Image

അവള്‍ക്ക്‌ ശിക്ഷ-അരുത് ( മാലിനി)

മാലിനി Published on 26 May, 2017
അവള്‍ക്ക്‌  ശിക്ഷ-അരുത് ( മാലിനി)
അമ്മ വാഴ്ത്തലിന്റെ അലകള്‍ അടങ്ങുന്നതിനു മുമ്പുതന്നെ സ്വന്തം അമ്മയുടെ അറിവോടെ കെണിയില്‍പ്പെട്ട ഒരു പെണ്‍കുട്ടിയുടെ അനുഭവം നമ്മുടെയൊക്കെ സമാധാനം കെടുത്തുന്ന ഒന്നായിരിക്കുന്നു.

ഏതാണ്ട് ഇരുപത്തഞ്ചു വര്‍ഷം മുമ്പ് അമേരിക്കയില്‍ ഒരു സമാനസംഭവമുണ്ടായി. ഒരു ലൊറീനാ ബാബിറ്റ് തന്റെ അന്നത്തെ ഭര്‍ത്താവ്  ജോണ്‍ ബാബിറ്റിന്  ഒരു പണികൊടുത്തു. തപ്പിയെടുത്ത അവയവവുമായി പോലീസും ആശുപത്രിയും. ജോണ്‍ ബാബിറ്റിന്റെ ഭാഗ്യം- ഡോക്ടര്‍മാരുടെ ശസ്ത്രക്രിയ വിജയകരം. കെടുതിക്കും കേസിനും ഒക്കെ ഒടുവില്‍ രണ്ടാളും അവരവരുടെ വഴിയേ ജീവിക്കുന്നു.

അക്രമിയുടെ ജനനേന്ദ്രിയം അറുത്തെറിയുക. അതിനു കാരണമാകുന്ന മാനസീക, ശാരീരിക പീഡനം. അതിലേക്കു നയിക്കുന്ന മാനസികാവസ്ഥ അതിനൊരുക്കുന്ന ധൈര്യം-ശക്തി.

ഇത്തരം സംഭവങ്ങള്‍ ശിക്ഷിക്കപ്പെടേണ്ടതാണോ? പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണോ! തീര്‍ച്ചയായും പ്രോത്സാഹനം അര്‍ഹിക്കുന്നില്ല.

എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ അവള്‍ ശിക്ഷിക്കപ്പെടരുത്.

വര്‍ഷങ്ങളായി ഈ കുട്ടി ശിക്ഷ അനുഭവിക്കുകയായിരുന്നു. സ്വന്തം അമ്മയുടെ അറിവോടെ, സുരക്ഷിതമായിരിക്കേണ്ട സ്വന്തം വീട്ടിലാണ് അവള്‍ ഉപദ്രവിക്കപ്പെട്ടത് എന്നത് സംഭവത്തിന്റെ ദയനീയാവസ്ഥ കൂട്ടുകയാണ്. അവള്‍ അനുഭവിച്ച പീഢനത്തിന്റെ കാഠിന്യം ഏറ്റുകയാണ്. വേലി തന്നെ വിളവു തിന്നുന്ന, തിന്ന് ചവിട്ടി അമര്‍ത്തിയടിമയാക്കുന്ന അവസ്ഥയില്‍ ഇത്തരം ഒരു പ്രവൃത്തിക്കു മുമ്പേ ആ കുട്ടി എത്രമാത്രം വേദനിച്ചിരിക്കണം. ഭയന്നിരിക്കണം.

സഹിക്കെട്ട് ചെയ്ത ഈ പ്രവൃത്തി ശരിയല്ല എങ്കിലും ഒരിക്കലും ശിക്ഷ അര്‍ഹിക്കുന്നില്ല.
താന്‍ തന്നെയാണ് തന്റെ സംരക്ഷക എന്ന സത്യം വളരെ ക്രൂരമായ പാഠത്തിലൂടെ പഠിക്കേണ്ടി വരുന്ന പെണ്ണ് അവനവനാല്‍ കഴിയുന്ന ആയുധബലം കൊണ്ട് രക്ഷക്കുള്ള മാര്‍ഗ്ഗവും ബുദ്ധിയും പ്രയോഗിക്കും.

പെണ്ണിനെയും പെണ്‍കുട്ടികളെയും ആക്രമിച്ച് ആനന്ദിക്കുന്ന ഒരു സമൂഹത്തില്‍ നീതിക്കു വേണ്ടി കൈനീട്ടി നില്‍ക്കാതെ ഓരോ സ്ത്രീയും അവനവന്റെ രക്ഷകയാകേണ്ടി വരുന്ന അവസ്ഥയില്‍ ഈ കുട്ടി അവളുടെ രക്ഷകയായി.

എന്നാല്‍ പെണ്ണുങ്ങളെ തൊട്ടാല്‍ ഇതാണു ഫലം എന്നു പറഞ്ഞാഘോഷിക്കേണ്ടുന്ന ഒരു സംഭവമല്ലിത്. ഇതൊരു പരിഹാരമാകുന്നില്ല. അനുകരിക്കണം, ആവര്‍ത്തിക്കണം എന്നാഹ്വാനം ചെയ്യപ്പെടേണ്ടതുമല്ല.

അതിരു കടന്നാല്‍, സഹികെട്ടാല്‍ 'ഇങ്ങനെയും സംഭവിക്കാം' എന്നത് ഓര്‍മ്മയില്‍ പൊള്ളലോടെ മായാതെ നില്‍ക്കണം. നില്‍ക്കും.

ഇതുപോലെയുള്ള സംഭവങ്ങള്‍, അതിനു കാരണമാകുന്ന അനുഭവങ്ങള്‍ എങ്ങനെ തടയാം എന്നാണ് ചിന്തിക്കേണ്ടത്. ഒന്നിലേറെ കാര്യങ്ങളുടെ കൂട്ടായ സംഭാവനയാണ് ഈ കുട്ടിയുടെ ദാരുണാനുഭവത്തിനു കാരണം.

മനുഷ്യത്ത്വത്തിന്, മനുഷ്യന് സംഭവിക്കുന്ന മാനസിക, വൈകാരിക, ബൗദ്ധിക ജീര്‍ണ്ണത തന്നെ പ്രധാന കാരണം. ഒന്നിലും തൃപ്തരാകാത്ത, സന്തോഷിപ്പിക്കാനാകാത്ത മനുഷ്യര്‍. ദൈവത്തിങ്കലേക്കും കാര്യസാദ്ധ്യത്തിനും കുറുക്കു വഴി തേടുന്നവരെ മുതലെടുക്കുന്ന കപട ആത്മീയ ഗുരുക്കന്മാര്‍. വിശ്വാസമില്ലാത്ത അമിത ഭക്തി. ആള്‍ദൈവങ്ങളുടെ അവതാരം. ഇതിന്റെയൊക്കെ കെണിയില്‍ പെട്ടുപോകുന്ന പാവം മനുഷ്യര്‍. ഒരു പ്രത്യേക മതത്തിനോ പ്രേക്ഷിത വര്‍ഗ്ഗത്തിനോ മാത്രം ബാധകമല്ലിത്. ജാതി മത ഭേദമില്ലാതെ, ആത്മീയ അല്‍മായ വ്യത്യാസമില്ലാതെ-
ആയിരിക്കേണ്ടത്, ആയിരിക്കേണ്ടിടത്ത് അല്ലാതായാല്‍-
അതുണ്ടാക്കുന്ന വിപത്താണിത്. വേദനയാണിത്. അതാണിപ്പോള്‍ ഗുരുജി അനുഭവിക്കുന്നതും.

ഇന്നത്തെ മനുഷ്യര്‍ ഇത്തിരി ഒന്നു പുറകോട്ടു പോകുക. കൂട്ടുകുടുംബത്തില്‍ തിരിച്ചെത്താനാകില്ലെങ്കിലും, അതിന്റെ വാതില്‍ക്കല്‍ വരെയെങ്കിലും ചെല്ലുക. ഇന്നത്തെ അണുകുടുംബത്തിന്റെ കലുഷിതമായ ഉള്ളിലേക്ക് ഒരു ആള്‍ ദൈവത്തിന്റെ പ്രവേശനത്തിനു മുമ്പ് മറ്റ് കുടുംബാംഗങ്ങള്‍ക്ക് പ്രവേശനം കൊടുക്കുക. (പ്രശ്‌ന പരിഹാരത്തിന് കുടുംബാംഗങ്ങള്‍ക്ക് മാന്തിക ശക്തി ഉണ്ട് എന്നു പറയുന്നില്ല) ഒരായുധ പ്രയോഗത്തില്‍ എത്തുന്നതിനു മുമ്പേ ചിലപ്പോള്‍ ആള്‍ ദൈവത്തെ ഇറക്കിവിടാനായേക്കും.

സ്വന്തം അമ്മയുള്‍പ്പെടെയുള്ള കുടുംബം, സമൂഹം ആണ് ഇവരെക്കൊണ്ട് ഈ പ്രവൃത്തി ചെയ്യിച്ചത്.
വര്‍ഷങ്ങളായുള്ള പീഢനം, സഹനം-അതാണ് ഈ പ്രവൃത്തിക്കു കാരണമായത്.

ദയവായി ഇതിന്റെ പേരില്‍ ഇവള്‍ ശിക്ഷിക്കപ്പെടരുത്.

അവളെ രക്ഷിക്കാന്‍ കഴിയാതിരുന്ന കുടുംബത്തിന്, സമൂഹത്തിന്, നിയമത്തിന് അവളെ ശിക്ഷിക്കാതിരിക്കാനുള്ള മനസ്സാക്ഷിയെങ്കിലും ഉണ്ടായിരിക്കണം.

അവള്‍ക്ക്‌  ശിക്ഷ-അരുത് ( മാലിനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക