത്താന്‍, അതോ
ഇനിയും പറയാന്‍ പോകുന്നതിന്റെ ഗൗരവത്തിനുള്ള ഒരു
തയ്യാറെടുപ്പോ?
തുടര്‍ന്നു:
ആഗതന് സ്വയം
പരിചയപ്പെടുത്തിയില്ല, പക്ഷേ, പരിചയപ്പെടുത്തിയതുപോലെ
സ്വാതന്ത്ര്യമെടുത്ത് കുശലം പറയാന്‍ തുടങ്ങി.
എന്നാല്‍ ഇടയ്ക്കിടെ
അയാള്‍ പുറത്തേക്കുതന്നെ നോക്കിക്കൊണ്ടിരുന്നു. അതുതന്നെ ഒരു
പ്രത്യേകതയായിരുന്നു. എന്തോ അന്വേഷിക്കുന്നതുപോലെ, തന്റെ
കുടുംബത്തിനുമേല്‍ ശ്രദ്ധ കൊടുക്കാതെ.
വളരെ സൂക്ഷിച്ചു നോക്കിയാല്‍
മാത്രം അളന്നെടുക്കാവുന്ന രീതികള്‍. എങ്കിലും, ഒരു ചിത്രമെടുത്താല്‍
അവരെല്ലാവരും പരസ്പര ബന്ധിതര്ത്തന്നെ!
സൂര്യന് പടിഞ്ഞാറോട്ട്
ചായുന്നു,
വീണ്ടും താണുവരുന്നതിന്റെ ലക്ഷണങ്ങള്‍. കുന്നുകള്‍
സുവര്ണ്ണതയണിയുന്നു. കാട്ടുമരങ്ങളും പാറക്കെട്ടുകളും
പിന്നോട്ടോടുകയാണ്.
വായുവില്‍നിന്നു എന്തോ
പിടിച്ചെടുത്തതുപോലെ,
അതാ അവിടെയായിരുന്നു, ഒരു മാന്ത്രികന്റെ
കൈവേഗത സ്വന്തമാക്കിക്കൊണ്ട്, ഞങ്ങളുടെ വീട്, നോക്കൂ, മേല്ക്കൂരയെല്ലാം
പൊളിഞ്ഞുവീണിരിക്കുന്നു. ഇപ്പോഴും അതവിടെത്തന്നെയുണ്ട്. മുന്നിലെ റോഡും
കുറ്റിച്ചെടികളും. അവള് നട്ടുനനച്ച ജമന്തി, ആ പൂക്കളുടേതാണോ
മഞ്ഞനിറം!
വീണ്ടും ഒരു നിമിഷത്തെ മൗനം.
അതിനിടയില്‍
ഉന്മേഷമില്ലാത്ത കുട്ടികളിലേക്ക്, ദുഃഖത്തിന്റെ നിഴലില്‍ മുഖം ചായ്ച്ച്
അവരുടെ അമ്മയിലേക്ക് ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
അയാള്‍
വീണ്ടും വിരല്‍ ചൂണ്ടി, ആ റോഡു കണ്ടില്ലേ, ഇടതുവശത്ത് ഉയര്‍ന്ന മലനിരകള്‍,
മറുവശത്ത് കൊക്ക. പതിവുപോലെ അന്നും വൈകുന്നേരം ജോലിക്കാരുമായി ജീപ്പ്
കോളണിയിലേക്ക് വരികയായിരുന്നു.
കോളണിയില്‍ നൂറുകണക്കിനു
വീടുകളൊന്നുമില്ല. പത്തോ പതിനഞ്ചോ താത്ക്കാലിക വീടുകള്‍. ഭൂമി അളന്നു
തിട്ടപ്പെടുത്തുന്ന സര്‍വേയര്‍മാര്‍ക്കും, സഹായികള്‍ക്കും
ഡ്രൈവര്‍മാര്‍ക്കുമുള്ള വീടുകള്‍. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ജോലി തീര്‍ത്താല്‍
അവര്‍ താവളം മാറുകയായി. വീടുകളും
അതിനുചേര്ന്നതായിരുന്നു.
ഗ്രാമത്തില്‍നിന്ന് പച്ചക്കറികളും
മറ്റും ശേഖരിച്ചാണ് സന്ധ്യയോടടുക്കുമ്പോള്‍ അവസാന ഓട്ടവുമായി ജീപ്പ്
എത്തുക. എന്ത് ആവശ്യത്തിനും സര്‍ക്കാര്‍ വക ജീപ്പുകളുണ്ട്. കുട്ടികളെ
സ്കൂളില്‍ കൊണ്ടുപോകാന്‍, ജോലിക്കുപോകാന്‍, കുടുംബസഹിതം ശനിയാഴ്ചകളില്‍
ഗ്രാമത്തില്‍ പോകാന്‍. അവിടെ വിനോദത്തിനുള്ള വകയുണ്ടായിരിക്കും. സിനിമ,
സര്‍ക്കസ് തുടങ്ങിയവ.
അന്ന് വൈകുന്നേരം അവസാന ഓട്ടമായിരുന്നു.
സൂര്യനസ്തമിച്ചുകൊണ്ടിരിക്കുന്നു. അങ്ങ് താഴെ, വിദൂരതയിലുള്ള
റെയില്‍വേ ട്രാക്കില്‍ ജിറ്റി എക്സ്പ്രസ്. അതുവെച്ചാണ് ഞങ്ങള്‍ സമയം അളക്കുക.
അതാണ് ഞങ്ങളുടെ സമയത്തിന്റെ അതിര്. ഒരു ദിവസം ജിറ്റി വന്നില്ലെങ്കില്‍,
ക്രമാതീതമായി താമസിച്ചാല്‍ ലോകത്തിന് എന്തോ
സംഭവിച്ചിരിക്കുന്നു.
വീടുകളില്‍നിന്ന് നോക്കിയാല്‍ ജീപ്പ്
വളവുകള്‍ തിരിഞ്ഞ് വരുന്നതു കാണാം മലകള്‍ കയറി, ചുരങ്ങളിറങ്ങി, ഒരു
ഒളിച്ചുകളിപോലെ.
കുട്ടികള്‍ പറയും
'പപ്പാ
വരുന്നു.......'
നിറഞ്ഞുനില്ക്കുന്ന, മനസ്സില്‍ ഒളിപ്പിച്ച,
അഭിനിവേശത്തോടെ അവരുടെ അമ്മമാര്‍ പറയും
"നിന്റെ കുസൃതിത്തരങ്ങള്‍
പറഞ്ഞുകേള്‍പ്പിക്കുന്നുണ്ട്......'
അതൊന്ന്
ഭയപ്പെടുത്താന്‍.
അതൊരു അമ്മ-മക്കള്‍പ്പോര്.
പകയില്ലാതെ.
ജീപ്പു വരുന്നത് പുതിയ വാര്‍ത്തകളുമായി. മധുര
പലഹാരങ്ങളുമായി. നാട്ടില്‍നിന്നുള്ള കത്തുകളുമായി.
പുറം
ലോകവുമായുള്ള ബന്ധം അന്നവിടെ ചര്‍ച്ചയാണ്. ഒരു മടങ്ങിപ്പോക്കാണ്. മറ്റൊരു
കത്തിനുവേണ്ടി ഇനിയും എത്രകാലം കാത്തിരിക്കണം?
അന്ന് ആ ജീപ്പ്
കോളണിയില്‍ എത്തിയില്ല. കുറേ ആത്മാക്കള്‍ എന്തുചെയ്യണമെന്നറിയാതെ
ജീപ്പുയാത്രക്കാരെ പ്രതീക്ഷിച്ചിരുന്നു. കൊക്കയില്‍ ജീപ്പ്
അപ്രത്യക്ഷമായതിന്റെ കിലുകിലുപ്പ് ചുള്ളിക്കമ്പുകള്‍ ഒടിയുന്നതിന്റെ
ലാഘവത്തോടെ ട്രെയ്നിന്റെ കട....... കടാരവത്തില്
ലയിച്ചിരിക്കണം.
അതിനോടുചേര്‍ന്ന് ഒരു തേങ്ങല്‍പ്പോലെ ജിറ്റി
എക്സ്പ്രസിന്റെ ചൂളംവിളി.
കഥ പറഞ്ഞ് രഘു മേനോന്
നിര്‍ത്തി.
വീണ്ടും നാടകീയമായി തുടരുമ്പോള്‍. ""ഒന്നു കണ്ണടച്ചു.
പിന്നീട് ഭോപ്പാലിലെത്തിയതിന്റെ ഒച്ചപ്പാടുകള്ക്കിടയിലാണ് കണ്ണുകള്‍
വലിച്ചുതുറന്നത്. നേരേമുന്നിലുണ്ടായിരുന്ന അമ്മയും മക്കളും
സുരക്ഷിതത്വം ഏറെയാക്കാനായിരിക്കണം ഒരു ഷാളുകൊണ്ട് പുതച്ചിരിക്കുന്നു.
എല്ലാവരും മയക്കത്തിലാണ്, കുട്ടികള്‍ അവരുടെ ദേഹത്തോടു പറ്റിച്ചേര്‍ന്ന്,
തല ചായ്ച്ച്!''
അപ്പോള്‍ ഞാന്‍ തന്നത്താന്‍ ചോദിച്ചു: ""അയാള്‍ എവിടെ?''
പക്ഷേ, ആരോടു ചോദിക്കാന്‍. അതെന്റെ
വിഷയമായിരുന്നില്ലല്ലോ.
വര്‍ത്തമാനകാലത്തിലേക്ക്
മടങ്ങിവരുന്നതിനിടയില്‍ രഘു മേനോന് പറഞ്ഞു: "വീണ്ടും ഇതാ
ഭോപ്പാലില്‍നിന്ന് വണ്ടി നീങ്ങുന്നു. നാളെ രാവിലെ ന്യൂഡല്‍ഹിയില്‍ എത്തും.
കൊച്ചുകുട്ടികള്‍, പേരക്കുട്ടികള്‍,
കാത്തിരിക്കുന്നുണ്ട്.'
ശീതീകരിച്ച ഫസ്റ്റ്ക്ലാസ് മെത്തയില്‍
കിടന്നപ്പോള്‍ ഉറങ്ങിയതറിഞ്ഞില്ല.
ന്യൂഡല്‍ഹി അവസാനത്തെ
സ്റ്റേഷനായിരുന്നതുകൊണ്ട് ധൃതിപ്പെടേണ്ടതില്ലായിരുന്നു. പുറത്തേക്കു
നോക്കിയപ്പോള്‍ ടൗണ്‍ഷിപ്പുകള്‍. മൂടല്‍മഞ്ഞിനിടയില്‍ മങ്ങിയ
വെളിച്ചം.
വീണ്ടും കാണാമെന്നു പറയാന്‍ രഘുമേനോനെ ഞാന്‍
അന്വേഷിച്ചു.
ഗാര്‍ഡ് പറഞ്ഞു:
"അയാള്‍ എപ്പോഴേ
ഇറങ്ങിയിരിക്കുന്നു. ആഗ്രയില്‍ ആയിരിക്കണം, അയാള്‍ ഒരു സ്ഥിരം
യാത്രക്കാരനാണ്. ഏതോ ഒരു ദുഃഖവുമായി സഞ്ചരിക്കുന്നു. എവിടെയെങ്കിലും
ഇറങ്ങും. അയാളെ വീണ്ടും കാണുമ്പോഴാണ് ഞങ്ങള്‍ക്കും മനസ്സിനൊരു
സമാധാനം.'
അപ്പോള്‍ ഞാന്‍ വീണ്ടും ആ കഥ ഒന്നുകൂടി
മെനഞ്ഞെടുക്കുകയായിരുന്നു. ആ കഥാനായകന്
രഘുതന്നെയായിരുന്നോ?
പേരക്കുട്ടികളോ?
ഉത്തരമില്ലാത്ത കുറേ
ചോദ്യങ്ങളുമായി ഞാന്‍ മനസ്സുകൊണ്ട് ആ യാത്രയിലേക്ക്
മടങ്ങിപ്പോയിക്കൊണ്ടിരുന്നു. സത്പുര മലനിരകളിലേക്ക്, താഴ്വരയിലെ
ജിറ്റി എക്സ്പ്രസിന്റെ ചൂളംവിളിയിലേക്ക്, മലമ്പാതയില്ക്കൂടിവന്ന്
അപ്രത്യക്ഷമായ ജീപ്പിലേക്ക്, ഇനിയും ഒരു സമാഗമത്തിനു കാത്തിരുന്ന ഏതാനും
മനുഷ്യജീവിതങ്ങളിലേക്ക്.