eMalayale

മഹാനായ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടും കമ്മ്യൂണിസവും (ജോസഫ് പടന്നമാക്കല്‍)

News 143354
മഹാന്മാരായ അനേകമനേക പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ പുണ്യഭൂമിയാണ് കേരളം. സാമൂഹികവും ആദ്ധ്യാത്മികവുമായ തലങ്ങളില്‍ വിഹരിച്ചിരുന്ന ആദിശങ്കരനും ശ്രീ നാരായണ ഗുരുവും ഈ നാടിന്റെ മണ്ണില്‍ക്കൂടി കടന്നുപോയവരാണ്. ദൈവത്തിന്റെ നാടെന്ന അര്‍ത്ഥത്തില്‍ കേരളം പരിശുരാമ സൃഷ്ടിയെന്നും വാമനന്റെയും മഹാബലിയുടെയും പാദങ്ങള്‍ ഈ മണ്ണില്‍ പതിഞ്ഞെന്നുമൊക്കെയാണ് ഐതിഹിക കഥകള്‍. ദളിത സമുദായത്തില്‍നിന്നും മലയാളിയായ കെ.ആര്‍. നാരായണന്‍ ഇന്ത്യയുടെ പ്രസിഡന്റ് പദം അലങ്കരിച്ചു. എന്നാല്‍ ദൈവത്തിലോ മതത്തിലോ ചാതുര്‍വര്‍ണ്യത്തിലോ പ്രാധാന്യം കല്‍പ്പിക്കാഞ്ഞ കമ്മ്യുണിസ്റ്റുകാരന്‍ ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ പേരും കേരളചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടിരിക്കുന്നു. സാമ്രാജ്യ വിരോധി, സാമൂഹിക പരിഷ്‌കര്‍ത്താവ്, എഴുത്തുകാരന്‍, വിമര്‍ശകന്‍, മാര്‍ക്‌സിസ്‌റ് ചിന്തകന്‍, രാഷ്ട്രതന്ത്രജ്ഞന്‍, ചരിത്രകാരന്‍, എന്നിങ്ങനെ അദ്ദേഹത്തെ ജനം അറിയുകയും സ്മരിക്കുകയും ചെയ്യുന്നു.

'ജനങ്ങളെ സേവിക്കുന്നവനാണ് യഥാര്‍ത്ഥ നേതാവെന്ന്' ഇ.എം.എസ് കൂടെക്കൂടെ പറയുമായിരുന്നു. പരമമായ ആ സ്വാധിക തത്ത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ മുറുകെ പിടിച്ച ഒരു ബുദ്ധി ജീവിയായിരുന്നു അദ്ദേഹം. ഏഴു പതിറ്റാണ്ടോളം രാഷ്ട്രീയക്കളരിയിലും പൊതുജീവിതത്തിലും അടിപതറാതെ സാധാരണക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. സാമൂഹിക തലങ്ങളിലും കുഴഞ്ഞു മറിഞ്ഞ രാഷ്ട്രീയക്കളരിയിലും സ്വന്തം സിദ്ധാന്തങ്ങള്‍ക്കു മാറ്റമില്ലാതെ ഒരു ദാര്‍ശികനെപ്പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അങ്ങനെ, ഇന്ത്യയുടെ സാമൂഹിക കാഴ്ചപ്പാടുകള്‍ക്കനുകൂലമായ കമ്മ്യുണിസത്തിന്റെ അടിത്തറ പാകാനും സാധിച്ചു. അവിഭജിത ഇന്ത്യന്‍ കമ്മ്യുണിസത്തിലെ ആദ്യകാല സ്ഥാപക നേതാക്കളില്‍ അദ്ദേഹവുമുണ്ടായിരുന്നു.

ഇ.എം.എസിന്റെ ജീവിത കഥകള്‍ സാഹസികതയുടേതായ ഒരു ചരിത്രമായിരുന്നു. രാഷ്ട്രത്തിനും സമൂഹത്തിനും വേണ്ടി പൊരുതിയ ആ മഹാന്‍ സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും മക്കളെയും പോലും മറന്നു പോയിരുന്നു. കമ്മ്യുണിസ്റ്റ് പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിച്ചുവെന്ന പേരില്‍ ബ്രിട്ടീഷ് സാമ്രാജ്യ വാദികളുടെ കാലം മുതല്‍ ഒളിച്ചും പാത്തും കാടുകളില്‍ വസിച്ചും പുലയ പറയക്കുടിലുകളില്‍ താമസിച്ചും നാടുകള്‍ ചുറ്റിയും ജീവിതം തള്ളിനീക്കിക്കൊണ്ടിരുന്നു. പൂര്‍വിക തറവാടായ ഇളംകുളം മനയില്‍പ്പോലും നീണ്ട ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സന്ദര്‍ശിച്ചത്. ഇതിനിടെ ബ്രാഹ്മണിത്ത്വത്തിന്റെ അടയാളമായ പൂണൂല്‍വരെ അദ്ദേഹം പൊട്ടിച്ചു ദൂരെ കളഞ്ഞിരുന്നു.

കേരളം കണ്ട മഹാനായ 'ഇ.എം.എസ്' സ്വന്തം ജീവിതത്തിലും രാഷ്ട്രീയക്കളരിയിലും മാതൃകാപരമായി ജീവിച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ജീവിതം തന്നെ അപകടപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ തേരോട്ടമാണ്, അദ്ദേഹം നയിച്ചിരുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിനും സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനും സാമ്രാജ്യത്വത്തിനുമെതിരെ സന്ധിയില്ലാതെ പോരാടിയിരുന്നതായും കാണാം. ജന്മിത്വം അവസാനിപ്പിച്ച് ഭൂമി കൃഷി ചെയ്യുന്നവന്റെതെന്നു വിശ്വസിച്ചിരുന്നു. ഉയര്‍ന്ന ജാതനായ അദ്ദേഹം പുലയ പറയ സമുദായങ്ങളുടെ ജീവിതവുമായി ഇടപഴുകി ജീവിച്ചു. വര്‍ണ്ണ വര്‍ഗ ജാതീയ ചിന്തകള്‍ക്കെതിരെയും പട പൊരുതിക്കൊണ്ടിരുന്നു.

പിതാവ് സംസ്‌കൃത പണ്ഡിതനായിരുന്ന ഇളംകുളം മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടും മാതാവ് വിഷ്ണു ദത്തയുമായിരുന്നു. 1909 ജൂണ്‍ പതിമൂന്നാം തിയതി ഇ.എം.എസ്. നമ്പൂതിരിപ്പാട് ജനിച്ചു. ഇന്നത്തെ മലപ്പുറം ഡിസ്ട്രിക്റ്റില്‍ പെരുന്തല്‍ മണ്ണില്ലായിരുന്നു നമ്പൂതിരിപ്പാടിന്റെ ഇല്ലം സ്ഥിതി ചെയ്തിരുന്നത്. നാല് സഹോദരിമാരും മൂന്നു സഹോദരന്മാരും ഉണ്ടായിരുന്നു. അവരില്‍ രണ്ടു സഹോദരന്മാര്‍ ശൈശവത്തില്‍ മരിച്ചു പോയി. മറ്റൊരു സഹോദരന് മാനസിക അസുഖമായിരുന്നു. പിതാവ് നന്നേ ചെറുപ്പത്തില്‍ തന്നെ മരിച്ചുപോയിരുന്നു. പിന്നീട് കൂടുതല്‍ കാലവും അമ്മയുടെ സംരക്ഷണയിലായിരുന്നു വളര്‍ന്നത്. ഇ.എം.എസ് വിവാഹം ചെയ്തിരുന്നത് 'ആര്യ അന്തര്‍ജ്ജന'ത്തിനെ ആയിരുന്നു. രണ്ടു പുത്രന്മാരും രണ്ടു പുത്രികളും ഉണ്ടായിരുന്നു.

ആദ്യകാലങ്ങളില്‍ കളരിയാശാന്മാര്‍ സ്വന്തം വീട്ടില്‍ വന്ന് അദ്ദേഹത്തിന് വിദ്യാഭ്യാസം നല്‍കിയിരുന്നു. തീണ്ടലും തൊടീലും മറ്റു അനാചാരങ്ങളും സാമൂഹികമായി നടപ്പായിരുന്ന കാലങ്ങളില്‍ നമ്പൂതിരി കുടുംബങ്ങളിലെ കുട്ടികള്‍ സാധാരണ വീടിനുള്ളിലായിരുന്നു വിദ്യ അഭ്യസിച്ചിരുന്നത്. പൂജാദി കര്‍മ്മങ്ങളും സംസ്‌കൃതവും, തത്ത്വ ചിന്തകളും പഠിക്കണമായിരുന്നു. മലയാളവും ഇംഗ്ലീഷും ഒപ്പം പഠിച്ചുകൊണ്ടിരുന്നു. ജീവിതത്തില്‍ ഏറ്റവുമധികം അദ്ദേഹത്തെ സ്വാധീനിച്ചവര്‍ സ്വന്തം അമ്മയും സംസ്‌കൃത അദ്ധ്യാപകനായ 'അഗ്‌നീധര'നുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ 'ജീവചരിത്ര കുറിപ്പുകളിലുണ്ട്. ചെറുപ്പകാലങ്ങളില്‍ 'കുഞ്ഞു' എന്നും ഓമനപ്പേരായി വിളിച്ചിരുന്നു. അമ്മയ്ക്ക് മകനെ ഒരു സംസ്‌കൃത പണ്ഡിതനാക്കണമെന്നായിരുന്നു മോഹം. വേദങ്ങളും ഉപനിഷത്തുക്കളും മനഃപാഠമാക്കിയിരുന്നു. വളരെയേറെ ശ്ലോകങ്ങള്‍ വീട്ടിലിരുന്ന് പഠിച്ചിരുന്നെങ്കിലും ഒന്നിന്റെയും അര്‍ത്ഥം ഗ്രഹിക്കുന്നില്ലായിരുന്നു. ഋഗു വേദങ്ങള്‍, അതെന്താണെന്നറിയാതെ, അര്‍ത്ഥം മനസിലാക്കാതെ മനസ്സില്‍ ഉരുവിട്ടുകൊണ്ടിരുന്നു. മനഃപാഠമാക്കുന്ന ശ്ലോകങ്ങളുടെ അര്‍ത്ഥം അറിയണമെന്ന് അന്ന് നിര്‍ബന്ധവുമില്ലായിരുന്നു.

സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ പുത്തനായ അനുഭവങ്ങളോടെയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നത്. വീടുമായിട്ടുള്ള സാഹചര്യങ്ങളില്‍നിന്നും വ്യത്യസ്തമായ ജീവിതരീതികളുമായി പൊരുത്തപ്പെടേണ്ടി വന്നു. അവര്‍ണ്ണരും താണ ജാതികളും അവിടെ പഠിക്കുന്നുണ്ടായിരുന്നു. അദ്ധ്യാപകരും വിവിധ സമുദായങ്ങളില്‍നിന്നും ജാതികളില്‍നിന്നുമുള്ളവരായിരുന്നു. ഇരുപത്തിയഞ്ചു മുപ്പതു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ക്ലാസായിരുന്നു അന്നുണ്ടായിരുന്നത്.

അദ്ദേഹത്തിന്റെ ആദ്യത്തെ ഏറ്റുമുട്ടല്‍ അദ്ദേഹമുള്‍പ്പെടുന്ന ജന്മിത്വത്തിനെതിരായിട്ടായിരുന്നു. അന്നുണ്ടായിരുന്ന നേതാക്കളായ വി.റ്റി. ഭട്ടതിരിപ്പാട്, എം.ബി. ഭട്ടതിരിപ്പാട്, യുവവിപ്ലവകാരിയായ ഇ.എം.എസ് എന്നിവര്‍ നമ്പൂതിരിമാരുടെയിടയിലുള്ള അനാചാരങ്ങളെ ഇല്ലാതാക്കാന്‍ പൊരുതിയിരുന്നു. നമ്പൂതിരിമാരുടെ സ്വാഭിമാന ഗര്‍വുകള്‍ക്കു മാറ്റങ്ങളുണ്ടാക്കി അവരില്‍ മാനുഷിക പരിഗണനകളടങ്ങിയ ചിന്താശക്തിക്കായും ശ്രമിച്ചുകൊണ്ടിരുന്നു. പുലയരും, ഈഴവരും, നായന്മാര്‍ പോലും ജാതി വ്യവസ്ഥിതിയുടെ കീഴിലായിരുന്നു. വിപ്ലവകരമായ മാറ്റങ്ങള്‍ക്കായി 'ഉണ്ണി നമ്പൂതിരി'യെന്ന മാസികയും തുടങ്ങി. പിന്നീട് വള്ളുവനാട് യോഗക്ഷേമ സഭയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നമ്പൂതിരി സ്ത്രീകളുടെ നാല് മതില്‍ക്കെട്ടിനുള്ളിലെ അസ്വാതന്ത്ര്യത്തിനെതിരെയും പ്രതികരിച്ചുകൊണ്ടിരുന്നു. വിധവകളായ സ്ത്രീകള്‍ക്ക് വീണ്ടും വിവാഹം കഴിക്കാനുള്ള സാമൂഹിക നിയമങ്ങള്‍ക്കുവേണ്ടിയും പോരാടി. വൃദ്ധരായ നമ്പൂതിരിമാര്‍ ചെറുപ്പക്കാരായ സ്ത്രീകളെ വിവാഹം കഴിക്കുന്നതിനെതിരെയും പ്രതികരിച്ചുകൊണ്ടിരുന്നു. മരുമക്കത്തായത്തിനെതിരെയും അദ്ദേഹത്തിന്റെ സംഘടന എതിര്‍പ്പു പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

സ്വാതന്ത്ര്യ സമരത്തിന്റെ തീവ്ര കാലങ്ങളിലാണ് ഇ.എം.എസ് പാലക്കാട് വിക്ടോറിയാ കോളേജില്‍ പഠിച്ചിരുന്നത്. പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരാന്‍ തുടങ്ങി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ എ.ഐ.സി.സി. സമ്മേളനങ്ങളില്‍ പങ്കു ചേരാന്‍ മദ്രാസില്‍ പോവുമായിരുന്നു. അദ്ദേഹം ഭാഗഭാക്കായിരുന്ന പയ്യന്നൂര്‍ സമ്മേളനം ഉദഘാടനം ചെയ്തത് ജവര്‍ലാല്‍ നെഹ്രുവായിരുന്നു. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതികളില്‍ ഇ.എം.എസ്. ആകൃഷ്ടനായി. അങ്ങനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഒരു ആരാധകനായി തീര്‍ന്നിരുന്നു. 1932നു ശേഷം തീവ്ര വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യ ശക്തികള്‍ക്കെതിരായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ആ കാലഘട്ടങ്ങളില്‍ ഒളിവിലും കഴിയേണ്ടി വന്നു. രാജ്യത്തിന്റെ നാനാ ഭാഗത്തുള്ള സ്വാതന്ത്ര്യ സമര നായകരുമായി അതുമൂലം സൗഹാര്‍ദ്ദ ബന്ധത്തിലാകാനും സാധിച്ചു. പിന്നീട് കണ്ണൂരിലും വെല്ലൂരിലും ജയില്‍വാസം അനുഭവിച്ചു. അവിടെനിന്നാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ സോഷ്യലിസ്റ്റ് നേതാക്കന്മാരുമായുള്ള ബന്ധം സ്ഥാപിക്കാന്‍ സാധിച്ചത്. 1934ല്‍ അദ്ദേഹം സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ദേശീയ രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അദ്ദേഹത്തെ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

ഇ.എം.എസ്. കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തങ്ങളിലും സ്വാതന്ത്ര്യം കിട്ടുന്നതിനായുള്ള സമാധാനപരമായ വിപ്ലവാദര്‍ശങ്ങളിലും വിശ്വസിച്ചിരുന്നില്ല. ഇ.എം.എസിന്റെ കേരള ചരിത്ര' മെന്ന കൃതിയില്‍ മഹാത്മാ ഗാന്ധിയെ ഒരു ഹിന്ദു മൗലിക വാദിയായി ചിത്രീകരിച്ചിരിക്കുന്നു. ജയിലില്‍ വെച്ച് കണ്ടുമുട്ടിയ കോഴിക്കോടുകാരനായ പി കൃഷ്ണപിള്ളയുടെ ഗാന്ധിജിയെപ്പറ്റിയുള്ള വ്യത്യസ്തങ്ങളായ വീക്ഷണങ്ങളും അദ്ദേഹത്തില്‍ സ്വാധീനം നേടിയിരുന്നു. അവര്‍ രണ്ടുപേരും സോഷ്യലിസ്റ്റാശയങ്ങള്‍ക്കായി ഒത്തൊരുമിച്ചുകൊണ്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പിന്നീട് ഇരുവരും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാരുമായി. എ.കെ. ഗോപാലനും ഇ.എം.എസ്സും കൃഷ്ണപിള്ളയുമൊത്താണ് കമ്യുണിസ്റ്റ് പ്രസ്ഥാനം ആരംഭിച്ചത്. 1937ല്‍ ഇ.എം.എസിനെ വീണ്ടും പ്രാദേശിക കോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുത്തു. എന്നാല്‍ വലതുപക്ഷ നേതാക്കന്മാര്‍ മദ്രാസ് അസംബ്ലിയിലേയ്ക്ക് ഇടതുപക്ഷ ചിന്താഗതിക്കാര്‍ മത്സരിക്കുന്നതു തടഞ്ഞിരുന്നു. അക്കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സില്‍ പല നേതാക്കന്മാര്‍ക്കും അധികാരഭ്രമം പിടിച്ചിരുന്നു. ഇ.എം.എസും കൂട്ടുകാരും സാധാരണ തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സാമൂഹിക അസമത്വങ്ങളും കമ്മ്യുണിസ്റ്റാശയങ്ങളും സാധാരണക്കാരെയും തൊഴിലാളികളെയും കുടിയാന്മാരെയും ആകര്‍ഷിച്ചുകൊണ്ടിരുന്നു.

1939ല്‍ ജന്മി കുടിയാന്‍ ബന്ധങ്ങളെപ്പറ്റി പഠിക്കാന്‍ മലബാര്‍ പ്രദേശത്ത് ഒരു കമ്മീഷനെ മദ്രാസ് സര്‍ക്കാര്‍ നിയമിച്ചപ്പോള്‍ ഇ.എം.എസ്. അതിലെ ഒരു അംഗം ആയിരുന്നു. പിന്നീട് രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം കേരളത്തില്‍ ഭൂപരിഷ്‌ക്കരണ ബില്‍ കൊണ്ടുവരാനുള്ള കാരണവും അദ്ദേഹത്തിന്റെ ഈ ദീര്‍ഘ വീക്ഷണമായിരുന്നു. 1940ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്മ്യുണിസ്റ്റു പാര്‍ട്ടിയെ നിരോധിച്ചു. അതോടെ കമ്മ്യുണിസ്റ്റ് നേതാക്കന്മാര്‍ ഒളിവു താവളങ്ങളില്‍ ശത്രുക്കളുടെ ശ്രദ്ധയില്‍പ്പെടാതെ ഒളിച്ചുതാമസിച്ചിരുന്നു. പിടികൂടിയാല്‍ യുദ്ധക്കുറ്റങ്ങള്‍ ചുമത്തി വിസ്താരം കൂടാതെ പലര്‍ക്കും മരണം ഉറപ്പായിരുന്നു.

1940 കാലങ്ങള്‍ ഇ.എം.എസിനെ സംബന്ധിച്ചിടത്തോളം സ്വന്തം ജീവിതത്തിന്റെ വഴിത്തിരിവുകളായിരുന്നുവെന്നു ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതിയിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ടിരുന്ന നാളുകളായിരുന്നു. യുദ്ധത്തിനെതിരായ സംഘടിത നീക്കങ്ങളില്‍ അദ്ദേഹവും കൂട്ടരും പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലുള്ളവര്‍ പിടികൊടുക്കാതെ ഒളിച്ചു താമസിക്കണമെന്നും ആഹ്വാനമുണ്ടായിരുന്നു. പാര്‍ട്ടിയുടെ രഹസ്യ അജണ്ടയനുസരിച്ച് അദ്ദേഹം സ്വന്തം ഭാര്യയോടു പോലും എവിടേയ്ക്ക് പോകുന്നുവെന്നു പറയാതെ വീടു വിട്ടിറങ്ങി. അന്ന് അദ്ദേഹത്തിന്റെ മകള്‍ക്ക് ഒരു വയസായിരുന്നു പ്രായം. ആ കുഞ്ഞിനെ വേര്‍പിട്ടു ജീവിക്കേണ്ടി വന്നത് മനസിനെ തളര്‍ത്തിയിരുന്നെങ്കിലും ആത്മവീര്യം കൈവിടാതെതന്നെ വിപ്ലവ പ്രസ്ഥാനങ്ങളുമായി സഹകരിച്ചുകൊണ്ടിരുന്നു. അന്നത്തെ മാനസിക ദുഃഖങ്ങളും യാതനകളും നിറഞ്ഞ ജീവിതത്തെപ്പറ്റി ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. എങ്കിലും അക്കാലങ്ങളില്‍ മറ്റൊരു തരത്തില്‍ മനസുനിറയെ സന്തോഷം നല്‍കിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ജീവിതത്തിലാദ്യമായി സാധാരണക്കാരും ദരിദ്ര ജനങ്ങളുമായി ഒത്തൊരുമിച്ചു ജീവിക്കാനും അവരുമായി ആത്മബന്ധങ്ങള്‍ സ്ഥാപിക്കാനും കഴിഞ്ഞത് നേട്ടങ്ങളായി കരുതുന്നു. അന്ന് സഹായം നല്കിയവരെല്ലാം സാധാരണക്കാരും കുടിലില്‍ താമസിക്കുന്നവരും സമൂഹത്തില്‍ താഴേക്കിടയിലുള്ളവരുമായിരുന്നു. അവരില്‍ കൃഷിക്കാരും ദരിദ്രരും മല്‍സ്യം പിടിച്ചു ജീവിക്കുന്നവരുമുണ്ടായിരുന്നു. അക്കാലത്ത് നമ്പൂതിരിയായ ഒരാള്‍ തൊട്ടുകൂടാ ജാതികളുമായി തോളോട് തോളൊരുമ്മി ജീവിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. അവരോടൊത്ത് മത്സ്യവും മാംസവും കഴിക്കുകയും അവരുടെ ജീവിതത്തിന്റെ ഭാഗമായി തീരുകയും ചെയ്തിരുന്നു.

സമൂഹത്തിലെ അസമത്വങ്ങള്‍ ഇല്ലാതാക്കി ബ്രാഹ്മണര്‍ മുതല്‍ ഒത്തൊരുമിച്ച് ജീവിക്കണമെന്ന തത്ത്വങ്ങള്‍ അദ്ദേഹം സ്വന്തം പ്രായോഗിക ജീവിതത്തില്‍ നടപ്പിലാക്കി. 1947ല്‍ സ്വാതന്ത്ര്യം കിട്ടിയ ശേഷം ഒളിസ്ഥലത്തുനിന്നു പുറത്തു വന്നു. താമസിയാതെ കുടുംബ വകയുണ്ടായിരുന്ന സ്വത്തുക്കള്‍ മുഴുവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ദാനം ചെയ്തു. പാര്‍ട്ടി ആ ഫണ്ടില്‍ നിന്നും 1947ല്‍ ദേശാഭിമാനി പത്രം പുനാരാരംഭിച്ചു. ഇ.എം.എസ്. ആ പത്രത്തിന്റെ എഡിറ്ററുമായിരുന്നു. 1942ല്‍ തുടങ്ങിയ ദേശാഭിമാനി പത്രം ബ്രിട്ടീഷ്‌കാര്‍ നിരോധിച്ചിരുന്നു.

ഇ.എം.എസ് ആത്മകഥയില്‍ എഴുതിയിരിക്കുന്നു, 'ഉന്നത കുലത്തില്‍ ഒരു പ്രഭു കുടുംബത്തിലാണ് താന്‍ ജനിച്ചതെങ്കിലും തന്റെ യുവത്വം കാഴ്ചവെച്ചത് കമ്മ്യുണിസം സിദ്ധാന്തങ്ങള്‍ നടപ്പാക്കാനായിരുന്നു. ജീവിതത്തിന്റെ ഏറിയ പങ്കും ഒരു കമ്മ്യുണിസ്റ്റുകാരനായി പോരാടി. ജാതി വ്യവസ്ഥകളും ജന്മിത്തവും അജന്മ ശത്രുക്കളായിരുന്നു. എനിക്കുണ്ടായിരുന്ന വന്‍കിട ഭൂസ്വത്തുക്കളും എസ്റ്റേറ്റുകളും എന്നെ വലുതാക്കിയ, എന്നെ ഞാനായി വളര്‍ത്തിയ എന്റെ പാര്‍ട്ടിക്കായി ദാനം ചെയ്തു. അങ്ങനെയാണ് ഞാന്‍ തൊഴില്‍ ചെയ്യുന്നവന്റെ വളര്‍ത്തു മകനായി തീര്‍ന്നത്.'

1957ല്‍ ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ലോകത്തിലെ ആദ്യത്തെ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യുണിസ്റ്റ് മന്ത്രിസഭ നിലവില്‍ വന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന ഭൂപരിധി നിശ്ചയിച്ചുകൊണ്ടുള്ള ബില്ല് സഭയില്‍ ഹാജരാക്കി. മിച്ചഭൂമികള്‍ മുഴുവന്‍ ഭൂമിയില്ലാത്തവര്‍ക്ക് നല്‍കണമെന്ന നിയമവും പാസാക്കി. ശ്രീ ജോസഫ് മുണ്ടശേരിയുടെ വിദ്യാഭ്യാസ ബില്‍ സഭയില്‍ അവതരിപ്പിച്ചത് സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ക്രിസ്ത്യന്‍ മതപുരോഹിതരും നായര്‍ സംഘടനകളും സ്വാര്‍ത്ഥ രാഷ്ട്രീയക്കാരും ഒത്തുചേര്‍ന്നുകൊണ്ടു വിമോചന സമരമെന്ന പേരില്‍ നാടാകെ അരാജകത്വം സൃഷ്ടിച്ചു. ഭരണഘടനയുടെ 356 വകുപ്പനുസരിച്ച് സര്‍ക്കാരിനെ പിരിച്ചു വിടേണ്ടി വന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന ജവര്‍ലാല്‍ നെഹ്‌റുവും കമ്മ്യുണിസ്റ്റു മന്ത്രിസഭയ്‌ക്കെതിരായ തീരുമാനമെടുത്തു. നാട്ടില്‍ നിയമം തകര്‍ന്നുവെന്നായിരുന്നു വാദം. ഇന്ദിരാ ഗാന്ധിയായിരുന്നു കോണ്‍ഗ്രസ്സ് പ്രസിഡന്റ്. 1967ല്‍ രണ്ടാമതും ഇ.എം.എസ് ഭരണകൂടം അധികാരത്തില്‍ വന്നു. ഭൂമിനയം വീണ്ടും പരിഷ്‌ക്കരിച്ചു. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയും കുറച്ചു. ജന്മത്വ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടുള്ള നിയമവും പാസാക്കി.

ബുദ്ധിജീവികളുടെയും സാഹിത്യ വാസനയുള്ളവരുടെയും നീക്കങ്ങള്‍ക്ക് ഇ.എം.എസ്. നേതൃത്വം കൊടുത്തിരുന്നു. കേരളത്തിലെ ആദ്യത്തെ മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായും അദ്ദേഹത്തെ അറിയപ്പെടുന്നു. മലയാളത്തില്‍ ആദ്യമായി കാറല്‍ മാര്‍ക്‌സിന്റെ 'ദാസ് ക്യാപിറ്റല്‍' (മൂലധനം (3 വാല്യം)തര്‍ജ്ജിമ ചെയ്ത പ്രമുഖ എഴുത്തുകാരില്‍ അദ്ദേഹവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യാഭിരുചിയും പരിശ്രമങ്ങളും മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കു തന്നെ കാരണമായി. ആ കാലഘട്ടത്തില്‍ ദേശാഭിമാനിക്കും പ്രചാരം വര്‍ദ്ധിച്ചു. നമ്പൂതിരിപ്പാടിന്റെ ശ്രമം കൊണ്ട് പത്രം വളരെയധികം വളരുകയും ചെയ്തു. പത്രത്തിന് മലയാളം ദിനപത്രങ്ങളില്‍ നാലാം സ്ഥാനം ലഭിക്കുകയുമുണ്ടായി. നമ്പൂതിരിപ്പാട്, കേസരി ബാലകൃഷ്!ണപിള്ള, ജോസഫ് മുണ്ടശേരി, എം.പി. പോള്‍, കെ. ദാമോദരന്‍ എന്നിവര്‍ ഒത്തുകൂടി പുരോഗമന സാഹിത്യ പ്രസ്ഥാനമാരംഭിച്ചു. മലയാള സാഹിത്യത്തിന്റെ വളര്‍ച്ചക്ക് ഈ സംഘടന മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ഇ.എം.എസിന്റെ ജീവിതത്തിലെ പ്രധാനമായ ഒരു സംഭവം 1964ല്‍ കമ്മ്യുണിസ്റ്റു പാര്‍ട്ടി വിഭജനമെന്നതായിരുന്നു. മാര്‍ക്‌സിസ്റ്റ് ചിന്തകനെന്ന നിലയില്‍ ആശയപരമായ കാര്യങ്ങളില്‍ പരിവര്‍ത്തനപരമായ കാലങ്ങളുമായിരുന്നു. അക്കാലത്ത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരായ സുഹൃത്തുക്കള്‍വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉപേക്ഷിച്ചിരുന്നു. പാര്‍ട്ടി പിളര്‍ക്കുന്നതിനുമുമ്പ് അദ്ദേഹം അവിഭജിത കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. പാര്‍ട്ടി വിഭജിച്ചു കഴിഞ്ഞശേഷം മരണം വരെ പോളിറ്റ് ബ്യുറോ സെന്‍ട്രല്‍ കമ്മറ്റിയില്‍ അംഗമായിരുന്നു. 1977 മുതല്‍ 1992 വരെ പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അതിനുശേഷം ആരോഗ്യം മോശമായതുകൊണ്ടു അദ്ദേഹം കേരളത്തിലേയ്ക്ക് മടങ്ങി വന്നു. തിരുവനന്തപുരത്തു മടങ്ങിവന്ന ശേഷവും പാര്‍ട്ടിയുടെ ആശയപരമായ വിഷയങ്ങളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചുകൊണ്ടിരുന്നു. ഗ്രന്ഥങ്ങളുടെ റോയല്‍റ്റിയും എഴുത്തുകളില്‍നിന്നു ലഭിച്ചിരുന്ന നല്ല വരുമാനവും പാര്‍ട്ടിക്ക് നല്‍കിയിരുന്നു. സ്വന്തം അത്യാവശ്യത്തിനു മാത്രമേ അദ്ദേഹം തനിക്കു കിട്ടിയിരുന്ന വരുമാനത്തില്‍നിന്നു പണം ചെലവഴിച്ചിരുന്നുള്ളൂ.

അവസാന വര്‍ഷം കേരളത്തിലെ വ്യവസായ പുരോഗതിയിലും സാമ്പത്തിക വളര്‍ച്ചയിലും അദ്ദേഹം അതൃപ്തനായിരുന്നു. അധികാര വികേന്ദ്രീകരണം നടത്തി എല്ലാ പാര്‍ട്ടികളും ഒന്നിച്ചുകൊണ്ട് കേരള പുരോഗതിക്കായി പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശിച്ചു. അവസാന ദിവസം വരെ കാര്യനിര്‍വഹണങ്ങളില്‍ അദ്ദേഹം വളരെയധികം ഉന്മേഷവാനുമായിരുന്നു. മരണത്തിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്പുവരെ രണ്ടു ലേഖങ്ങള്‍ സെക്രട്ടറി വേണുവിനെക്കൊണ്ട് പറഞ്ഞെഴുതിച്ചിരുന്നു. ഒരു ലേഖനത്തിന്റെ വിഷയം 'മതേരത്വത്തെ ഇന്ത്യയില്‍ എങ്ങനെ സംരക്ഷിക്കാ'മെന്നതായിരുന്നു. അന്നേദിവസം ദേശാഭിമാനിയുടെ കോട്ടയം എഡിഷന്റെ ഒന്നാം വാര്‍ഷികവുമായിരുന്നു. രണ്ടാമത്തെ ലേഖനം പത്രത്തിന്റെ കോട്ടയം എഡിഷനെ സംബന്ധിച്ചായിരുന്നു.

പ്രായം അതിക്രമിച്ച നാളുകളിലും അദ്ദേഹം രാഷ്ട്രീയത്തിലും സാമൂഹിക തലങ്ങളിലും അതി തീവ്രമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. 1998ലെ ലോകസഭ തെരഞ്ഞെടുപ്പിലും സ്വന്തം പാര്‍ട്ടിക്കുവേണ്ടി ഉര്‍ജ്ജസ്വലമായി തന്നെ പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹത്തിന് ന്യുമോണിയാ പിടിപെട്ടു. തിരുവനന്തപുരത്ത് ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്‌തെങ്കിലും 1998 മാര്‍ച്ചു പത്തൊമ്പതാം തിയതി മരണമടഞ്ഞു. മരിക്കുമ്പോള്‍ 89 വയസു പ്രായമുണ്ടായിരുന്നു. തിരുവനന്തപുരം തൈക്കാട് ഇലക്ട്രിക്കല്‍ ശ്മശാനത്തില്‍ എല്ലാവിധ ബഹുമതികളോടെ ശവദാഹ കര്‍മ്മങ്ങള്‍ നടത്തി. അദ്ദേഹത്തിന്റെ മരണശേഷം ആ കുടുംബത്തില്‍ മൂന്നു മരണങ്ങള്‍ കൂടിയുണ്ടായി. 2001 ആഗസ്റ്റില്‍ മരുമകള്‍ യമുനയും 2002 ജനുവരിയില്‍ ഭാര്യ ആര്യ അന്തര്‍ജ്ജനവും 2002 നവംബറില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായിരുന്ന മകന്‍ ശ്രീധരനും മരണമടഞ്ഞിരുന്നു.

ഇ.എം.എസിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ ലക്ഷോപ ലക്ഷം ജനങ്ങള്‍ പങ്കു ചേര്‍ന്നിരുന്നു. യുഗപ്രഭാവനായ ഇ.എം.എസ് തങ്ങളോടൊപ്പം ഇന്നലെ വരെ ജീവിച്ചതില്‍ ഓരോരുത്തരും അഭിമാനം കൊണ്ടിരുന്നു. ഇന്ത്യ കണ്ടതില്‍വെച്ച് ഏറ്റവും മഹാനായ കമ്മ്യുണിസ്റ്റ് കാരനായിരുന്നു അദ്ദേഹം. വിപ്ലവം ജയിക്കട്ടെയെന്ന മുദ്രാവാക്യം എവിടെയും മുഴങ്ങുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി നായനാരും കണ്ണുനീരില്‍ കുതിര്‍ന്ന ആ യാത്രയയപ്പിലുണ്ടായിരുന്നു.

ഇ.എം.എസ്, മരിച്ച തലേദിവസമായിരുന്നു ഭാരതീയ ജനതാ പാര്‍ട്ടി കേന്ദ്രത്തില്‍ ഭരണമേറ്റുകൊണ്ടു സത്യപ്രതിജ്ഞ ചെയ്തത്. ആഭ്യന്തര മന്ത്രിയായ അഡ്വാനി കേരളത്തിന്റെ ഈ പുത്രന് അന്ത്യോപചാരം അര്‍പ്പിക്കാനായി ഡല്‍ഹിയില്‍ നിന്നും പറന്നെത്തിയിരുന്നു. ജീവിതത്തിന്റെ നാനാ തുറകളിലുള്ള സ്ത്രീ പുരുഷന്മാര്‍ മതിലുകളുടെയും കെട്ടിടങ്ങളുടെയും മരങ്ങളുടെയും മുകളില്‍ കയറി അന്ത്യയാത്ര കാണുന്നുണ്ടായിരുന്നു. അക്കൂടെ ദരിദരരും, സാധാരണക്കാരും കൃഷിക്കാരും തൊഴിലാളികളുമുണ്ടായിരുന്നു. വാഹനങ്ങള്‍ കറുത്ത കോടി വഹിച്ചിരുന്നു. എല്ലാവരും ബ്‌ളാക്ക് ബാഡ്ജ് ധരിച്ചിട്ടുണ്ടായിരുന്നു. അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നും നിലക്കാത്ത ജനപ്രവാഹം വന്നുകൊണ്ടിരുന്നു.

എകെജി സെന്ററില്‍ കൊണ്ടുവന്ന ഭൗതിക ശരീരത്തിനു ചുറ്റുമായി ഭാര്യ 'ആര്യ അന്തര്‍ജ്ജനത്തിനൊപ്പം പെണ്മക്കളായ മാലതി ദാമോദരനും രാധാ ഗുപ്തനും ആണ്‍മക്കള്‍ ശശിയും ഇ.എം. ശ്രീധരനുമുണ്ടായിരുന്നു. സി.പി.എം പതാകയില്‍ മൃതശരീരം പൊതിഞ്ഞിരുന്നു. തോക്കുകള്‍ തലകീഴായി പിടിച്ചുകൊണ്ടു ആയുധധാരികളായ പോലീസുകാര്‍ നെടുനീളെ വഴിയോരങ്ങളിലുണ്ടായിരുന്നു. കേരളാ മുഖ്യമന്ത്രി നായനാരും മന്ത്രിമാരും നേതാക്കന്മാരും സമൂഹത്തിന്റെ നാനാതുറകകളിലുമുള്ള പ്രമുഖരും തങ്ങളുടെ നേതാവിന്റെ ഭൗതിക ശരീരം ദര്‍ശിച്ചുകൊണ്ടു ആദരാജ്ഞലികളും പുഷ്പ്പാര്‍ച്ചനകളും അര്‍പ്പിച്ചിരുന്നു. ഇത്രമാത്രം ജനങ്ങള്‍ കൂടിയ ഒരു ചരിത്രം കേരളത്തില്‍ ഉണ്ടായിട്ടില്ലായിരുന്നു. ഉച്ചവെയിലത്തും തങ്ങളുടെ നേതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ വീക്ഷിക്കാനും വിലാപയാത്രകളില്‍ പങ്കുകൊള്ളാനും പട്ടണം നിറയെ ജനങ്ങള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അക്കൂടെ തൊഴിലാളികളും തൂപ്പുകാരും സമൂഹത്തിലെ താഴെക്കിടയിലുള്ള എല്ലാ വിഭാഗക്കാരുമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതാക്കളായ പ്രകാശ് കരാട്ടെ, ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ്, മുതല്‍പേരും പോളിറ്റ് ബ്യുറോ അംഗങ്ങളും സന്നിഹിതരായിരുന്നു. തമിഴ് നാട് ഗവര്‍ണ്ണര്‍ ഫാത്തിമ ബീവി, സ്റ്റേറ്റ് നേതാക്കളായ എ.കെ. ആന്റണി, എന്നിവരും റീത്തുകള്‍ സമര്‍പ്പിച്ചു. ഇന്ത്യന്‍ പ്രധാന മന്ത്രിക്കുവേണ്ടിയും റീത്തുകള്‍ സമര്‍പ്പിച്ചിരുന്നു.

ഇ.എം.എസിന്റെ സഹകാരി കേരളാ മുഖ്യമന്ത്രിയായിരുന്ന നായനാര്‍ പ്രസംഗിച്ചത്! വിറയ്ക്കുന്ന അധരങ്ങളോടെയും കണ്ണുനീര്‍ വാര്‍ത്തുകൊണ്ടുമായിരുന്നു. നായനാര്‍ പറഞ്ഞു, 'ഇ.എം.എസ് സത്യസന്ധനായ ഒരു രാഷ്ട്രീയ തന്ത്രജ്ഞനും നിഷ്‌കളങ്ക ഹൃദയത്തിന്റെ ഉടമയുമായിരുന്നു. ആരുടേയും മനസ് വേദനിപ്പിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. തെറ്റുകള്‍ അദ്ദേഹം സമ്മതിക്കുമായിരുന്നു. ഭൂസ്വത്തുക്കള്‍ ധാരാളമുണ്ടായിരുന്ന ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചെങ്കിലും സര്‍വ്വതും പാര്‍ട്ടിക്കായി സമര്‍പ്പിച്ചു. വേദങ്ങള്‍ ഹൃദ്യസ്ഥമാക്കിയിരുന്നെങ്കിലും അദ്ദേഹത്തെ നയിച്ചിരുന്നത് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് തത്ത്വങ്ങളായിരുന്നു. മാര്‍ക്‌സിന്റെ തത്ത്വചിന്തകളില്‍ക്കൂടി മനുഷ്യത്വമെന്തെന്നു അദ്ദേഹം പഠിപ്പിച്ചിരുന്നു. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഹൃദയ തുടിപ്പുകള്‍ സ്പര്‍ശിച്ചറിഞ്ഞുകൊണ്ട് അവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു. അദ്ദേഹത്തെപ്പോലെ നിസ്വാര്‍ത്ഥനായ മറ്റൊരു നേതാവിനെ തനിക്കറിയില്ല. '

അഡ്വാനി പറഞ്ഞു, 'ഞങ്ങള്‍ തമ്മില്‍ ആശയപരമായി വ്യത്യസ്തരായിരുന്നെങ്കിലും നമ്പൂതിരിപ്പാടിനെ ലോകം ഒരു ആദര്‍ശ പുരുഷനായി ആദരിച്ചിരുന്നു. ആശയങ്ങളെ കാത്തു സൂക്ഷിക്കാന്‍ സ്വന്തം ജീവിതം തന്നെ അടിയറ വെച്ചിരുന്നു. നമ്പൂതിരിപ്പാട് സ്വാതന്ത്ര്യ സമരത്തിനായി പ്രവര്‍ത്തിക്കുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു. ചരിത്രം അതിനു സാക്ഷിയുമാണ്. രാഷ്ട്രം അദ്ദേഹത്തോട് എന്നും കടപ്പെട്ടുമിരിക്കുന്നു. മഹാത്മാ ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും ആശയങ്ങളുമായി അദ്ദേഹത്തിനു യോജിക്കാന്‍ സാധിക്കില്ലായിരുന്നെങ്കിലും സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ അവരുമായുള്ള ആശയ വൈരുദ്ധ്യങ്ങളില്‍ പോലും ഒന്നായി പ്രവര്‍ത്തിക്കാനും സാധിച്ചു.'

ഇന്നുള്ള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിനും കമ്മ്യുണിസത്തിനും രൂപവും ഭാവവും നല്‍കിയത് ഇ.എം.എസ് ന്റെ വിശ്രമമില്ലാത്ത പരിശ്രമങ്ങളില്‍ക്കൂടിയും ആശയ പുഷ്ടിയോടെയും വൈരുദ്ധ്യ ചിന്തകളില്‍ക്കൂടിയുമായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുകളും വിചാരങ്ങളും തലമുറകളായി കമ്മ്യുണിസ്റ്റുകാരെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. 'ഇ.എം.എസിനെപ്പറ്റി നാം പുസ്തകങ്ങളില്‍ വായിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ വഴക്കടിച്ചിട്ടുണ്ട്. പ്രതിക്ഷേധ റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇ.എം.എസിനൊപ്പവും എതിരായും നിന്നു. എങ്കിലും ആ മഹാനെ ചരിത്രത്തില്‍ ഒരിക്കലും ആര്‍ക്കും തഴയാന്‍ കഴിയില്ല.' ജന്മിയായി ജീവിച്ചു വളര്‍ന്ന അദ്ദേഹത്തിനു മരിക്കുമ്പോള്‍ സ്മാരകമായി നിലകൊണ്ടത് തിരുവനന്തപുരത്തുള്ള വാടകയ്ക്ക് താമസിച്ചിരുന്ന ഒരു അപ്പാര്‍ട്ട്‌മെന്റും ഒരു ഷെല്‍ഫ് നിറച്ചു പുസ്തകങ്ങളും നീല കുഷ്യനുള്ള ഒരു കസേരയും കാലുകള്‍ നീട്ടി വെക്കാന്‍ ഒരു ടീപ്പോയും രാത്രിയുടെ വെളിച്ചത്തില്‍ വായിക്കാന്‍ ഒരു വിളക്കും കേള്‍ക്കാന്‍ ഹിയറിങ് എയ്ഡും ഒരു സൈഡില്‍ പുസ്തകങ്ങളും മാഗസിനുകളും മാത്രമായിരുന്നു. അതായിരുന്നു ഒരു ആയുഷ്‌ക്കാലത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സമ്പാദ്യവും.

7 years ago

No comments yet. Be the first to comment!

News 339862

ഭാഗ്യം തേടിയെത്തിയത് അവസാന ശ്രമത്തില്‍, ഒപ്പം ഐപിഎസ് 'കൂട്ട്'; മലയാളികളില്‍ ഒന്നാമതായി മാളവിക ജി നായര്‍

0

6 minutes ago

Berakah
Sponsored
35
News 339861

പുതിയ എകെജി സെൻ്റർ നാളെ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

0

12 minutes ago

News 339860

ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി മിഹിറിന്‍റെ ആത്മഹത്യ; കാരണം കുടുംബ പ്രശ്നങ്ങളെന്ന് പൊലീസ്

0

56 minutes ago

News 339859

ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്; ആദ്യ പത്തില്‍ മലയാളികള്‍ ഇല്ല, സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

0

57 minutes ago

United
Sponsored
34
News 339858

രാംദേവിന്റെ 'ഷർബത്ത് ജിഹാദ്’ പരാമർശം വിവാദത്തിൽ ; മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി

0

1 hour ago

News 339857

നടിയെ പീഡിപ്പിച്ചെന്ന പരാതി; ആന്ധ്രാ മുൻ ഇന്റലിജന്റ്സ് മേധാവി അറസ്റ്റിൽ

0

1 hour ago

News 339856

133 അന്താരാഷ്ട്ര വിദ്യാർഥികളുടെ ലീഗൽ സ്റ്റാറ്റസ് പുനഃസ്ഥാപിക്കണമെന്നു കോടതി ഉത്തരവിട്ടു (പിപിഎം)

0

2 hours ago

Statefarm
Sponsored
33
News 339855

കൊട്ടാരക്കരയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു… മുൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കസ്റ്റഡിയിൽ

0

2 hours ago

News 339854

സുരേഷ് ഗോപിയുടെ ചിത്രം മോർഫ് ചെയ്ത് ക്രിസ്തുമത വിശ്വാസത്തെ അവഹേളിച്ചു ; കെഎസ്ആർടിസി ഉദ്യോഗസ്ഥനെതിരെ പരാതി

0

2 hours ago

News 339853

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചട്ടങ്ങൾ ലംഘിച്ച് റീൽ; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി കോൺഗ്രസ് നേതാവ്

0

2 hours ago

Mukkut
Sponsored
31
News 339852

വിവാഹ ദിനത്തിൽ ക്രൂരമർദ്ദനം, 24കാരന് ദാരുണാന്ത്യം, പ്രതിശ്രുത വധുവിന്റെ മുൻ കാമുകനും സഹായികളും അറസ്റ്റിൽ

0

2 hours ago

News 339851

ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍; കൊലപ്പെടുത്തിയത് ഭാര്യയും കാമുകനായ മരുമകനും ചേര്‍ന്ന്

0

2 hours ago

News 339850

കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

0

3 hours ago

Premium villa
Sponsored
News 339849

യാത്രയ്ക്കിടെ കഴിച്ച മസാല ദോശയിൽ നിന്ന് ഭക്ഷ്യവിഷബാധ; മൂന്നുവയസ്സുകാരി മരിച്ചു

0

3 hours ago

News 339848

ആമയൂര്‍ കൂട്ടക്കൊല: പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി

0

3 hours ago

News 339845

ഫ്ലോറിഡയുടെ അംഗീകാരം; 2025 ഒക്ടോബർ 'ഹിന്ദു അമേരിക്കൻ പൈതൃക മാസം'

0

3 hours ago

Malabar Palace
Sponsored
News 339843

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്കുമായി ഓസ്ട്രേലിയൻ സർവ്വകലാശാലകൾ

0

3 hours ago

News 339842

തിരുവാതുക്കല്‍ ദമ്പതി വധക്കേസ് ; അസം സ്വദേശി കസ്റ്റഡിയില്‍

0

5 hours ago

News 339841

ഏഴ് വർഷം മുൻപ് ദുരൂഹസാഹചര്യത്തിൽ മകന്റെ മരണം ; സിബിഐ അന്വേഷണം തുടങ്ങി മാസം തികയുമ്പോൾ മാതാപിതാക്കളും കൊല്ലപ്പെട്ടു

0

5 hours ago

Lakshmi silks
Sponsored
38
News Not Found