Image

ആമയൂര്‍ കൂട്ടക്കൊല: പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി

രഞ്ജിനി രാമചന്ദ്രൻ Published on 22 April, 2025
ആമയൂര്‍ കൂട്ടക്കൊല: പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി

പട്ടാമ്പി ആമയൂർ കൂട്ടക്കൊലപാതകക്കേസിലെ പ്രതി റെജികുമാറിന് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കി. ജയിലിലെ നല്ല നടപ്പ് പരിഗണിച്ച് മാനസാന്തരം ഉണ്ടായെന്ന ജയിൽ അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ, പ്രതി ജീവിതാവസാനം വരെ തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് മുൻപ് വിധിച്ച ജീവപര്യന്തം ശിക്ഷ നിലനിൽക്കും. 2008 ജൂലൈയിൽ ഭാര്യ ലിസി, മക്കളായ അമലു (12), അമൽ (10), അമല്യ (8), അമന്യ (3) എന്നിവരെ റെജികുമാർ കൊലപ്പെടുത്തിയതാണ് കേസ്.

2008 ജൂലൈ 8 മുതൽ 23 വരെയുള്ള ദിവസങ്ങളിലാണ് കൊലപാതകങ്ങൾ നടന്നത്. ഭാര്യയെയും മക്കളെയും മൂന്ന് ഘട്ടങ്ങളിലായാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മൂത്ത മകളെ കൊലപാതകത്തിന് മുൻപ് ബലാത്സംഗം ചെയ്തതായും പോലീസ് കണ്ടെത്തിയിരുന്നു. 2009ൽ പാലക്കാട് പ്രിൻസിപ്പൽ സെഷൻസ് കോടതി റെജികുമാറിന് വധശിക്ഷ വിധിച്ചു. 2014ൽ ഹൈക്കോടതി ഈ വിധി ശരിവച്ചു. എന്നാൽ പ്രതി നൽകിയ അപ്പീലിൽ 2023ൽ ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വധശിക്ഷ സ്റ്റേ ചെയ്യുകയും പ്രതിയുടെ മാനസികനില സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്റെയും ജയിലിലെ നല്ല നടപ്പിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ വധശിക്ഷ റദ്ദാക്കിയിരിക്കുന്നത്.

 

English summary:

Aamayur Massacre: Supreme Court Overturns Death Sentence of Accused Rejikumar

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക