Image

കേരളപ്പിറവി നാളുകളില്‍ എന്റെ ജന്മഗ്രാമം (ഭാഗം-2: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 16 December, 2016
കേരളപ്പിറവി നാളുകളില്‍ എന്റെ ജന്മഗ്രാമം (ഭാഗം-2: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
കൂട്ടുകുടുംബത്തില്‍ രണ്ടും മൂന്നും തലമുറകളുടെ തിക്കും തിരക്കും. വീടു നിറയെ കുട്ടികള്‍. ഭക്ഷണത്തിനു കൂടുതലും പച്ചക്കറികളും, അന്തിച്ചന്തയില്‍ നിന്നു വാങ്ങുന്ന മത്സ്യവും. പച്ചക്കറികള്‍ അധികവും അവനവന്റെ പറമ്പില്‍ കൃഷിചെയ്തവയും. മാംസാഹാരം വല്ലപ്പോഴുമേ ഉണ്ടായിരുന്നുള്ളു, മിക്കപ്പോഴും ഞയറാഴ്ചകളില്‍ മാത്രം നാല്‍ക്കവലയിലെ കടയില്‍ കാളയിറച്ചി ആലിലയില്‍ പൊതിഞ്ഞു വാങ്ങാന്‍ കിട്ടും, ക്രിസ്മസിനും, ഉയര്‍പ്പു പെരുനാളിനും ഞങ്ങളുടെ വീടിനടുത്ത് കന്നുകാലികളെ അറുക്കുക ഒരു സംഭവമായിരുന്നു, ഒരു പങ്ക് (ഏകദേശം രണ്ടു കിലോ) ആണ്, രണ്ടു രൂപ വില, ആ ഇറച്ചി കറി വച്ചു കഴിക്കുമ്പോഴുള്ള രുചി ഇന്നും നാവിലൂറുന്നു. അമ്മ വച്ചു വിളമ്പിത്തരുന്നത് അടുക്കളയില്‍ നിരത്തിയിട്ട കുരണ്ടികളില്‍ ഇരുന്ന് സംതൃപ്തിയോടെ കഴിച്ചിരുന്നു. വീട്ടിലെ ആവശ്യത്തിനുള്ള പാലും മുട്ടയും വീട്ടില്‍ വളര്‍ത്തുന്ന പശുവും ആടും കോഴിയും നല്‍കിയിരുന്നു. ഇറച്ചിയ്ക്ക് വല്ലപ്പോഴും കോഴിയെ കൊന്ന് ഇറച്ചിക്കറി വയ്ക്കുന്നത് വലിയ രുചിയോടെ വീടു നിറയെയുള്ളവര്‍ ഭക്ഷിച്ചിരുന്നു. സ്ക്കൂള്‍ തുറക്കുമ്പോഴും ഓണത്തിനും ചിലപ്പോള്‍ പിറന്നാളിനും ഒക്കെ മാത്രമേ കുട്ടികള്‍ക്ക് പുതുവസ്ത്രങ്ങള്‍ ലഭിച്ചിരുന്നുള്ളൂ, വളരെ കുറച്ചു ജോഡി വസ്ത്രങ്ങള്‍ മാത്രമേ ഓരോരുത്തര്‍ക്കും അന്ന് ് ഉണ്ടായിരുന്നുള്ളു.

സന്ധ്യയ്ക്കു കൊളുത്തിവച്ച നിലവിളക്കിനരികില്‍ നിലത്തു വിരിച്ചിട്ട പായയില്‍ നിരന്നിരന്ന് ഉരുവിട്ട സന്ധ്യാപ്രാര്‍ത്ഥനയും രാമനാമജപവും സാന്ധ്യനീലിമയിലെ നീരലകളായി മാറ്റൊലിക്കൊണ്ടു. പിറന്നാള്‍പ്പായസം, ഓണസദ്യ, ക്രിസ്തുമസ്, വലിയ നോമ്പുവീടല്‍, കടമ്പനാട്ടു പള്ളിയിലെ പെരുനാള്‍, മലനട അമ്പലത്തിലെ ഉത്സവം, റംസാന്‍ ഒക്കെ ഗ്രാമത്തിന്റെ പൊതുവായ ഉത്സവമേളങ്ങളും, കുട്ടികളും വലിയവരും ആര്‍ത്തിയോടെ കാത്തിരുന്ന വിശേഷദിനങ്ങളുമായിരുന്നു. ഓണത്തിന് പത്തു ദിവസം മുമ്പ് അത്തം തൊട്ട് പൂക്കളമൊരുക്കല്‍, വീടിന്റെ മുറ്റവും വഴിയും ചെത്തിമിനുക്കല്‍, വീട്ടുമുറ്റത്തെ മരക്കൊമ്പില്‍ ഊഞ്ഞാലിടീല്‍, നെല്ലു പുഴുങ്ങി കുത്തി അരി തയ്യാറാക്കല്‍, നെല്ലു കുത്തിയെടുക്കുന്നത് വീട്ടിലെ ഉരലിലായിരുന്നു, ഓണത്തലേന്ന് ഉപ്പേരി വറുക്കലും ഒക്കെ ആയി ആ ഗ്രാമീണ അടുക്കളയില്‍ ഒരു ശബ്ദകോലാഹലം നിറഞ്ഞ തത്രപ്പാട്. എണ്ണ തേച്ച് ഓണക്കുളി, ഓണക്കോടി, ഓണ സദ്യ, അതു കഴിഞ്ഞുള്ള ഓണക്കളികളും ഒക്കെ എന്റെ ഗ്രാമത്തിന്റെ പൊതുവായ ആനന്ദാമൃത ലഹരിയായിരുന്നു. പുരമേയലും തുറുവിടീലും കൂട്ടര്‍ ഒത്തൊരുമിച്ചു നടത്തലും അതിനുശേഷമുള്ള സദ്യയൂണും ആഘോഷമായി നടത്തിയിരുന്നു. കാളപൂട്ടും, ഞാറുനടീലും, കളപറിക്കലും, കൊയ്ത്തും മെതിയും പകര്‍ന്നു നല്‍കിയ സൗഹൃദ സമുഹ സമ്മേളനം, കല്യാണത്തലേരാത്രികള്‍ ആഹ്ലാദത്തിമിര്‍പ്പോടെ ബന്ധുമിത്രാദികള്‍ കൂടി പകര്‍ന്ന മാധുര്യം, പരസ്പര സ്‌നേഹബഹുമാനാദരവുകള്‍ നിറഞ്ഞുനിന്ന കൂട്ടുകുടുംബങ്ങള്‍, ജീവിതത്തിന് ഊടും പാവും പകര്‍ന്നു.

ഗ്രാമത്തിലെ കുടിപ്പള്ളിക്കൂടങ്ങളും കുടിയാശാന്മാരും കുട്ടികളുടെ ബാല്യകാല വിദ്യാഭ്യാസം നടത്തിയിരുന്നു. നാട്ടാശാന്റെ കുടിപ്പള്ളിക്കൂടത്തിലെ മണലിലെഴുത്തും, ആശാന്റെ വടിയുടെ ചൂടും, അക്ഷരങ്ങള്‍ എഴുതിയ എഴുത്തോലക്കെട്ടും എല്ലാം എന്നും മങ്ങാത്ത സ്മരണകളാണ്്. കലാലയ വിദ്യാഭ്യാസം പലര്‍ക്കും മരീചികയായിരുന്നു. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം നേടിക്കഴിഞ്ഞാല്‍ അധികം പെണ്‍കുട്ടികളും നേഴ്‌സിംഗിനും, ആണ്‍കുട്ടികള്‍ മിലിട്ടറി, എയര്‍ഫോഴ്‌സ് തുടങ്ങി വലിയ ചെലവില്ലാതെ ജോലി ലഭിക്കുന്ന മാര്‍ഗ്ഗങ്ങളിലേക്കുമായിരുന്നു യാത്ര.

അന്നു മാതാപിതാക്കള്‍ വടിയെ സ്‌നേഹിക്കാതെ മക്കളെ ശിക്ഷിച്ചിരുന്നു. അദ്ധ്യാപകരെ ആരാധനയോടെ നോക്കിയിരുന്നു. വീട്ടിലും സമൂഹത്തിലും ഉള്ള മുതിര്‍ന്നവരെ ബഹുമാനത്തോടെ സംബോധന ചെയ്തിരുന്നു. അവരവര്‍ വിശ്വസിച്ചു പ്രാര്‍ത്ഥിച്ചുപോന്ന പള്ളികളും അമ്പലങ്ങളും ഓരോരുത്തരുടെയും തീര്‍ത്ഥാടനകേന്ദ്രങ്ങളായിരുന്നു. മതപരിവര്‍ത്തനത്തിന് ആരും ആരെയും വശീകരിച്ചിരുന്നില്ല. കര്‍ഷകയൂണിയനുകളൊന്നും നിലവിലില്ലാതിരുന്നതിനാല്‍ അടിയാന്മാരും തമ്പ്രാന്മാരും ആത്മാര്‍ത്ഥതയോടെ കൃഷിയെ സ്‌നേഹിച്ചിരുന്നു. രാത്രിയില്‍ യാത്രയ്ക്കുവേണ്ടി ചൂട്ടുകറ്റകള്‍ മിക്ക വീടുകളിലും തയ്യാറാക്കി വച്ചിരുന്നു. മില്‍മായും ബൂത്തും ഒന്നും എത്തിനോക്കാഞ്ഞതിനാല്‍ കരിപ്പെട്ടിക്കാപ്പിയോടെ നേരം പുലര്‍ന്നു. രോഗത്തിന് ആയുര്‍വ്വേദവും സര്‍ക്കാരാശുപത്രിയും ആശ്വാസം നല്‍കി. സ്ത്രീകളുടെ പ്രസവം വീട്ടില്‍ത്തന്നെ വയറ്റാട്ടികളുടെ വിദഗ്ധ ശുശ്രൂഷയിലായിരുന്നു നടന്നിരുന്നത്. പാംപര്‍, ബേബിഫുഡ്, നഴ്‌സറി എന്നൊന്നും അന്നു കേട്ടിരുന്നില്ല. വീടിനരികെയുള്ള തോട്ടിലെ നീരാട്ട്, സ്ക്കൂളിലേയ്ക്ക് വാഴയിലയിലെ ചോറ്റുപൊതി, വയല്‍വരമ്പിലൂടെ നഗ്നപാദങ്ങളാല്‍ ദീര്‍ഘദൂരം നടത്തം, വിശപ്പോടുകൂടി ഭക്ഷണം, ഒരുമിച്ചുള്ള അത്താഴം, കഥപറച്ചില്‍, നിലത്തു വിരിച്ച പായിലോ പത്തായപ്പുറത്തോ കിടന്നു സുഖമായ ഉറക്കം ഒക്കെയിന്ന് ഗ്രാമത്തെ പട്ടണം ആദേശം ചെയ്തതോടുകൂടി അന്യം നിന്നുപോയി.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക