Image

അഭൗമ സൂക്തങ്ങള്‍ (ശൈല പ്രഭാഷണം ഭാഗം -5: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 27 April, 2017
അഭൗമ സൂക്തങ്ങള്‍ (ശൈല പ്രഭാഷണം ഭാഗം -5: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
യാചിക്കും മുമ്പേ വേണ്ടതെന്തെന്നറിയും
സ്വര്‍ഗ്ഗാധിപനോടര്‍ത്ഥിപ്പിനിത്ഥം .

പ്രാര്‍ത്ഥനയീവിധമായെന്നാല്‍, നിശ്ചയം
സാര്‍ത്ഥകമായിടും , ശങ്കവേണ്ട.

"നാകലോകാധിപനാകും പിതാവേ, നിന്‍
നാമം വിശുദ്ധമായ്ത്തീര്‍ന്നിടേണം;

താവകരാജ്യവു, മിശ്ചകളൊക്കെയും
ഭൂവിതിലിങ്ങു വിരാജിക്കേണം;

അന്നന്നു വേണ്ടതാ മപ്പവുമെങ്ങള്‍ക്ക്
തന്നീടുവാനും പ്രസാദിക്കേണം;

ഞങ്ങള്‍ക്ക് ദോഷം നിനച്ചവരോടെല്ലാം
ഞങ്ങള്‍ ക്ഷമിപ്പതു പോലെയെന്നും,

ഞങ്ങള്‍ക്കുണ്ടായിടും തെറ്റുæറ്റങ്ങളും
അങ്ങു ക്ഷമിച്ചു കനിഞ്ഞീടണം;

മോഹമാ മഗ്‌നിയില്‍ വീഴാതിരിപ്പാനും
„പാഹിമാ മെന്നു പ്രാര്‍ത്ഥിച്ചിടട്ടേ;

ഞങ്ങളെ ദുഷ്ടനില്‍ നിന്നു രക്ഷിക്കുവാ –
നങ്ങിപ്പോള്‍ പ്രീതനായ് തീര്‍ത്തിടേണം;

രാജ്യവും, ശക്തി, മഹത്വ, പ്രകീര്‍ത്തിയും
പൂജ്യനാമങ്ങേയ്ക്കു തന്നെ നിത്യം”
.. .. .. .. ..
ദുഷ്ടനെ ഹൃദ്യമായ് സ്വീകരിച്ചെത്രയും
ശിഷ്ടനായ് മാറ്റുവാന്‍ ശ്രദ്ധിക്കുക;

അല്ലാതിരുന്നാല്‍ നിന്‍ താതന്‍ ക്ഷമിക്കില്ല
അല്ലലില്ലാതെ നീ പാര്‍ക്കയില്ല;

നിന്നുപവാസവും, പ്രാര്‍ത്ഥനയും സദാ
നമ്പന മോഹനമായിടട്ടേ;

നിന്നകതാരറിയുന്ന നിന്‍ താതനോ
നിന്നെ തുണച്ചിടും പ്രീതനാക്കും;

ചോരന്‍ തുരന്നു മോഷ്ടിക്കുമീ ഭൂമിയില്‍
ചാരുവായ് നീ ധനം തേടരുത്;

ചോരനപ്രാപ്യമാം സ്വര്‍ഗ്ഗത്തിലാകട്ടെ
വാരുറ്റ നിന്‍ധന സംഭരണം;

നിന്‍ നിധിയുള്ളിടത്തായിരിക്കും നിന്റെ
ഉന്നവും നിന്‍ സര്‍വ്വ ചിന്തകളും;

നിന്‍ ഗാത്ര ദീപികയാണല്ലോ നിന്‍നേത്രം
നിന്‍ നേത്രമപ്പോള്‍ നന്നെന്നു വന്നാല്‍,

നല്ലതായ് ശോഭിക്കും നിന്‍ ഗാത്രം നിശ്ചയം
അല്ലെന്നാലന്ധതാമിസ്രമാകും;

ഇണ്ടു പ്രഭുക്കളെയാര്‍ക്കു സേവിച്ചിടാം
ഉണ്ടാæമന്നേരമിലേറെ;

രണ്ടിലൊരുവനെ ഭക്തിയായ് സേവിക്കും
രണ്ടാമനെയൊട്ടവജ്ഞയോടും;

നിങ്ങള്‍ക്ക് സേവിപ്പാനൊക്കില്ലൊരിക്കലും
തുംഗമായീശനേം മാമ്മോനേയും;

ആയതുകൊണ്ടു ഞാന്‍ കല്‍പിച്ചീടുന്നവ
സ്ഥായിയായ് സ്വീകരിച്ചാനയിക്ക;

അന്നവസ്ത്രാദികള്‍ക്കായിട്ടൊരിക്കലും
ഖിന്നനായ് മാനസം നീറ്റരുത്;

നിങ്ങള്‍ക്ക് വേണ്ടുന്നതൊക്കെയും പൂര്‍ണ്ണമായ്
അങ്ങുയരെ പിതാവിന്നറിയാം;

എന്നതു കൊണ്ടു നിന്‍ താതനെ, വത്സലാ ,
നന്ദിയോടെന്നും നീ സേവിക്കുക;

അപ്പോള്‍ നിനക്ക് സുലഭമായ് തീര്‍ന്നിടും
ഇപ്പാരില്‍ നീതിയും സൗഭാഗ്യവും. (തുടരും)
Join WhatsApp News
ponmelil.abraham@gmail.com 2017-04-28 05:25:04
Meaningful and simplified poetic presentation of "Lord's Prayer".
വിദ്യാധരൻ 2017-04-28 06:35:30

സ്വർഗ്ഗത്തിൽ പോകുവാൻ കാത്തിരിക്കും ഭക്തർ
ഒരു കാര്യം നന്നായോർത്തിടേണം
സ്വർഗ്ഗം ഈ ഭൂമിയിൽ തന്നെയാണല്ലാതെ
മറ്റൊരു ദേശത്തല്ലെന്ന കാര്യം
"താവക രാജ്യവും ഇശ്ചകളൊക്കെയും
ഭൂവിലിതങ്ങു വിരാജിക്കേണം"-
എന്നുള്ള പ്രാർത്ഥന നന്നായി പഠിക്കുകിൽ
മേൽചൊന്ന കാര്യങ്ങൾ വ്യക്തമത്രെ .
മറ്റുള്ളോരോട് ക്ഷമിക്കാതെ നമ്മൾക്ക്
എങ്ങനെ തെറ്റ് പൊറുത്തുകിട്ടും?
വൈരിയെ സ്നേഹിക്കാൻ പറ്റില്ലേൽ നാമെല്ലാം
വൈരാഗ്യം മൂത്തിട്ട് വൈരിയാകും.
ചെകുത്താനെ സ്നേഹത്താൽ ആശ്ലേഷിച്ചിടിൽ
ചെകുത്താൻ ദൈവത്തിൻ പുത്രനാകും   
അന്യമതസ്ഥരെ സ്നേഹിക്കാൻ പറ്റില്ലേൽ
എങ്ങനെ യേശുവിൻ ശിഷ്യരാകാം?
നിന്നെപ്പോലെ നിൻ അയൽക്കാരെ സ്നേഹിച്ചാൽ
ആ സ്നേഹം നിന്നെയും തേടിയെത്തും.
സ്വാർഗ്ഗീയ അനുഭവം ഭൂമിയിൽ തന്നെയാ
അല്ലാതെ മറ്റൊരു സ്വർഗ്ഗമില്ല
ഞാൻ ചോന്ന കാര്യങ്ങൾ ഇഷ്ടമല്ലായെങ്കിൽ
അനുനയത്തോടെ പ്രതികരിക്കാം
അല്ലാതെയുള്ളത്തിൽ വാഴും ചെകുത്താനെ
ചുമ്മാതെ ഇളക്കി വിട്ടിടല്ലേ.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക