
വലതുപക്ഷ തീവ്രവാദിയായ റിപ്പബ്ലിക്കൻ റെപ്. മാർജോറി ടെയ്‌ലർ ഗ്രീനെ സെൻഷർ ചെയ്യണമെന്നു കാത്തോലിക് ലീഗ് പ്രസിഡന്റ് ബിൽ ഡോണഹ്യു ആവശ്യപ്പെട്ടു. കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയെ അധിക്ഷേപിച്ചതിന്റെ പേരിലാണിത്.
യുഎസ് ഹൗസ് എത്തിക്‌സ് കമ്മിറ്റി ചെയർമാൻ റെപ്. മൈക്കൽ ഗെസ്റ്റ്, കമ്മിറ്റിയിലെ റാങ്കിങ് മെംബർ റെപ്. മാർക്ക് ഡിസോളിനർ എന്നിവർക്ക് എഴുതിയ കത്തിലാണ് ബിൽ ഡോണഹ്യു തിങ്കളാഴ്ച ഈ ആവശ്യം ഉന്നയിച്ചത്.
കത്തിൽ പറയുന്നത്: "ഞാൻ റിപ്പബ്ലിക്കാനോ ഡെമോക്രാറ്റോ അല്ല, സ്വതന്ത്രനാണ്. രാജ്യത്തെ ഏറ്റവും വലിയ കാത്തലിക്ക് സിവിൽ റൈറ്സ് സംഘടനയുടെ പ്രസിഡന്റ് എന്ന നിലയ്ക്കാണ് ഞാൻ ഈ കത്തെഴുതുന്നത്. എനിക്ക് ഒരു അഭ്യർഥനയുണ്ട്: റെപ്. മാർജോറി ടെയ്‌ലർ ഗ്രീനെ സെൻഷർ ചെയ്യാൻ നിങ്ങൾക്കു കഴിയുന്നതെന്തും ചെയ്യുക.
"ഇന്ന്, പാപ്പാ ദിവംഗതനായ ദിവസം, ഗ്രീൻ എക്‌സിൽ എഴുതിയത് ഇങ്ങിനെ: 'ഇന്ന് ലോക നേതൃത്വത്തിൽ വലിയ മാറ്റം ഉണ്ടായി. തിന്മയെ ദൈവത്തിന്റെ കരം തോല്പിക്കുന്നു." പാപ്പയുടെ ദേഹവിയോഗം കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിലാണ് ഈ പോസ്റ്റ്.
"ന്യൂസ്‌വീക് ലേഖകൻ ഗാബെ വിസ്‌നേറ്റ് ചൂണ്ടിക്കാട്ടിയ പോലെ, ഇന്നുണ്ടായ രണ്ടു വലിയ ആഗോള നേതൃത്വ മാറ്റങ്ങൾ പാപ്പയുടെ ദേഹവിയോഗവും വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ തലപ്പത്തു നിന്നുള്ള ക്ളോസ് ഷ്വാബിന്റെ മാറ്റവുമാണ്. ദൈവം തിന്മയെ തോൽപിച്ചു എന്ന ഗ്രീനിന്റെ പരാമർശം വ്യക്തമായും പരിശുദ്ധ പിതാവിനെ കുറിച്ചാണ്.
"എങ്ങിനെ തീർച്ചപ്പെടുത്താം എന്ന്, അല്ലേ? 2022ൽ ഗ്രീൻ പറഞ്ഞത് 'സാത്താൻ സഭയെ നയിക്കുന്നു' എന്നാണ്. അന്ന് അവർക്കെതിരെ നടപടി എടുക്കാൻ ഞാൻ ഹൗസ് എത്തിക്‌സ് കമ്മിറ്റി ചെയർമാനോടും റാങ്കിങ് മെംബറോടും ആവശ്യപ്പെട്ടിരുന്നു. ചുരുക്കി പറഞ്ഞാൽ, കത്തോലിക്കരെ അധിക്ഷേപിക്കുന്ന ചരിത്രമാണ് അവർക്കുള്ളത്.
"മുൻ കത്തോലിക്കാ സഭാംഗമായ ഗ്രീനിന് ഫ്രാൻസിസ് മാർപാപ്പയെ കുറിച്ച് ന്യായമായ വിമർശനം ഉന്നയിക്കാൻ എല്ലാ അവകാശവുമുണ്ട്. പക്ഷെ ഒരു കോൺഗ്രസ് അംഗത്തിനും ഒരു ആഗോള സഭയുടെ തലവനെ അധിക്ഷേപിക്കാൻ അവകാശമില്ല.
"കത്തോലിക്ക സഭയെ കരിതേക്കാൻ അവരെ തുടർന്നും അനുവദിക്കുന്നത് കോൺഗ്രസിന്റെ പ്രതിച്ഛായ മലിനമാക്കും. അതുകൊണ്ടു വർഗീയ അഭിപ്രായത്തിന്റെ പേരിൽ അവരെ സെൻഷർ ചെയ്യാൻ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് അംഗങ്ങളോട് ഞാൻ അഭ്യർത്ഥിക്കയാണ്.
നിങ്ങളുടെ പരിഗണനയ്ക്കു നന്ദി.
Catholics want Taylor-Greene censured