Image

എന്റെ ജന്മനാടിന്റെ അനാഥത്വം (3) എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്

Published on 21 December, 2016
എന്റെ ജന്മനാടിന്റെ അനാഥത്വം (3) എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്
വര്‍ഷങ്ങളേറെക്കടന്നു ഞാനെത്തിയെന്‍
ഹര്‍ഷപ്രദീപ്തമമാം ഗ്രാമീണ ഭൂമിയില്‍
ചെറ്റക്കുടിലുകളങ്ങിങ്ങു കണ്ടിടാം
പുത്തന്‍മണിമേട യേറെയുയര്‍ന്നിട്ടും
നെല്ലും പതിരുമിടയ്ക്കിടെച്ചേര്‍ന്നപോല്‍
ഉല്ലസിക്കുന്നവ ഗ്രാമീണശാന്തിയില്‍.
വൃദ്ധരാമച്ഛനുമമ്മയും മാത്രമായ്
ഉത്തുംഗമായൊരാ മേടതന്‍ കോണിലായ്
മുറ്റത്തുണങ്ങും കപ്പയ്ക്കും റബ്ബറിനും
മുറ്റുമേ കാവല്‍ പോല്‍ എകാന്ത ചിത്തരായ്,
എന്നോ വെക്കേഷനു വന്നിടും മക്കളെ
സ്വപ്നത്തില്‍ കണ്ടങ്ങിരിയ്ക്കുന്ന കാഴ്ചയും,
കാളവണ്ടിയില്ല, നാട്ടാശാന്മാരില്ല
കാണുവാനില്ലേറെ വീരയുവാക്കളെ,
ചട്ടയും മുണ്ടുമേ പൊട്ടിനു മാത്രമായ്
കാട്ടുവാനായിട്ടേ കാണുവാനിന്നുള്ളു,
സാരിയും സാല്‍വാറും പാന്‍സും മിഡിയുമായ്
നാരീമണികളെന്‍ കൗതുകമാളിച്ചു.
നാല്‍ക്കവലേലാ ചുമടുതാങ്ങിയിന്നു
നോക്കുകുത്തിപോലനാഥമായ് നില്പഹോ !
ജീവിതചക്രത്തിരിച്ചിലിന്‍ മാസ്മരം
എവിധമിന്നെന്നെ മാറ്റിയെന്നാകിലും
എന്നെ ഞാനാക്കിയൊരെന്‍ ഗ്രാമ ചേതന
എന്നാത്മ തന്ത്രിയിന്‍ നിത്യമാം മര്‍മ്മരം.

കുളിര്‍കോരുന്ന ക്രിസ്ത്മസ് രാത്രിയില്‍ ചൂട്ടുകറ്റ മിന്നിച്ചു മൈലുകള്‍ അകലെയുള്ള ദേവാലയത്തിലേയ്ക്ക്, മുമ്പില്‍ നടന്നു നീങ്ങുന്ന മുതിര്‍ന്നവരുടെ പിന്നില്‍ നീങ്ങുന്ന കുട്ടികളുടെ ഉത്സാഹവും ആവേശവും, ദേവാലയത്തിലെത്തുമ്പോഴേയ്ക്കും ശുശ്രൂഷകള്‍ ആരംഭിച്ചിരിക്കുന്നതും, കുരുത്തോലകള്‍ ആഴിയില്‍ ഇടുന്നതിനുള്ള തത്രപ്പാടും, ക്രിസ്ത്മസ് രാവിലെ വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ കാത്തിരിയ്ക്കുന്ന പാലപ്പത്തിന്റെയും ഇറച്ചിക്കറിയുടെയും കേക്കിന്റെയും കൊതിയുറുന്ന രുചിയും ഇടയ്ക്കിടെ ഓര്‍ത്തുകൊണ്ടുമാണ് കുട്ടികളായ ഞങ്ങള്‍ ദേവാലയത്തില്‍ സമയം കഴിച്ചു കൂട്ടുന്നതും,, ശുശ്രൂഷകളില്‍ യാന്ത്രികമായി അര്‍ത്ഥം മനസ്സിലാക്കാതെ പങ്കെടുത്തതും തേനൂറും ഓര്‍മ്മകളാണിന്നും.

വീടുനിറയെ കുട്ടികളും, അവരുടെ ബാല്യത്തിന്റെ ലളിതമായ ചാപല്യങ്ങളും, കൗതുകങ്ങളും, കൂട്ടംകൂടിയുള്ള കളികളും, അവര്‍ ഓടിക്കളിച്ച മുറ്റവും തൊടികളും ഒന്നോ രണ്ടോ കുട്ടികളുടെപോലും ശബ്ദം കേള്‍ക്കാനില്ലാതെ ഇന്നു കേഴുന്നു. കൃഷിയിടങ്ങള്‍ തരിശുഭൂമികളാകുന്നു. വീടുകള്‍ മിക്കവയും ആളില്ലാതെ പൂട്ടിക്കിടക്കുന്നു. പ്രതാപൈശ്വര്യങ്ങള്‍ വര്‍ണ്ണപ്രഭ വീശി നിന്ന ഔന്നത്യമാര്‍ന്ന തറവാടുകള്‍ വിജനമായും പ്രകാശമറ്റും ആളനക്കമില്ലാതെയും പ്രേതഭവനങ്ങള്‍ പോലെയും, ചിലവ മണ്‍കൂനകളായും കിടക്കുന്ന കാഴ്ച ഭയാനകം തന്നെ. കാല്‍നടക്കാരില്ലാതെ ഗ്രാമപാതകള്‍ നിര്‍ജ്ജീവമായും വിജനമായും കാണപ്പെടുന്നു. പൂട്ടും വിതയും കൊയ്ത്തും മെതിയും തമിഴ്‌നാടിനു തീറെഴുതിക്കൊടുത്തിരിക്കുന്നു. ഭാരിച്ച സ്ത്രീധനം അനേകം യുവതികളെ അവിവാഹിതരാക്കി നിര്‍ത്തുന്നു. ഒരുവശത്ത് സമൃദ്ധിയുടെ കേളികൊട്ട്, മറുവശത്ത് നിര്‍ദ്ധനതയുടെ അഗാഥ ഗര്‍ത്തം. കുട്ടികളുണ്ടാവാന്‍ തന്നെ സമയവും കാലവും നോക്കേണ്ടിയിരിക്കുന്നു. അണു കുടുംബങ്ങളില്‍ അമ്മൂമ്മക്കഥകളില്ല, കൊച്ചുമക്കള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ അമ്മൂമ്മമാര്‍ അടുത്തില്ല. തൊടികള്‍ കുഞ്ഞിക്കാലുകള്‍ ഓടാനില്ലാതെ തേങ്ങുന്നു. കിണറുകള്‍ വെള്ളം കോരാതെ നിശ്ചലമായി വിതുമ്പുന്നു. കുഞ്ഞിനു പാലുകൊടുക്കാന്‍ കൂടി അമ്മയ്ക്കു നേരമില്ല. ക്രഷും, നേഴ്‌സറിയും, കുപ്പിപ്പാലും നല്‍കുന്ന യാന്ത്രികത്വം കുഞ്ഞിനു ജന്മസുഹൃത്താകുന്നു.

തള്ളതന്‍ പാലു കുടിച്ചു വളരാത്ത
പിള്ളയ്ക്കു മാതൃവിചാരമുണ്ടാകൊലാ
പള്ളാട്, എരുമ ഇവറ്റതന്‍ പാലാണ്
പിള്ളാരിലുള്ള മൃഗീയതാ കാരണം.

ജനനം മുതലേ എക്‌സ്‌പോര്‍ട്ടു ക്വാളിറ്റിയായി (പുറം നാടുകളിലേയ്ക്ക് കയറ്റി
അയയ്ക്കാനായി) വളര്‍ത്തപ്പെടുന്നതിനാല്‍ കുട്ടികള്‍ക്കു കളിക്കാന്‍ നേരമില്ല, റ്റിയൂഷനൊഴിഞ്ഞ സമയമില്ല, കൊടും ചൂടിലും കോട്ടും കഴുത്തിറുക്കുന്ന ടൈയും, വിയര്‍ത്തൊലിക്കുന്ന സോക്‌സും ഷൂസും, ഭാരമേറിയ പുസ്തക ഭാണ്ഡവും പേറി തല്ലിപ്പഴുപ്പിച്ച ബാല്യങ്ങള്‍ക്ക് മുലപ്പാലും മാതൃഭാഷയും ഇന്നന്യമായി മാറിക്കൊണ്ടിരിക്കുന്നു. മലയാളം പഠിത്തം പഴഞ്ചനെന്ന മുന്‍വിധിയില്‍, മലയാളം സ്കൂളുകളില്‍ പഠിക്കാന്‍ കുട്ടികളില്ല, ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ വന്‍കോഴ കൊടുത്തു പ്രവേശനം, നാഴികമണിയുടെ ചലനത്തിനൊത്തുള്ള പാച്ചിലില്‍ കഞ്ഞുങ്ങള്‍ ബാല്യചാപല്യങ്ങളനുഭവിക്കാതെ വളര്‍ന്നുപോകുന്നു. നാലക്ഷരം ഇംഗ്ലീഷു പഠിച്ചാല്‍ നാടു കടക്കാന്‍ വെമ്പുന്ന യുവതലമുറ, സ്വന്തം നാട്ടില്‍ കൈകൊണ്ടു മെയ് ചൊറിയാന്‍ മടിയ്ക്കുന്ന പുതുതലമുറ. വിദ്യാഭ്യാസം കഴിഞ്ഞ യുവാക്കള്‍ മിക്കവരും പുറംനാടുകളിലേയ്ക്ക് ചേക്കേറുന്നു. നാടിന്റെ വീരയുവാക്കള്‍ അന്യനാടുകളുടെ ശക്തിസ്രോതസ്സാകുന്നു. നാല്‍ക്കവലകളിലെ ചായക്കടകളില്‍ ഉച്ചത്തിലുള്ള പത്രപാരായണം കേള്‍ക്കാന്‍ വട്ടത്തില്‍ ആള്‍ക്കൂട്ടമില്ല. തമ്പ്രാനും അടിയാനും ഓര്‍മ്മയായി. വഴിക്കവലകളിലെ ചുമടുതാങ്ങികള്‍ നോക്കുകുത്തികളായി. ക്രിസ്മസും, ഓണവും, വിഷുവും, തൃക്കാര്‍ത്തികയും റെഡി മൈഡ് പാക്കറ്റുകളിലായി. ഭവനങ്ങളില്‍ കുടുംബപ്രാര്‍ത്ഥന കറയുന്നു. വിവാഹ ജീവിതത്തിന്റെ ആയുര്‍ദൈര്‍ഘ്യം കുറയുന്നു. വൃദ്ധനും, നരച്ച തലകളും, പല്ലില്ലാത്ത കവിളുകളും കാണ്‍മാനില്ല. മരണ ശേഷം മോര്‍ച്ചറികളില്‍ വയ്ക്കാത്ത ശവശരീരങ്ങള്‍ വിരളം. മരണത്തില്‍ കണ്ണുനീരും കരച്ചിലും അന്യം നിന്നുപോകുന്നു.

എഴുത്തുകാരും സാംസ്ക്കാരിക നായകന്മാരും ഒന്നുപോലെ ശബ്ദമുയര്‍ത്തുന്ന ഒരു വിഷയമാണ് കേരളത്തിന്റെ ഭാഷയും സംസ്ക്കാരവും കൈമോശം വന്നുകൊണ്ടിരിക്കുന്നുവെന്നത്. നിര്‍ഭാഗ്യവശാല്‍ ഇവയെല്ലാം വനരോദനങ്ങളായി മാറിക്കൊണ്ടിരിക്കയാണ്. കാരണം ആധുനികതയുടെ ആഡംബരങ്ങളില്‍ ഭ്രമിച്ചു കഴിയുന്ന ഒരു ജനതയ്ക്ക് അവരടെ പൈതൃകവും, ചരിത്രവും അന്വേഷിക്കാനും അതു സംരക്ഷിക്കാനും താത്പര്യമില്ല. വേഷം, ഭാഷ, ആചാരങ്ങള്‍, ജീവിതരീതി എല്ലാം പ്രതിദിനം മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് കുടുംബ ശിഥിലീകരണവും സമൂഹത്തില്‍ അശാന്തിയും വര്‍ദ്ധിച്ചുവരുന്നു.

ആഗോളവല്‍ക്കരണത്തിനിരയാകുന്നതില്‍ സാക്ഷര കേരളം മാത്രം മുന്‍പന്തിയില്‍ വരുന്നതിന്റെ കാരണം അന്ധമായ ആവേശത്തോടെ പാശ്ഛാത്യ ലോകത്തില്‍ (western world) നടക്കുന്ന തിന്മയുടെ മായാജാലങ്ങള്‍ മാത്രം അനുകരിക്കുവാന്‍ ഒരു തലമുറ തയ്യാറാകുന്നു. അങ്ങനെ വരുമ്പോള്‍ ആ സമൂഹത്തില്‍ അധഃപതനം ഉറപ്പാകുന്നു. നന്മ അപ്പോഴും വിജയിക്കുകയും അതിന്റെ ശക്തി കാലാകാലങ്ങളില്‍ നിലകൊള്ളുകയും ചെയ്യുന്നു. ഇന്നു കോണ്‍ക്രീറ്റു വനങ്ങള്‍ കൊണ്ടു നിറയുന്ന കേരളത്തിനു നഷ്ടപ്പെടുന്ന പ്രകൃതിസമ്പത്തിനെക്കുറിച്ചു് ആരെങ്കിലും ബോധവാന്മാരാകുന്നുണ്ടോ? 2025 ല്‍ ലോകം മുഴുവന്‍ കുടിനീര്‍പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരു ലോക സര്‍വ്വേയില്‍ പറയുന്നു. കായലും പുഴയും നികത്തി കെട്ടിടസമുച്ചയങ്ങള്‍ ഉയര്‍ത്തുന്നവര്‍ താല്‍ക്കാലികലാഭം നോക്കുമ്പോള്‍ വരുംതലമുറ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കും. വിസ്താരഭയത്താല്‍ കൂടുതല്‍ പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നില്ല. തെങ്ങോലകള്‍ പീലിവിടര്‍ത്തുന്ന, കായലോരങ്ങള്‍ കവിത പാടുന്ന, പാദസരങ്ങള്‍ കിലുക്കിക്കൊണ്ട് പുഴകള്‍ ഒഴുകുന്ന, മല്ക്കും ആഴിയ്ക്കും ഇടയില്‍ കിടക്കുന്ന, മാവേലിപ്പാട്ടുപാടി ആമോദത്തോടെ ജനങ്ങള്‍ വസിച്ചിക്കുന്ന ആ സുന്ദര കേരളം അതു നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ഓരോ മലയാളിയും പ്രതിബദ്ധത കാണിക്കണം. കേരളത്തിന്റെ പ്രകൃതിസൗന്ദര്യമാണ് സഞ്ചാരികളെ അവിടേയ്ക്ക് ആകര്‍ഷിച്ചിരുന്നത്.. അല്ലാതെ, അയ്യഞ്ചു സെന്റില്‍ പണിത കെട്ടിടങ്ങളും അടിമുടി അഴിമതിയും, ബന്ദും, ഹര്‍ത്താലും, ക്വട്ടേഷന്‍ എന്ന പേരില്‍ അഴിഞ്ഞാടുന്ന ഗുണ്ട ണ്ട ണ്ട ാക്കൂട്ടവും ഉള്ള ഒരു നാട്ടിലേയ്ക്ക് സഞ്ചാരികള്‍ വരികില്ലെന്നല്ല അവിടെ താമസിക്കുന്നവര്‍ പോലും വേറെ നാട്ടിലേയ്ക്ക് മാറി താമസിക്കാന്‍ ആഗ്രഹിക്കും.

ഇന്ന് പാക്കറ്റുകളില്‍ ലബിക്കുന്ന ഓണവും ക്രിസ്ത്മസും യാന്ത്രികമായി ഓര്‍മ്മകള്‍ പുലര്‍ത്തപ്പെടുന്നു. ദേവാലയങ്ങളില്‍ ആരാധനയ്ക്് ദൈര്‍ഘ്യം കൂടുതലെന്ന പരാതി. വൃദ്ധരായ മാതാപിതാക്കള്‍ ഒഴിഞ്ഞു കിട്ടാനുള്ള വേവലാതി. വൃദ്ധരായ മാതാപിതാക്കള്‍ മക്കള്‍ക്ക് ബാദ്ധ്യതയായി മാറുന്നു, വിരലിലെണ്ണാന്‍ മാത്രം ഒന്നോ രണ്ടോ മക്കള്‍, അവരും വിദേശത്തും ആകുമ്പോള്‍ അനാഥരായ മാതാപിതാക്കള്‍ക്കിന്ന് വൃദ്ധസദനങ്ങളും ശരണാലയങ്ങളുമാണ് അഭയം, വേദനാജനകമായ ഈ അവസ്ഥയാണ് കേരളത്തിലെവിടെയും. ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്നുവോ? അടുത്ത അയല്‍ക്കാരന്റെ പേരുപോലും ഇന്ന് അറിയുന്നുവേണ്ടാ? ഭവനത്തില്‍ പരസ്പരം സംസാരിക്കുവാന്‍ പോലും സാവകാശം ലഭിക്കാത്തതിനാല്‍ ബന്ധങ്ങള്‍ ഉലയുന്നുവോ? ദൈവത്തെപ്പോലും ഇഞ്ചിഞ്ചായി പകുത്തെടുത്ത് അവനവന്റെ ഇംഗിതമനുസരിച്ച് മത നാമങ്ങളില്‍ കുടുക്കുന്നതിനാല്‍ ഈശ്വരന്‍ പോലും ഭയന്ന് അകലുന്നുവോ? ഗ്രാമീണ ശാന്തിയും ലാളിത്യവും എവിടെയോ ഒലിച്ചു പോയോ? തോക്കും, കഠാരയും, മണ്ണെണ്ണയും, തീയും, പെണ്‍വാണിഭവും, ബലാല്‍സംഗവും, മാഫിയായും "ദൈവത്തിന്റെ സ്വന്തം നാടിന്റെ' മറയിടങ്ങളില്‍ പതിയിരിക്കുന്നതിനാല്‍ ‘God’s own country of crime’ എന്ന് ഒരു വിദേശപത്രം കേരളത്തെ വിശേഷിപ്പിച്ചപ്പോള്‍ കേരളത്തില്‍ നിന്നും പുറത്തു കടന്ന കൈരളീ മക്കള്‍ വേദനിക്കുന്നില്ലേ?
(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക