ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ വര്‍ഷം പുറത്തിറക്കുന്ന പുതിയ 10 പൗണ്ടിന്റെ നോട്ട് മൃഗക്കൊഴുപ്പുകൊണ്ടാണെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് വ്യാപക എതിര്‍പ്പുകള്‍ ഉയര്‍ന്നുതുടങ്ങി. മൃഗക്കൊഴുപ്പടങ്ങിയ ടാലോ നോട്ടില്‍ ഉപയോഗിക്കുന്നുവെന്ന വാര്‍ത്തയെതുടര്‍ന്ന് വെജിറ്റേറിയന്മാരും വേഗന്‍മാരും ഈ നോട്ടിനെതിരെ പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്. മാത്രവുമല്ല മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
അതേസമയം നോട്ടില്‍ മൃഗക്കൊഴുപ്പ് വളരെ കുറച്ചു മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും ഇതിന്റെ വ്യാജന് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടാണെന്നും ബാങ്ക് ഉറപ്പു നല്കുന്നു.
അഞ്ച് പൗണ്ട് പ്ലാസ്റ്റിക്ക് നോട്ട് നിലനിര്‍ത്തുമെന്നും 10 പൗണ്ടിന്റെ പുതിയ നോട്ട് പുറത്തിറക്കുമെന്നും അടുത്തിടയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്ഥിരീകരിച്ചത്.
2020ല്‍ സസ്യ അധിഷ്ഠിത സബ്സ്റ്റിറ്റിയൂഡുകള്‍ അടങ്ങിയ 20 പൗണ്ടിന്റെ പോളിമര്‍ നോട്ടുകള്‍ ബാങ്ക് പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത സമ്മറോടെ 5, 10, 20 പൗണ്ട് നോട്ടിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകും.
ആളുകള്‍ക്ക് ദൈനംദിന ചെലവുകള്‍ക്കായി കൂടുതല്‍ സുരക്ഷിതമായ നോട്ടുകള്‍ ഉറപ്പാക്കുന്ന പക്ഷം നിലവിലുള്ള നോട്ടുകള്‍ നശിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.