കാവ്യാംഗനയൊരു ചോദ്യവുമായി
കാവ്യലോകത്തേക്കിറങ്ങി വന്നു.
അക്ഷരമാലകളണിഞ്ഞു മണിവിരല്‍
മോതിരമിട്ടു മറച്ചുപിടിച്ചും
ആപാദചൂഡമണിഞ്ഞൊരു നേരിയ
പുടവത്തുമ്പുകള്‍ കാറ്റിലിലച്ചും
നെറ്റിക്കുറിയിലെ കുങ്കുമമിത്തിരി
കയ്യിലെടുത്തവള്‍ ചോദ്യമെഴുതി
സുലളിത മോഹന കല്പനകള്‍
പൊന്‍ചിറകില്‍ പാറി നടക്കുമ്പോള്‍
ദുര്‍ഗ്രഹയായൊരഭിസാരികയായ്
എന്നെ ദുഷിപ്പിക്കുന്നൊരു ദുഷ്ടര്‍
മൂകയും ബധിരയും ഭ്രാന്തിയുമായ്
പൊട്ടിപ്പെണ്ണായ് കരുതരുതെന്നെ
ഞാനോ കവിതാമനോഹരിയായവള്‍
ഭാഷകള്‍ ചുടും വാടാ ഹാരം
എന്നിലെയിതളുകള്‍ നുള്ളിയെറിഞ്ഞും
എന്നിലെ ഗന്ധം കാറ്റിലെറിഞ്ഞു,
വാക്കുള്‍ വെട്ടി, കുത്തിമലര്‍ത്തി
ശവമാക്കുന്നു നൂതന കവികള്‍
കടലാസ്സ്പൂവ്വായി മാറ്റുന്നു ചിലര്‍
എന്നെ, കവികള്‍കലയില്ലാത്തോര്‍
പഴമയിലെന്നും പുണ്യംപുലരുമൊരനര്‍ഘ
സുന്ദര കവിതകള്‍ എവിടെ?
ആധുനികം അത്യന്താധുനികം, പ്രവാസ സാഹിത്യം എന്നൊക്കെയുള്ളത് ഒരു വ്യക്തിത്വ പ്രതിസന്ധിയിൽ നിന്ന് ഉടലെടുത്തതാണ്. എന്നാൽ കൂടുതൽപേരും പിന്തുടരുന്നത് ഇന്നലെ തുടങ്ങി കവിതയുടെയും സാഹിത്യത്തിന്റെയും നിയമങ്ങളെയാണ്. ഏതൊന്നിന്റെയും വിജയം അച്ചടക്കത്തെ ആശ്രയിച്ചിരിക്കും. എന്തുകൊണ്ട് നൂറ്റാണ്ടുകളായിട്ടും ചില സാഹിത്യസൃഷിടികളും കവിതകളും മനുഷ്യമനസ്സിൽ തങ്ങിനില്ക്കുകയൂം വീണ്ടും അത് പ്രമാണഗ്രന്ഥങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നത്? ആയിരത്തിലേറെ പഴക്കമുണ്ടെന്ന് അഭിമാനിക്കുന്ന മലയാളത്തിലെ സാഹിത്യഗ്രന്ഥശാല പരിശോധിച്ചാൽ എത്ര ആധുനിക കവിതകളും സാഹിത്യഗ്രന്ഥങ്ങളും കണ്ടെത്താൻ കഴിയും? എം മുകുന്ദനും ഒ.വി വിജയനും ഡൽഹിയിൽ പ്രാവാസ ജീവിതം നയിച്ചെങ്കിലും അവരുടെ കഥകളോ ലേഖനങ്ങളോ പ്രവാസ സാഹിത്യത്തിലല്ല അറിയപ്പെട്ടത് മലയാള സാഹിത്യത്തിന്റ ഭാഗമായിട്ടാണ് അറിയപ്പെട്ടത്.
കവിതയിലെ വൃത്തത്തിനും ഗാനങ്ങങ്ങളിലെ രാഗങ്ങൾക്കും മനുഷ്യന്റെ മനോവികാരങ്ങളുമായി ബന്ധമുണ്ട്. അപ്പോൾ ബധിരയെക്കുറിച്ചും അന്ധരെക്കുറിച്ചും വികലാംഗരെക്കുറിച്ചും കവിത എഴുതുമ്പോൾ എഴുതുന്ന വിഷയത്തെയും സാഹചര്യത്തെയും ഉൾക്കൊണ്ടു വേണം കവിത രചിക്കുവാൻ. അല്ലാതെ കവിയുടെ മാനസിക അവസ്ഥയല്ല കവിതയിൽ പ്രതിഫലിക്കേണ്ടത്. സാമൂഹ്യപരമായ വിഷയങ്ങളെ ഒരു ദർപ്പണത്തിലൂടെ സമൂഹത്തിന്റെ നേരെ പ്രതിഫലിപ്പിക്കുകയാണ് യഥാർത്ത എഴുത്തുകാരൻ ചെയ്യേണ്ടത്. അങ്ങനെ ചിന്തിക്കുമ്പോൾ ഇന്നലെ തുടങ്ങി വച്ച കാവ്യനിയമങ്ങളെ പിന്തുടരാൻ ഇപ്പോൾ കവിത രചിക്കുന്നവർ നിര്ബന്ധിതരാണ്.
ഉദാഹരണം _ മാമ്പഴം - ഇവിടെ ഒരു കുഞ്ഞിന്റെ മരണവുമായുള്ള പശ്ചാതലത്തിലാണ് കവി കവിത രചിക്കുന്നത് അതിന് കവിത തിരഞ്ഞെടുത്ത വൃത്തം കേകയാണ്. കേകക്ക് അമ്മയുടെ ദുഃഖത്തെ പ്രതിഫലിപ്പിക്കാൻ പോരുന്നതും അതുപോലെ വായനക്കാരുടെ മനസ്സിന് അതിനെ ഉടനെ തിരിച്ചറിയത്തക്ക വിധത്തിലുള്ള കഴിവും ഉണ്ട്
"" അങ്കണത്തൈമാവിൽ നിന്നാദ്യത്തെപ്പഴം വീഴ്കെ
അമ്മതൻ നേതൃത്തിൽ നിന്നുതിർന്നു ചുടകണ്ണീർ
നാലുമാസത്തിൻ മുമ്പിലേറെനാൾ കൊതിച്ചിട്ടി
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ,
അമ്മതൻ മണികുട്ടൻ പൂത്തിരി കത്തിച്ചപോ-
ലമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തി
ചോദിച്ചു മാതാവപ്പോൾ "ഉണ്ണികൾ വിരിഞ്ഞ പൂ-
വൊടിച്ചു കളഞ്ഞല്ലോ കുസൃതിക്കുരുന്നെ നീ ?'
'മാങ്കനി, വീഴുന്നേരമോടിച്ചെന്നെടുക്കെണ്ടോൻ
പൂങ്കുല തല്ലുന്നത് തല്ലു കൊള്ളാഞ്ഞിട്ടല്ലേ ?'
പൈതലിൽ ഭാവം മാറി വദനാംബുജം വാടി
കൈതവം കാണാക്കണ്ണു കണ്ണുനീർ തടാകമായി
'മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ലന്ന'വൻ
മാണ്പെഴും മലർക്കുലയെറിഞ്ഞു വെറുംമണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ '
തുംഗമാം മീനച്ചൂടാൽ ത്തൈമാവിൻ മരതക -
ക്കിങ്ങിണി സൗഗാന്ധിക സ്വർണ്ണമായിത്തീരുംമുമ്പേ
മാങ്കനിവീഴുന്നത് കാത്തു നില്ക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടുവിട്ടു പരലോകത്തേക്കു പൂകി"
എന്നാൽ വയിലോപ്പള്ളിയുടെ ഈ കവിതക്ക് മന്ജരിയോ, നിരണം വൃത്തമോ, പഞ്ചചാമരമോ, പാനയോ കൊടുത്തിരുന്നെങ്കിലോ? തീർച്ചയായും മാമ്പഴം ചീഞ്ഞു നാറിപ്പോകുമായിരുന്നു. അതുകൊണ്ടു വിഷയം, അലങ്കാരം, വൃത്തം തുടങ്ങി നമ്മളുടെ ദീര്‍ഘദൃഷ്‌ടിയുള്ള പൂർവികർ സ്‌ഫുടം ചെയ്‌തെടുത്ത നിയമങ്ങളെ പിന്തുടരണം എന്നാണ് എന്റെ എളിയ അഭിപ്രായം
അത് ചെയ്യാതെ വായിൽ വരുന്നത് കവിതയാണെന്നും സാഹിത്യമാണെന്നും പറഞ്ഞാൽ അത് അല്പയുസുകളായ ഈയലുകളെപോലെ അൽപ്പം പൊങ്ങി ചിറകറ്റു വീഴും
നല്ലെതെന്നാകിലും തീയതെന്നാകിലും
വല്ലതും ചെയ്യാം പണം കിട്ടുമെന്നാകിൽ (പൗണ്ഡ്രകവധം)
യജമാനന്മാർ കട്ടുതുടർന്നാൽ
മറ്റു ജനത്തിനു മടിയുണ്ടാമോ? (സ്യമന്തകം)
( ഇവിടെ യജമാനന്മാർ = സാഹിത്യകാരന്മാരും, ഭാഷാ പണ്ഡിതരും)
കിട്ടും പണമെങ്കിലിപ്പോൾ മനുഷ്യർക്ക്
ദുഷ്ടതകാട്ടുവാൻ ഒട്ടും മടിയില്ല (ധ്രൂവചരിതം)
കിട്ടും അവാർഡെങ്കിലിപ്പോൾ ചിലർക്ക്
എന്തും എഴുതുവാൻ ഒട്ടും മടിയില്ല