Malabar Gold

ഒട്ടുമാവ് - (കഥ-മാലിനി)

മാലിനി Published on 20 August, 2016
ഒട്ടുമാവ് - (കഥ-മാലിനി)
എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ മാധവന്‍ ഏറെ അസ്വസ്ഥനായിരുന്നു. താല്ക്കാലിക യന്ത്രത്തകരാറാല്‍ വിമാനത്തിലെ ഇരിപ്പ് നീളുകയാണ്. ഒരു മണിക്കൂര്‍ കാത്തിരിപ്പ്. അതിന്റെ ദൈര്‍ഘ്യം എത്രയോ മണിക്കൂറുകളായാണനുഭവപ്പെടുന്നത്! അയാളുടെ അക്ഷമ അരോചകമായനുഭവപ്പെട്ട വിമാനജോലിക്കാരിയുടെ ചോദ്യത്തിലും അസഹിഷ്ണുത!
'Are you ok Sir'
'Oh, yes, yes, I am fine'
ചോദ്യത്തിലും ഉത്തരത്തിലുമൊക്കെ സാവിത്രിയുടെ ഏങ്ങലടി മാത്രമായിരുന്നു അയാള്‍ക്കു ചുറ്റു മുഴുങ്ങിയത്.
'ഏട്ടനൊന്നു വരണം. പെട്ടെന്നു വരണം.' എന്നു പറഞ്ഞു കരയുന്നതല്ലാതെ സാവി മറ്റൊന്നും പറയുന്നില്ല.
'ഇവിടെ, വന്നിട്ടൊക്കെ പറയാം' എന്നു പറഞ്ഞ് ആ കരച്ചിലോടെ അവള്‍ ഫോണ്‍ വച്ചു. നിധിനെയും ഗായത്രിയെയും വിളിച്ചിട്ട് അവരുടെ ഫോണും നിശ്ശബ്ദം. സുഹൃത്തുക്കളെയൊന്നും വിളിച്ചന്വേഷിക്കാനുള്ള ധൈര്യവും അയാള്‍ക്കുണ്ടായില്ല.
വിമാനം പറയുന്നയര്‍ന്നിട്ടും സാവിയുടെ ഏങ്ങലടിയില്‍ നിന്നും മനസ്സ് വിട്ടുമാറുന്നില്ല. ഭയവും സങ്കടവും അയാള്‍ക്കിരുപുറവും കാവല്‍ നില്‍ക്കുകയാണ്.
എയര്‍പോര്‍ട്ട് ടാക്‌സിയില്‍ അനുജത്തിയുടെ വീട്ടുമുറ്റത്തു വന്നിറങ്ങിയപ്പോള്‍ വല്ലാതെ വിയര്‍ക്കുന്നതും ശ്വാസം പിണങ്ങുന്നതും അയാളറിഞ്ഞു. കോളിങ്ങ് ബെല്ലിനു മറുപടിയായി വന്നത് അയാളുടെ പ്രിയപ്പെട്ട അനന്തിരവള്‍ ഗായത്രിയായിരുന്നു.
ഏഴെട്ടുമാസം ഗര്‍ഭം നിറഞ്ഞ അവളുടെ വയറേക്കാള്‍ തള്ളിപ്പോയി അയാളുടെ കണ്ണുകളപ്പോള്‍.
അനുജത്തിയുടെ കരച്ചിലിനും ഏങ്ങലടിക്കും കാരണം തിരക്കേണ്ടി വന്നില്ല.
'ഹായ് മാധവമ്മാവാ' എന്നുപറഞ്ഞ് മാമനെ കെട്ടിപ്പിടിച്ചുമ്മ കൊടുത്ത ഗായത്രിക്ക് യാതൊരു ഭാവവ്യത്യാസവുമില്ല.
ഓരോവരവിനും നിറഞ്ഞ ചിരിയോടെ ഓടിവന്ന് കെട്ടിപ്പിടിച്ചു സ്വീകരിച്ചിരുന്ന അനുജത്തി ഇപ്രാവശ്യം തളര്‍ന്ന് തോളിക്കു വീഴുകയായിരുന്നു.
കനത്ത മൗനം തള്ളിവീഴ്ത്തും എന്നൊരു ഭയത്താല്‍ സാവിയെ തോൡ താങ്ങി സോഫയിലേക്ക് ഇരിക്കുകയായിരുന്നില്ല, വീഴുകയായിരുന്നു മാധവന്‍.
അവരെത്തനിച്ചാക്കി ഗായത്രി കണ്‍മുനില്‍ നിന്നു മറഞ്ഞപ്പോള്‍ അനുജത്തിയുടെ മുഖം പിടിച്ചുയര്‍ത്തി കണ്ണീരു തുടച്ചുകൊണ്ടയാള്‍ പറഞ്ഞു:
'സാരമല്ല, സാരമല്ല നീ കരയാതെ.
ഇക്കാലത്തിതൊന്നും നടക്കാത്തതല്ല.
എത്രപേര്‍ വിവാഹത്തിനു മുമ്പ് ഒന്നിച്ചു ജീവിക്കുന്നു.
എത്ര കുട്ടികള്‍ വിവാഹത്തിനു മുമ്പ് പിറക്കുന്നു.'
ഏട്ടന്റെ ആശ്വസിപ്പിക്കല്‍ അവളുടെ സങ്കടത്തെ പെരുപ്പിക്കയേ ചെയ്തുള്ളൂ. വലിയ കരച്ചിലിനിടയില്‍ സാവിയുടെ വാക്കുകള്‍ പൊട്ടിത്തെറിച്ചു.
'അങ്ങനെയാണേലും വേണ്ടില്ലായിരുന്നു. ഇതങ്ങനെയല്ലെന്റേട്ടാ....'
ഗായത്രിയുടെ ഇന്തി നിന്ന വയറിനേക്കാള്‍ മാധവന്റെ കണ്ണ് പിന്നെയും തുറിച്ചുതള്ളി.
തളര്‍ന്ന കൈകള്‍ കൊണ്ട് അനുജത്തിയെ ചേര്‍ത്തു പിടിച്ച് കനംവച്ച നാവില്‍ വാക്കുകള്‍ തേങ്ങി.
'പിന്നെ?'
അമ്മയ്ക്കും അമ്മാവനും കതോര്‍ത്ത ഗായത്രി, മാമന്റെ പ്രിയ 'ഗായ' അവര്‍ക്കിടയില്‍ വാക്കുകളെറിഞ്ഞു.
'മാമാ, ഞാന്‍ പറയാം.'
അമ്മയുടെ ഏങ്ങലടിക്ക് അടങ്ങാന്‍ ഇടം കൊടുത്തുകൊണ്ട് അവള്‍ പറഞ്ഞു.
മാമാ, എനിക്കു ജനിക്കാന്‍ പോകുന്ന ഈ കുട്ടി. It is not out of wedlock- ഒരു വര്‍ഷം മുമ്പ് എന്റെ വിവാഹം കഴിഞ്ഞു. മാമന് ഡെബിയെ അറിയില്ലേ, അവളുമായിട്ട്. ഞാനാരോടും ഇക്കാര്യം പറഞ്ഞില്ല. അവളുമായിട്ട്. ഞാനാരോടും ഇക്കാര്യം പറഞ്ഞില്ല. ഞങ്ങള്‍ക്കു കുട്ടി വേണമായിരുന്നു. അവളുടെ, എന്റെ, ഞങ്ങലുടെ കുഞ്ഞ്.
വളരെ ജീനിയസ് ആയിട്ടുള്ള ഒരാളില്‍ നിന്നാണ് ഞങ്ങളുടെ കുട്ടിയുടെ പിതാവിനെ തിരഞ്ഞെടുത്തത്.
It is from a well known and reputable sperm bank.
മുഖത്തടിച്ച് അവളുടെ വാക്കുകള്‍ അവര്‍ക്കിടയിലേക്ക് തെറിച്ചു വീണു.
വാക്കുകള്‍ വീഴിച്ച മുറിവിനുമേലെയും ഒരു വിഡ്ഢിയെപ്പോലെ പെട്ടെന്നയാള്‍ ശ്രദ്ധിച്ചത് അവളുടെ മലയാളത്തിന്റെ ഉച്ഛാരണശുദ്ധിയായിരുന്നു.
തന്റെ മലയാള ഉച്ഛാരണത്തെക്കുറിച്ച് പ്രശംസിക്കപ്പെടുമ്പോഴൊക്കെ അവള്‍ പറയുമായിരുന്നു.
'മാധവമ്മാമയാ എന്റെ ഗുരു, മാമനാണ് എന്നെ അക്ഷരങ്ങള്‍ പഠിപ്പിച്ചത്.'
 ശരിയാണ്. ഗായത്രിയുടെയും നിധിന്റെയും ഗുരുതാനായിരുന്നു. ഗായത്രിക്ക് മൂന്നും നിധിന് ഒന്നും വയസ്സുള്ളപ്പോള്‍ വിധവയായ അനുജത്തിക്കും കുട്ടികള്‍ക്കും കുറവൊന്നും ഉണ്ടാകരുതെന്നു തനിക്കു നിര്‍ബ്ബന്ധമായിരുന്നു. ഒരു പുനര്‍വിവാഹത്തിനു സമ്മതിക്കാതിരുന്ന അനുജത്തിയുടെ കുട്ടികളെ സ്വന്തം കുട്ടികളെക്കാള്‍ സ്‌നേഹത്തിലും കരുതലിലും വളര്‍ത്തി. തന്റെ ജോലിക്കാര്യത്തിനായി ഒരു സ്ഥലംമാറ്റം ആവശ്യമായി വന്നിട്ടും അയാള്‍ കാത്തിരുന്നു. അനുജത്തിയുടെ കുട്ടികള്‍ പ്രാപ്തരാകും വരെ.
'അച്ഛന് എന്നെക്കാള്‍ ഇഷ്ടം ഗായയോടാണ്.' സ്വന്തം മകള്‍ പലപ്പോഴും പരിഭവം പറഞ്ഞിരുന്നു.
സാവിത്രിയുടെ കണ്ണീരിന്റെ നനവ് അയാളെ ഓര്‍മ്മകളില്‍ നിന്നും തിരിച്ചു വിളിച്ചു. അനുജത്തിയെ ചേര്‍ത്തു പിടിച്ചു മാധവന്‍ പറഞ്ഞു:
'മോളേ, നീ ഓര്‍ക്കുന്നോ, നമ്മുടെ തറവാടിന്റെ മുറ്റത്തുണ്ടായിരുന്ന ഒട്ടുമാവ്'
അച്ഛന്‍ അത് ആദ്യം ബഡ്ഡ് ചെയ്തുണ്ടാക്കിയപ്പോള മുത്തശ്ശി രണ്ടുകൈയും തലയില്‍ വച്ചു പറഞ്ഞു:
'ഈശ്വരാ, എന്തൊരു കലികാലാ ഇത്. ഒടിച്ചു കുത്തീം അല്ല, നട്ടുമുളച്ചും അല്ല, ഇപ്പം ദാ ഏച്ചുകെട്ടീം ഒട്ടിച്ചുവച്ചും മരോണ്ടാക്കുന്നു. ഇനി ഇതോണ്ടെങ്ങാനും ദഹിച്ചുതീരാനാണോ ഈശ്വരാ വിധി!' മുത്തശ്ശി സങ്കടപ്പെട്ടു.
ആ മാവിന്‍തൈ വളരുന്നത് മുത്തശ്ശി പിണങ്ങി ഏറു കണ്ണിട്ടു നോക്കിനിന്നു. പൂത്തതും കായ്ചതും അകലെ മാറിനിന്നു കണ്ടു. അതിലെ ആദ്യത്തെ മാങ്ങയെ മുത്തശ്ശി അവഗണിച്ചു. പിന്നെ പതിയെപ്പതിയെ മുത്തശ്ശി ഒട്ടുമാവിന്റെ ചുവട്ടില്‍നിന്നും മധുരമുള്ള മാമ്പഴം പെരുക്കി തിന്നു തുടങ്ങി.
അതുപോലെ നീ ഇതും കാണുക.
അവള്‍ പ്രവസിക്കട്ടെ. മുത്തശ്ശി ഒട്ടുമാവിന്റെ മാമ്പഴം തിന്നപോലെ നമുക്ക് ഗായേടെ കുട്ടിയെ വളര്‍ത്താം.
അനുജത്തിയോടിക്കാര്യം പറഞ്ഞപ്പോള്‍ മാധവന്‍ ഒന്നു മറന്നു.
മരണം കാത്തുകിടന്നിരുന്ന മുത്തശ്ശി അബോധാവസ്ഥയിലും ഓര്‍മ്മകളില്‍ മുങ്ങിത്തപ്പി കാര്‍പ്പിച്ചു തുപ്പിയ കയ്പുള്ള വാക്കുകളെ!
ഏട്ടനതു മറന്നുവോ?
അനുജത്തി ഓര്‍മ്മപ്പെടുത്തി.
പക്ഷെ, ഏട്ടനോര്‍ക്കുന്നോ....
മുത്തശ്ശി അബോധാവസ്ഥയിലും പിറുപിറുത്തത്. 'എന്നെ ദഹിപ്പിക്കാന്‍ ആ ഒട്ടുമാവ് വേണ്ട.'എന്ന്.
ഏട്ടന്റെ സാന്ത്വനം പിന്നെയും അനുജത്തിയെ തഴുകി.
'അതിന് മോളെ നമുക്കറിയില്ലല്ലോ, മുത്തശ്ശി ആ മാവിനെ വെറുത്തിരുന്നോ അതോ സ്‌നേഹിച്ചിരുന്നോ എന്നത്?'
അനുജത്തിയും സമ്മതിച്ചു.
ശരിയാ, നമുക്കറിയില്ല.
നമുക്കൊന്നും ഒന്നും അറിയില്ല.

ഒട്ടുമാവ് - (കഥ-മാലിനി)
Sudhir Panikkaveetil 2016-08-20 16:51:02
പ്രമേയത്തത്തിലെ പുതുമ കഥയെ വ്യത്യസ്ഥമാക്കുന്നു. എങ്കിലും ആരംഭത്തിനു പഴമയുടെ ചുവയുണ്ട്. അമ്മാവന്റെ അവതരണം കുറച്ച് മുത്തശ്ശിയിൽ കേന്ദ്രികരിച്ചെങ്കിൽ ...(എഴുത്തുകാരിയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കുന്നു) ഇത്തരം പ്രമേയങ്ങളിൽ കഥപാത്രങ്ങളുടെ എണ്ണം കുറച്ച് വിഷയത്തെ പ്രോജക്റ്റ് ചെയ്‌താൽ വളരെ നന്നാകുമായിരിക്കും എന്ന് തോന്നുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക