Image

ജര്‍മനിയില്‍ വിദേശ വിദ്യാര്‍ഥികള്‍ ഫീസ് നല്‍കണം

Published on 12 June, 2017
ജര്‍മനിയില്‍ വിദേശ വിദ്യാര്‍ഥികള്‍ ഫീസ് നല്‍കണം
    ബെര്‍ലിന്‍: യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും ഉന്നതവിദ്യാഭ്യാസത്തിനായി ജര്‍മനിയിലെത്തുന്ന വിദ്യാര്‍ഥികള്‍ ഇനി മുതല്‍ ഫീസ് നല്‍കേണ്ടി വരും. മധ്യജര്‍മന്‍ സംസ്ഥാനമായ വെസ്റ്റ്ഫാളിയ സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളാണ് ഫീസ് ഏര്‍പ്പെടുത്തുന്നത്. ഓരോ സെമസ്റ്ററിനും 1,500 യൂറോ (ഒരു ലക്ഷം രൂപ) യാണ് ഫീസിനത്തില്‍ അടയ്‌ക്കേണ്ടത്. നിയമം അടുത്ത വിന്റര്‍ സെമസ്റ്ററില്‍ (ഒക്ടോബര്‍ മുതല്‍) പ്രാബല്യത്തിലാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. 

പുതിയ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണ് ഏറെ ബാധിക്കുന്നത്. കുറെക്കാലമായി ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് കേരളത്തില്‍ നിന്നും ഒട്ടനവധി വിദ്യാര്‍ഥികള്‍ ജര്‍മനിയില്‍ ഉന്നതവിദ്യാഭ്യാസത്തിനായി എത്തുണ്ട്. എന്നാല്‍ ഇവിടെയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം 90 ഫുള്‍ ഡേയോ, 180 ഹാഫ് ഡേയോ ജോലി ചെയ്തു കാഷ് സന്പാദിക്കാന്‍ നിലവില്‍ നിയമമുണ്ട്. അതിനു മാറ്റം വന്നിട്ടില്ല. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 18 മാസം ജോലി സന്പാദന വീസായും ജര്‍മന്‍ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. ജര്‍മന്‍ ഭാഷയിലോ, ഇംഗ്‌ളീഷ് ഭാഷയിലോ ആണ് ഉന്നതവിദ്യാഭ്യാസം നടത്തേണ്ടത്.

ഇന്ത്യയെ കൂടാതെ ചൈന, ജപ്പാന്‍, റഷ്യ, ടര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും ഈ പുതിയ ഫീസ് ഘടന ബാധിക്കും. എന്നാല്‍ ജര്‍മനിയില്‍ ജനിച്ചു വളര്‍ന്ന ജര്‍മന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റുള്ള കുട്ടികളെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി ആര്‍മീന്‍ ലാഷെറ്റ് വ്യക്തമാക്കി.

വെസ്റ്റ് ഫാളിയ സംസ്ഥാനത്ത് ഭരണം മാറിയതിനെ തുടര്‍ന്നാണ് ഈ നിയമം നിലവില്‍ വരുന്നത്. മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയുവും എഫ്ഡിപിയും തമ്മിലുള്ള മുന്നണിയാണ് ഈയടുത്ത നാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റുകളെ പരാജയപ്പെടുത്തി ഭരണം പിടിച്ചെടുത്തിരുന്നു. ഫീസിന്റെ കാര്യത്തില്‍ ഇരുകക്ഷികളും തമ്മില്‍ ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ ധാരണയായി. ഇതനുസരിച്ച് പ്രതിവര്‍ഷം 100 മില്യണ്‍ യൂറോ സര്‍ക്കാരിന്റെ ഖജനാവിലെത്തുമെന്ന് എഫ് ഡിപി അധ്യക്ഷന്‍ ക്രിസ്റ്റ്യാന്‍ ലിന്‍ഡ്‌നര്‍ മാദ്ധ്യമങ്ങളെ അറിയിച്ചു. അധിക വരുമാനം യൂണിവേഴ്‌സിറ്റികളുടെ നവീകരണത്തിനും ഉന്നമനത്തിനുമായി ചെലവഴിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഫീസ് മാതൃക സ്റ്റുട്ട്ഗാര്‍ട്ട് നഗരം സ്ഥിതിചെയ്യുന്ന ജര്‍മനിയിലെ മറ്റൊരു സംസ്ഥാനമായ ബാഡന്‍ വ്യുര്‍ട്ടെംബര്‍ഗിലും പ്രാബല്യത്തിലാവുമെന്നും എഫ്ഡിപി അധ്യക്ഷന്‍ വെളിപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക