Image

പ്രചോദനമായത് ആ വാക്കുകള്‍ (ഡി.ബാബു പോള്‍)

Published on 18 November, 2016
പ്രചോദനമായത് ആ വാക്കുകള്‍ (ഡി.ബാബു പോള്‍)
ഒരു മതത്തിന്റെ ആശയങ്ങള്‍ മറ്റൊരു മതത്തിന്റെ വിഞ്ജാന ശേഖരം ഉപയോഗിച്ച് വിശദീകരിക്കാന്‍ കഴിയുമെങ്കില്‍ മതങ്ങളൊക്കെ ഒന്നാണ്

സ്വാധീനിച്ച വ്യക്തികള്‍?

അച്ഛനും അമ്മയും. വടക്കന്‍ തിരുവിതാംകൂറിന്റെ നവോത്ഥാന നായകനെന്ന് പി.ഗോവിന്ദപിള്ള വിശേഷിപ്പിച്ച പൗലോസ് കോര്‍എപ്പിസ്‌കോപ്പയാണ് എന്റെ അച്ഛന്‍. ഹെഡ്മാസ്റ്ററായിരുന്ന അദ്ദേഹം പുലയര്‍ക്ക് സ്‌ക്കോളര്‍ഷിപ്പൊന്നുമില്ലായിരുന്ന അക്കാലത്ത് ശമ്പളത്തിന്റെ പകുതിയും അവരുടെ വിദ്യാഭ്യാസത്തിനായി ചെലവഴിച്ചിരുന്നു. തിരുവിതാംകൂറില്‍ ഒന്നാം റാങ്കോടെ മെട്രിക്കുലേഷന്‍ വിജയിച്ച എന്റെ അമ്മയുടെ ഈശ്വരവിശ്വാസവും എന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?

എന്നെപ്പോലൊരാള്‍ നാട്ടിന്‍പുറത്ത് നിന്നും ഏഴാം റാങ്കോടെ ഐ.എ.എസ് നേടിയത്, ഇടുക്കി പദ്ധതി പൂര്‍ത്തിയാക്കാനിടയായത്, വല്ലാര്‍പാടത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ആദ്യത്തെ പ്രോജക്റ്റ് റിപ്പോര്‍ട്ട് നല്‍കാനായത്, വേദശബ്ദരത്‌നാകരം എന്ന മലയാളത്തിലെ ആദ്യത്തെ ബൈബിള്‍ നിഘണ്ടു എഴുതാനായത്. എന്നാല്‍ ഇവയൊക്കെ എന്റെ മിടുക്ക് കൊണ്ടല്ല മറിച്ച് ദൈവത്തിന്റെ കാരുണ്യം കൊണ്ടാണ് സാധ്യമായത്.

ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി?

ജീവിതം എപ്പോഴും അധികം, ന്യൂനം, ഗുണനം, ഹരണം എന്നീ നാല് ചിഹ്നങ്ങള്‍ ചേര്‍ന്നുള്ളതല്ലേ? അതിനകത്ത് ഒരു ചലഞ്ചായി ഒന്നിനെക്കുറിച്ചും എനിക്ക് തോന്നിയിട്ടില്ല. കാരണം എന്തു പ്രശ്‌നം ഉണ്ടായാലും ഞാനത് ദൈവത്തിങ്കലാണ് സമര്‍പ്പിക്കുന്നത്.

താങ്കളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിയാത്ത ഒരു കാര്യം?

പല ആളുകളും എന്നെയൊരു വലിയ ആളായി കരുതുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ അതില്‍ കാര്യമില്ലാന്നുള്ള വിവരം അവര്‍ക്കറിഞ്ഞുകൂട.

ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനം?

ഐ.എ.എസ് എഴുതാനുള്ള തീരുമാനം. എന്റെ എസ്. എസ്.എല്‍.സി ബുക്കില്‍ ബാബു എന്നുമാത്രമാണ് ഞാന്‍ ഒപ്പിട്ടിരുന്നത്. ഒരിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ ഡി.ബാബുപോള്‍ എന്ന മുഴുവന്‍ പേരും എഴുതി ഒപ്പിട്ടില്ലെങ്കില്‍ പത്തോ പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് താനൊരു കളക്റ്ററാകുമ്പോള്‍ തന്റെ ഒപ്പിന് ഒരു വിലയുമുണ്ടാകില്ലെന്ന് പ്രീയൂണിവേഴ്‌സിറ്റിക്ക് പഠിക്കവേ എന്റെ ഇംഗ്ലീഷ് പ്രൊഫസര്‍ എന്നോട് പറയുകയുണ്ടായി. അതായിരുന്നു

ഒരു പ്രചോദനം. എന്‍ജിനീയറിംഗ് കഴിഞ്ഞവര്‍ ഐ.എ.എസ് എഴുതുന്നത് അക്കാലത്ത് വളരെ അസാധാരണവുമായിരുന്നു.

രസകരമായൊരു ബാല്യകാലസ്മരണ?

സ്കൂള്‍ പഠനകാലത്ത് ഒരു കല്യാണസദ്യയില്‍ പങ്കെടുക്കവേ നല്ല വണ്ണവും കുടവയറുമൊക്കെയുള്ള സ്ഥലത്തെ പ്രതാപശാലിയായ വില്ലേജ് ഓഫീസറും സദ്യയുണ്ണാനെത്തി. രസികനായ ഞങ്ങളുടെ ഒരു അധ്യാപകന്‍ അദ്ദേഹത്തോട് 'അങ്ങത്ത ഭക്ഷണം കഴിച്ചില്ല അല്ലേ, കണ്ടാല്‍ ഭക്ഷണം കഴിച്ചതായി തോന്നും' എന്നുപറഞ്ഞു. അപ്പുറത്തെ പന്തിയില്‍ ഇതെല്ലാം കേട്ടിരുന്ന ആറാം ക്ലാസുകാരനായ ഞാന്‍, കുടവയറ് കണ്ടിട്ടാണ് സാറ് ചോദിച്ചതെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. പെട്ടെന്ന് വില്ലേജ് ഓഫീസര്‍ എന്നെ നോക്കിയിട്ട് 'പോയി തരത്തിന് കളിക്കെടാ പിള്ളെ' എന്ന് ദേഷ്യപ്പെട്ടു. എന്റെ അച്ഛന്റെ പ്രായമുള്ളവരോടായിരുന്നു ഞാനന്ന് അങ്ങനെ പറഞ്ഞത്.

ജീവിതമൂല്യമായി കരുതുന്നത്?

ഈശ്വരനില്‍ നിന്നും വന്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ഈശ്വരന് വേണ്ടി വന്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. അതായത് വലിയ കാര്യങ്ങള്‍ ചെയ്യുകയും അതിന് ദൈവം സഹായിക്കുമെന്ന് ഉറപ്പായി വിശ്വസിക്കുകയും ചെയ്യുക.

മറ്റുള്ള മതഗ്രന്ഥങ്ങള്‍ പഠിക്കാനുള്ള പ്രേരണ?

അധ്യാപകരായിരുന്ന അച്ഛനും അമ്മയ്ക്കും ഭാരതീയ പാരമ്പര്യങ്ങളോടുള്ള പ്രതിബദ്ധതയായിരുന്നു കാരണം. ആഗമാനന്ദ സ്വാമികളുമായുള്ള അടുപ്പം കാരണം അച്ഛന്‍ ഭഗവത്ഗീതയും വായിക്കുമായിരുന്നു. പക്ഷെ ക്രിസ്തീയ വിശ്വാസ അനുഷ്ഠാനങ്ങളൊക്കെ വളരെ കര്‍ശനമായി അച്ഛന്‍ പാലിക്കുകയും ചെയ്തിരുന്നു. അമ്മയ്ക്ക് രാമായണത്തില്‍ വലിയ താല്‍പ്പര്യമുണ്ടായിരുന്നു. രാമന്‍ കാട്ടിലേക്ക് പോകുമ്പോള്‍ കൗസല്യ പ്രാര്‍ത്ഥിച്ച നാലുവരികളാണ് അമ്മ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നത്. അതിപ്പോഴും ഞാനെന്റെ മക്കള്‍ക്ക് വേണ്ടി ചൊല്ലാറുണ്ട്.

മതഗ്രന്ഥങ്ങളില്‍ നിന്നും താങ്കള്‍ ഉള്‍ക്കൊണ്ടത്?

ഭാഗവത സപ്താഹം ഉദ്ഘാടനം ചെയ്യാനും കടവല്ലൂര്‍ അന്യോന്യത്തില്‍ പ്രഭാഷണം നടത്താനുമൊക്കെ എന്നെ ക്ഷണിക്കാറുണ്ട്. ഭാഗവതത്തെക്കുറിച്ച് പറയുമ്പോള്‍ ബൈബിളിലെ ബിംബകല്‍പ്പനകളും പള്ളിയില്‍ പ്രസംഗിക്കുമ്പോള്‍ രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളും ഞാന്‍ ഉപയോഗിക്കും. ഒരു മതത്തിന്റെ ആശയങ്ങള്‍ മറ്റൊരു മതത്തിന്റെ വിഞ്ജാന ശേഖരം ഉപയോഗിച്ച് വിശദീകരിക്കാന്‍ കഴിയുമെങ്കില്‍ മതങ്ങളൊക്കെ ഒന്നാണെന്നാണ് ഞാന്‍ അതിലൂടെ മനസിലാക്കിയിരിക്കുന്നത്. മതസാരമേകം എന്നതാണ് അതിനര്‍ത്ഥം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക