Image

തീര്‍ഥാടനത്തിന്റെ കഥ (നോവല്‍- അധ്യായം 4: ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 15 May, 2017
തീര്‍ഥാടനത്തിന്റെ കഥ (നോവല്‍- അധ്യായം 4: ആന്‍ഡ്രൂ പാപ്പച്ചന്‍)
രാത്രിയുടെ ഇരുട്ടും നിശബ്ദതയും ജനലഴികള്‍ക്കിടയിലൂടെ അരിച്ചെത്തി. ആകാശത്ത്, പലരൂപങ്ങളില്‍ തെന്നിനീങ്ങുന്ന മേഘങ്ങള്‍.അവയെ തന്നെ നോക്കിനില്‍ക്കുമ്പോള്‍ മനസ് അഭൗമികമായതെന്തിനെയോ തേടുന്നതുപോലൊരു തോന്നല്‍. ദൂരെ മുറിഞ്ഞു കേള്‍ക്കുന്ന പുഴയുടെ സംഗീതം. അവധിയുടെ ആലസ്യം നിറഞ്ഞ അവസാനദിനവും കൊഴിഞ്ഞു വീഴുന്നു.അയാള്‍ കിടക്കയിലേക്കു വീണു.മനസില്‍ ഒരായിരം ചിന്തകള്‍ ഇളകി മറിഞ്ഞു. രാത്രിക്ക് ദൈര്‍ഘ്യമേറെയുള്ളതുപോലെ. രാവിലെ കുളിച്ചൊരുങ്ങി കോളജിലേക്ക് പുറപ്പെട്ടു. ദൂരെ നിന്നേ കണ്ണില്‍പെട്ടു, കാമ്പസ് മുറ്റത്തെ നിറങ്ങളുടെ വസന്തം. ക്ലാസ് കഴിഞ്ഞ് വൈകുന്നേരം ജയകുമാറും മാലിനിയും കണ്ടു. അവള്‍ അയാളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു. അവളുടെ സ്‌നേഹം മുഴുവന്‍ ആ മിഴികളില്‍ നിറഞ്ഞു നിന്നു.പണ്ടേ കൂട്ടിവച്ച സ്വപ്നങ്ങള്‍ക്കുമേല്‍ പ്രതീക്ഷകളുടെ സിന്ദൂരം അവര്‍ പകര്‍ന്നിട്ടു. യാത്ര പറയുംമുമ്പ് ജയകുമാര്‍ ഓര്‍മിപ്പിച്ചു. ""ഫൈനല്‍ പരീക്ഷ വേഗമിങ്ങെത്തും. ഇനി പഠനത്തില്‍ ശ്രദ്ധിക്കണം. ഫുട്‌ബോള്‍ ടീമിലും അത്‌ലറ്റിക് ടീമിലും നിന്ന് പുറത്തു കടന്നേ പറ്റൂ. പഠിക്കാന്‍ സമയം തീരെ തികയുന്നില്ല. മാലിനിയെ കണ്ട് വിശേഷങ്ങള്‍ പറയാനും വേണ്ടേ ഇത്തിരി സമയം?'' ജയകുമാറിന്റെ സംസാരം കേട്ട് അവള്‍ ചിരിച്ചു നിന്നു. എന്നിട്ട് പറഞ്ഞു.

""ഇക്കണോമിക്‌സില്‍ ടോപ്പറാകണം. എന്നാപ്പിന്നെ അഛനോടെനിക്ക് ജയകുമാറിനെ പരിചയപ്പെടുത്താനൊരാമുഖം വേണ്ടിവരില്ല.''

""ഞാന്‍ നന്നായി ശ്രമിക്കാം.'' ജയകുമാര്‍ പറഞ്ഞു.

""അടുത്ത ശനിയാഴ്ച രാവിലെ അഛനുമമ്മയും തൃശൂരിലൊരു കല്യാണത്തിന് പോകും. അന്ന് ജയകുമാര്‍ വീട്ടിലേക്ക് വരുന്നോ? നമുക്കിത്തിരി സ്വസ്ഥമായി സംസാരിച്ചിരിക്കാം.''

""വീട്ടില്‍ വേറെയാരുമുണ്ടാകില്ലേ?''

ജയകുമാര്‍ വിശ്വാസം വരാതെ മാലിനിയെ നോക്കി.

""വേലക്കാരി വാസന്തിയും അന്നെവിടെയോ പോകുന്നുണ്ട്. കൂട്ടിന് നമുക്ക് സ്റ്റെല്ലയെക്കൂടി വിളിക്കാം.''

""കാര്യങ്ങള്‍ കുഴപ്പത്തിലൊന്നും ചെന്നെത്തില്ലെങ്കീ.... ഞാന്‍ വരാം.''

""ഇല്ല. പ്രശ്‌നമൊന്നുമുണ്ടാകില്ല. സ്‌നേഹിക്കുന്നവരെ ആരെങ്കിലും അറിഞ്ഞുകൊണ്ട് അബദ്ധത്തില്‍ ചാടിക്കുമോ? ജയകുമാറിനെ നഷ്ടപ്പെടുന്ന കാര്യമെനിക്ക് ചിന്തിക്കാന്‍ കൂടി വയ്യ. നമ്മുടെ കാര്യം വീട്ടില്‍ പറയാന്‍ ഞാന്‍ വൈകിക്കുന്നതും അതുകൊണ്ടാ.''

""അതൊക്കെ സമയമാകുമ്പോള്‍ പറയാം. ഇപ്പോ നമ്മള്‍ രണ്ടും ചെറുപ്പമല്ലേ. കുറച്ചു കൂടി കാത്തിരിക്കാം. അതുവരെ ഈ സ്‌നേഹം വാരിക്കോരി നല്കാം നമുക്ക്. കല്യാണം കഴിഞ്ഞാപ്പിന്നെ പ്രേമിക്കുന്ന നാളിലുള്ള സ്‌നേഹത്തിന്റെ അളവൊക്കെ കുറയുമെന്നാ പറഞ്ഞു കേള്‍ക്കുന്നേ.'' പ്രതികരണമറിയാന്‍ ജയകുമാര്‍ മാലിനിയെ നോക്കി.

""അങ്ങനെയോ?'' മാലിനിയുടെ ശബ്ദത്തില്‍ പരിഭവം. ""അതാണ് പ്ലാനെങ്കി എനിക്കീ കല്യാണത്തില്‍ താല്‍പര്യമില്ല. മരിക്കുവോളം ഇങ്ങനെ സ്‌നേഹിച്ചു കൊണ്ടിരിക്കണമെന്നാ എന്റെ ആഗ്രഹം.''പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

""ഞാനൊരു തമാശ പറഞ്ഞതല്ലേ. അതും കാര്യമായെടുത്തോ?.... നിന്നോടുള്ള സ്‌നേഹത്തെ പറഞ്ഞറിയിക്കാനാകില്ലെനിക്ക്. എല്ലാക്കാലവും ആ സ്‌നേഹം തുടരുകയും ചെയ്യും.''

ജയകുമാറിന്റെ സാന്ത്വനവാക്കുകള്‍ കേട്ട് അവള്‍ കണ്ണുകള്‍ തുടച്ചു.

""ഈ വാക്കുകളിലാണെന്റെ പ്രതീക്ഷ.. ഇന്നിപ്പോ സമയമേറെയായി.ഞാനിനി പോകട്ടേ...'' മാലിനി പറഞ്ഞു.

അവര്‍ അന്നത്തേക്ക് പിരിഞ്ഞു. പിറ്റേന്ന് ബുക്കുകള്‍ തേടി നടക്കുന്നതിനിടയില്‍ ലൈബ്രറിയില്‍ റീഡിംഗ് റൂമിലെ മേശയില്‍ വായനയില്‍ മുഴുകിയിരിക്കുന്ന മാലിനിയെ കണ്ടു. ഷാംപൂ ചെയ്ത് അലസമായിട്ടിരിക്കുന്ന മുടി. കസവു ബോര്‍ഡറുള്ള മഞ്ഞപ്പാവാടയും ചുവപ്പു നിറത്തിലെ ബ്‌ളൗസും പച്ച ദാവണിയും. വിടര്‍ന്ന കണ്ണുകള്‍.'' കാല്‍പെരുമാറ്റം കേട്ട് മാലിനി പുസ്തകത്തില്‍ നിന്നു കണ്ണുയര്‍ത്തി നോക്കി.ജയകുമാറിനെ കണ്ടവളുടെ മുഖം നിലാവുപോലെ തെളിഞ്ഞു.

""വേള്‍ഡ് ഹിസ്റ്ററിയുടെയും ഇക്കണോമിക്‌സിന്റെയും ഓരോ അസൈന്‍മെന്‍റ് തയാറാക്കാനുണ്ട്. റഫറന്‍സ് ബുക്കുകള്‍ തേടി നടക്കുകയായിരുന്നു ഞാന്‍. തന്നെ കണ്ടതു നന്നായി.'' ജയകുമാര്‍ പറഞ്ഞു.

""ഇക്കണോമിക്‌സില്‍ നല്ല അറിവില്ലേ ജയകുമാറിന്. എനിക്കത്ര വിവരം പോരാ ഈ വിഷയത്തില്‍. വീട്ടുകാര്യങ്ങളുടെ നടത്തിപ്പിനെ ഉദ്ദേശിച്ചല്ലേ "ഇക്കണോമി' എന്ന ഗ്രീക്ക് പദം ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്?''

""അതെയതെ, ആ ഒരര്‍ഥത്തില്‍പറഞ്ഞാല്‍ ഞാന്‍ നല്ലൊരിക്കണോമിസ്റ്റ് തന്നെ. പുസ്തകങ്ങള്‍ പറയുന്നതനുസരിച്ച്, മനുഷ്യന്റെ സാധാരണ ജീവിത വ്യാപാരങ്ങളുടെ പഠനമാണ് സാമ്പത്തിക ശാസ്ത്രം. സമ്പത്തിന്റെ ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവയെക്കുറിച്ചുള്ള പഠനമാണത്.'' മാലിനി മിഴികള്‍ വിടര്‍ത്തി കാതുകൂര്‍പ്പിച്ചിരുന്നു.

""ആളുകള്‍ അവരുടെ ചുറ്റുപാടുകളെ ഭൗതിക ആവശ്യങ്ങള്‍ക്കായി ഏതു രീതിയില്‍ ഉപയോഗിക്കുന്നു എന്നതാണ് സമ്പദ് വ്യവസ്ഥയെന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. പണ്ടുകാലം മുതല്‍, സമൂഹം വളര്‍ന്നതിനനുസരിച്ച,് സമ്പദ് വ്യവസ്ഥകളും വളര്‍ന്നു. ബിസിനസ് പ്രാക്ടീസിന്റെയും സ്വകാര്യ സ്വത്തിന്റെയും നിയമ ഇടപാടുകളും കരാറുകളുമായി ബന്ധപ്പെട്ട് ബാബിലോണിയക്കാരാണ് സമ്പദ് വ്യവസ്ഥയുടെ ആദ്യ രൂപത്തിന് തുടക്കമിട്ടത്. ജീവസന്ധാരണത്തിനായി, മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ നിലനില്‍പിനായി ചെയ്തിരുന്ന കൃഷികളെ അടിസ്ഥാനമാക്കിയായിരുന്നു അന്നൊക്കെ സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്. പണത്തിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകള്‍ നടത്തുന്ന, സാമ്പത്തിക മാര്‍ക്കറ്റുകളും സ്വകാര്യ സ്വത്തവകാശവും താങ്ങി നിര്‍ത്തുന്ന വികസിതമെന്നു പറയാവുന്നൊരു സമ്പദ് വ്യവസ്ഥയാണ് ഗ്രീസിലും റോമിലുമൊക്കെ പണ്ടുകാലത്തും നിലനിന്നത്.

ബി.സി മൂവായിരാമാണ്ടില്‍ മെസപ്പൊട്ടോമിയയിലാണ് ഭാരത്തിന്റെയും കറന്‍സിയുടെയും ആദ്യ ഉപയോഗം കണ്ടത്. ഒരു ഷെക്കല്‍ ബാര്‍ലി കറന്‍സിയുടെ ഒരു യൂണിറ്റിന് പകരം നിന്നു. ഒരു യൂണിറ്റ് ഭാരമെന്നത് ഒരു പൗണ്ട് സില്‍വറിന്റെ ഭാരമായിരുന്നു. മധ്യയുഗകാലഘട്ടത്തിലെ സമ്പദ് വ്യവസ്ഥ ആദ്യകാലഘട്ടത്തിലേതില്‍ നിന്നും അധികമൊന്നും വളര്‍ന്നിരുന്നില്ല. സാമൂഹിക ഗ്രൂപ്പുകള്‍ തമ്മിലായിരുന്നു അന്ന് കൈമാറ്റങ്ങളും വിപണനങ്ങളും നടന്നത്. രാജ്യങ്ങളെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ഭരണാധിപര്‍ ആക്രമണങ്ങള്‍ക്ക് ചെലവാക്കിയിയ വന്‍ സാമ്പത്തിക മൂലധനം, ആക്രമിച്ചു കീഴടക്കിയ രാജ്യങ്ങളില്‍ നിന്നും സാധനങ്ങള്‍,കയറ്റിക്കൊണ്ടുവന്ന് തിരിച്ചു പിടിച്ചു. മാര്‍കോപോളോയുടെയും ക്രിസ്റ്റഫര്‍ കൊളംബസിന്റെയും വാസ്‌കോഡിഗാമയുടെയും കണ്ടുപിടിത്തങ്ങള്‍ ആദ്യത്തെ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് വഴിതെളിച്ചു.''

""അതെ, ആക്രമിച്ചു കീഴടക്കുകയെന്നതായിരുന്നല്ലോ അന്നത്തെ ഭരണാധിപരുടെ തന്ത്രം.'ണ പറഞ്ഞിട്ട് മാലിനി വീണ്ടും ജയകുമാറിന്റെ വാക്കുകള്‍ക്ക് ചെവി കൂര്‍പ്പിച്ചു.

""ചരിത്രം പരിശോധിച്ചാല്‍ മനസിലാകും, മനുഷ്യന്‍ ഒരിക്കലും തൃപ്തനായിരുന്നില്ല. ''

"" കാലമെത്രമാറിയാലും മനുഷ്യന്റെ സ്ഥായിയായ സ്വഭാവത്തിനു മാറ്റമുണ്ടാകില്ലല്ലോ്. മനുഷ്യന്‍ ഒന്നുകൊണ്ടും പൂര്‍ണമായും തൃപ്തരാകില്ലന്നതാണ് സത്യം.''മാലിനി പറഞ്ഞു.

""ശക്തരായ രാജാക്കന്മാര്‍ മറ്റ് രാജാക്കന്മാരുടെ ഭൂമിയും സമ്പത്തും കീഴടക്കി. വ്യാപാരികള്‍ പുതിയ പുതിയ സാധനങ്ങള്‍ തേടി യാത്ര ചെയ്തു കൊണ്ടിരുന്നു. സാധനങ്ങളുടെ ഒഴുക്കിനെ തങ്ങള്‍ക്ക് പ്രയോജനപ്രദമായവിധം നിയന്ത്രിക്കാന്‍ ഭരണാധികാരികള്‍ നിയമങ്ങളുണ്ടാക്കി. 3000 വര്‍ഷങ്ങള്‍ക്ക് മുമ്പും ഇന്ത്യയും മിഡില്‍ ഈസ്റ്റുമായി വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. പക്ഷേ യൂറോപ്യന്‍ യാത്രികര്‍ കൂടുതല്‍ സാഹസികരായിരുന്നു. കണ്ടെത്തിയതിലൊന്നും തൃപ്തരാകാതെ അവര്‍ പുതിയ പുതിയ സ്ഥലങ്ങള്‍ തേടിക്കൊണ്ടിരുന്നു. യൂറോപ്യന്‍ സമ്പദ് വ്യവസ്ഥ വേഗത്തില്‍ വളര്‍ന്നതിന് ഈ കീഴടക്കലുകളും യാത്രകളും കാരണമായി.

1450 മുതല്‍ 1750 വരെയുള്ള കാലത്ത് പടിഞ്ഞാറന്‍ യൂറോപ്പ്, കടല്‍ കടന്നുള്ള പര്യവേക്ഷണ യാത്രകളിലായിരുന്നു. കണ്ടുപിടുത്തങ്ങളുടേതായ ഈ കാലഘട്ടം സാമ്പത്തിക വളര്‍ച്ചയിലൂടെ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കി. 18-ാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ സംസ്കാരം സ്വന്തമായി തുടക്കമിട്ട വ്യവസായശൃംഖലകളുടേതായിരുന്നു. ആഫ്രിക്കന്‍ അടിമ വ്യാപാരത്തില്‍ നിന്നടക്കം ധനവും സമ്പാദിച്ചു. അടിമ വ്യാപാരത്തില്‍ നിന്നും വെസ്റ്റിന്ത്യന്‍ തോട്ടങ്ങളില്‍ നിന്നുമായി നേടിയ ലാഭം ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ 5 ശതമാനം വരുമായിരുന്നു. ഇക്കാലത്ത് മറ്റ് നാഗരികതകളെയെല്ലാം മറികടന്ന് യൂറോപ്പ് മുന്നിലെത്തി. വ്യവസായ വിപ്ലവത്തിന്റെ ഈറ്റില്ലമായി ലോകത്തെ നയിച്ചു.

യൂറോപ്പിന്റെ സമുദ്രപര്യവേക്ഷണങ്ങളെല്ലാം അറ്റ്‌ലാന്റിക് സ്റ്റേറ്റുകളായ പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ് എന്നിവയുടെ ഭാഗമായിട്ടായിരുന്നു. ആഫ്രിക്കയെ ചുറ്റി യാത്ര ചെയ്ത് ഇന്ത്യയിലെ സമ്പന്നമായ വ്യാപാര കേന്ദ്രങ്ങളിലെത്താന്‍ യൂറോപ്യന്‍ സാഹസികര്‍ പുതിയൊരു വഴിയും കണ്ടുപിടിച്ചു. പോര്‍ച്ചുഗീസ്, സ്പാനിഷ് സാമ്രാജ്യങ്ങളായിരുന്നു അന്നത്തെ പ്രബലരായ ആക്രമണകാരികള്‍.ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ഡച്ചുകാരും പെട്ടെന്നു തന്നെ അറ്റ്‌ലാന്റിക്കില്‍ സ്വാധീനമുറപ്പിച്ചു. കണ്ടുപിടിത്തങ്ങളും കീഴടക്കലുകളും ബിസിനസിലും ധനത്തിലും വന്‍ ഉണര്‍വുണ്ടാക്കി. ക്യാപ്പിറ്റലിസത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായി. കിഴക്കിന്റെ സുഗന്ധദ്രവ്യങ്ങളുടെയും ആഫ്രിക്കന്‍ അടിമകളുടെയും അമേരിക്കന്‍ സില്‍വറിന്റെയും വ്യാപാരത്തെ ആശ്രയിച്ച് ലോകസമ്പദ് വ്യവസ്ഥയില്‍ യൂറോപ്യന്‍ സമ്പദ് വ്യവസ്ഥ മുന്നേറിക്കൊണ്ടിരുന്നു.മറ്റേതൊരു നാഗരികതയെയും മറികടക്കുംവിധമൊരു ചലനാത്മകത യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയെ നയിച്ചു. 1900 ആയപ്പോഴേക്കും ലോകം മുഴുവനും നേതൃത്വം ലഭിക്കത്തക്കവിധത്തിലും മറ്റ് സംസ്കാരങ്ങളെ സ്വാധീനിക്കത്തക്കവിധത്തിലും പുതിയൊരു സ്വാധീന ശക്തിയായി യൂറോപ്പ് വളര്‍ന്നു വികസിച്ചു.''

""നമുക്കിതിനെകുറിച്ചിനി പിന്നീട് സംസാരിക്കാം ജയകുമാര്‍. അടുത്ത ശനിയാഴ്ച നമുക്കാവശ്യത്തിന് സമയം കിട്ടും.''

""ഓ, ഞാനത് മറന്നു. ശനിയാഴ്ചയാണല്ലേ നമ്മള് വീട്ടില്‍ വച്ച് കാണാമെന്ന് പറഞ്ഞത്. ഞാന്‍ വന്നാ പ്രശ്‌നമൊന്നുമുണ്ടാകില്ലല്ലോ?''

""ഇല്ലന്നേ.... ധൈര്യമായിരിക്ക്. ഈ വര്‍ഷം കഴിഞ്ഞാപ്പിന്നെ നമുക്കിനി ലൈബ്രറീവച്ച് പോലും കാണാന്‍ പറ്റില്ലാന്ന് മറക്കരുത്.'' വൈകാതെ മാലിനി യാത്ര പറഞ്ഞു.

ശനിയാഴ്ചയായി. അഛനും അമ്മയും വേലക്കാരിയും പോയിക്കഴിഞ്ഞതോടെ മാലിനി ഓടിപ്പിടഞ്ഞെത്തി വഴിയരികില്‍ കാത്തുനില്‍പായി. ജയകുമാറിന് വഴി തെറ്റുമോയെന്നായിരുന്നു ആശങ്ക. വഴിയെല്ലാം കൃത്യമായി പറഞ്ഞു കൊടുത്തിരുന്നെങ്കിലും പേടിയായിരുന്നു അവള്‍ക്ക്. 11 മണിയോടെ ജയകുമാര്‍ മാലിനിയുടെ വീട്ടിലെത്തി. മതിലുകളാല്‍ മറയ്ക്കപ്പെട്ട വലിയൊരു വീടായിരുന്നു അത്. ജയകുമാര്‍ മെല്ലെ ഗേറ്റ് തുറന്നു. ഫ്രണ്ട് പോര്‍ച്ചില്‍ തന്നെ കാത്തു നിന്നിരുന്നു മാലിനി. ചുറ്റിനും കണ്ണോടിച്ച് ആരും കാണുന്നില്ലെന്നുറപ്പായതോടെ ജയകുമാര്‍ മാലിനിക്കൊപ്പം അകത്തു കടന്നു.

ജയകുമാറിന്റെ പേടി കണ്ട് മാലിനി പറഞ്ഞു. ""ആരും ഇവിടില്ല ജയകുമാര്‍. വേലക്കാരിയും പുറത്തുപോയി. അഞ്ചുമണിക്കേ ഇനി തിരിച്ചുവരൂ.''

""ഓ.കെ മാലിനീ. ഞാനൊരു നിമിഷം ഭയന്നുവെന്നത് നേര്തന്നെ. ജയകുമാര്‍ സോഫയിലിരുന്നു. മാലിനിയും. എല്ലായിടത്തുമൊന്ന് കണ്ണോടിച്ചിട്ടു ജയകുമാര്‍ പറഞ്ഞു.

""നല്ല ഭംഗിയുണ്ട് തന്റെയീ വീട്.''

""എന്റേതു മാത്രമല്ലിത്. ഇനിയിത് ജയകുമാറിനും കൂടി അവകാശപ്പെട്ടതാ. നമുക്കിവിടെ അധികം വൈകാതെ ഒരുമിച്ച് ജീവിക്കാം.'' മാലിനി ജയകുമാറിന്റെ കൈകളില്‍ പിടിച്ചു കൊണ്ടു പറഞ്ഞു. ""ഞാന്‍ വിചാരിച്ചു, ഗ്രാമത്തില്‍ ജീവിക്കാനാ തനിക്കിഷ്ടമെന്ന്.''

""ഗ്രാമജീവിതത്തെകുറിച്ചു പിന്നെ പ്രത്യേകം പറയാനുണ്ടോ? പക്ഷേ, നമുക്ക് രണ്ടുവീടും വേണം. ഗ്രാമത്തിലെ ജീവിതവും ടൗണിലെ ജീവിതവും അനുഭവിച്ചറിയാമല്ലോ.''

""നമ്മുടെ സ്വപ്നങ്ങളൊക്കെ നടക്കുമെന്നുതന്നെയാ എന്റെ വിശ്വാസം. പക്ഷെങ്കി എനിക്കിപ്പോഴും ഭയമുണ്ട്. തന്റെ അഛനേതെങ്കിലും പണക്കാരനായൊരു സുന്ദരനെ തനിക്കായി തിരഞ്ഞെടുത്താലോ?''

ജയകുമാറിന്റെ മുഖം ആത്മവിശ്വാസമില്ലാതെ കാണപ്പെട്ടു.

""അങ്ങനെ പറയരുത് ജയകുമാര്‍. തന്റെ ബുദ്ധിയും വിവേകവും കൊണ്ട് താന്‍ മറ്റാരെക്കാളും സമ്പന്നനാണ്, സുന്ദരനും. എനിക്കിതിലും യോഗ്യനായി മറ്റൊരാളെ കിട്ടില്ല. ഞാന്‍ അഛനോടും അമ്മയോടും പറഞ്ഞ് സമ്മതിപ്പിച്ചോളാം. പണത്തിലും എത്രയോ മേലെയാണ് സ്‌നേഹത്തിന് സ്ഥാനം.'' മാലിനി തന്നെ മനസിലാക്കുന്നത് ജയകുമാറിനതിശമായിരുന്നു.

""ഞാനൊരു സിനിമാ കാസറ്റ് സംഘടിപ്പിച്ചിട്ടുണ്ട്. നമുക്കത് കാണാം. കുറച്ചു കഴിയുമ്പോഴേക്കും സ്‌റ്റെല്ല വരും. അഛനുമമ്മയും വരുന്നതുവരെ അവളെനിക്ക് കൂട്ടിരുന്നോളും.''

""അവരെപ്പോഴാ വരുന്നത്? അതിനു മുമ്പെനിക്കിവിടുന്ന് പോകണം.''ജയകുമാറിന്റെ തിടുക്കം മാലിനിക്ക് മനസിലാകുന്നുണ്ടായിരുന്നു.

"" സന്ധ്യയാകാതെ അവരിന്ന് വരില്ല. സ്റ്റെല്ല വന്നു കഴിഞ്ഞ് ജയകുമാര്‍ പൊയ്‌ക്കോളൂ.'' മാലിനി കാസറ്റിട്ടു. ഒരു പ്രേമകഥയായിരുന്നത്. കഥയുടെ അവസാനം, സ്‌നേഹിച്ച യുവാവ് പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നില്ല.

സിനിമ കഴിഞ്ഞയുടന്‍ മാലിനി ചോദിച്ചു.

""നമ്മളെന്നാ കല്യാണം കഴിക്കുക?''

""ഈ ചോദ്യം ഞാന്‍ കേള്‍ക്കാന്‍ തുടങ്ങീട്ട് കുറച്ചു കാലമായി. ഇപ്പോള്‍ തന്നെ കല്യാണം നടത്തിയേക്കാമെന്നെനിക്കാഗ്രഹമുണ്ട്. പക്ഷേ മാലിനീ ജീവിതത്തിനതിന്റേതായ പരിമിതികളുണ്ട്. എനിക്ക് പഠനം പൂര്‍ത്തിയാക്കണം. ഒരു തൊഴില്‍ കണ്ടെത്തണം. പിന്നെ എത്രയും പെട്ടെന്നു തന്നെ , നമ്മുടെ വിവാഹവും നടത്താം.''

""മാസ്റ്റേഴ്‌സെടുത്താല്‍ പിന്നെ നമുക്ക് കല്യാണം കഴിക്കാമല്ലോ. അതുവരെ ഞാന്‍ കാത്തിരിക്കാം.''

അവള്‍ പറഞ്ഞു.

""ശരി..ശരി...ഇപ്പോഴെങ്കിലും സമാധാനമായല്ലോ.''ജയകുമാര്‍ മാലിനിയെ നോക്കിപ്പറഞ്ഞു.

""ഇനി നമുക്ക് ഡൈനിംഗ് റൂമിലേക്കിരിക്കാം.'' മാലിനി പറഞ്ഞു. അവര്‍ അടുത്തമുറിയിലേക്ക് പോയി. മേശപ്പുറത്ത് ചോറും കറികളും റെഡിയാക്കി വച്ചിരുന്നതുകണ്ട് ജയകുമാറിനതിശയമായി.""താനിതൊക്കെ തനിയേ ചെയ്‌തോ?'' അയാള്‍ ചോദിച്ചു.

""പുറത്തുപോകുംമുമ്പ് ഉച്ചഭക്ഷണം റെഡിയാക്കിവെക്കണമെന്ന് ഞാന്‍ വാസന്തിയോട് പറഞ്ഞിരുന്നു. നമുക്ക് കഴിച്ചിട്ടിരിക്കാം.'' ഷെല്‍ഫില്‍ നിന്നൊരു പ്ലേറ്റ് കൂടി എടുത്ത് മേശപ്പുറത്തുവച്ചിട്ട് മാലിനി പറഞ്ഞു.

""ഇരിക്ക് ഞാന്‍ വിളമ്പിത്തരാം.''മാലിനി പ്ലേറ്റെടുത്ത് ജയകുമാറിനു മുമ്പില്‍ വച്ചു.

""അതുവേണ്ട മാലിനീ, താനും കൂടി ഇരിക്ക്. ജീവിതത്തില്‍ നമ്മള്‍ തുല്യ അവകാശങ്ങളുള്ള പങ്കാളികളല്ലേ. ഭാര്യ ഭര്‍ത്താവിന് വിളമ്പികൊടുക്കുന്നതൊക്കെ പഴയ രീതികളാ.''

""വേണ്ട ജയകുമാര്‍, എനിക്ക് പഴമയിലാ താല്‍പര്യം. ഞാന്‍ വിളമ്പിത്തരാം, എന്നിട്ട് ഞാന്‍ സ്വയം വിളമ്പിക്കഴിച്ചോളാം.''

അവള്‍ ജയകുമാറിനെ നിര്‍ബന്ധിച്ച് കസേരയിലിരുത്തി. പ്ലേറ്റ് മുന്നില്‍വച്ച് ചോറ് കോരി പാത്രത്തിലിട്ടു. അടുത്തൊരു കസേര വലിച്ചിട്ട് ജയുകുമാര്‍ മാലിനിയെയും പിടിച്ചിരുത്തി. നിര്‍ബന്ധിച്ച് അവളുടെ പാത്രത്തില്‍ ചോറ് വിളമ്പി. രണ്ടുപേരും പരസ്പരം മത്സരിച്ച് പ്ലേറ്റുകളിലേക്ക് ചോറും കറികളുമിട്ടു. ഭക്ഷണം കഴിച്ചുകഴിഞ്ഞ് മാലിനി പാത്രങ്ങള്‍ അടുക്കളയിലേക്ക് കൊണ്ടുപോയി.

മേശ വൃത്തിയാക്കാനും ഭക്ഷണം എടുത്തുമാറ്റാനും ജയകുമാര്‍ മാലിനിയെ സഹായിച്ചു.

""ഞങ്ങളുടെ വീട്ടില്‍ ഇങ്ങനൊന്നും ഞാന്‍ കണ്ടിട്ടില്ല. ഭാര്യയും ഭര്‍ത്താവും പരസ്പരം സഹായിക്കുന്നത് വലിയൊരനുഭവമാണ്. താനൊരു അതിശയിപ്പിക്കുന്ന വ്യക്തിത്വം തന്നെ ജയകുമാര്‍.'' അവര്‍ സംസാരിച്ച് സോഫയിലിരുന്നു.

""ജയകുമാറിനിഷ്ടം ഇക്കണോമിസ്റ്റാകുന്നതല്ലേ? സോഷ്യോളജിസ്റ്റാകാനാ എന്റെയിഷ്ടം. മനുഷ്യന്റെ സ്വഭാവവും പെരുമാറ്റ രീതികളും പഠിക്കാമല്ലോ?''മാലിനി സംസാരത്തിലേക്കു വന്നു.

""ഡിഗ്രി കഴിഞ്ഞ് എം.എ സോഷ്യോളജി ചെയ്താലെന്താ?''

""ആന്ത്രോപ്പോളജിയാ എനിക്കിഷ്ടം.''

""അതു പഠിക്കാന്‍ കഷ്ടപ്പാടല്ലേ?''

""കഷ്ടപ്പാടൊക്കെതന്നെ. എന്നാലും മനുഷ്യവംശത്തെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാമല്ലോ. പരമ്പരാഗത ശാസ്ത്രശാഖകളില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന ശാസ്ത്രശാഖയാ നരവംശശാസ്ത്രം. അത് പഠിക്കാനൊരു ത്രില്ലുണ്ട്. വര്‍ഗീയവും സാംസ്കാരികവുമായ മേധാവിത്വത്തിന്റെ പൊള്ളത്തരങ്ങളത് തുറന്നു കാട്ടുന്നു. ഏത് ദേശത്ത്, ഏതു കാലത്ത് ജീവിച്ചുവെന്ന് പരിഗണിക്കാതെ എല്ലാ മനുഷ്യരെക്കുറിച്ചും നരവംശശാസ്ത്രം പഠിപ്പിക്കുന്നു. സന്യാസിമാരുടെയും ലബോറട്ടറി ശാസ്ത്രജ്ഞരുടെയും ധ്യാനങ്ങളെയും ചിന്തകളെയുംകാള്‍ മനുഷ്യസ്വഭാവത്തെക്കുറിച്ച് വിവരങ്ങള്‍ പങ്കുവയ്ക്കുന്നു.

ഗ്രീക്ക് ഭാഷയില്‍ മനുഷ്യന്‍ എന്നര്‍ഥമുള്ള അിവേൃീുീ െഎന്ന വാക്കും "പഠനം' എന്നര്‍ഥമുള്ള ഘീഴീ െഎന്ന വാക്കും ചേര്‍ന്നാണ് നരവംശശാസ്ത്രം എന്നര്‍ഥമുള്ള അിവേൃീുീഹീഴ്യ എന്ന വാക്കുണ്ടായത്. നരവംശശാസ്ത്രമെന്നത് മനുഷ്യനെ കുറിച്ചുള്ള പഠനമാണ്. ആദ്യകാലം മുതല്‍ ഇന്നുവരെയുള്ള മനുഷ്യവംശത്തിനുണ്ടായ വികസനത്തിന്റെ പഠനം.

മനുഷ്യന്റെയും അവന്റെ സംസ്കാരങ്ങളുടെയും പഠനത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ശാസ്ത്രശാഖയാണിത്. ക്രോയെബറിന്റെ വാക്കുകള്‍ കടമെടുത്താല്‍ സാമൂഹിക ശാസ്ത്രവും നരവംശശാസ്ത്രവും ഇരട്ടസോദരിമാരാണ്. ഇവ രണ്ടും മനുഷ്യനെ പഠിക്കുന്നു. കാലമോ സാംസ്കാരിക വികസനമോ ആണ് അവയെ വേര്‍തിരിക്കുന്ന ഘടകം. മനുഷ്യ സ്വഭാവത്തെകുറിച്ചും ആന്ത്രോപ്പോളജി വിശകലനം ചെയ്യുന്നു. മനുഷ്യസംസ്കാരത്തിന്റെ നേട്ടങ്ങളെയും വ്യക്തികളിലും സമൂഹത്തിലും അതിന്റെ പ്രാധാന്യത്തെയും കുറിച്ചും പഠിക്കാന്‍ ആന്ത്രപ്പോളജി അവസരം നല്‍കുന്നു. സാംസ്കാരിക പരിണാമത്തിന് ജീവശാസ്ത്രപരമായ പരിണാമത്തില്‍ എങ്ങനെ വേരുകളുണ്ടായി എന്നും മനുഷ്യനെ ഇന്നത്തെ രൂപത്തിലെത്തിക്കുന്നതിന് അതു വഹിച്ച പങ്കെന്തെന്നും അറിയണമെന്നുണ്ടെനിക്ക്.''

""മാലിനീ നിനക്കതൊക്ക സാധിക്കും. എനിക്കുറപ്പുണ്ട്.''ജയകുമാര്‍ കൂട്ടുകാരിയെ പ്രോല്‍സാഹിപ്പിച്ചു.

""ആളുകളെക്കുറിച്ച്... അവരുടെ പെരുമാറ്റത്തെക്കുറിച്ച്, അവരെ വ്യത്യസ്തരാക്കുന്നതെന്തെന്നതു സംബന്ധിച്ച്... എല്ലാവരും പൊതുവില്‍ ഷെയര്‍ ചെയ്യുന്ന സ്വഭാവ രീതികളെന്തൊക്കെയെന്ന്.... തുടങ്ങിയ വിഷയങ്ങളൊക്കെ നരവംശശാസ്ത്രം പഠിപ്പിക്കും.....നമ്മളെക്കുറിച്ച് തന്നെ കൂടുതല്‍ മനസിലാക്കിയിട്ടീ പഠനം തുടങ്ങാമെന്നാ എന്റെ പ്ലാന്‍. നമ്മളെങ്ങനെ കൂട്ടുകാരായി? ഇപ്പോള്‍ ഇത്രയും അടുപ്പത്തിലായീന്നൊക്കെ''

മാലിനി ഫ്രിഡ്ജ് തുറന്ന് തണുത്തവെള്ളം ഗ്ലാസിലേക്ക് പകര്‍ന്നു. ""താനിനി ആന്ത്രപ്പോളജി കൂടി പഠിച്ചാല്‍ ഞാന്‍ പിന്നെ തന്റെ പഠനവിഷയമാകുമോന്നാ എനിക്ക് പേടി.''

""ജയകുമാര്‍ നേരത്തെ തന്നെ എന്റെ പഠന വിഷയമാണ്. ഞാന്‍ ചിന്തിക്കുന്നതും സ്വപ്നം കാണുന്നതുമെല്ലാം ഈയൊരാളിനെ കുറിച്ചാ... എനിക്കത്രയ്ക്കിഷ്ടമാണിയാളെ.''

പെട്ടെന്ന് ഡോര്‍ബെല്‍ ശബ്ദിച്ചു. ജയകുമാര്‍ സോഫയില്‍ നിന്ന് ചാടിയെണീറ്റു.

""പേടിക്കണ്ട ജയകുമാര്‍, അത് സ്റ്റെല്ലയാണ്.''

ജയകുമാറിനെ അവള്‍ സോഫായില്‍ പിടിച്ചിരുത്തി.

മാലിനി വാതില്‍ തുറന്നു. സ്റ്റെല്ല അകത്തു കയറി. ജയകുമാറിനോടായി അവള്‍ ചോദിച്ചു, ""ഞാന്‍ ശരിയായ സമയത്തുതന്നെയാണല്ലോ വന്നത്?''

""ഞങ്ങള്‍ നിന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. മാലിനിയെ ഒറ്റയ്ക്കാക്കിയിട്ട് പോകാന്‍ തോന്നിയില്ല.''

""ഓരോരുത്തരുടെയൊരു ഭാഗ്യം. കൂട്ടിരിക്കാനെത്ര പേരാ?അഛനുമമ്മയും വീട്ടിലില്ലെങ്കിലും നിനക്കിപ്പോള്‍ കൂട്ടിനാളുണ്ട്, എന്റെ സൗഹൃദവും നിനക്കിനി വേണ്ട''.മാലിനിയെ നോക്കി സ്റ്റെല്ല പറഞ്ഞു.

മാലിനി ചിരിച്ചുകൊണ്ട് സ്റ്റെല്ലയോടിരിക്കാന്‍ പറഞ്ഞു. കുറച്ചുനേരം കൂടി സംസാരിച്ചിരുന്നിട്ട് ജയകുമാര്‍ പോയി.

ദിവസങ്ങള്‍ കടന്നുപോയി. ഫൈനല്‍ പരീക്ഷകള്‍ക്ക് സമയമായി. ജയകുമാര്‍ മാലിനിയെ കാണുന്നത് തന്നെ വിരളമായി. പാഠങ്ങളൊക്കെ പലവട്ടം ആവര്‍ത്തിച്ച് പഠിച്ചു.പഴയ വര്‍ഷങ്ങളിലെ ചോദ്യക്കടലാസുകള്‍ പലവട്ടം ചെയ്തുനോക്കി.മാലിനിയും പഠനത്തില്‍ പൂര്‍ണമായും ശ്രദ്ധിച്ചു.

ഇടയ്‌ക്കൊരു ദിവസം നേരില്‍ കണ്ടപ്പോള്‍ മാലിനിയുടെ കണ്ണുകള്‍ നിറയുന്നത് കണ്ട് ജയകുമാര്‍ അസ്വസ്ഥയായി.

""എന്താ മാലിനീ, താന്‍ അഛനോടെന്തെങ്കിലും പറഞ്ഞോ?''

""ഇല്ല ഒന്നും പറഞ്ഞിട്ടില്ല. ഞാനിന്നലെയൊരു സ്വപ്നം കണ്ടു. ജയകുമാര്‍ എവിടെയോ പോയിട്ട് തിരികെ വന്നില്ലാന്ന്. ഈ വര്‍ഷം കഴിഞ്ഞാപ്പിന്നെ നമുക്ക് കൂടെക്കൂടെ കാണാന്‍ പറ്റില്ലല്ലോയെന്നോര്‍ക്കുമ്പോ മനസ് വിങ്ങുന്നു.''

""നമ്മള്‍ ഇതേകുറിച്ചൊക്കെ എത്രയോ തവണ സംസാരിച്ചിരിക്കുന്നു മാലിനീ. ഞാനിനി ബാംഗ്ലൂരോ മദ്രാസിലോ പോയാതന്നെ ഇടയ്ക്ക് വന്ന് കാണാമല്ലോ?''

""എനിക്കറിയാം. ഈ സ്വപ്നം കണ്ടെന്റെ മനസൊരു നിമിഷം ഇടറിപ്പോയതാ.''

""ഇനി കുറച്ചുനാള്‍ പഠനത്തില്‍ മാത്രമാകുമെന്റെ ശ്രദ്ധ.താന്‍ പരിഭവിക്കരുത്.'' ജയകുമാര്‍ യാത്ര പറഞ്ഞു പിരിഞ്ഞു.

പരീക്ഷാ ദിവസങ്ങളില്‍ ഒരു കുശലാന്വേഷണ ഫോണ്‍കോളില്‍ മാത്രമൊതുങ്ങി അവരുടെ ബന്ധം.

അവധിക്കാലം തുടങ്ങി. ജയകുമാര്‍ വീട്ടിലേക്കു പോയി.ഇടയ്ക്കിടെ ടൗണിലേക്ക് വന്നു. മിക്കവാറും മാലിനിയോട് ഫോണില്‍ സംസാരിച്ചു. ഡിഗ്രി പരീക്ഷകളുടെ റിസല്‍റ്റ് പ്രസിദ്ധീകരിച്ചു. പിറ്റേന്ന് ഫലം പത്രങ്ങളില്‍ വരുന്നത് കാത്തിരിക്കുകയാണ് എല്ലാവരും. ഒരു മണിക്കൂര്‍ കഴിഞ്ഞ് ജയകുമാറിന്റെ പ്രൊഫസര്‍ ഫോണില്‍ വിളിച്ചു.

""ഇക്കണോമിക്‌സില്‍ ഫസ്റ്റ് റാങ്ക് ജയകുമാറിന്, അഭിനന്ദനങ്ങള്‍.''

തുള്ളിച്ചാടണമെന്നുതോന്നി അയാള്‍ക്ക്. അഛന്റെയും അമ്മയുടെയും അരികിലേക്കോടിയെത്തി ജയകുമാര്‍ സന്തോഷം പങ്കുവച്ചു. സഹോദരിമാര്‍ ഓടിയെത്തി ഏട്ടനെ കെട്ടിപ്പിടിച്ചു. മാലിനിയെ വിളിച്ചുടന്‍ തന്നെ ജയകുമാര്‍ സന്തോഷം അറിയിച്ചു.

""ഒരായിരം അഭിനന്ദനങ്ങള്‍. ജയകുമാറിനെ പോലൊരു മിടുക്കന് റാങ്ക് കിട്ടിയില്ലെങ്കിലേ അതിശയിക്കാനുള്ളൂ. നാളെ കോളജില്‍ വരണം. നമുക്കൊന്നു കാണണം, ഈ സന്തോഷം പങ്കുവയ്ക്കണം.''

സന്തോഷം കൊണ്ടവളുടെ ശബ്ദമിടറി.

""നാളെ ഞാനെത്താം മാലിനീ. നമുക്ക് കാണാം.''

""എനിക്കിനി അഛനോട് ജയകുമാറിനെകുറിച്ച് അഭിമാനത്തോടെ പറയാം. നാളെത്തന്നെഞാനിക്കാര്യം പറയും.''

""മാലിനീ നമ്മള്‍ തമ്മില്‍ കണ്ടിട്ട് പറഞ്ഞാ മതി.''

ഫോണ്‍ വെക്കുമ്പോഴേക്കും ടി.വി സംഘങ്ങളും കാറുകളും ഓരോന്നായി വീടിന് പുറത്തുവന്നു നില്‍ക്കുന്നത് ജയകുമാററിഞ്ഞു.പടങ്ങളെടുക്കാനും റാങ്ക് ജേതാവിനോട് സംസാരിക്കാനും എല്ലാവരും മത്സരിച്ചു. വീട്ടിലെ ബഹളം കണ്ട് അയല്‍ക്കാരും ചുറ്റിനും കൂടി. വാര്‍ത്തയറിഞ്ഞ് ശാലിനിയും ഓടിയെത്തി.

പഞ്ചായത്തംഗം, പ്രസിഡന്റ, തുടങ്ങി അടുത്തുള്ള ഗ്രാമീണരെല്ലാരും വീടിന്നു മുന്നിലെത്തി. ജയകുമാര്‍ പത്രക്കാരോട് സംസാരിച്ചു. എല്ലാവരും ജയകുമാറിനെ അഭിനന്ദനങ്ങള്‍കൊണ്ടുമൂടി. അന്ന് രാത്രിയിലെ ടി.വി ന്യൂസില്‍ ഡിഗ്രി പരീക്ഷാ ഫലങ്ങളുടെയും റാങ്ക് ജേതാക്കളുടെയും വിവരങ്ങളുണ്ടായിരുന്നു. അടുത്ത ദിവസത്തെ പേപ്പറില്‍ ജയകുമാറിന്റെ ഫോട്ടോയും വാര്‍ത്തയും വന്നു. മാലിനി പത്രത്തില്‍വന്ന ജയകുമാറിന്റെ ഫോട്ടോകളും വാര്‍ത്തയും അഛനെയും അമ്മയെയും കാണിച്ചു.

""നിനക്ക് ജയകുമാറിന്റെ കാര്യത്തിലെന്താ ഇത്ര താല്‍പര്യം?'' മകളുടെ അടക്കാനാവാത്ത സന്തോഷം കണ്ട് അഛന്‍ ചോദിച്ചു.

""അയാളെന്റെ ഏറ്റവും അടുത്ത സുഹൃത്താണഛാ. അയാള്‍ക്ക് റാങ്ക് കിട്ടുമ്പോ ഞാനെങ്ങനാ...?'' അവളുടെ വാക്കുകള്‍ മുറിഞ്ഞു.

""അങ്ങനെയൊരാളെ കുറിച്ച് നീയിതുവരെ പറഞ്ഞിട്ടില്ലല്ലോ?''

""അതു പിന്നേ... ഞാന്‍ പറഞ്ഞില്ലാന്നേയുള്ളൂ. ഞങ്ങള് നല്ല കൂട്ടാ. ഞാന്‍ റാങ്ക് പ്രതീക്ഷിച്ചിരുന്നയാള്‍ക്ക.് എന്ത് മിടുക്കാണെന്നോ ജയകുമാര്‍?''

അവള്‍ വീണ്ടും ജയകുമാറിനെകുറിച്ച് പറഞ്ഞു.

""അത്രയ്ക്കടുപ്പമുണ്ടോ നിങ്ങള് തമ്മില്‍.'' അഛന്‍ ചോദിച്ചു.

""പിന്നേ.... ഒരു സാധാരണ കുടുംബത്തിലെ പയ്യനാ ജയകുമാര്‍. കൃഷിക്കാരാ ...്.''

അവള്‍ ജയകുമാറിനെ പരിചയപ്പെടുത്തി.

""നിനക്കിത്രവിശദമായ വിവരങ്ങളൊക്കെ എവിടുന്ന് കിട്ടി?''

""അതൊക്കെ ഞാന്‍ നേരത്തെ ചോദിച്ചു മനസിലാക്കിയതാ.''

""അടുത്ത കൂട്ടുകാരെന്നു പറഞ്ഞാ സൗഹൃദമെന്ന് മാത്രമേ നീ ഉദ്ദേശിച്ചിട്ടുള്ളോ?''

അഛന്റെ വാക്കുകളിലെ വെപ്രാളം മാലിനി ശ്രദ്ധിച്ചു.

""അത് പറഞ്ഞാ...''

അവളൊന്നു പരുങ്ങി.

""എന്താ പറയാനൊരു മടി? നിങ്ങള് തമ്മില്‍ മറ്റെന്തെങ്കിലും ബന്ധമുണ്ടോ?''

അഛന്റെ ശബ്ദം ഉയര്‍ന്നിരുന്നു.

""അത് .... അഛാ...'' അവള്‍ വീണ്ടും മടിച്ചു.

അവള്‍ പറയാന്‍ വിഷമിക്കുന്നതു കണ്ട് അഛന്‍ ശബ്ദമൊന്നു മയപ്പെടുത്തി.

""എന്താണെങ്കിലും പറഞ്ഞോളൂ?''

""അഛാ... എനിക്കയാളെ ഇഷ്ടമോ.'' അവള്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.

""ഇഷ്ടമെന്നുവെച്ചാ മറക്കാനാവാത്ത ഇഷ്ടമാ? കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയാണോ നീയി പറയുന്നേ?''

സംസാരം കേട്ട് അമ്മയും അടുത്തുവന്നു.

""പെണ്ണിനാവശ്യമില്ലാത്ത സ്വാതന്ത്ര്യം കൊടുത്തപ്പഴേ ഞാന്‍ കരുതിയതാ.'' അവര്‍ പറഞ്ഞു.അവളുടെ ഹൃയം പടപടാന്നുമിടിച്ചു. ദേഹം വിയര്‍ത്തു കുളിച്ചു.

""അതിരിക്കട്ടേ, അയാളുടെ വീടെവിടെയാ?''

""കുറച്ചകലെയാ. മൂവാറ്റുപുഴയിലെ ഒരു ഗ്രാമപ്രദേശത്ത്. സംസാരവും പെരുമാറ്റവും കൊണ്ടുതന്നെ ആരും ഇഷ്ടപ്പെടുന്ന പ്രകൃതമാ ജയകുമാറിന്റേത്.''

""ഞാനിനി മറ്റാരെയും നിനക്കായി കണ്ടുവെക്കണ്ടന്നാണോ നീയീ പറയുന്നെ?''

""ജയകുമാറിനൊപ്പമേ എനിക്കൊരു ജീവിതമുള്ളഛാ.''

അവര്‍ സാമ്പത്തികമായി നമ്മെക്കാള്‍ വളരെ താഴെയാണെന്ന് നീ തന്നെ പറഞ്ഞു.

""അത് സാരമില്ലഛാ. പഠിക്കാന്‍ മിടുക്കനല്ലേ?

""ഇനി അയാള്‍ ടൗണില്‍ വരുമ്പോള്‍ എന്നെയൊന്നു കാണാന്‍ പറ. ഞാനൊന്നാലോചിക്കട്ടെ.''

സംഭവിക്കുന്നതൊക്കെയും സത്യമാണോന്നറിയാന്‍ അവള്‍ കൈയില്‍ നുള്ളി നോക്കി. എന്നിട്ടു പറഞ്ഞു.

""തീര്‍ച്ചയായും പറയാമഛാ. നാളെ ജയകുമാര്‍ കോളജില്‍ വരുന്നുണ്ട്.''

ജയകുമാര്‍ അന്നു മുഴുവന്‍ അഭിനന്ദനങ്ങളുടെ ലോകത്തായിരുന്നു. പിറ്റേന്ന് കോളജിലേക്ക് ബസ് കാത്തു നില്‍ക്കെ ബസിനുള്ളില്‍ തിരിച്ചറിഞ്ഞ് പലരും അഭിനന്ദിച്ചു. കോളജിലെത്തുമ്പോള്‍ മാലിനി പ്രധാന ഗേറ്റിനരികില്‍ കാത്തു നിന്നിരുന്നു. അവള്‍ ഓടി അടുത്തുവന്ന് കൈയില്‍ പിടിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. കൈകള്‍ വിടുവിക്കാതെ തന്നെ നോക്കി നില്‍ക്കുന്ന മാലിനിയെ കണ്ടയാള്‍ അതിശയിച്ചു..

ജയകുമാര്‍ ചുറ്റും കണ്ണോടിച്ചു, ആരെങ്കിലും കാണുന്നുണ്ടോയെന്ന്. എന്നിട്ട് പറഞ്ഞു.

""മാലിനീ നീയെന്തായീ ചെയ്യുന്നേ, വല്ലവരും കണ്ടാലോ?''

""കണ്ടാലെന്താ, ഞാനിപ്പോ അതൊന്നും ശ്രദ്ധിക്കുന്നില്ല. അഛനോട് ഞാന്‍ നമ്മുടെ കാര്യം പറഞ്ഞു. അഛന് ജയകുമാറിനെ കാണണമെന്ന് പറഞ്ഞിരിക്കുവാ.''

അവള്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു.

""എന്ത്? സത്യമാണോയീ പറയുന്നേ? അഛനെന്നെ കാണണമെന്നോ?''

""ഉവ്വ്, ജയകുമാറിനെ എനിക്കിഷ്ടമാണെന്നും കല്യാണം കഴിക്കാന്‍ താല്‍പര്യമാണെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്.''

""ഓ ദൈവമേ, കുഴപ്പമാകുമോ? ഞാനിനി അദ്ദേഹത്തോടെന്തു പറയും? അദ്ദേഹമെന്ത് വിചാരിക്കും?

""പ്രിന്‍സിപ്പലിനെയും ടീച്ചേഴ്‌സിനെയും കണ്ടിട്ട് എനിക്കൊപ്പം വീട്ടിലേക്ക് വന്നാമതി. എല്ലാം ശരിയാകും.''

റാങ്ക് വാര്‍ത്തയറിഞ്ഞ് കോളജിലാകെ ഉത്സവാന്തരീക്ഷമായിരുന്നു. അധ്യാപകരെല്ലാവരും അഭിനന്ദനങ്ങള്‍ കൊണ്ടു ജയകുമാറിനെ പൊതിഞ്ഞു. ഭാവിയിലെന്താണ് പ്ലാനെന്ന് തിരക്കിയവരോടെല്ലാം ഇക്കണോമിക്‌സ് എം.എയ്ക്ക് ചേരുമെന്നയാള്‍ പറഞ്ഞു.

എം.ജി റോഡിലെ മാധവന്റെ ഓഫിസിലേക്ക് ജയകുമാര്‍ മാലിനിക്കൊപ്പം പോയി. ഓഫിസിലേക്ക് പ്രവേശിക്കുമ്പോള്‍ അയാളുടെ കാലുകള്‍ വിറച്ചു. മാലിനിയുടെ അഛന് തന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലോ? പേടിയോടെയാണ് ജയകുമാര്‍ അകത്തു കയറിയത്. മാധവന്‍ കുറച്ചേറെ നേരം ജയകുമാറിനെ നോക്കി നിന്നു. പിന്നെ സ്ഥലകാലബോധം വന്നതുപോലെ തിടുക്കത്തില്‍ പറഞ്ഞു.

""അഭിനന്ദനങ്ങള്‍ ജയകുമാര്‍'' മാലിനി തന്നെകുറിച്ചേറെ പറഞ്ഞു. നമുക്കിരുന്ന് സംസാരിക്കാം.''

മാധവന്‍ ജയകുമാറിനെ സ്വീകരിച്ചിരുത്തി.

""നിങ്ങള്‍ തമ്മില്‍ നല്ല അടുപ്പമുണ്ടല്ലേ?''

""ഞങ്ങള്‍ ലൈബ്രറീവച്ച് കാണാറുണ്ട്.'' മാലിനി നല്ല ബുദ്ധിമതിയാണ്. ഞങ്ങള്‍ ചരിത്രവും മതവും ഫിലോസഫിയും ഇക്കണോമിയുമൊക്കെ പരസ്പരം ചര്‍ച്ച ചെയ്യാറുമുണ്ട്. '' ജയകുമാര്‍ ഭവ്യതയോടെ പറഞ്ഞു.

""ഇനിയെന്താ ജയകുമാറിന്റെ പ്ലാന്‍?''

""എം.എ ഇക്കണോമിക്‌സ് ചെയ്യണമെന്നുണ്ട്. ടീച്ചേഴ്‌സ് പറഞ്ഞു, യൂണിവേഴ്‌സിറ്റി കോളജില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാമെന്ന്. പക്ഷെ കേരളത്തിന് പുറത്ത് പഠിക്കാനാ എനിക്കിഷ്ടം.''

""റാങ്കുള്ളതിനാല്‍ എം.എയ്ക്ക് തനിക്കുറപ്പായും സ്‌കോളര്‍ഷിപ്പ് കിട്ടും. പക്ഷെങ്കി എനിക്ക് പറയാനുള്ളത്, ഇക്കണോമിക്‌സിനല്ല, എം.ബി.എ ഫിനാന്‍സിന് ചേരാനാ. മാനേജ്‌മെന്റ് പദവിക്ക് അതാണു കൂടുതല്‍ യോജിക്കുക. ഒരിക്കണോമിസ്റ്റായിരിക്കുക ബോറിംഗല്ലേ...?. റിസര്‍വ് ബാങ്കിനപ്പുറം നല്ലൊരു ജോലിയതില്‍ കിട്ടാനുമില്ല. മദ്രാസിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് മാനേജ്‌മെന്റില്‍ ഞാന്‍ പ്രവേശനം ശരിയാക്കാം. ഇവിടെ ഞങ്ങളുടെ ഓഫിസില്‍ ഉടന്‍ തന്നെ മാനേജ്‌മെന്റ് ട്രെയിനിയായി ചേരുന്നത് അഡ്മിഷന്‍ കിട്ടാന്‍ ഗുണം ചെയ്യും. ഒരു കമ്പനി സ്‌പോണ്‍സര്‍ ചെയ്താല്‍ എം.ബി.എയ്ക്ക് അഡ്മിഷന്‍ കിട്ടാന്‍ എളുപ്പമാവും.'' പെട്ടെന്നുള്ള നിര്‍ദേശം കേട്ട് ജയകുമാര്‍ എന്തു പറയണമെന്നറിയാതെ നിന്നു. മാധവന് തന്നെയിഷ്ടപ്പെട്ടുവെന്നയാള്‍ക്കുറപ്പായി.

എന്താണ് ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ അയാള്‍ക്കൊരു രൂപവുമുണ്ടായിരുന്നില്ല. മാലിനി ജയകുമാറിനെ നോക്കി പറഞ്ഞു. ""അഛന്‍ പറയുന്നതാ ശരി. എം.ബി.എയ്ക്ക് പോയാ മതി.'' അവളുടെ വാക്കുകളില്‍ നിറയെ സന്തോഷം.

""പക്ഷെങ്കി മാലിനീ, എന്നെ പഠിപ്പിക്കാന്‍ അഛന്റെ കൈയില്‍ പണമുണ്ടാകുന്ന കാര്യം സംശയമാ.ട്യൂഷന്‍ ഫീസും ഹോസ്റ്റല്‍ ഫീസുമൊക്കെയായി ഏറെ പണം വേണ്ടിവരും. പഠനത്തിന് സ്‌കോളര്‍ഷിപ്പില്ലെങ്കില്‍ വലിയ ബുദ്ധിമുട്ടാകും.''

""അതെകുറിച്ചൊന്നും വിഷമിക്കണ്ട. കമ്പനി സ്‌പോണ്‍സര്‍ ചെയ്താല്‍ പഠനത്തിന്റെ ചെലവും കമ്പനി വഹിക്കും.'' മാധവന്‍ ജയകുമാറിനെ സമാധാനിപ്പിച്ചു.

ജയകുമാര്‍ വീണ്ടും ആശയക്കുഴപ്പത്തിലായി. തണുപ്പുള്ളൊരു ചെറുകാറ്റ് അലസതയോടെ മുറിക്കുള്ളില്‍ ചുറ്റിത്തിരിഞ്ഞു നിന്നു. അതും ജയകുമാറിന്റെ മനം ശാന്തമാക്കിയില്ല.

എന്തു മറുപടി പറയണം. മാനേജ്‌മെന്റ് ട്രെയിനി എന്ന നിലയില്‍ തൊഴിലവസരം വച്ച് നീട്ടുകയാണ് മാലിനിയുടെ അഛന്‍. അതും എം.ബി.എ അഡ്മിഷന്‍ തരപ്പെടുത്താന്‍. കമ്പനിയിലൂടെ സ്‌പോണ്‍സര്‍ ചെയ്യാനും പഠിക്കാന്‍ സഹായിക്കാനും ഇദ്ദേഹം ഉദ്ദേശിക്കുന്നത് മാലിനിയുടെ വിവാഹക്കാര്യം മനസില്‍ കണ്ടുതന്നെ. മകളുടെ ഭാവിയെക്കുറിച്ചാണാ അഛന്റെ ചിന്ത. മാലിനിയെ വിവാഹം ചെയ്യണം, കമ്പനിയുടെ ഭാഗമാകുകയും വേണം. എല്ലാം നല്ലതുതന്നെ. ഉടന്‍തന്നെ ഇദ്ദേഹത്തിന്റെ വാഗ്ദാനം സ്വീകരിക്കുന്നത് ബുദ്ധിപരമാകില്ല. എം.ബി.എ പഠനമൊന്നും ഒരിക്കലും നടക്കുമെന്ന് ചിന്തിച്ചിട്ടുപോലുമില്ല. മനസിനെ അയാള്‍ കടിഞ്ഞാണിട്ടു. മാലിനിയോടുള്ള സ്‌നേഹം മൂലം ഇക്കാര്യമൊന്നും പറ്റില്ലെന്ന് പറയാനുമാകുന്നില്ല. മാലിനിക്ക് വിഷമം തോന്നാത്തവിധത്തില്‍ ഒരു തീരുമാനം എടുത്തേ പറ്റൂ. ജയകുമാര്‍ മനസിന് ധൈര്യം കൊടുത്തു പറഞ്ഞു.

""നിങ്ങളുടെ തീരുമാനങ്ങളും നിര്‍ദേശങ്ങളുമെല്ലാം എനിക്കിഷ്ടമായി. പക്ഷെങ്കി പെട്ടെന്നൊരു തീരുമാനം പറയാനാവുന്നില്ല. അഛനോടും അമ്മയോടുമൊന്ന് സംസാരിക്കണം. ഞാനും മാലിനിയുമായുള്ള അടുപ്പമൊന്നും വീട്ടിലറിയില്ലല്ലോ.''

""താനാലോചിച്ചിട്ടു മതി ജയകുമാര്‍. ഞാന്‍ നിര്‍ബന്ധിക്കുന്നില്ല.വേണമെങ്കില്‍ ഞാനഛനോടും അമ്മയോടും സംസാരിക്കാം. അവരിവിടം വരെയൊന്ന് വന്നിരുന്നെങ്കി തമ്മില്‍ കാണാമായിരുന്നു. എനിക്ക് നിങ്ങളുടെ വീട്ടില്‍ വരുന്നതിനും കുഴപ്പമില്ല.എന്തായാലും ഇക്കാര്യങ്ങളിലൊന്നും തനിക്കെതിര്‍പ്പുണ്ടാകില്ലെന്നാ എന്റെ പ്രതീക്ഷ.''

മാലിനിക്ക് സന്തോഷം അടക്കാനാകുന്നുണ്ടായിരുന്നില്ല. അഛന് ജയകുമാറിനെ ഇഷ്ടമായല്ലോ, ജയകുമാറിനെ സഹായിക്കാനുമഛന്‍ തയാര്‍. ഇതിലേറെയിനിയെന്തുവേണം. പെട്ടെന്നവള്‍ക്കു തോന്നി, ജയകുമാറിന്റെ അഛനമ്മമാരെയും സഹോദരിയെയും താന്‍ കണ്ടിട്ടുള്ള കാര്യം കൂടി അഛനോട് പറഞ്ഞാലോ?അക്കാര്യം മറച്ചുവെച്ചാല്‍ പിന്നീട് കുഴപ്പമായാലോ?

""ജയകുമാറിന്റെ വീടും നാടുമൊക്കെ കാണാന്‍ നല്ല ഭംഗിയാണഛാ. അമ്മയും അനുജത്തിമാരും നല്ല സ്‌നേഹമുള്ളവരാ.'' മാലിനി അഛനോടായി പറഞ്ഞു. ""അതു നീയെങ്ങനെയറിഞ്ഞു'' മാധവന്റെ മുഖത്തൊരല്‍പം ഗൗരവം കയറിവന്നതുേപാലെ തോന്നി മാലിനിക്ക്.

""ഒരിക്കല്‍ സ്റ്റെല്ലയും ഞാനും കൂടിയൊരു റിസോര്‍ട്ട് കാണാന്‍ പോയിരുന്നില്ലേ. അതിന്റടുത്താ ജയകുമാറിന്റെ വീട്. അന്നിവരുടെ വീട്ടിലും ഞങ്ങള്‍ കയറിയിരുന്നു.''

""അതു ശരി. കാര്യങ്ങളപ്പോള്‍ അത്രത്തോളമെത്തിയല്ലേ?''

""ഞങ്ങളന്ന് വണ്ടിയിലാ പോയത്. നമ്മുടെ ഡ്രൈവര്‍ മനുവിനൊപ്പം.''

""മനുവിനോടൊന്നു ചോദിച്ചിട്ടുതന്നെ കാര്യം.'' മാധവന്‍ പറഞ്ഞു.

""മനുവിനെ വഴക്കു പറയണ്ടഛാ, ഞാന്‍ പറഞ്ഞിട്ടാ...''

ഇനിയിപ്പോള്‍ ആരോട് ചോദിച്ചിട്ടും പ്രയോജനമില്ലെന്നയാള്‍ക്കറിയാമായിരുന്നു. ജയകുമാറിനെ മാലിനിയുടെ ഭാവി ഭര്‍ത്താവായി കണ്ടേ പറ്റൂ.

""കാര്യങ്ങളിത്രത്തോളമെത്തിയ സ്ഥിതിക്ക് ജയകുമാര്‍ ആദ്യം ചെന്ന് വീട്ടില്‍ വിവരം പറയ്. അഛനുമമ്മയും ഇവിടെ വരെ വരട്ടെ. ഞാനവരെ വീട്ടിലോട്ട് വിളിക്കാം. അപ്പോള്‍ തമ്മില്‍ കാണുകയുമാകാമല്ലോ. ഞങ്ങള്‍ താമസിയാതെ നിങ്ങളുടെ വീട്ടിലും വരാം. അഡ്മിഷന്‍കിട്ടുംവരെ മാനേജ്‌മെന്റ് ട്രെയിനിയായി ഇവിടെ ജോലി ചെയ്യ്. നല്ല ശമ്പളവും തരാം.''

എല്ലാറ്റിനും ഉവ്വ് എന്നുത്തരം മൂളുകയേ ജയകുമാറിന് മാര്‍ഗമുണ്ടായിരുന്നുള്ളൂ. മാലിനിയുടെ കണ്ണുകളില്‍ മുമ്പെങ്ങുമില്ലാത്തൊരു തിളക്കം ജയകുമാര്‍ കണ്ടു.

""ഇന്നുതന്നെ ജോലിക്കാര്യവും എം.ബി.എയ്ക്ക് ചേരുന്നതുമൊക്കെ വീട്ടില്‍ സംസാരിക്കാം. മാലിനിയോടുള്ള അടുപ്പം വീട്ടിലെങ്ങനെ അവതരിപ്പിക്കുമെന്നോര്‍ത്താ എന്റെ ടെന്‍ഷന്‍.'' ജയകുമാര്‍ പറഞ്ഞു.

""വീട്ടീച്ചെന്ന് അഛനോടും അമ്മയോടും പറഞ്ഞിട്ടിവിടെ വന്നു വേഗം ജോയിന്‍ ചെയ്യ്. ഞാന്‍ പിന്നീടവരെ വീട്ടിലേക്ക് വിളിച്ച് എല്ലാകാര്യവും സംസാരിക്കാം.''

""~രണ്ടു ദിവസം കഴിഞ്ഞ് ജോയിന്‍ ചെയ്യാമെന്നാ എന്റെ പ്ലാന്‍. എം.ബി.എ അഡ്മിഷനെകുറിച്ചെവിടുന്നു വിവരം കിട്ടും?''

""ഇവിടുന്ന് പോകുന്നതിനു മുമ്പ് മാലിനിക്കൊപ്പം കമ്പനിയില്‍ പോയി ഹ്യൂമന്‍ റിസോഴ്‌സ് മാനേജരെ കാണണം. അദ്ദേഹം എല്ലാം ചെയ്തുതരും. ഞാനിപ്പോള്‍ തന്നെ അദ്ദേഹത്തോട് വിളിച്ചു പറഞ്ഞേക്കാം.''

എല്ലാ സഹായത്തിനും പിന്തുണയ്ക്കും ജയകുമാര്‍ മാധവന് നന്ദി പറഞ്ഞു.

""മാലിനിയും കൂടി ജയകുമാറിനൊപ്പം മാനേജ്‌മെന്റ് ട്രെയിനിയായി ചേര്‍ന്നോളൂ. ഹ്യൂമന്‍ റിസോഴ്‌സസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാലിനി പരിശീലിക്ക്. ജയകുമാര്‍ ഫിനാന്‍സില്‍ ശ്രദ്ധിക്ക്. അങ്ങനെ കമ്പനിയുടെ രണ്ടു മുഖങ്ങളെ നിങ്ങള്‍ക്ക് പ്രതിനിധീകരിക്കാം.''

""എനിക്ക് ഹ്യൂമന്‍ റിസോഴ്‌സസില്‍ താല്‍പര്യമുണ്ടെന്നഛനെങ്ങനറിഞ്ഞൂ'...?

""ഫിലോസഫിയും മതവുമല്ലേ നീ പഠിക്കുന്നത്. നിന്റെ താല്‍പര്യങ്ങള്‍ എനിക്കറിയില്ലേ? രണ്ടുപേരും പോയി മാനേജരെ കണ്ടുവാ.''

സ്വപ്നങ്ങള്‍ പൂവണിയുന്ന സന്തോഷത്തിലായിരുന്നു ജയകുമാറും മാലിനിയും. ഹ്യൂമന്‍ റിസോഴ്‌സസ് മാനേജര്‍, ജയകുമാറിനോട് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും വേഗം എത്തിക്കണമെന്നാവശ്യപ്പെട്ടു. എം.ബി.എ അഡ്മിഷന്‍ വേഗം തരപ്പെടുത്തണമെങ്കില്‍ അതാവശ്യമായിരുന്നു.

വീട്ടില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് മറുപടി വേഗം വിളിച്ചറിയിക്കാമെന്ന് പറഞ്ഞ് ജയകുമാര്‍ മാലിനിയോട് യാത്ര പറഞ്ഞു.

അഛനോട് പറഞ്ഞ് ഡ്രൈവറെ അയച്ച് വണ്ടിയില്‍ ജയകുമാറിനെ വീട്ടിലേക്ക് പറഞ്ഞുവിട്ടു മാലിനി. ജയകുമാര്‍ വീട്ടിലെത്തി. മാധവന്റെ കമ്പനിയിലെ ജോലിക്കാര്യം അറിയിച്ചു. ""ആരാണീ മാധവന്‍?''

അഛന്റെ ചോദ്യം കേട്ട് ജയകുമാര്‍ ആദ്യമൊന്ന് പരുങ്ങിയെങ്കിലും പിന്നീട് ധൈര്യത്തോടെ പറഞ്ഞു.

""മുമ്പൊരിക്കല്‍ ഇവിടെ വന്ന പെണ്‍കുട്ടിയില്ലേ അഛാ, മാലിനി, അവളുടെ അഛനാ...അവളുടെ വീട്ടുകാര്‍ക്ക് അഛനെയൊന്നു കാണണമെന്ന്.''

ജയകുമാറിന്റെ ആമുഖം ശരിയായില്ല. അഛനൊന്നും മനസിലായതുമില്ല.

""ഞാനെന്തിനവളുടെ അഛനെയും വീട്ടുകാരെയും കാണണം''? കാര്യങ്ങള്‍ പിടികിട്ടാതിരുന്ന അഛന്‍ വീണ്ടും ചോദിച്ചു. ആകെ കുഴപ്പമായല്ലോ ദൈവമേ എന്ന് ചിന്തിച്ചു വിഷമിച്ചു നില്‍ക്കേ അമ്മയാണ് രക്ഷയ്‌ക്കെത്തിയത്.

""അതിനിയും മനസിലായില്ലേ. മാധവന്‍ മകന് ജോലി കൊടുക്കുന്നതും അവനെ എം.ബി.എയ്ക്ക് അയയ്ക്കുന്നതും വെറുതെയല്ല, അവരുടെ മകളെ ജയകുമാറിന് വിവാഹം കഴിപ്പിച്ചു നല്‍കാനുദ്ദേശിച്ചുതന്നെയാകും.''

""ഓ അങ്ങനെ.'' ഇപ്പഴാ കാര്യങ്ങള്‍ മനസിലായത്.

""അവര്‍ക്ക് സ്വന്തമായൊരു ഫാക്ടറിയുണ്ടഛാ. മാലിനിയുടെയഛന്‍ സാമ്പത്തികമായും മറ്റും വളരെ ഉയര്‍ന്ന നിലയിലാ.

""നമ്മുടെ വീട്ടിലേക്ക് മകളെ അയയ്ക്കാന്‍ അവര്‍ക്കിഷ്ടപ്പെടുമോ?''

""മാലിനിയുടെയിഷ്ടമാ അവളുടെയഛന് പ്രധാനം. എനിക്ക് റാങ്കു കിട്ടിയതുകൊണ്ട് നന്നായി പഠിക്കുമെന്നും ഉയരങ്ങളിലെത്തുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു..''

""നിന്റെ അഭിപ്രായമെന്താ? അവള്‍ നിനക്ക് ചേരുന്ന പെണ്ണാണോ?''

""എനിക്കിഷ്ടമാണഛാ, ഞങ്ങള്‍ നല്ല അടുപ്പമുള്ള കൂട്ടുകാരാ. അവള്‍ കാര്യങ്ങള്‍ നന്നായി മനസിലാക്കി പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിയാ.''

""അങ്ങനെയാണ് നിന്റെയാഗ്രഹമെങ്കില്‍ മാധവനോട് സംസാരിക്കാം. എന്തായാലും പഠനം കഴിഞ്ഞു മതി കല്യാണം. പിന്നെയെല്ലാം ദൈവത്തിന്റെയിഷ്ടം പോലെ നടക്കട്ടെ.''

""അവളൊരു സ്‌നേഹമുള്ള പെണ്‍കുട്ടിയാ.എല്ലാം നമ്മുടെയും മോന്റെയും യോഗം.'' അമ്മ വീണ്ടും മകനെ പിന്താങ്ങി.

""എന്റെ മോനും മോശക്കാരനൊന്നുമല്ല. ഫസ്റ്റ് റാങ്ക് കിട്ടിയില്ലേ? അതുകൊണ്ടല്ലേ അവര്‍ക്കിഷ്ടമായത്.'' മകന് നല്ലയൊരു ബന്ധം തരപ്പെട്ടതില്‍ അഛനും അമ്മയും നിറഞ്ഞ് സന്തോഷിച്ചു.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക