Malabar Gold

ദൈവം ദുഃഖിക്കുന്നു (കവിത: ജയന്‍ വര്‍ഗീസ്)

Published on 30 January, 2017
ദൈവം ദുഃഖിക്കുന്നു (കവിത: ജയന്‍ വര്‍ഗീസ്)
ഇപ്പോഴും ദുഃഖിക്കുന്നു ദൈവമീ പ്രപഞ്ചത്തിന്‍
മുക്തകമാനകളെ പിരിയാന്‍കഴിയാതെ
മുക്കിയു മുരങ്ങിയും മുന്നോട്ടു നീങ്ങും മര്‍ത്യ
വര്‍ഗ്ഗത്തെപ്രതി വീണ്ടും മരിക്കാന്‍ കഴിയാതെ

എത്രയോ യുഗങ്ങളായ് കൊതിക്കുന്നൊരു നവ
സ്വര്‍ഗ്ഗമീ മണ്ണിന്‍ മാറില്‍ പണിയാനുയര്‍ത്തുവാന്‍
കൊത്തിയുണ്ടാക്കി ദൈവം മര്‍ത്ത്യനെ മൂലക്കല്ലായ്
ഉത്തുന്ഗമീ സൗധത്തിന്‍ അസ്തി വാരമായ് ത്തീരാന്‍

ചെത്തിയും മിനുക്കിയും ചതുരക്കല്ലവാത്ത
സത്വമായ് ചമഞ്ഞവന്‍ സ്വയമായ് സ്വകീയമായ്
യുഗ ധര്‍മ്മത്തിന്‍ പൊരുളറിയാത്തവനേവം
വഴിയോരത്തെ വെറു മുരുളന്‍ കല്ലായ്‌പ്പോയി

ദുഃഖമാണെന്നും മണ്ണി ലതിനായവന്‍ തീര്‍ക്കും
മുള്‍ക്കിരീടങ്ങള്‍ വീഴ്ത്തും രക്ത പാതകങ്ങളാല്‍
യുദ്ധമായ് കെടുതിയായ് ക്ഷാമമായ് വിലാപമായ്
സ്വര്‍ഗ്ഗ സംഗീത ധ്വനി യകലെയൊളിക്കുന്നു

മുക്ത കാമനകളില്‍ വിടരും സ്വര്‍ഗ്ഗത്തിന്റെ
ഗെല്‍ ഗദ സ്വരം കാതില്‍ വിതുമ്പിക്കരയവേ
തപിക്കുന്നെന്നോ തന്‍റെ കടുത്ത സ്‌നേഹത്തിന്റെ
നിറത്തില്‍ ചാലിച്ചൊരാ നര സൃഷ്ടിയെപ്രതി

നശ്ശിപ്പിച്ചീടാനല്ല സൃഷ്ടിക്കാന്‍ സൃഷ്ടിച്ചേവം
നരകംപോലും സ്വര്‍ഗ്ഗ നന്മ്മകള്‍ നിറച്ചീടാന്‍
അയച്ചൂ നിന്നെപ്പക്ഷേ അറിഞ്ഞില്ലിതുപോലെ
മുടിക്കാനായിട്ടത്രേ നിന്റെ ചിന്തകള്‍പോലും

ദൈവമാണെങ്കില്‍പ്പോലും തെറ്റുപറ്റുന്നു മര്‍ത്ത്യന്‍
മനസ്സിലൊളിപ്പിച്ച വഞ്ചനയറിഞ്ഞീലാ
ഇനിയുംതീര്‍ന്നിട്ടില്ല സമയം തിരിച്ചുവ,
നുയര്‍ത്തിപ്പിടിക്കുകെന്‍ വെളിച്ചകൊടിക്കൂറ

നശ്ശിപ്പിച്ചീടാന്‍ മാത്രം ക്രൂരനല്ലെനിക്കെന്റെ
മുടിയന്‍ പുത്രന്‍ നിന്നെ കാത്തുകാത്തിരിക്കുന്നു

തിരിച്ചുപോരൂ പന്നിക്കൂട്ടങ്ങള്‍ ചവക്കുന്ന
പുളിച്ചതവിടിന്റെ പങ്കിനെ മറന്നേക്കൂ
നിനക്കായൊരുക്കിയ പുണ്യഭൂമിയില്‍ നീളേ
കൊളുത്തൂ സ്‌നേഹത്തിന്റെ മണ്‍ചിരാതുകള്‍ വീണ്ടും

കൊതിച്ചീടുന്നു നിന്റെ ദൈവം ഞാന്‍ നിന്നോടൊപ്പം
വസിക്കാന്‍ മണ്ണില്‍ത്തീര്‍ക്കും സ്വര്‍ഗ്ഗവാടകങ്ങളില്‍
ആദം 2017-01-30 21:19:16
അന്ന് ആ എതൻ പൂങ്കാവനത്തിൽ 
ഹവ്വായുമായി ചുറ്റിക്കളിക്കുകയായിരുന്നു 
അവളുടെ അംഗവടിവ് കണ്ടു അറിയാതെ 
പാടി ഞാൻ ശ്രീകുമാരൻ തമ്പിയുടെ കവിത 
" ആദ്യത്തെ നോട്ടത്തിൽ കാലടി കണ്ടു 
അടുത്ത നോട്ടത്തിൽ ഞൊറിവയറു കണ്ടു 
ആരോരും പുണരാത്ത പൂമൊട്ടു കണ്ടു "
അപ്പോഴാണ് ദൈവം ചേരയുടെ രൂപം പൂണ്ടു 
ഞങ്ങൾകിട്ടു പാര വയ്ക്കാൻ വന്നത് 
ഇണചേരുമ്പോൾ ആരെങ്കിലും വന്നാൽ 
അറിയില്ലേ കഥ കവികളെ ?
"രതി സമയേ രോദന്തം 
പ്രിയമപി പുത്രം ശാപത്തഹോ ജനനി "
അന്ന് ഞാൻ ശപിച്ചു ദൈവമേ 
നിനക്ക് ഒരിക്കലും ഉറങ്ങാൻ കഴിയാതെ 
ജീവിതം നരകതുല്യവും ദുഃഖപൂർണ്ണവുമാകട്ടെ 
നിന്റെ സ്വാതന്ത്ര്യം എന്നേക്കുമായി നിനക്ക് പോകട്ടെ 
അന്ന് തൊട്ട് മനുഷ്യൻ ദൈവത്തെ തളച്ചു 
അമ്പലങ്ങളിൽ, പള്ളികളിൽ , മലയാറ്റൂരിൽ 
ശബരിമലയിൽ, മക്കയിൽ , യഹൂദ്യയിൽ .
അന്ന് തൊട്ട് ഇന്നേവരെ ഭൂമി അനാഥമായി 
കാക്കുവാൻ കാവൽ ദൈവം ഇല്ലാതെ 
കൊള്ളയടിച്ചു വനങ്ങൾ, മണല് മാന്തി 
മലകൾ നിരത്തി മനോഹര ഹർമ്മ്യങ്ങൾ തീർത്ത് 
പാരിസ്ഥിതി വാദം മിഥ്യയെന്നു ചൊല്ലി 
കൊള്ള ചെയ്യ്ത് കുഴിതോണ്ടിയവന്റെ തറവാട് 
നരകതുല്യമാക്കി മനുഷ്യർ ദൈവ ജീവിതം 
ദൈവം കരയുന്നു വലിയവായിലിന്നും 
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക