Image

മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 13 - സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 17 November, 2016
മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 13 - സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
ഒരു അത്ഭുതലോകത്തില്‍ എത്തിയ പ്രതീതി ആണ് സൂസമ്മയ്ക്കുണ്ടായത്. ഉദയവര്‍മ്മയ്ക്കും രാജശ്രീയ്ക്കും ഒപ്പം സൂസമ്മ ആ രമ്യഹര്‍മ്മത്തിന്റെ വരാന്തയിലേക്കു കയറി. മനോഹരമായ ശില്പവേലകളാല്‍ അലംകൃതമായ വാതിലുകള്‍, വിലയേറിയ ഫര്‍ണീച്ചര്‍, എവിടെയും ഐശ്വര്യദേവത നൃത്തം ചെയ്യുന്നതുപോലെ.

""ഒന്നു കുളിച്ചു ഫ്രഷ് ആയിക്കോളൂ.'' രാജശ്രീ മന്ദസ്മിതത്തോടെ അവളെ കെട്ടിടത്തിനുള്ളിലേക്കു സ്വാഗതം ചെയ്തു. ഡ്രൈവര്‍ വരാന്തയില്‍ കൊണ്ടുവച്ച സൂട്ട്‌കേസുമായി സൂസമ്മ അവരെ അനുഗമിച്ചു. രാജശ്രീ അവളെയും കൂട്ടി അതിവിശാലമായ ഒരു മുറിയിലെത്തി. വിരിച്ചൊരുക്കിയ കിടക്ക, ആവശ്യമായ മറ്റു ഫര്‍ണിച്ചര്‍, നിലക്കണ്ണാടി, മുറിയോടു ചേര്‍ന്ന് നവീന മാതൃകയില്‍ ചെയ്തിരിക്കുന്ന കുളിമുറി. രാജശ്രീ മുറിവിട്ടു പുറത്തു പോകുമ്പോള്‍ ചിരിച്ചുകൊണ്ട് ഓര്‍മ്മിപ്പിച്ചു. ""ഇന്നുമുതല്‍ ഇവിടെ മിനിക്കുട്ടിയാണ്. മറക്കണ്ടാ.'' രാജശ്രീ മുറിവിട്ടിറങ്ങിയപ്പോള്‍ സൂസമ്മ ആത്മഗതം ചെയ്തു. ""തന്റെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്. ഇച്ചാച്ചനും അമ്മച്ചിയും ഓമനിച്ച് വിളിച്ചിരുന്ന സ്വന്തപേരുപോലും ജീവിതത്തില്‍ വേണ്ടി മാറുന്നു.'' സ്വയം ശപിച്ചുകൊണ്ട് അവള്‍ കുളിമുറിയിലേക്കു കയറി.

അവള്‍ അരമണിക്കൂറിനുള്ളില്‍ സാരി മാറി. നനഞ്ഞ മുടിയുടെ അറ്റം മാത്രം കെട്ടിയിട്ടു വാതില്ക്കലെത്തി. ഉദയനും രാജശ്രീയും അവളെ പ്രതീക്ഷിച്ചു അവിടെ നില്പുണ്ടായിരുന്നു. അവര്‍ ഒരുമിച്ചു ഊണുമേശയ്ക്ക് അരികിലെത്തി. കാപ്പിയും മറ്റു ധാരാളം വിഭവങ്ങളും അവരെ കാത്തു ഇരിക്കുന്നു. രാജശ്രീ തന്നെ കാപ്പി കപ്പുകളിലേക്കു പകര്‍ന്ന് ഉദയനും മിനിക്കുട്ടിക്കും നല്കി. വിശപ്പ് തീരെ അനുഭവപ്പെടുന്നില്ല. രാജശ്രീ വളരെ നിര്‍ബന്ധിച്ചെങ്കിലും മിനിക്കുട്ടി തല്ക്കാലം ഒഴിഞ്ഞുമാറി. അവള്‍ക്ക് ആകെ ഒരു അങ്കലാപ്പ്. "എന്താണ് തനിക്കു ചുറ്റും സംഭവിക്കുന്നത്. താന്‍ ഏതു ലോകത്തിലാണ്.' എങ്കിലും അവര്‍ മനപ്പൂര്‍വ്വം ശ്രമിച്ചു വരുത്തിയ ഒരു പുഞ്ചിരി ആ മുഖത്തു നിഴലിച്ചിരുന്നു.

കാപ്പി കുടി കഴിഞ്ഞശേഷം അവര്‍ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തേയ്ക്കു നടന്നു. പ്രകാശപൂരിതമായ വീതിയുള്ള വരാന്ത. അവിടവിടെയായി മനോഹരമായ വര്‍ണ്ണചിത്രങ്ങള്‍. രാജകീയമായി പണി ചെയ്യപ്പെട്ടിരിക്കുന്ന കുസാലകളും വട്ടമേശകളും. ഉദയവര്‍മ്മയുടെ മാതാപിതാക്കളുടെ മുറികളിലേക്കാണ് നാം പോകുന്നതെന്ന് രാജശ്രീ മിനിക്കുട്ടിയോടു മന്ത്രിച്ചു. മനോഹരമായി സജ്ജീകരിച്ചിരിക്കുന്ന സ്വീകരണമുറിയില്‍ അവര്‍ എത്തിച്ചേര്‍ന്നു. മുറിയുടെ ഒരു വശത്തായി സാമാന്യം നല്ല വലുപ്പമുള്ള അലമാര നിറയെ വിവിധ തരത്തിലുള്ള പ്രശസ്തരായ എഴുത്തുകാരുടെ വിവിധ ഭാഷകളിലുള്ള കൃതികള്‍ ക്രമീകരിച്ചിരിക്കുന്നു. ഒപ്പം വിവിധ മതഗ്രന്ഥങ്ങളും. വിലയേറിയ പരവതാനി മാര്‍ബിള്‍ പാകിയ തറയെ അലങ്കരിക്കുന്നു. ഭിത്തിയില്‍ സാമാന്യം നല്ല വലുപ്പമുള്ള നാഴികമണിയുടെ ഇരുപാര്‍ശ്വങ്ങളിലുമായി തറവാടിന്റെ ആഢ്യത്വം വിളിച്ചറിയിച്ചുകൊണ്ട് കലമാന്‍ കൊമ്പുകള്‍. തൊട്ടടുത്ത മുറിയാണ് മാതാപിതാക്കളുടെ ഉറക്കമുറി. വാതില്‍ തുറന്നുകിടക്കുന്നു. മേല്ക്കട്ടി കൊണ്ട് അലംകൃതമായ വീതിയേറിയ കട്ടിലും മറ്റു സാധനങ്ങളും.

""അച്ഛാ, അമ്മെ, എവിടെയാ'' ഉദയന്‍ സ്‌നേഹപൂര്‍വ്വം മാതാപിതാക്കളെ തങ്ങളുടെ ആഗമനം അറിയിച്ചു. പ്രസന്നവദനരായി അച്ഛനും അമ്മയും സ്വീകരണമുറിയിലേക്കു കടന്നുവന്നു. 75-80 വയസ്സു പ്രായം തോന്നിക്കുന്ന ആ വൃദ്ധദമ്പതികളുടെ, നെറ്റിയില്‍ ചന്ദനക്കുറി അണിഞ്ഞിരിക്കുന്ന മുഖങ്ങളില്‍ ഐശ്വര്യം തിളങ്ങുന്നു. വെളുത്ത പാന്‍സും ജൂബ്ബായും ധരിച്ച അച്ഛനും സാരി ധരിച്ച അമ്മയും. അവര്‍ തന്റെ മക്കളോടൊപ്പം നില്ക്കുന്ന യുവതിയെ അല്പം അതിശയപൂര്‍വ്വം നോക്കി. മിനിക്കുട്ടി ബഹുമാനപൂര്‍വ്വം കൈകള്‍ കൂപ്പി.

രാജശ്രീ:- ""ഞങ്ങളോടൊപ്പം കാഷ്മീരിനു കൊണ്ടുപോകാന്‍ ഒരു സഹായിയെ വേണമെന്നു പറഞ്ഞിരുന്നില്ലേ. ഇയാളെ കൂട്ടിക്കൊണ്ടു വരാനും കൂടിയാണ് ഇന്നു ഞങ്ങള്‍ ക്ഷേത്രത്തില്‍ പോയത്. പേരു മിനിക്കുട്ടി. കുറച്ചു നേഴ്‌സിംഗും ഒക്കെ പഠിച്ച കുട്ടിയാണ്. ഇനി ഞങ്ങളൊരെങ്കിലും ഒന്നു വയ്യാതായാല്‍ നോക്കാന്‍ ഒരാളായല്ലോ.''

രാജശ്രീയുടെ അവതരണം നന്നായിരുന്നു. ആ വൃദ്ധമാതാപിതാക്കള്‍ സ്‌നേഹപൂര്‍വ്വം അവളെ നോക്കി. അമ്മ അടുത്തുവന്ന് അവളെ തലോടി. അവരുടെ സാമീപ്യം അവളില്‍ ഒരു പുതിയ ഉണര്‍വ് പ്രദാനം ചെയ്തു. ഈ കുടംബത്തോടൊപ്പം കാഷ്മീരിലേക്കുള്ള യാത്ര തല്ക്കാലത്തേയ്ക്ക് ഒരു വലിയ ആശ്വാസമായി അവള്‍ക്കനുഭവപ്പെട്ടു. അടുത്ത മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഈ നശിച്ച നാട്ടില്‍ നിന്നും, താന്‍ വഞ്ചിക്കപ്പെട്ട ഈ നാട്ടില്‍ നിന്നും പോകാമല്ലോ എന്ന ചിന്ത സൂസമ്മയ്ക്ക് താല്ക്കാലിക സമാധാനം തന്നെ ആയിരുന്നു. എന്നാല്‍ അടുത്ത നിമിഷത്തില്‍, "താന്‍ ഗര്‍ഭിണിയാണെന്നും, അടുത്ത ഏതാനും മാസങ്ങള്‍ക്ക് ഉള്ളില്‍ താന്‍ ഒരു കുഞ്ഞിനു ജന്മം നല്കും' എന്നുമുള്ള ചിന്ത സദാ അവളെ ഭയപ്പെടുത്തുന്നു. ഏതായാലും ഈ നല്ല ദമ്പതികള്‍ അവര്‍ക്കാശ്രയമായി ദൈവം കാണിച്ചുകൊടുത്തത് ആണെന്നുള്ള വിശ്വാസം അവളില്‍ വര്‍ദ്ധിച്ചു.

അടുത്ത മൂന്നു ദിവസങ്ങള്‍ യാത്രയ്ക്കുള്ള ഒരുക്കങ്ങളുടെ ദിവസങ്ങളായിരുന്നു. മാതാപിതാക്കളെ പരിചരിക്കുവാന്‍ ഒരു മദ്ധ്യവയസ്ക്കനെയും കാര്‍ ഡ്രൈവറും ആ വലിയ വീട്ടില്‍ മാതാപിതാക്കളോടൊപ്പമുണ്ടാകും. ഉദയവര്‍മ്മയും രാജശ്രീയും പുതിയ താമസത്തിനുള്ളതെല്ലാം പായ്ക്ക് ചെയ്യുന്ന ധൃതിയിലാണ്. മിനിക്കുട്ടി എപ്പോഴും സഹായി ആയി അവരോടൊപ്പം നിന്നു. നാലഞ്ചു സൂട്ട്‌കേസുകള്‍ തല്ക്കാലം പായ്ക്കു ചെയ്തു. ഒരു ശനിയാഴ്ച പ്രഭാതത്തില്‍ അവര്‍ മൂവരും കാഷ്മീരിലേക്കു യാത്രയായി.

കാഷ്മീരിലെത്തിയ പട്ടാളമേധാവിയ്ക്കു വളരെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. അവര്‍ക്കു താമസിക്കുന്നതിനുവേണ്ടി ബംഗ്ലാവ് സജ്ജീകരിക്കപ്പെട്ടിരുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റു ജോലികള്‍ക്കുമായി പരിചാരകരും.

രണ്ടു ദിവസങ്ങള്‍ക്കുശേഷം രാജശ്രീ മിനിക്കുട്ടിയുമായി, ഉദയവര്‍മ്മയുടെ അഭിപ്രായത്തോടെ, അടുത്തുള്ള മിലിട്ടറി ആശുപത്രിയിലെ ലേഡി ഡോക്ടറെ കണ്ടു. അടുത്ത 6 മാസങ്ങള്‍ക്കുശേഷം മിനിക്കുട്ടി പ്രസവിക്കും. അവള്‍ക്ക് ചില വിറ്റാമിന്‍ മാത്രം സ്‌പെഷ്യലായി കൊടുത്താല്‍ മതി. ആഹാരകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. തന്റെ സ്വന്തം കൊച്ചനുജത്തിയെ എന്നവണ്ണം രാജശ്രീ മിനിക്കുട്ടിയുടെ പരിചരണം ഏറ്റെടുത്തു. പതിനഞ്ചുവര്‍ഷമായി വിവാഹിതയായിട്ടും ഒരമ്മ ആകാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത രാജശ്രീ, മിനിക്കുട്ടിയുടെ ഉള്ളില്‍ വളരുന്ന കുഞ്ഞിനെ അത്യധികം സ്‌നേഹിച്ചുതുടങ്ങി.

ഡോക്ടറെക്കണ്ടു വീട്ടിലെത്തിയ മിനിയുടെ ഹൃദയം അവളുടെ മാതാപിതാക്കളെ ഓര്‍ത്തു വിങ്ങുന്നുണ്ടായിരുന്നു. താന്‍ പെട്ടെന്ന് ജോലിയില്‍ നിന്നു പിരിഞ്ഞതും പുതിയ സ്ഥലത്താണ് വാസം എന്നതും അവരെ അറിയിക്കാതിരുന്നാല്‍ കൂടുതല്‍ അപകടമാകും. ഒരുതരത്തിലും അവര്‍ വിഷമിക്കാനിടയാകരുത്. മറ്റു ഗത്യന്തരമൊന്നുമില്ലാതെ, അവള്‍ എല്ലാ സത്യങ്ങളും അവരില്‍ നിന്നു മറച്ചുവച്ചുകൊണ്ട് ഒരു ചെറിയ കത്തെഴുതി. കൂടുതല്‍ ശമ്പളമുള്ള ഒരു ജോലി ഒത്തുവന്നതിനാല്‍ താന്‍ പഴയ ജോലിയില്‍ നിന്നും വിരമിച്ചു. പുതിയ ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞാലുടന്‍ വിവരം അറിയിക്കാം. എന്നു മാത്രം ഒപ്പം മാതാപിതാക്കളുടെയും കുഞ്ഞനുജത്തി മേരിയുടെയും ക്ഷേമാന്വേഷണവും.

(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക