Image

ഷൈൻ ടോം ചാക്കോ മാപ്പ് പറഞ്ഞു ; നടനെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്

Published on 22 April, 2025
ഷൈൻ ടോം ചാക്കോ മാപ്പ് പറഞ്ഞു ; നടനെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍ സി അലോഷ്യസ് നല്‍കിയ പരാതി ഒത്തുതീര്‍പ്പിലേക്കെത്തുന്നു. വിഷയത്തില്‍ ഷൈന്‍ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചതോടെ, തനിക്കുണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിന്‍ സി സിനിമാ സംഘടനയായ ഐസിസിയെ അറിയിച്ചു. ഇരുവരും ചര്‍ച്ചക്ക് ശേഷം കൈ കൊടുത്ത് പിരിഞ്ഞതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം നടന്ന ഐസിസി യോഗത്തില്‍ വിന്‍സിയോട് ഷൈന്‍ ടോം ചാക്കോ മാപ്പ് പറയുകയും ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

പോലീസില്‍ പരാതി നല്‍കാന്‍ താത്പര്യമില്ലെന്നും സിനിമയ്ക്കുള്ളില്‍ തന്നെ തീര്‍ക്കാനാണ് താത്പര്യമെന്നും വിന്‍ സി നേരത്തേ പറഞ്ഞിരുന്നു. വിന്‍ സിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പറയാനുള്ളത് ഒറ്റയ്‌ക്കൊറ്റയ്ക്കും ഇരുവരേയും ഒന്നിച്ചിരുത്തിയും ഐസിസി കേട്ടു. ഐസിസി റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. സിനിമയുമായി സഹകരിക്കുമെന്ന് ഷൈനും വിന്‍ സിയും അറിയിക്കുകയും ചെയ്തതോടെ വിഷയം ഒത്തുതീര്‍പ്പിലെത്തിയെന്നും സിനിമാ രംഗത്തുള്ളവര്‍ പറയുന്നു.

അതിനിടെ, ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരി കേസില്‍ പൊലീസിന്റെ തുടര്‍നടപടികള്‍ നീളും. തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഷൈനെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്ന നിലപാടിലാണ് പോലിസ്. ലഹരി പരിശോധനാ ഫലം വരാന്‍ രണ്ടുമാസം കഴിയും. കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറെന്‍സിക് പരിശോധന ഫലവും വൈകും. എപ്പോള്‍ വിളിച്ചാലും ഹാജരാകാമെന്ന് ഷൈന്‍ അറിയിച്ചതിനാല്‍ തിടുക്കം കാണിക്കേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം.

ഫിലിം ചേംബറിന്റെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെയും യോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഐസിയുടെ അന്തിമ റിപ്പോര്‍ട്ടിന് ശേഷമാകും ഇനി ഫിലിം ചേംബറിന്റെ തുടര്‍നടപടികള്‍. അതേസമയം, താര സംഘടന അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ അന്വേഷണവും തുടരുകയാണ്.

കടുത്ത നിലപാടിലേക്ക് പോകേണ്ട എന്നാണ് സിനിമാ സംഘടനകളുടെ തീരുമാനമെന്നാണ് വിവരം. സിനിമാ മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയമാണ് ഇതെന്നതാണ് തീരുമാനത്തിന് ന്യായമായി പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക