മലബാര്‍ മെയില്‍ പത്രത്തിന്റെ സ്ഥാപക പത്രാധിപര്‍, ദീപികയുടെ മുഖ്യപത്രാധിപര്‍
തുടങ്ങിയ പദവികളില്‍ കേരളത്തിന്റെ വിശിഷ്യ തിരുവിതാംകൂറിന്റെ ബൗദ്ധിക വഴിത്താരയില്‍
നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ആളാണ് കോട്ടയത്തെ എല്‍.സി.ഐസക്ക.് ഒരു നൂറ്റാണ്ടു
മുമ്പ് ജനിച്ചു, അര നൂറ്റാണ്ടു മുമ്പു മരിച്ചു. പക്ഷേ ആ തുലികയിലൂടെ വെളിച്ചം കണ്ട
ദാര്‍ശനിക നിലപാടുകള്‍ കേരളം എന്നും ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കും.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് “1947 ആഗസ്റ്റ് 15!!
സ്വാതന്ത്രേ്യാദയം!!” എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം ദീപികയില്‍ എഴുതിയ മുഖപ്രസംഗം
തുടങ്ങുന്നത് ഇങ്ങനെ: (“പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളും
ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷവും പ്രമാണിച്ച് ആഫീസ് ഒഴിവാകയാല്‍ ആഗസ്റ്റ് 15
ന് ദീപിക പ്രസിദ്ധപ്പെടുത്തുന്നതല്ല.”)
“1947 ആഗസ്റ്റ് മാസം 15-ാം തീയ്യതി
ഭാരത മഹാരാജ്യത്തിന്റെ മഹാദിനവും മഹല്‍ ദിനവുമാകുന്നു ഇന്നു പാതിരായോടുകൂടി
ഭാരതജനതയുടെ അടിമത്വത്തിന്റെ ചരിത്രം അവസാനിക്കുകയും സ്വാതന്ത്ര്യത്തിന്റെ ചരിത്രം
ആരംഭിക്കുകയും ചെയ്യുന്നു. 40 കോടി ജനങ്ങള്‍ ഒന്നുപോലെ ആനന്ദത്തില്‍
നിമഗ്‌നരാകുന്നു. ഭാരതത്തിന്റെ സ്വാതന്ത്രേ്യാദയത്തോടെ രാഷ്ട്രീയമായ
അടിമത്വത്തിന്റെ ലോകത്തില്‍ നിന്ന് നമ്മെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന
നവയുഗത്തിന്റെ ആരംഭമായി. ആഗസ്റ്റ് 15-ാം തീയ്യതി ലോകത്തിന് പൊതുവില്‍ ഒരു
മഹാദിനമാകുന്നു.”
ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ “തിരുവിതാംകൂര്‍ മഹാരാജാവ്
തിരുമനസ്സുകൊണ്ട് കനിവുണ്ടായതില്‍ പ്രജകള്‍ അതീവ കൃതജ്ഞരാണെ”ന്നും മുഖപ്രസംഗത്തില്‍
എടുത്തു പറയുന്നു.
“മിസ്റ്റര്‍ ഐസക്ക് ഇവിടുണ്ടോ?” അതിരാവിലെ റിക്ഷയില്‍
വന്നിറങ്ങിയ ശ്രീമൂലം പ്രജാസഭാംഗം തര്യതു കുഞ്ഞിതൊമ്മന്റെ ഈ വിളികേട്ടാണ് പലപ്പോഴും
തങ്ങള്‍ ഉണരാറുള്ളതെന്ന് മകന്‍ ജെയിംസ് ഐസക്ക് സ്വാതന്ത്ര്യത്തിനു മുമ്പുള്ള
ദിനങ്ങളെ ഓര്‍മ്മിച്ചെടുത്തുകൊണ്ട് പറയുന്നു.
നഗര ഹൃദയത്തില്‍ ദീപിക,
കേരളഭൂഷണം, ദേശബന്ധു, പത്രങ്ങളുടെ നടുമുറ്റത്തായിരുന്നു അവരുടെ ളാച്ചന്തറ വീട്.
നിയമസഭയില്‍ ഉന്നയിക്കേണ്ട പ്രധാന വിഷയങ്ങളെപ്പറ്റിയും അവിടെ വരുന്ന വിഷയങ്ങളില്‍
താന്‍ സ്വീകരിക്കേണ്ട നിലപാടുകളെപ്പറ്റിയും ദീപിക പത്രാധിപരുടെ ഉപദേശം
സ്വീകരിക്കുകയായിരുന്നു ക്രിസ്ത്യന്‍ പ്രതിനിധിയായി ശ്രീമൂലം പ്രജാസഭയിലേക്ക്
നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കുഞ്ഞിതൊമ്മന്റെ ആവശ്യം.
നിയമ സഭയിലേക്ക്
തെരഞ്ഞെടുക്കപ്പെട്ട ശേഷം കോണ്‍ഗ്രസ്സ് നേതാവ് പി.റ്റി. ചാക്കോയും ഉപദേശങ്ങള്‍ തേടി
അങ്ങിനെ ഐസക്കിന്റെ വസതിയില്‍ എത്താറുണ്ടായിരുന്നു. പി.റ്റി. ചാക്കോയും കാരൂര്‍
നീലകണ്ഠപിള്ളയും ഡി.സി. കിഴക്കേമുറിയും ഒക്കെചേര്‍ന്ന് രൂപവത്ക്കരിച്ച
സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ ആദ്യം ഓഹരി വാങ്ങി അംഗത്വം സ്വീകരിച്ചവരില്‍
ഒരാളായിരുന്നു ഐസക്ക്. അവരുമായുള്ള സൗഹൃദം ജീവിതാന്ത്യം വരെ തുടര്‍ന്നു. ബര്‍ണ്ണദ,
ബര്‍ണ്ണദയുടെ വിശ്വഗീതം, ജോവാന്‍ ഓഫ് ആര്‍ക്ക് എന്നീ ഗ്രന്ഥങ്ങള്‍ രചിച്ച്
എഴുത്തുകാരനായതോടെ ആ ബന്ധം അരക്കിട്ടുറപ്പിച്ചു.
കുട്ടനാട്ടിലെ കാവാലത്ത്
1902 മെയ് 25 ന് ജനിച്ച ളാച്ചന്തറ ചാക്കോ ഐസക്ക് കുട്ടനാട്ടിലെ
നവരത്‌നങ്ങളില്‍പ്പെട്ട സര്‍ദാര്‍ കെ.എം.പണിക്കരുടേയും ഐ.സി. ചാക്കോയുടെയും
അയല്‍ക്കാരനും അടുത്ത സുഹൃത്തുമായിരുന്നു. അദ്ദേഹം രചിച്ച ജോവാന്‍ ഓഫ് ആര്‍ക്കിന്
മുഖവുര എഴുതുമ്പോള്‍ സര്‍ദാര്‍ കെ.എം.പണിക്കര്‍ ശ്രീനഗറില്‍ കാശ്മീര്‍
ഗവണ്‍മെന്റിന്റെ ഉപദേഷ്ടാവായിരുന്നു. 1929 സെപ്റ്റംബര്‍ 30 ന് എഴുതിയ മുഖവുരയില്‍
നിന്ന്:
“ജോവാന്‍ ഒരു ആഖ്യായികയിലെ നായികയെപ്പോലെ ഗ്രന്ഥകര്‍ത്താവിന്റെ
കല്പനാ ശക്തിയില്‍ നിന്ന് ജനിച്ച ഒരു കന്യക അല്ല. കഥാ വസ്തുവിന് ചേര്‍ന്ന
പ്രൗഡിയോടും എന്നാല്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയിലുമാണ് ഈ പുസ്തകം
എഴുതിയിട്ടുള്ളതെന്ന് എനിക്ക് തോന്നുന്നു. തന്റെ പരിശ്രമത്തിന്റെ ആസ്വദനീയമായ ഈ
ഫലത്തില്‍ ഗ്രന്ഥകര്‍ത്താവിനെ ഞാന്‍ സൗഹാര്‍ദപൂര്‍വ്വം അനുമോദിക്കുന്നു.” അന്ന്
മദ്രാസ് സര്‍വ്വകലാശാലയില്‍ വൈസ്ചാന്‍സലര്‍ ആയിരുന്ന ഡോ.പി.ജെ.തോമസ് എഴുതിയ
അവതാരികയില്‍ “ഈ അത്ഭുത ചരിത്രം അതിന് യോജിച്ച ഭാഷാ വൈശിഷ്ട്യത്തോടുകൂടി
അവതരിപ്പിക്കുന്നതിനു വേണ്ട ആശയ സൗഷ്ടവവും വാചകശുദ്ധിയും അദ്ദേഹത്തിനുണ്ട്” എന്നു
പറഞ്ഞു.
ഐസക്ക് ആലപ്പുഴ ലിയോ തെര്‍ട്ടീന്ത് ഹൈസ്കൂളിലും കോട്ടയം
സി.എം.എസ്., തൃശിനാപ്പള്ളി സെന്റ് ജോസഫ്‌സ്് കോളേജുകളിലും പഠിച്ചു ബി.എ.യും
തിരുവനന്തപുരം ലോകോളേജില്‍ പഠിച്ച് ബി.എല്‍. ബിരുദവും നേടി. മാന്നാനം സെന്റ്
എഫ്രേംസില്‍ അധ്യാപകനായിരിക്കുമ്പോള്‍ അന്ന് മാന്നാനത്തു നിന്ന്
പ്രസിദ്ധീകരിച്ചിരുന്ന നസ്രാണി ദീപികയുടെ പത്രാധിപ സമിതിയില്‍ ചേര്‍ന്നു. പിന്നീട്
ആലപ്പുഴയില്‍ അഭിഭാഷകനായി. എറണാകുളം രൂപത ആരംഭിച്ച മലബാര്‍ മെയില്‍ പത്രത്തിന്റെ
മുഖ്യ പത്രാധിപത്വം ഏറ്റെടുത്തു. ദീപിക കോട്ടയത്തുനിന്ന് പ്രസിദ്ധീകരണം
ആരംഭിച്ചപ്പോള്‍ തിരികെ വന്നു. 1940 മുതല്‍ 1954 വരെ മുഖപ്രസംഗം കൈകാര്യം ചെയ്തത്
അദ്ദേഹമായിരുന്നു. ഭാര്യ ത്രേസ്യമ്മ നടത്തിയ വനിതാരാമം മാസികയുടെ താങ്ങും
തണലുമായിരുന്നു അദ്ദേഹം.
പൗരസമത്വവാദ പ്രക്ഷോഭണം, നിവര്‍ത്തന പ്രക്ഷോഭണം,
സ്വതന്ത്ര തിരുവിതാംകൂര്‍ വിരുദ്ധസമരം തുടങ്ങിയവയുടെ മുന്‍പന്തിയിലുണ്ടായിരുന്നു
ഐസക്ക്. കേരള വര്‍ക്കിംഗ് ജേണലിസ്റ്റ് യൂണിയന്റെ ആദ്യ പ്രസിഡന്റായിരുന്നു.
ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്ത് ഔദ്യോഗിക ഭാഷാകമ്മറ്റിയിലേക്ക് അദ്ദേഹത്തെ
നോമിനേറ്റ് ചെയ്തു.
ഐസക്കിന്റെ എഴുമക്കളില്‍ ചിക്കാഗോയിലുള്ള
ഡോ.ലൂസിയാമ്മയും (82) കോട്ടയത്തുള്ള ജെയിംസ് ഐസക്കും (78) മാത്രമേ ഇന്നുള്ളൂ.
ലൂസിയാമ്മ മിഷിഗണിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്
പി.എച്ച്.ഡി. എടുത്തു. അവിടെത്തന്നെ സോഷ്യല്‍ വര്‍ക്ക് ഡയറക്ടറും സൈക്യാട്രിക്ക്
സോഷ്യല്‍ വര്‍ക്കറുമായി 43 വര്‍ഷം സേവനം ചെയ്തു.
കേരള വാട്ടര്‍
അതോറിറ്റിയുടെ വേള്‍ഡ് ബാങ്ക് പ്രോജക്റ്റിന്റെ എക്‌സിക്യൂട്ടിവ് എന്‍ജിനീയറായി
റിട്ടയര്‍ ചെയ്ത ജെയിംസ് 69-71 കാലഘട്ടത്തില്‍ ചിക്കാഗോയില്‍ ഉപരിപഠനത്തിനുപോയി.ആറു
മാസം കൊണ്ട് ഗ്രീന്‍കാര്‍ഡ് കിട്ടിയെങ്കിലും നാട്ടില്‍ പ്രമോഷന്‍ കിട്ടിയപ്പോള്‍
അമേരിക്കന്‍ ജീവിതം വച്ചൊഴിഞ്ഞ് മടങ്ങിപ്പോന്നു. പിതാവിന്റെ കാല്‍പ്പാടുകളെ
പിന്തുടര്‍ന്ന് ഒരു എഴുത്തുകാരനാകണമെന്നായിരുന്നു മോഹം. ക്രൈസ്തവ ജീവിത, വിശ്വാസ,
ഭരണ ശൈലികളെ നിശിതമായി വിമര്‍ശിക്കുന്ന ഒരു സോഷ്യല്‍ കമന്റേറ്റര്‍ എന്ന നിലയില്‍
ഓശാന, അസീസി തുടങ്ങിയ നിരവധി പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം ലേഖനങ്ങള്‍ എഴുതി, ലേഖന
സമാഹാരം പുസ്തകമാക്കി, നസ്രാണിദീപം പത്രാധിപരുമായി.
അന്നമ്മ
(കല്ലൂപ്പാറ)യാണു ജീവിതസഖി. അഞ്ചുപെണ്‍മക്കളില്‍ നാലുപേരും ഡോക്ടര്‍മാര്‍ - വിമല,
നിര്‍മ്മല, സുശീല, അമല, ആഞ്ജല. ഇവരില്‍ അമലയും ആഞ്ജലയും ഇരട്ടകള്‍. വിമല കാരിത്താസ്
ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റാണ്. നിര്‍മ്മല തിരുവനന്തപുരത്തു സ്‌പേസ്
സയന്റിസ്റ്റ്. അമല ലോസ് ആഞ്ജല്‍സില്‍ പ്രാക്റ്റീസ് ചെയ്യുന്നു. ആഞ്ജല ചങ്ങനാശ്ശേരി
ഗവണ്‍മെന്റ് ഹോസ്പിറ്റലിലും. സുശീല മണര്‍കാട് ഇന്‍ഫന്റ്ജീസസ് ഹയര്‍സെക്കണ്ടറി
പ്രിന്‍സിപ്പലാണ്. ജെയിംസ്- അന്നമ്മമാര്‍ക്ക് 10 കൊച്ചുമക്കള്‍.
അഭിമാന പൈതൃകം: എല്‍.സി.ഐസക്കിന്റെ ചിത്രത്തിനരികെ ജെയിംസ് ഐസക്ക്.
കുടുംബ സുഹൃത്തും എഴുത്തുകാരനുമായ ഫാ. സിറിയക്ക് പെരിങ്ങോലിലിനോടൊത്ത്
മൂവരും എഴുത്തുകാര്‍: സുഭാഷ് ചന്ദ്രന്‍, ജോസ്.ടി., ജെയിംസ്
ജെയിംസ്, പത്‌നി അന്നമ്മ
മക്കളഞ്ചില്‍ നാലും ഡോക്ടര്‍മാര്‍ - വിമല, നിര്‍മ്മല, അമല, ആഞ്ജല, സുശീല
ലോസ് ആഞ്ജല്‍സിലെ മകള്‍ ഡോ. അമല ഭര്‍ത്താവ് ജോവിഷ് സൈമണും മകന്‍ മാര്‍ക്കുമൊത്ത്