ശ്രീ തമ്പി ആന്റണി തെക്കേക്ക്. നാടക നടന്‍, സിനിമാനടന്‍, കവി, എഞ്ചിനീയര്‍. സിനിമയില്‍ തലയെടുപ്പുള്ള നടന്‍ ബാബു ആന്റണിയുടെ സഹോദരന്‍ എന്നിത്യാദി പല നിലകളിലും തമ്പിയെക്കുറിച്ചു കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകളും വായിച്ചിട്ടുണ്ട്. ജീവിതത്തില്‍ പല കാര്യങ്ങള്‍ക്കും യാദൃച്ഛികതയുണ്ടല്ലൊ.
അത്തരത്തില്‍ ഒന്നാണ് കടലിനക്കരെയും ഇക്കരെയുമായി പാര്‍ത്തിരുന്ന ഞാനും തമ്പി ആന്റണിയുമായി ഉണ്ടായ ദൂരത്തിലെ അടുപ്പവും. ഒരുപക്ഷേ സാഹിത്യാഭിരുചിയെന്ന സമാന സംസ്കാരമാവാം അതിനു നിമിത്തമായത്.
എപ്പോഴാണെന്നും എവിടെവച്ചാണെന്നും ഓര്‍മ്മയില്ല. ഒരു മീറ്റിംഗില്‍ പങ്കെടുത്ത് തമ്പി സ്വന്തം കവിത ചൊല്ലിയപ്പോള്‍ അടുത്തിരുന്ന ഒരാള്‍ പറഞ്ഞു: ‘സിനിമാ നടന്‍ തമ്പി ആന്‍ണി; കാലിഫോര്‍ണിയയില്‍ നിന്ന് എത്തിയതാണ്.’ അങ്ങനെ ഒരപൂര്‍വ ദര്‍ശനം.
പിന്നീട് തമ്പിയുടെ ചില കഥകള്‍ മാധ്യമങ്ങളില്‍ വന്നപ്പോള്‍ കവിതയേക്കാള്‍ മികവ് കഥയാണെന്നു തോന്നുകയും ചെയ്തു. ശ്രീ. ജോയന്‍ കുമരകംവഴി ഒരു ഫോണ്‍ബന്ധം തരമായപ്പോള്‍ അക്കാര്യം സൂചിപ്പിക്കുകയും തമ്പി തത്ക്കാലം കവിതയെഴുത്തിന് അവധി കൊടുത്ത് കഥാരംഗത്തേക്ക് വരികയാണ് കൂടുതല്‍ നല്ലതെന്ന് ഒരഭിപ്രായം പറഞ്ഞപ്പോള്‍ മിക്ക കഥകളും എനിക്കയച്ചു തരികയും അങ്ങനെ എന്റെ ഏകാന്ത വേളകള്‍ക്ക് അക്കഥകള്‍ അര്‍ഭകരായും മാറി.
‘ഇനിയുമിനിയും കഥകളെഴുതൂ. കഥാരംഗം കയ്യടക്കാന്‍ കഴിയും’ എന്നു പറയും. ചില നിസ്സാര പിശകുകള്‍ ദൃഷ്ടിയില്‍പ്പെടുന്നത് ചൂണ്ടിക്കാണിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ‘വാസ്‌കോഡ ഗാമ’ കരഗതമായപ്പോള്‍ ഒരാസ്വാദനം എഴുതാനുള്ള യോഗവുമുണ്ടായിരിക്കുന്നു.
തമ്പിയുടെ കഥാലോകത്തു സഞ്ചരിക്കുമ്പോള്‍ എന്റെ ദൃഷ്ടിയില്‍പ്പെട്ട ചില സവിശേഷതകള്‍; ഒന്നാമതായി ഇതിലെ പ്രമേയം കഥാകൃത്തിന്റെ സ്വന്തമാണ്. ആരില്‍നിന്നും കടമെടുത്തതോ എങ്ങുനിന്നും മോഷ്ടിച്ചതോ അല്ല. എഴുത്തില്‍, ശൈലിയില്‍ എല്ലാം കഥാകൃത്തിന്റെ വ്യക്തിമുദ്ര പതിഞ്ഞു കിടക്കുന്നു. അപ്പോഴെല്ലാം പ്രശസ്തരായ പല എഴുത്തുകാരുടെയും ‘മോഷണകഥകള്‍’ തൊണ്ടിസഹിതം പിടിച്ച് പരസ്യപ്പെടുത്തിയ ചില വാര്‍ത്തകള്‍ വായിച്ചത് മറവിയുടെ മാറാപ്പില്‍നിന്ന് എത്തിനോക്കി. അതു പോട്ടെ.
ഭാഷയുടെ പ്രത്യേകതയാണ് മറ്റൊന്ന്. ഭാഷയുടെ കരുത്ത് വരമൊഴിയല്ല, വാമൊഴിയിലാണെന്നു തെളിയിക്കുന്ന ലളിത പദങ്ങളുടെ പ്രയോഗം, അതിന്റെ ഓജസ്സും തേജസ്സും അനുഭവൈകവേദ്യം! തമ്പിയുടെ വാമൊഴികള്‍ക്ക് വരമൊഴി ആദരപൂര്‍വ്വം വഴിമാറുന്ന കാഴ്ച! തദനുയോജ്യമായ വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍... കഥാകൃത്ത് പ്രശംസയുടെ ഒരു പൂച്ചെണ്ടിന് സര്‍വ്വദാ യോഗ്യന്‍! പാത്രസൃഷ്ടിയിലും അവര്‍ക്കനുസൃതമായ നാമകരണത്തിലും കഥാകൃത്ത് തന്റെ ദക്ഷത തെളിയിച്ചിട്ടുണ്ട്, ഒപ്പം ഔചിത്യവും.
ഈ കഥകളിലൂടെ സഞ്ചരിക്കുന്ന സഹൃദയന് അനുഭവവേദ്യമാകുന്ന, ഒരുപക്ഷേ, അയാളെ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം അതിലെ ‘നര്‍മ്മ’മാണ്. അന്തര്‍വാഹിയായി പ്രവഹിക്കുന്ന ഹാസ്യം, പരപ്പില്‍ പ്രവഹിക്കാതെ സ്ഫുടിച്ചു സ്ഫുടിച്ചു പ്രത്യക്ഷപ്പെടുന്ന ജാലവിദ്യ! വായനക്കാരുടെ അധരങ്ങളില്‍ അറിയാതെ ഒരു മന്ദഹാസം ഉദയംചെയ്യുന്നു. എന്റെ മനസ്സ് അപ്പോഴൊക്കെ കഥാകൃത്തിനെക്കുറിച്ച് ‘അമ്പടാ! പഹയാ’ എന്ന് മന്ത്രിക്കാറുണ്ട്.
പരഹൃദയജ്ഞാനി; അനുഭവത്തിന്റെ ശൃംഗത്തില്‍നിന്നുകൊണ്ട് ജീവിതത്തെ സൂക്ഷ്മനിരീക്ഷണം ചെയ്യുന്ന ഒരു സമര്‍ത്ഥന്‍. പ്രശംസ ഇത്രയില്‍ നിര്‍ത്തുന്നു. ‘അതി സര്‍വ്വത്ര വര്‍ജ്ജയേത്’ എന്നൊരു പ്രമാണവുമുണ്ടല്ലൊ. പോരാത്തതിന് എന്തിനുമേതിനും ദോഷം-കുറ്റം-കണ്ടുപിടിക്കുന്ന ഒരു ദുശ്ശീലവും എനിക്കു ജാസ്തിയാണെന്ന് എന്റെ മുഖത്തുനോക്കിയും, എന്നെ കണ്ടിട്ടില്ലാത്തവരുംകൂടി പറയുന്നുണ്ട്. അതംഗീകരിച്ചുകൊണ്ട് കഴുകന്‍ കണ്ണുകളോടെ ഇതിലെ പിശകുകള്‍-പിഴവുകള്‍ കണ്ടുപിടിക്കാനും ഒരു ശ്രമം നടത്തുന്നുണ്ട്.
തമ്പിക്കഥകളുടെ മറ്റൊരു പ്രത്യേകത, വായനക്കാരും കഥാപാത്രങ്ങളും അവയുടെ സ്രഷ്ടാവുമായി ഒരു താദാത്മ്യം ഈ മൂന്നുകൂട്ടരും അറിയാതെ സ്വമേധയാ നടക്കുന്നുണ്ട്. നമുക്കറിയാവുന്ന, നമ്മുടെയിടയില്‍ നമ്മോടൊപ്പം ജീവിക്കുന്നവര്‍! എന്നാലോ, നാം സാധാരണക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന പല കാര്യങ്ങളും കഥാകൃത്തിന്റെ ‘ഗൃധ്‌റനേത്രങ്ങള്‍’ കണ്ടുപിടിച്ച് നമുക്കു കാട്ടിത്തരുന്നു. പെണ്‍മനം പെണ്ണുങ്ങളെക്കാള്‍ നന്നായി അറിയുന്ന ഒരു ‘വേന്ദ്രന്‍’!
‘ആള്‍ദൈവം ആനന്ദകല്യാണി’ കഥയിലെ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ഗോമതിയാണ്. എന്നാല്‍ കല്യാണിയാണ് കഥയില്‍ പ്രധാനിയായി തിളങ്ങുന്നതെങ്കിലും ഒടുവില്‍ ഗോമതിയാണ് അത്രയൊന്നും രംഗത്തുവരുന്നില്ലെങ്കിലും കഥാന്ത്യത്തില്‍ മേല്‍ക്കൈ നേടി ഇതര കഥാപാത്രങ്ങളെ ബീറ്റ് ചെയ്യുന്നത്. കല്യാണിയെ തനിച്ചു കാണാനുള്ള തന്ത്രം, ‘എല്ലാമറിയാവുന്ന’ എന്നാല്‍, ഒന്നും അറിയില്ലെന്നു ഭാവിക്കുന്ന, ‘പുരുഷസ്വഭാവം’ അറിയുന്ന സ്ത്രീവര്‍ഗ്ഗത്തെ ‘ഇഷ്ടജനമനമോരുവാന്‍ നാരികള്‍ക്കു നയനം സുസൂക്ഷ്മമാം’ എന്ന കവി വചനം (ആശാന്‍) കൃത്യമായി കഥാകൃത്ത് ഗോമതിയിലൂടെ സാര്‍ത്ഥകമാക്കുന്നുണ്ട്. അസാധാരണമായ മനോവിജ്ഞാനം.
അതുപോലെതന്നെ ‘ഈനാശുവിന്റെ മനഃശാസ്ത്ര’ത്തിലും ജസ്സി, താര, കനകലത എന്നീ ത്രിമൂര്‍ത്തികള്‍; പിന്നെ നാട്ടില്‍നിന്നു പുതുതായി വന്ന ‘സ്വപ്ന’ ഒരുനാള്‍ മൂടല്‍മഞ്ഞിലൂടെ ‘സ്വപ്നദേവതയെപ്പോലെ’ എന്നു കഥാനായകന്‍ മനോഹരന്‍ മുതലാളി വര്‍ണ്ണിക്കുന്ന സ്വപ്നയോട് ആരുമില്ലാത്ത തക്കംനോക്കി അയാള്‍ ചുംബനക്കാര്യം പറയുമ്പോള്‍ അവള്‍ അയാളെ ‘കിളവനെന്നു’ വിളച്ച് അധിക്ഷേപിക്കുന്നതും കഥാന്ത്യത്തില്‍ അവള്‍ മനഃശാസ്ത്രജ്ഞനും ഡിവോഴ്‌സിയുമായ ഈനാശുവിനെ പരിണയിക്കുന്നതുമായ രസികകന്‍ കഥ!
ഇതിലും പെണ്ണെന്നു പറയുന്ന വര്‍ഗത്തെ രാത്രിയിലല്ല, ഉറക്കത്തില്‍പ്പോലും വിശ്വസിക്കരുതെന്ന് നായകനെക്കൊണ്ടു പറയിക്കുന്ന കഥാകൃത്ത് തരംകിട്ടുമ്പോഴൊക്കെ പെഞ്ചാതിയെ ആക്രമിക്കുന്നുണ്ട്. ഇതില്‍ ‘ഫോളോ ദ കിഡ്‌സ്’ എന്ന പ്രമാണം ശിരസ്സാ വഹിച്ച് മക്കള്‍ എന്തു പറഞ്ഞാലും ‘അമ്പിളിമാമനെ പിടിച്ചുകൊടുക്കാണ’മെന്ന ദുശ്ശാഠ്യക്കാരായ മക്കളോടുപോലും കമാന്നൊരക്ഷരം മറുത്തുപറയാതെ അവരെ ഭയന്ന് ‘മക്കള്‍പൂജ’ നടത്തുന്ന അച്ഛനമ്മമാര്‍ക്കും തരംനോക്കി തഞ്ചത്തില്‍ കഥാകൃത്തിന്റെ ശൈലി കടംകൊണ്ട് പറയട്ടെ, നല്ല കൊട്ടു കൊടുക്കുന്നുണ്ട്. ഇവിടെയല്ല എവിടെയും ഇപ്പോഴത്തെ ട്രെന്റ് ഇതാണ്.
‘മിസ് കേരളയും പുണ്യാളനും’ കഥയിലും ഇന്ദ്രനേയും ബ്രഹ്മാവിനെയും കൂസാത്ത അനു എന്ന ചുരുക്കപ്പേരുള്ള അനുപമ മത്തായി; അവളും ‘തടംതല്ലിത്തകര്‍ക്കുന്ന’ ഒരു സ്‌പെസിമിന്‍തന്നെ.
ഈ കെങ്കേമി സ്വര്‍ണ്ണക്കടക്കാരന്‍ ജോസിനെ ‘കേറിയങ്ങു’ പ്രേമിക്കുന്നു. രണ്ടുവര്‍ഷത്തിനകം സ്വര്‍ണമെല്ലാം അടിച്ചുമാറ്റി കടയും പൂട്ടിച്ച മിടുമിടുക്കി, അവന്റെ ബൈക്കില്‍ കയറി കറക്കം തുടങ്ങിയതോടെ നാട്ടുകാരും വീട്ടുകാരും കൂടി രണ്ടിനേയും പിടിച്ചുകെട്ടിച്ചു. അവള്‍ ഒടുക്കം അവന്റെ വീടും സ്ഥലവും കൂടി സ്വന്തമാക്കി. ഇര പിടിക്കാന്‍ അതിസാമര്‍ത്ഥ്യക്കാരിയായ ‘മിസ് കേരള’യ്ക്ക് അപ്പോഴാണ് അമേരിക്കന്‍ ജ്വരം ജാസ്തിയായത്. സ്വര്‍ണ്ണക്കടയില്‍ സ്ഥിരസന്ദര്‍ശകനായിരുന്നന്ന ‘കുടില്‍ കുമാര്‍’ എന്നു വിളിപ്പേരുള്ള കൃഷ്ണകുമാറിനെ ‘തട്ടിയും മുട്ടിയും’ സുഖിപ്പിച്ച് വിസ സംഘടിപ്പിച്ച് ഇവിടെയെത്തിയതും ഒരു പണക്കാരന്‍ സായിപ്പിനെ ‘കേറിയങ്ങു’ പ്രേമിച്ചു. (നാട്യം) ഗ്രീന്‍കാര്‍ഡും പിന്നെ സിറ്റിസണ്‍ഷിപ്പും തരപ്പെടുത്തി, ഒരു സുന്ദരക്കുട്ടനെയും സൃഷ്ടിച്ചുകിട്ടിയപ്പോള്‍ ഗുഡ് ബൈ പറഞ്ഞു.
പഠനകാലത്ത് ബസ്സില്‍ സഹയാത്ര ചെയ്തിരുന്ന ‘പുണ്യാളന്‍’ രാജുവിനെ ഫേസ്ബുക്കില്‍ കണ്ടപ്പോള്‍ പഴയ ചരിത്രമൊക്കെ പറഞ്ഞുകേള്‍പ്പിച്ചു. ഒടുവില്‍ അയാളെ വീഴ്ത്താനുള്ള തുറുപ്പു ചീട്ടിറക്കി; സത്രീയോചിതമായ ശാലീനതയോ കുലീനതയോ ഇല്ലാതെ നിര്‍ലജ്ജം അവളുടെ വാക്കുകള്‍:
‘എടാ, രാജു നീയിപ്പഴും വെറും പാവം ചെക്കനാ. ഞാനിപ്പം അമേരിക്കന്‍ ശൈലിയില്‍ പറഞ്ഞാല്‍, ‘സിംഗിള്‍ റഡി ടു മിംഗിള്‍’ എന്നിട്ട് ഇത്രയും കൂട്ടിച്ചേര്‍ത്തു. ‘എനിക്കറിയാം; നിനക്കെന്നെ പണ്ടേ ഇഷ്ടമായിരുന്നുവെന്ന്. ഇനിയിപ്പം നിന്റെ ഊഴം. നീ ഒരു തീരുമാനമെടുക്കണം നമ്മുടെ കാര്യത്തില്‍.’
ഇതഃപര്യന്തമുള്ള അവളുടെ നിസ്സങ്കോചവും ഞെട്ടിപ്പിക്കുന്നതുമായ ആത്മകഥാകഥനം കേട്ടു തരിച്ചിരുന്ന നമ്മുടെ കോടനാട് അവളുടെ ഗതം അറിഞ്ഞതോടെ, തന്റെ പ്രത്യുല്പന്നമതിത്വം ദ്രുതഗതിയില്‍ പ്രവര്‍ത്തിച്ചു, അയാളുടെ മറുപടി ഇങ്ങനെ:
‘അനുപമേ, ഇറ്റീസ് റ്റൂ ലേറ്റ്.’ അവളിപ്പം നാട്ടിലാ. മറ്റന്നാള്‍ വരും. ഈ മെസ്സേജെങ്ങാനും അവള് കണ്ടാല്‍ അവളൊരു തീരുമാനമെടുക്കും; പിന്നെ നമ്മുടെ രണ്ടുപേരുടെയും അന്ത്യമായിരിക്കും.
ഫോണ്‍ സംഭാഷണം നിന്നു. ഇരുവരും ഗുഡ്‌നൈറ്റ് പറഞ്ഞ് പിരിഞ്ഞു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും ഉറക്കത്തിനായി ദാഹിച്ച രാജു കോടനാടന്‍ എന്ന പുണ്യാളന്‍ ‘ഒരിക്കലും കല്യാണമേ വേണ്ട’ എന്നുറച്ച തീരുമാനമെടുത്തതു നന്നായി എന്നോര്‍ത്താശ്വാസസൂചകമായി നെടുവീര്‍പ്പിട്ട് രാത്രിയുടെ ഏതോ യാമത്തില്‍ ഉറക്കം പിടിച്ചു.
അനുപമയെപ്പോലെ പുഷ്ക്കല യൗവ്വനത്തിടമ്പുകളെ ബുദ്ധിയുള്ള, പേശീബലമുള്ള പുരുഷന്മാര്‍ - മറ്റൊരു പുരുഷന്റെ അഭിപ്രായത്തില്‍ കേവലം, ‘ടെമ്പറ്റി ഷെഡ്’ കെട്ടാനേ ഉപയോഗപ്പെടുത്തൂ. ജീവിതസഖിയാക്കാന്‍ കൂട്ടാക്കില്ല. കഥാകൃത്ത് ഇത്തരം താടകാ ഭയങ്കരികളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാനുള്ള ഒരു സന്ദേശമല്ലേ, പ്രസ്തുത പ്രശംസാ രൂപത്തില്‍ ചെറുപ്പക്കാര്‍ക്കു നല്കിയതെന്നു ഞാന്‍ സന്ദേഹിക്കുന്നു.
ഏതായാലും കഥകളെല്ലാംതന്നെ ഒന്നിനൊന്നു മെച്ചം. ഒന്നുമാത്രം അല്പമൊന്നു ഉദാഹരിച്ചെന്നു മാത്രം. ലേഖനത്തിന്റെ ‘വിസ്തര ഭയം’ ഔചിത്യദീഷ ഓര്‍മ്മിപ്പിച്ച് എന്നെ താക്കീതു ചെയ്യുന്നുണ്ട്. ആകയാല്‍ യഥേഷ്ടം സമയമെടുത്ത് കഥകള്‍ വായിച്ചാസ്വദിക്കാന്‍ വായനക്കാര്‍ വാസ്‌കോഡഗാമയെ സ്വന്തമാക്കാനുള്ള നിര്‍ദ്ദേശം മാത്രം നല്‍കുന്നു.
കഥയുടെയും കഥാപാത്രങ്ങളുടെയും നാമകരണത്തില്‍ കഥാകൃത്തിനുള്ള ദക്ഷത ഒന്നു വേറെതന്നെ. ‘ഇടിച്ചക്കപ്ലാമൂട് പൊലീസ് സ്റ്റേഷന്‍’ (‘പോ’ ഞാന്‍ മനഃപൂര്‍വ്വം ഹ്രസ്വമാക്കിയതാണ്) അവിടത്തെ ഏക വനിതാ കോണ്‍സ്റ്റബിള്‍ ഏലമ്മ, തലസ്ഥാന നഗരിയിലെത്തുന്നതും ഹൈ ലെവല്‍ കണക്ഷന്‍ നേടുന്നതും അമേരിക്കന്‍ റിട്ടേണ്‍ഡ് ഇട്ടൂപ്പ് ചേട്ടന്റെ ഭാര്യ ആനിയെ ‘ആന’യാക്കുന്നതും കണ്ടാലും ആനയെ ഓര്‍മ്മിപ്പിക്കുന്ന തണ്ടും തടിയും ഉണ്ടെന്ന ഭര്‍ത്താവിന്റെ സാക്ഷ്യപത്രവും എല്ലാം ചേര്‍ന്ന് കഥാകൃത്തിന്റെ നാടന്‍ ശൈലി (പുതിയ തലമുറയുടെയും) കടമെടുത്താല്‍, ‘കലക്കി’ അതെ, എല്ലാം ‘അടിപൊളി’.
അവിടെയും സ്ത്രീവര്‍ഗസ്വഭാവ പരാമര്‍ശം തരംകിട്ടുമ്പോഴൊക്കെ കഥാകത്ത് മുതലാക്കുന്നുണ്ട്. ഒപ്പം, അവരുടെ കുബുദ്ധിയില്‍ വിളഞ്ഞ മെനഞ്ഞെടുത്ത തന്ത്രങ്ങളുടെ വിജയത്തെക്കുറിച്ചം സൂചനയുണ്ട്. ഇട്ടൂപ്പുചേട്ടനെക്കൊണ്ടു പറയിക്കുന്നു--
അല്ലെങ്കിലും ഈ പെണ്ണെന്ന വര്‍ഗ്ഗത്തിനോട് ഒരു തമാശപോലും പറയാന്‍ പറ്റില്ല. അതുപിന്നെ പീഡനമാകും (പേജ് 49).
നാട്ടില്‍ ഇല്ലാത്ത പീഡനക്കഥ മെനഞ്ഞും പെഞ്ചാതി, പുരുഷന്മാരെ പീഡിപ്പിച്ച് ഇരട്ട ജീവപര്യന്തവും വാങ്ങിക്കൊടുത്ത് കൈനിറയെ ലക്ഷങ്ങളും വാങ്ങിച്ച് ജീവിതം ആ-ഘോഷിക്കയല്ലേ.
‘ചില പെണ്‍കുട്ടികള്‍ അങ്ങനെയാണ്’ എന്ന ആദ്യത്തെ കഥ മുതല്‍ പെണ്‍മനസ്സിന്റെ നിഗൂഢതകളിലേക്കു ദൃഷ്ടി പായിക്കാനുള്ള പ്രവണത കഥാകൃത്തിനുണ്ട്. പക്ഷേ, അപ്പോഴും ഉത്തരം തമിഴ്ഗാനത്തിന്റെ ഈരടികളാണ്... ‘കടലിന്‍ ആഴം തെരിയലാം, ആനാല്‍ പെണ്‍മനതിന്‍ ആഴം തെരിയാത്’. അതെ, അത് പടച്ചവനും തെരിയാത്ത ഒരു പ്രഹേളികതന്നെയാണ്.
‘ഗുരുദ്വാരയിലേക്കുള്ള വഴി’ (കഥ 7) യിലെ പാത്രനാമകരണം നമ്മെ വിസ്മയിപ്പിക്കുന്നതാണ്. സിങ് ആകട്ടെ, സായിപ്പും മദാമ്മയുമോ, നാടനോ ആകട്ടെ എല്ലാ പേരുകളും ടിപ്പിക്കല്‍! കഥകളുടെ പ്രമേയവും കഥന സമ്പ്രദായവും എല്ലാംതന്നെ സ്വന്തം ഭാവനയിലും അനുഭവത്തിലും വിളഞ്ഞവതന്നെ. ഒരു കാര്യത്തിലും പൂര്‍വ്വസൂരികളോടു കടംകൊണ്ടിട്ടില്ല. അവരുടെ സ്വാധീനവുമില്ല. അന്യഭാഷാ സാഹിത്യത്തോടും കടപ്പാടില്ല. സ്വതഃസിദ്ധമായ രീതിയില്‍ സ്വന്തമായ പാത തെളിച്ചുള്ള മുന്നേറ്റം!
പദങ്ങള്‍ക്കായുള്ള പരക്കംപാച്ചിലില്ല; അന്വേഷണവുമില്ല. അവ ‘അഹമഹമികയാ’ തൂലികത്തുമ്പില്‍ വച്ച് ഓച്ചാനിച്ചുനില്‍ക്കുകയാണ്! വാണീദേവി തന്റെ അദൃശ്യകരങ്ങള്‍ നീട്ടി ഈ ഉപാസകന്റെ കൈപിടിച്ച് എഴുതിക്കയാണെന്നു തോന്നും. മര്‍ദ്ദിതമായ കരിമ്പില്‍നിന്ന് മധുരരസംകണക്കെ അനായാസം വാര്‍ന്നുവീഴുന്ന വരികള്‍ അനുഭവവേദ്യമാക്കുന്നത് ആ വിധത്തിലാണ്. എങ്ങും ഒരു തട്ടും തടവുമില്ല. ഇംഗ്ലീഷ് പദങ്ങള്‍, മലയാളവുയി പാലും വെള്ളവും പോലെയുള്ള ലയനം സാധ്യമാക്കുന്ന ‘രാസത്വരക’മായി പ്രവര്‍ത്തിപ്പിക്കുന്ന ചെപ്പടിവിദ്യ...
കഥയില്‍നിന്നു കഥാകാരനിലേക്കു വായനക്കാരുടെ ശ്രദ്ധതിരിയുക സ്വാഭാവികം! വാമൊഴിയിലെ അത്യന്തസാധാരണ പദങ്ങള്‍ അനായാസം തമ്പി കൈകാര്യം ചെയ്യുന്നത് നമ്മെ വിസ്മയിപ്പിക്കും. ഇവിടെ ദൈനംദിന വ്യവഹാരത്തില്‍ മലയാളഭാഷയുടെ ആവശ്യമേയില്ല. നഗരമധ്യത്തിലും ഈ പൊന്‍കുന്നംകാരന്‍ തനി നാടന്‍! ഇവിടെ കുടിയേറിയിട്ട് പതിറ്റാണ്ടുകള്‍ പലതു കടന്നുപോയിട്ടും മാതൃഭാഷ ഇമ്മി പോലും മറന്നില്ല. എന്നാല്‍ ചില നാടന്‍ സായ്പ്പും മദാമ്മയും വല്ല വിധേനയും അമേരിക്കയിലെത്തി ആഴ്ചകളോ മാസങ്ങളോ വര്‍ഷമോ തികയും മുന്‍പ് ‘മലയാളം അരിയത്തില്ല’ എന്നോ കുരച്ചു കുരച്ചു അരിയും എന്നോ ആവും വിമ്മിട്ടപ്പെട്ട് കാച്ചുന്നത്. സംസാരിക്കുമ്പോഴും മുഖംമൂടിയോ ജാഡകളോ ഏതുമില്ല. ‘കലയും കമലയും’ ഒന്നിച്ച് ഒരിടത്തു വസിക്കുകയില്ലാ എന്ന ചൊല്ലും തമ്പി ആന്റണി എന്ന കലാകാരന്‍ നിര്‍മ്മൂലമാക്കിയിരിക്കുന്നു. സാധാരണ മനുഷ്യപ്രകൃതം വെച്ചു നോക്കിയാല്‍ അഹന്തയ്ക്ക് കയ്യും കാലും വയ്‌ക്കേണ്ടതാണ്, ഭാഗ്യത്തിന് ഈ ‘മനുഷ്യനില്‍’ അതുണ്ടായില്ല. നാഗരികതയുടെ പ്രലോഭനത്തില്‍ ആക്ഷോഭ്യനായി, അപ്രഭാവിതനായി, താമരയിലയും വെള്ളവുംപോലെ അങ്ങനെ...
മുന്‍ സൂചിപ്പിച്ചതുപോലെ കുറ്റംകണ്ടുപിടിക്കാനുള്ള എന്റെ (സ്ത്രീ) സഹജനവാസന ഇവിടെയും പ്രവര്‍ത്തിച്ചു. വള്ളിയും പുള്ളിയുമൊക്കെ കഴുകന്‍ കണ്ണുകളുടെ സൂക്ഷ്മതയോടെ പരതി ചില ചെറിയ പിശകുകള്‍-അച്ചുപിഴയോ-കണ്ണില്‍ പെടുകയും ചെയ്തു. പഠിപ്പും പത്രാസുമില്ലാത്ത നമ്മുടെ പൂര്‍വപിതാക്കള്‍, തങ്ങളുടെ അനുഭവജ്ഞാനവും സൂക്ഷ്മ നിരീക്ഷണവും കൈമുതലാക്കി മഹത്തും ബൃഹത്തുമായ ഒരു ‘പഴഞ്ചൊല്‍ പ്രപഞ്ചം’ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. പതിരേതുമില്ലാത്ത, കളങ്കമില്ലാത്ത ശുദ്ധ നാടന്‍ ശൈലിയില്‍! അത്യന്താധുനികയുഗത്തിലെ പഠിപ്പിസ്റ്റുകള്‍ക്ക് സയന്‍സും ടെക്‌നോളജിയും കൂട്ടിച്ചേര്‍ത്ത് അസംഖ്യം മായാജാലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നെങ്കിലും ഇന്നോളം അതുപോലെ ഒരെണ്ണംപോലും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ‘മഹാസമുദ്രം ചിമിഴിലൊതുക്കുന്ന’ ഈ ചെപ്പടിവിദ്യ അവര്‍ക്കിന്നും എത്താത്ത പഴമാണ്. ആകയാല്‍, നമുക്കിനിയും മാറ്റം വരുത്താനോ മായം ചേര്‍ക്കാനോ അവകാശമില്ല. ഈ കഥാകൃത്തും അനാസ്ഥയാലോ അനവധാനതയാലോ അതിന്റെ പ്രയോഗത്തില്‍ അല്പസ്വല്പം വ്യത്യാസം വരുത്തിയതായി കണ്ടു. ഇപ്പോള്‍ത്തന്നെ ലേഖനദൈര്‍ഘ്യം ഔചിത്യസീമ ലംഘിക്കുന്നതായി തോന്നുകയാല്‍ ഒന്നുരണ്ടുദാഹരണങ്ങള്‍ മാത്രം പറയുന്നു. ‘പോയ ബുദ്ധി പുലി പിടിച്ചാല്‍ കിട്ടുമോ’ (ജമഴല 92, ഘശില 10) അബദ്ധത്തില്‍ ‘പുലിവാലു പിടിക്കാം’. എന്നാല്‍ ‘പോയ ബുദ്ധി ആന പിടിച്ചാലും പോരില്ല’ തീര്‍ച്ച. അതുപോലെ ‘പെണ്‍വര്‍ഗ്ഗത്തെ രാത്രിയിലല്ല ഉറക്കത്തില്‍പ്പോലും വിശ്വസിക്കരുത്.’ രാത്രിയില്‍ ചിലത് വേണ്ടെന്നു വെച്ചോളൂ (ജമഴല 99, 10 ീേ 7വേ ഹശില) വിരോധമില്ല. പക്ഷേ, ‘കുടിച്ചവെള്ളത്തിലും വിശ്വസിക്കരുത്’ കേട്ടോ, ‘കള്ളവുമില്ല ചതിയുമില്ല’ എന്നാണ് നമ്പ്യാര്‍ പറഞ്ഞത്. സമയത്തെപ്പറ്റി ഓര്‍ക്കാതിരുന്നതില്‍ പരിഭവമല്ല, കുണ്ഠിതമാണ് തോന്നേണ്ടത് (പേജ് 22).
കഥാകൃത്തിന് അനേകം ബഹുമതികള്‍ ഉണ്ടെങ്കിലും ലിംഗ്വിസ്റ്റ് (ഘശിഴൗശേെ) എന്നു വിശേഷിപ്പിച്ചു കേട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ പേരുമായി ‘നൂല്‍ബന്ധമില്ല,’ ‘പുലബന്ധംപോലുമില്ല.’ (ജമഴല 55, ഘശില 8) എന്നു പറയുംപോലെ ഇതിലെ തെറ്റുകള്‍ ‘രാഷ്ട്രഭാഷാ’ ശൈലിയില്‍ ‘നഹിം കെ ബറാബര്‍’ - ഇല്ലെന്നുതന്നെ പറയാം. ചാല്‍ കീറുകയും വഴിവെട്ടുകയുമാണ്; (അവതാരികയില്‍ കണ്ടത്) ഒരു സര്‍വ്വകാല അധ്യാപികയ്ക്ക് തെറ്റുകള്‍ ചൂണ്ടിക്കാണിക്കാം. എന്നാല്‍, ഒരു സദാകാല അമ്മയ്ക്ക് പുത്രന്റെ രക്ഷയ്ക്ക് ചില ന്യായങ്ങള്‍ നിരത്താം. സൃഷ്ടിയില്‍ പൂര്‍ണ്ണമായിട്ടൊന്നുംതന്നെ ‘കമലാസനന്‍’ എന്ന വിശൈ്വകശില്പി നിര്‍മ്മിച്ചിട്ടില്ല; അപ്പോള്‍ മനുഷ്യസൃഷ്ടിയിലും പോരായ്മകള്‍ ജന്മസിദ്ധം! ആകയാല്‍ ഇങ്ങനെയൊരു ന്യായം പറയാം. ‘ഏകോഹി ദോഷ: ഗുണസന്നിപാതേ നിമജ്ജതി’. എന്നാലോ സാഹിത്യസംബന്ധിയായ അഭിപ്രായപ്രകടനത്തില്‍ ആ ബന്ധവും ഈ ബന്ധവും ഒന്നും ബാധകമല്ല. അവിടെ പക്ഷപാതം ആത്മഹത്യാപരമാണെന്നും പറയാം. എന്നിരിക്കിലും ബഹുമാന്യനനായ ചിരഞ്ജീവി കുട്ടികൃഷ്ണ മാരാര്‍ പറയുന്നത് ‘തെല്ലതിന്‍ സ്പര്‍ശമില്ലാതെയില്ലൊന്നുമേ’ എന്നാണുതാനും. പണ്ഡിതമതം മാനിക്കേണ്ടത് ‘ഉചിതവും ന്യായവും യുക്തവുമാണല്ലൊ.’
ആകയാല്‍ ഭരതവാക്യമായി ഇത്രയുംകൂടി. പ്രിയപ്പെട്ട തമ്പി ആന്റണിയുടെ ഇതുവരെയുള്ളതും ഇനി വരാനുള്ള സാഹിത്യസൃഷ്ടികളും മലയാളസാഹിത്യമാകുന്ന വടവൃക്ഷത്തിന്റെ ബലിഷ്ഠശാഖകളിലൊന്നായി പരിലസിച്ച് സഹൃദയരുടെ ഭിന്നരുചികള്‍ക്കും തര്‍പ്പണം ചെയ്യാന്‍ സമര്‍ത്ഥമാകട്ടെ! തമ്പിക്കഥകളില്‍, വായനക്കാര്‍ക്ക് അന്തഃസംഘര്‍ഷമോ ബാഹ്യസമ്മര്‍ദ്ദമോ ഉളവാക്കി അവരെ പ്രഷര്‍, ഷുഗര്‍, ഹൃദ്‌രോഗം, ഒടുവില്‍ ഹൃദയാഘാതവുമുണ്ടാക്കുകയോ ചെയ്യാതെ, സുഖശീതളമായ നര്‍മ്മം ചാലിച്ച് ആരോഗ്യസംവര്‍ദ്ധകമായ ഒരു ‘രസായനം’, നല്‍കുകയത്രേ ഈ മനുഷ്യസ്‌നേഹിയുടെ ലക്ഷ്യം.
ദീര്‍ഘനാള്‍ എഴുതാന്‍ പാകത്തില്‍ കൈ സ്വതന്ത്രമാക്കിവച്ച് അതില്‍ മഷി ഉണങ്ങിടാത്ത ഒരു പേനയും സജ്ജമാക്കി വാണീമാതാവിന്റെ ഈ സുപുത്രന്‍ അമ്മയുടെ കരവലയത്തില്‍ നിര്‍വൃതികൊള്ളട്ടെ! ശേഷം തമ്പിയുടെ ‘ഭൂതത്താന്‍കുന്നു’ കയറിയിറങ്ങിയതിനുശേഷം തല്‍ക്കാലം ഇത്രയില്‍ നിര്‍ത്തട്ടെ!
കഥാകൃത്തിനും വായനക്കാര്‍ക്കും നവവത്സരത്തിന്റെ സന്തുഷ്ടി, സമ്പുഷ്ടി, സമാധാനം ഇത്യാദി സകല ഭാവുകങ്ങളും നേരുന്നു.
സ്‌നേഹവന്ദനം
ഷീല എന്‍.പി.