Image

ഇംഗ്ലീയാളം(ഓര്‍മ്മക്കുറിപ്പ്) സോയാ നായര്‍

സോയാ നായര്‍ Published on 05 July, 2016
ഇംഗ്ലീയാളം(ഓര്‍മ്മക്കുറിപ്പ്) സോയാ നായര്‍
പണ്ടൊക്കെ വള്ളി പുള്ളി തെറ്റാതെ,കര്‍ത്താവും കര്‍മ്മവും ക്രീയയും ശരിക്കുമുപയോഗിച്ചാണു  കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ സംസാരിച്ചിരുന്നത്. എന്നാല്‍ ഇന്നു ആംഗലേയപ്യൂപ്പ മലയാളത്തെ വിഴുങ്ങിയതിനാല്‍ പല വാക്കുകളും വളച്ചൊടിച്ച് ഒരു അവിയല്‍ പരുവത്തിലാണു ന്യൂജന്‍ തലമുറ ഉപയോഗിക്കുന്നത്.  അതു കൊണ്ട് ഈ തലക്കെട്ട് കണ്ട് അയ്യൊ ഇതെന്തോന്ന് എന്നും ചോദിച്ചു വരുവാന്‍ റെഡിയായി ഇരിക്കുന്നവര്‍ ഇതു മൊത്തം വായിക്കണം എന്ന ഒരഭ്യര്‍ത്ഥനയോടു കൂടി എഴുതി തുടങ്ങട്ടെ..

അമേരിക്കയില്‍ വളരുന്ന മിക്ക മലയാളികുട്ടികളുടെയും  ജീവിതത്തിലെ ഏറ്റവും വലിയ വില്ലന്‍ ആരാണെന്നറിയാമോ നിങ്ങള്‍ക്ക്.. അതു മറ്റാരുമല്ല മലയാളം എന്ന സുന്ദരന്‍ / സുന്ദരി ഭാഷ. നാട്ടില്‍ നിന്നും അന്യരാജ്യത്ത് ആദ്യമായി വന്നെത്തുന്നവര്‍,  നാടിനോടുള്ള അമിത സ്‌നേഹതിളപ്പില്‍ നൊസ്റ്റാള്‍ജിയ, എന്റെ നാട്, എന്റെ മലയാളം എന്നൊക്കെ നാഴികയ്ക്കു നാല്‍പ്പതു വട്ടം പറഞ്ഞു ആവലാതിപ്പെടുന്നത് ഇവിടെ ഒരു പതിവ് കാഴ്ചയാണു. അതു കൊണ്ട് തന്നെ അച്ഛനും  അമ്മയും കുട്ടികള്‍ ജനിച്ച് , നാക്ക് വളയ്ക്കാന്‍ തുടങുന്ന അന്നു മുതല്‍ മലയാളം പഠിപ്പിക്കുവാന്‍ ശ്രമം തുടങ്ങും.. വേറെ ഒരു നിവ്യത്തിയുമില്ലാത്തതു കൊണ്ട് പാവം കുഞ്ഞുങ്ങള്‍ തത്തിപ്പെറുക്കി അമ്മ, അച്ഛന്‍ എന്നൊക്കെ പതുക്കെ പറഞ്ഞു നോക്കാന്‍ ശ്രമിക്കും. മാസങ്ങളൊക്കെ പിന്നിട്ട് ഒരു വയസ്സു പിറന്നാള്‍ ഒക്കെ ആഘോഷിച്ച് കഴിഞ്ഞു തുടങ്ങുമ്പോ തറ, പറ , പന എന്നൊക്കെ വായിച്ചു പഠിപ്പിക്കാന്‍ മലയാളം പുസ്തകമൊന്നുമില്ലാത്തോണ്ട് എ ഫോര്‍ ആപ്പിള്‍, ബി ഫോര്‍ ബസ് എന്നും പറഞ്ഞു മാതാപിതാക്കള്‍ പിന്നെ പയ്യെ ഇംഗ്ലീഷ് ആല്‍ബഫെറ്റ് (എബിസിഡി ) പഠിപ്പീരു തുടങ്ങും.. 

എന്നാല്‍ ചില കുഞ്ഞുങ്ങളോ ഇതിലൊന്നും പെടാതെ അമ്മമാര്‍ക്കു അനുവദിച്ചു കിട്ടുന്ന മൂന്നുമാസം മാത്രം ഉള്ള പ്രസവാവധിയുടെ കാലം തീരുമ്പോള്‍ ഡേയ്‌കെയറിന്റെ നാലുചുവരുകള്‍ക്കുള്ളിലുമാകും. എന്നാല്‍ നാട്ടില്‍ നിന്നും വിസിറ്റിങ് വിസായില്‍ എത്തുന്ന മാതാപിതാക്കള്‍ ഉള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ 6 മാസം കൂടി നീട്ടികിട്ടുന്ന വീട്ടുവാസത്തില്‍ മുത്തച്ഛനും മുത്തശിയ്ക്കുമൊപ്പം അടിച്ചു പൊളിക്കുകയും ചെയ്യും.  വിസകാലാവധി കഴിഞ്ഞ് മുത്തശ്ശനും മുത്തശ്ശിയും നാട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ ആണു കഥയിലെ കണ്ണീര്‍+ കഷ്ടപ്പാട് സീനുകള്‍. പിന്നെ  നിവ്യത്തിയില്ലാതെ ജോലിക്ക് പോകുന്ന മാതാപിതാക്കള്‍ കുഞ്ഞിനെ കൊണ്ട്  അടുത്തുള്ള ഡേയ്‌കെയറില്‍ വിടും. 

മലയാളം മാത്രം കേട്ട് വളര്‍ന്ന   കുഞ്ഞുങള്‍ അവിടെ പോയി അമ്മേ, അച്ഛാ എന്നൊക്കെയുള്ള മലയാളപദങ്ങള്‍ പറയുമ്പോള്‍ റ്റീച്ചര്‍മ്മാര്‍ ഒന്നും മനസ്സിലാകാതെ ആദ്യം മിഴിങ്ങസ്യാന്നു നില്‍ക്കും. അവരു സംസാരിക്കുന്ന ഭാഷ കേട്ട് കുഞ്ഞുങ്ങളോ കരച്ചിലും തുടങ്ങും. പിന്നെ കുറച്ചു ദിവസം കഴിഞ്ഞ് പുതിയഭാഷ കേട്ടും കണ്ടും അമ്പരന്നു കുഞ്ഞുങ്ങള്‍ വീട്ടില്‍ വരുമ്പോഴോ ദാ പിന്നെയും വീട്ടുകാര്‍ മലയാളം പറയുന്നു. ഡേകെയറിലെ റ്റീച്ചര്‍മ്മാരുടെ ഇംഗ്ലീഷ് സംസാരം 8 മണിക്കൂര്‍ തുടര്‍ച്ചയായി കേള്‍ക്കുകയും , മലയാളം 4 മണിക്കൂര്‍ മാത്രം കേള്‍ക്കുകയും ചെയ്യുന്ന കുട്ടിയോ പതുക്കെ പതുക്കെ പുതുഭാഷ വീട്ടിലും പറഞ്ഞു പഠിക്കുവാന്‍ തുടങ്ങും. ഡേയ്‌കെയര്‍ വിട്ട് വീട്ടില്‍ വന്നു മലയാളം പറയണോ , ഇംഗ്ലീഷ് പറയണോ എന്ന് ആകെ മൊത്തം കണ്‍ഫ്യൂഷന്‍ ആയി സംഭാഷണമില്ലാത്ത അവാര്‍ഡ് പടത്തിലെ അഭിനേതാക്കളെ പോലെ കുഞ്ഞുങ്ങള്‍  രൂപാന്തരം പ്രാപിക്കും. പിന്നെ അത്യാവശ്യഘട്ടങ്ങളില്‍ മാത്രം കുട്ട്യൊള്‍ മലയാളം + ഇംഗ്ലീഷ് (മംഗ്ലീഷ്)  എടുത്തു പ്രയോഗിക്കും. 

മംഗ്ലീഷ് മനസ്സിലായില്ല എന്ന് നടിച്ച് മലയാളഭാഷാസ്‌നേഹികളായ അപ്പന്‍സ് ആന്‍ഡ് അമ്മാസ് എന്താ എന്താ എന്നു ആവര്‍ത്തിച്ചു ചോദിക്കും. ആ ചോദ്യം കേട്ട് സഹിക്കാനാകാതെ കുട്ടികള്‍ പിന്നീട് ഇംഗ്ലീഷ് മാത്രം പറയും. അവസാനം ഭാഷായുദ്ധത്തില്‍ കുട്ടികളോട് മലയാളം,മലയാളം എന്നു വാശി പിടിച്ചു നിന്ന മാതാപിതാക്കളോ തോറ്റ് പയ്യെ പയ്യെ അവരോട് ഇംഗ്ലീഷ് പറയേണ്ട ഗതികേടും വന്നുചേരും. ഇനി കഷ്ടകാലത്തിനു മാതാപിതാക്കള്‍ മലയാളത്തില്‍ വല്ലൊം ചോദിച്ചാലോ, കുഞ്ഞുങ്ങള്‍ ഇംഗ്ലീഷില്‍ നല്ല ചുട്ട മറുപടിയും തരും. ഈ ഒരു അനുഭവം കൊണ്ടു ഒരു മലയാളി കുടുംബവും ഇവിടെ മലയാളം എഴുതി പഠിപ്പിക്കാന്‍ അത്ര വലിയ ശ്രമം നടത്താറില്ല എന്നതാണു സത്യ്ം.. മറ്റൊന്നുമല്ല മലയാളം നേരേ ചൊവ്വേ പറയിപ്പിക്കാന്‍ കഴിയാത്തവരാ എഴുതിപ്പിക്കാന്‍ നോക്കുന്നെ..എഴുതി എഴുതി എന്തിനാ അക്ഷരങ്ങളുടെ വളവും തിരിവും വ്യത്തികേട് ആക്കുന്നെ.26 ഇല്‍ ഒന്നും ഒതുങ്ങില്ലല്ലൊ ഈ മലയാളം. അതോണ്ട് എഴുതി പഠിപ്പിക്കല്‍ പറയാന്‍ പഠിപ്പിക്കുന്നതിലും വലിയ കഷ്ടപ്പാട് തന്നെ.   

ഇനി ഡേ കേയറും കഴിഞ്ഞു കുട്ട്യോള്‍ സ്‌കൂളില്‍ പോയ്യി തുടങിയാലോ അവിടുത്തെ വിവിധസംസ്‌കാരരുടെ ഇടയില്‍ പിടിച്ചു നില്‍ക്കാന്‍ ഇംഗ്ലീഷ് അല്ലാതെ മറ്റ് ഒന്നും തന്നെ പറ്റില്ല.. അതു കൊണ്ടു തന്നെ മലയാളം സംസാരിക്കുന്നതേ അങ്ങ് കുറയ്ക്കും. അങ്ങനെ അവസാനം ഗതികെട്ട് മലയാളം സംസാരിക്കുന്ന അച്ഛനും അമ്മയും ഇംഗ്ലിഷിന്റെ മുന്‍പില്‍ കീഴടങ്ങും. പക്ഷേ,  ഈ കുട്ടികളുടെ അമ്മയും അച്ഛനും മക്കളോട് നിവ്യത്തിയില്ലാതെ ഇംഗ്ലീഷ് പറയുവെങ്കില്‍ കൂടിയും അവര്‍ തമ്മില്‍ വല്ലപ്പോഴും വഴക്കിടുമ്പോള്‍ എങ്കിലും മലയാളം സംസാരിക്കും എന്നതു മാത്രമാണു ഭാഷ മറന്നിട്ടില്ല എന്നതിനു ഏകആശ്വാസം.ഇതു കേട്ട് നില്‍ക്കുന്ന സ്മാര്‍ട് പിള്ളാരോ അതിന്റെ അരികും മൂലയും കേട്ട് ചില വാക്കുകള്‍ മെമ്മറിയിലാക്കി സൂക്ഷിച്ചു വെയ്ക്കും. എന്നിട്ടോ പൊതു സ്ഥലങ്ങളില്‍ അസ്ഥാനത്തു കേറി അതങ്ങ്  പറഞ്ഞു കളയും.എന്തു ചെയ്യും, അവസാനം ചമ്മിയ ചിരിയും ചിരിച്ച് ആകെ നാണക്കേടു ആയല്ലൊ എന്നും മനസ്സില്‍ വിചാരിച്ച്, തൊലിയുരിഞ്ഞ അവസ്ഥയില്‍ അച്ഛനമ്മമാര്‍ അങ്ങനെ പ്രതിമ പോലെയൊരു നില്‍പ്പ് നില്‍ക്കും..

ഉദാഹരണമായി പറഞ്ഞാല്‍, നാട്ടിലെ  വീട്ടില്‍ കയറി വരുന്ന അതിഥി , പ്രായം കൂടിയവര്‍ ആണെങ്കില്‍ മലയാളം അറിയാവുന്നവര്‍ ബഹുമാനത്തോടെ ചോദിക്കും ,താങ്കളുടെ പേര്‍ എന്താണു? എന്നാല്‍ ഈ അവസരത്തില്‍ അമേരിക്കയിലെ മല്ലുകുഞ്ഞുങ്ങള്‍ ചോദിക്കും, നിന്റെ പേരു എന്താ?. അവിടെ തീര്‍ന്നു ആ പേരന്റ്‌സിന്റെ അഭിമാനം.പോകാറാകുമ്പൊള്‍ അതിഥി വെളുക്കെ ചിരിച്ചിട്ടു പോകും. എന്നിട്ട് അടുത്ത ആതിഥേയന്റെ വീട്ടില്‍ പോയി അപ്പുറത്തെ കുട്ടികള്‍ക്ക് ഒരു ബഹുമാനൊം ഇല്ല്‌ല,പ്രായത്തില്‍ മൂത്തവരെ നീ എന്നു വിളിക്കാനാ പഠിപ്പിച്ചു വച്ചേക്കണേ എന്ന കമന്റഉം പാസ്സാക്കി, കുറ്റം പറഞ്ഞു അവിടുന്ന് ഒരു മുങ്ങ് മുങ്ങും. ഇതിലുപരി കേരളസംസ്‌കാരത്തില്‍ വളരുന്ന മലയാളഭാഷ ഉപയോഗിക്കുവാന്‍ താല്‍പര്യമുള്ള കുട്ടികളെ മലയാളം മിണ്ടരുത്, ഇംഗ്ലീഷേ പറയാവൂ എന്നു വിരട്ടി സ്റ്റാറ്റസ് കൂട്ടാന്‍ ശ്രമിക്കുന്ന പേരന്റ്‌സും ഇവിടെ ധാരാളം ഉണ്ട്. 


മലയാളം എന്ന എന്റെ മാത്യഭാഷ ഇതു വരെ മറന്നിട്ടില്ലാത്തതു കൊണ്ടു എന്റെ കുട്ടികളെയും മലയാളഅക്ഷരം പഠിപ്പിക്കാനും, മലയാളം പറയിപ്പിക്കാനും വല്ലപ്പോഴും ഞാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ, പലപ്പോഴും എനിക്കു കിട്ടുന്ന ഫലം മുകളില്‍ പറഞ്ഞതു തന്നെയാണു. ചോദ്യങള്‍   ഞാന്‍ മലയാളത്തില്‍ ചോദിക്കും , കുട്ടികള്‍ ഇംഗ്ലീഷില്‍ മറുപടി തരും..വിട്ട് കൊടുക്കാന്‍ മനസ്സില്ലാതെ മലയാളഭാഷയോടുള്ള  സനേഹം മൂത്ത് കണ്ണുരുട്ടി വിരട്ടിയും, വഴക്ക് പറഞ്ഞും അവസാനം അവരെക്കൊണ്ട് മലയാളത്തില്‍ മറുപടി പറയിപ്പിക്കാന്‍ ഒരു കൈ നോക്കുകയും ചെയ്യും. മക്കള്‍ക്ക് രണ്ടര വയസ്സായപ്പോള്‍  ആണു വീടിനടുത്തുള്ളൊരു റഷ്യക്കാര്‍ നടത്തുന്ന 'ഡേയ്കെയറില്‍' കൊണ്ട് ചേര്‍ത്തത്. കുഞ്ഞുങ്ങള്‍ക്കു ആദ്യം ഡേയ്കേയറില്‍ പോകുമ്പോള്‍ കരച്ചിലും, കൊണ്‍ജലും ഉണ്ടായിരുന്നെങ്കിലും പിന്നീട് അതു ക്രമേണ മാറി. 

രാവിലെ 7 മുതല്‍ വൈകിട്ട് 7വരെ എന്ന ഡേയ്‌കെയറിലെ സമയം ജോലിക്കു പോകുന്ന എനിക്കും ഭര്‍ത്താവിനും വലിയൊരു അനുഗ്രഹമായിരുന്നു. ഇന്‍ഡോര്‍/ ഔട്ട്‌ദോര്‍ കളികള്‍ കളിക്കാനും , അവിടുത്തെ കിച്ചണില്‍ തന്നെ ഉണ്ടാക്കിയ ആഹാരം കഴിക്കാന്‍ കൊടുക്കുന്നതും അവിടെ നല്‍കുന്ന സൗകര്യങ്ങളില്‍ പെടുന്നു.  വെള്ളാരം കണ്ണുകളും, പൂച്ചക്കണ്ണുകളുമായി കൊച്ച് സുന്ദരീസുന്ദരന്മാരും, വെളുത്തു തുടുത്ത കുറേ റ്റീച്ചര്‍മാരും  ഉള്ള ആ ഡെയ്‌കെയറില്‍ അവര്‍ സുരക്ഷിതരായിരുന്നു.സമ്മര്‍ റ്റൈമിലെ നല്ല ചൂട് കാലാവസ്ഥയില്‍ ഡേയ്‌കെയറിലെ കളിയും കഴിഞ്ഞു വീട്ടില്‍ വരുന്ന രണ്ടെണ്ണത്തിന്റെയും അടുത്ത് ഉളുമ്പിന്റെ മണം കൊണ്ട് അടുക്കാന്‍ കഴിയില്ല.  എനിക്കോ അവരെ ഒന്നു കുളിപ്പിച്ചു റെഡിയാക്കിയിട്ടു വേണം ഡിന്നര്‍ ഉണ്ടാക്കാന്‍. ഈ ഡിന്നര്‍ ഉണ്ടാക്കലിന്റെ ഇടയില്‍ ആണു മലയാളം പഠിപ്പിക്കല്‍. ഒരു കൈയില്‍ ചപ്പാത്തി , മറ്റേ കൈയില്‍ മലയാളം.. അപ്പോള്‍ നിങ്ങള്‍ക്കു ഊഹിക്കാമല്ലോ എന്തു മാത്രം അവര്‍ പഠിക്കുമെന്നു. അതിനു ശേഷം അടുത്ത് പിടിച്ച് ഇരുത്തി കുട്ടികളെ ഡിന്നര്‍ കഴിപ്പിക്കുന്നത് ഒരു വലിയ ചടങ്ങാണു. എനിക്ക് ആ ചടങ്ങ് മൂന്നുമണിക്കൂര്‍ നീണ്ട കലാപരിപാടിയായിരുന്നു.  

ഒരു ദിവസം മക്കളെ നിര്‍ബന്ധിച്ച് ഡിന്നര്‍ കഴിപ്പിച്കു കൊണ്ടിരിക്കുമ്പോളാണു മകന്‍ പതിവായി പറയാത്ത ഒരു പുതിയ ഭാഷാപദം 'നിയത്ത്' എന്നു പറഞ്ഞ് തലയാട്ടിയത്. മലയാളത്തിലും ഇംഗ്ലീഷിലും കേട്ടിട്ടില്ലാത്ത വാക്കിന്റെ അര്‍ത്ഥം  തിരക്കി നടന്നു അവസാനം എനിക്ക് എന്റെ റഷ്യന്‍ സുഹ്രുത്തിന്റെ അടുത്തെത്തേണ്ടി വന്നു. അപ്പോഴാണു ആ വാക്കിനു 'ഇല്ലാ' അല്ലെങ്കില്‍ 'നോ 'എന്ന അര്‍ത്ഥമാണു എന്ന് മനസ്സിലായത്. അങ്ങനെ പല വാക്കിന്റെയും അര്‍ത്ഥം അറിഞ്ഞ് വന്നപ്പോഴേയ്ക്കും മകന്‍ ഏകദേശം റഷ്യന്‍ ഭാഷ സംസാരിക്കാന്‍ തുടങ്ങി. പലപ്പോഴും അവന്‍ പാടിയ റഷ്യന്‍ പാട്ടുകള്‍ക്ക് വീട്ടിലുള്ള ഞങ്ങള്‍ അര്‍ത്ഥമറിയാതെ തലയാട്ടുക പതിവായി.  മറ്റൊരിക്കല്‍ അത്താഴമൊക്കെ കഴിച്ച് കളിച്ച് കൊണ്ടിരുന്ന കുട്ടികള്‍ പെട്ടെന്ന് എന്റരികിലേക്ക് ഓടിവന്നുഎന്നെയും കളിക്കാന്‍  വിളിച്ചു. അത്താഴത്തിനു ശേഷമുള്ള പാത്രം കഴുകലും, തൂത്ത് വാരലിനെയും പറ്റി ചിന്തിച്ച് കൊണ്ടിരുന്ന  ഞാന്‍ പറ്റില്ല എന്നു പറഞ്ഞു. അവര്‍ പോയ്യി കളി തുടര്‍ന്നു. 

രാവിലെ മുതല്‍ കളിക്കാന്‍ വേണ്ടി വാരി വലിച്ചിട്ടിരിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒതുക്കി പെറുക്കി വയ്ക്കാന്‍  ഞാന്‍ അവരോട് പറഞ്ഞപ്പോള്‍ ദാ വരുന്നു മകളുടെ മറുപടി..'അമ്മേ, ഒന്നു ഹെല്‍പ് ചെയ്യാമൊ? അപ്പോഴാണു ആ ചോദ്യം കേട്ട് നിന്ന പുത്രന്‍ പെണ്ണിനോട് ഒരു ഡയലോഗ് കാച്ചിയത്. 'അമ്മ എങ്ങനെ വരും?' അമ്മ ഈസ് തൂക്കിംഗ്'.. ആ ഡയലോഗ് കേട്ട് ഞാന്‍  അവനെ ഒന്നുതുറിച്ച് നോക്കി.. ആ നോട്ടത്തിന്റെ അര്‍ത്ഥം ആരെക്കാളും നന്നായി അവനു മനസ്സിലായതു കൊണ്ടു  ഓടി വന്നെന്നെ കെട്ടിപ്പിടിച്ച് ' അമ്മാ, യു ആര്‍ എ തൂക്കര്‍'എന്ന് പറഞ്ഞു. ഇവന്‍ ഇതെന്തു ഭാഷയാ സംസാരിക്കുന്നതെന്നു അറിയാതെ ഞാനും  മറുപടി നല്‍കാതെ വാപൊളിച്ച് ഒരു നില്‍പ്പു അങ്ങട് നിന്നു. കുറച്ച് സമയം കഴിഞ്ഞ് ജോലി ഒക്കെ ഒതുക്കിയിട്ട് സമാധാനത്തില്‍ അവനെ വിളിച്ച് അതിന്റെ അര്‍ത്ഥം ചോദിച്ചപ്പോള്‍ ആണു  എനിക്ക് ചിരി വന്നത്. ' അമ്മാ, തൂക്കര്‍ മീന്‍സ് തൂത്ത് വാരുന്നവര്‍.' ഞാന്‍ തറ തൂത്തു വാരുന്നത് കണ്ടു അവന്‍ കണ്ടെത്തിയ പുതിയ വാക്കാണു ' തൂക്കര്‍'. അപ്പോഴാണു അവന്‍  അതിനു മുന്‍പു പറഞ്ഞ സീ എ വണ്ടിയും, ദിസ് ഈസ്സ് മൈ പെട്ടിയും വാക്കുകള്‍ എന്റെ ഓര്‍മ്മകളിലേക്ക് ഓടിയെത്തിയത്.

ഇന്ന് ഇത്തരത്തില്‍ മലയാള ഭാഷയില്‍ ആകെ വിള്ളലുകള്‍ വീണിരിക്കുന്നു. അതു മംഗ്ലീഷും, ഇംഗ്ലീഷുമായി കലര്‍ത്തി ഉപയോഗിക്കുന്നു.  ഭാഷയെ സ്‌നേഹിക്കുന്നവര്‍ പോലും ഒരു ഘട്ടത്തില്‍ പരാജിതരാകുന്നു ഭാഷ മറക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഭാഷ ഒരു മണിക്കൂര്‍ കൊണ്ട് പഠിപ്പിക്കാന്‍ മാത്രം ഉളളത് അല്ല... അതു വീട്ടില്‍ കൂടി പറയാനും, പഠിപ്പിക്കാനും ഉള്ള മനസ്സും, അതിനു വേണ്ടി സമയം കണ്ടെത്താനും എല്ലാവരും പരിശ്രമിക്കുകയും വേണം.. അല്ലെങ്കില്‍ മലയാളത്തിലെ പല വാക്കുകളും,മലയാള ഭാഷയും നാളെ ഒരു കാലത്ത് കോപ്രായവല്‍കരിക്കപ്പെടും.. അപ്പോള്‍ നമ്മള്‍ക്ക് മലയാളത്തിന്റെ പേരു നാളെ ഇംഗ്ലീയാളം  എന്നും മാറ്റിപ്പറയേണ്ടി വ്വരും.അപ്പോള്‍ ഇംഗ്ലീയാളമോ അതോ മലയാളമോ നമ്മുടെ മാത്യഭാഷ എന്ന ചോദ്യം കുട്ടികള്‍ ചോദിക്കുമ്പോള്‍ ന്യുജന്‍ കുട്ടികള്‍ക്ക് മറുപടി പറഞ്ഞു കൊടുക്കാന്‍ നമ്മള്‍ തയാറാകുകയും, അതിന്റെ ഉത്തരം മലയാളം എന്നു അഭിമാനത്തോടെ പറയാനും നമ്മള്‍ക്കും കഴിയട്ടെ. 

സോയ നായര്‍..

ഇംഗ്ലീയാളം(ഓര്‍മ്മക്കുറിപ്പ്) സോയാ നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക