മലപ്പുറം മുസ്ലീം ബെല്‍റ്റാണ്. അവിടെ ഇരു പാര്‍ട്ടിക്കാരും അതേ മതസ്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി 'വോട്ട് ബാങ്ക് രാഷ്ട്രീയം' എന്ന ഫോര്‍മുല പയറ്റിയത് ലോകസഭ ബൈ-ഇലക്ഷനില്‍ നമ്മള്‍ കണ്ടതാണ്. രാഷ്ട്രത്തിന്റെ പരമോന്നത പദവിയായ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുമ്പോള്‍ തല കുനിഞ്ഞു പോകുന്ന അടവുകളുമായി ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പുകോര്‍ക്കുമ്പോള്‍ മതേതരത്വത്തെ അത്യാസന്ന നിലയിലേയ്ക്ക് മാറ്റേണ്ടിയിരിക്കുന്നു.
ഭരണഘടനയ്ക്ക് വിധേയനായി രാഷ്ട്രതാല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന വ്യക്തിയെയാണ് 'രാഷ്ട്രപതി ഭവന്‍' കാത്തിരിക്കുന്നത്. അവിടേയ്ക്ക് വലതുകാല്‍വച്ച് കടന്നു ചെല്ലുന്നത് രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മൗനസമ്മതം മൂളുന്ന റബ്ബര്‍ സ്റ്റാമ്പ് പ്രസിഡന്റ് ആകരുത്.
ഡോ. ബി. ആര്‍ അംബേദ്കര്‍ ഭരണഘടനാശില്‍പി ആയത് അദ്ദേഹം പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടതുകൊണ്ടല്ല. ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകരിക്കുന്ന ഒരു ഘട്ടത്തിലും അംബേദ്കര്‍ ഏതുമതത്തില്‍പെട്ടയാള്‍ ആണെന്ന ചോദ്യം ഉയര്‍ന്നിരിക്കില്ല. കഴിവുണ്ടെങ്കില്‍ മതമോ ജാതിയോ ഏതുതന്നെ ആയിരുന്നാലും രാഷ്ട്രം അതൊന്നും നോക്കാതെ അര്‍ഹിക്കുന്ന സ്ഥാനം വച്ചുനീട്ടും എന്നതിന് ഉദാഹരണമായിട്ടാകാം, അദ്ദേഹം ദളിതനായിരുന്ന എന്ന അറിവ് പ്രചരിച്ചത്.
ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായി കെ.ആര്‍.നാരായണന്‍ തെരഞ്ഞെടുക്കപ്പെട്ടതും നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടാണ്. അല്ലാതെ, ദളിതന്‍ എന്ന ആനുകൂല്യം കൊണ്ടല്ല.
ഉയര്‍ന്നുകേട്ട പേരുകളൊന്നും നിര്‍ദ്ദേശിക്കാതെ ബിഹാര്‍ ഗവര്‍ണ്ണറും ബി.ജെ.പിയുടെ ദളിത് മോര്‍ച്ച മുന്‍ അധ്യക്ഷനുമായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഭരണപക്ഷം പ്രഖ്യാപിച്ചത് തികച്ചും തന്ത്രപരമായ രാഷ്ട്രീയനീക്കമായി തന്നെ വിലയിരുത്താം. 2019ലെ തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാനുള്ള വിത്തിറക്കുകയാണ് ലക്ഷ്യം. ദളിത് പീഡനത്തെച്ചൊല്ലി പാര്‍ട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയായാണ് രാംനാഥിനെ മത്സരിപ്പിക്കുന്നത്. രോഹിത് വേമൂല വിഷയം, പശുസംരക്ഷണം, ബീഫ് നിരോധനം തുടങ്ങിയ വിവാദങ്ങളിലൂടെ ദളിതര്‍ക്കിടയില്‍ മങ്ങിയ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ഈ സ്ഥാനാര്‍ത്ഥിത്വം.
ആദ്യ വനിതാസ്പീക്കര്‍ എന്ന അഭിമാനനേട്ടം മുന്‍നിര്‍ത്തിയല്ല 'യുപിഎ' തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി 'മീരാകുമാറിനെ' പ്രഖ്യാപിച്ചത്. അവിടെയും ദളിത് എന്ന വാക്ക് അടിവരയിട്ട് പറയുകയാണ് ചെയ്തത്. വ്യക്തിപ്രഭാവത്തെ പാടേമറന്ന് ജാതീയതയുടെ വിഷവായു ശ്വസിക്കേണ്ടിവരുന്നത് ഏതൊരു ഇന്ത്യന്‍ പൗരനും ഖേദമുള്ള കാര്യമാണ്.
പതിനഞ്ച് വര്‍ഷങ്ങള്‍ മുന്‍പ് നടന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പിലേയ്ക്ക് ഒന്നെത്തിനോക്കാം. 2002 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അടല്‍ ബിഹാരി വാജ്‌പേയി, (അന്നത്തെ പ്രധാനമന്ത്രി) രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ആര് എന്ന സംശയവുമായി നില്‍ക്കുമ്പോള്‍ 'പി.സി.അലക്‌സാണ്ടര്‍' എന്ന ഇന്ദിരാഗാന്ധിയുടെ വിശ്വസ്തന്റെ പേരാണ് ആദ്യം മനസ്സില്‍ വന്നത്. ബി.ജെ.പി പറഞ്ഞയാളോട് യോജിക്കേണ്ട എന്ന സോണിയ ഗാന്ധിയുടെ തീരുമാനം മറ്റൊരാളെക്കുറിച്ച് ആലോചിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. രാഷ്ട്രപതി ആയിരിക്കാന്‍ പറയപ്പെടുന്ന എല്ലാ യോഗ്യതകളുമുള്ള ആ വ്യക്തിത്വം, പക്ഷേ ഏകപക്ഷീയമായി തെരഞ്ഞെടുക്കുകയാണെങ്കില്‍ മാത്രം തനിക്ക് സമ്മതം എന്നാണ് പറഞ്ഞത്. രാഷ്ട്രീയമത നിരപേക്ഷമായി സ്ഥാനം വഹിക്കാന്‍ വാജ്‌പേയി കണ്ടെത്തിയത് ഡോ.എ.പി.ജെ. അബ്ദുല്‍ കലാമിനെ ആയിരുന്നു.
VISION 2020 സാക്ഷാത്കരിക്കാനുള്ള മാര്‍ഗ്ഗമായാണ് കലാം രാഷ്ട്രപതിപദവിയെ കണ്ടത്. ദര്‍ശനങ്ങളെ ദൗത്യങ്ങളാക്കി (VISION TO MISSION) മാറ്റിയ 'മിസൈല്‍മാന്‍' രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കുന്ന സ്വപ്‌നങ്ങള്‍ കാണാന്‍ ജനതയെ പ്രേരിപ്പിച്ചു. അദ്ദേഹം പ്രസിഡന്റ് ആയിരുന്ന കാലയളവിലെ സ്‌കൂള്‍ കുട്ടികള്‍ 2020ലെ ഇന്ത്യയുടെ മാറ്റം തങ്ങളുടെ ഭാവനയില്‍ കണ്ടു. 2017ല്‍ നിന്ന് വെറും മൂന്ന് വര്‍ഷം മാത്രം ബാക്കി നില്‍ക്കെ അവ യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹത്തോടൊപ്പം രാജ്യം സഞ്ചരിച്ചില്ലെന്ന് തിരിച്ചറിയുകയാണ്.
മുസ്ലീം എന്ന വേര്‍തിരിവോടെ അബ്ദുല്‍ കലാമിനെക്കുറിച്ച് രാഷ്ട്രപതി ആയിരിക്കുമ്പോഴോ അതിന് ശേഷമോ പരാമര്‍ശിച്ചിട്ടില്ല. എന്തിനും മാതൃകയാക്കാവുന്ന അത്തരം വ്യക്തിത്വങ്ങളെയാണ് രാഷ്ട്രപതിയായി ഇന്ത്യക്ക് വേണ്ടത്.
നരേന്ദ്ര മോദി ഉറപ്പ് നല്‍കിയിരിക്കുന്നതുപോലെ അനിതരസാധാരണമായ വ്യക്തി പ്രഭാവമുള്ളതും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി ശബ്ദമായി മാറുകയും ചെയ്യുന്ന ആളാണ് രാംനാഥ് കോവിന്ദ് എന്ന അഭിപ്രായം ആര്‍ക്കും തന്നെയില്ല. നിയമജ്ഞനായതുകൊണ്ട് ഭരണഘനാപരമായ അറിവുപയോഗിച്ച് രാജ്യത്തെ പ്രകാശമാനമാക്കുമെന്ന പ്രത്യാശയുമില്ല. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്ന ശിവസേനാസിദ്ധാന്തം പഠിച്ചുവളര്‍ന്ന കോവിന്ദില്‍ രാജ്യത്തിന്റെ മതേതര്വതം ഭദ്രമാകുമെന്ന് ഉറപ്പില്ല. ഇസ്ലാം, ക്രിസ്ത്യന്‍ തുടങ്ങിയ മതങ്ങള്‍ക്ക് സംവരണം ഒഴിവാക്കണമെന്നും അവയൊക്കെ ഇന്ത്യക്ക് അന്യമാണെന്നും 2010ല്‍ പ്രസ്താവിച്ച സംഘപരിവാര്‍ മുഖം രാംനാഥ് കോവിന്ദിനുണ്ട്.
ശിവസേന, തെലുങ്കാന രാഷ്ട്ര സമിതി, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്സ്, ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ ബി.ജെ.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സ്ഥിതിയ്ക്ക് 60% വോട്ടോടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറച്ചിരിക്കുകയാണ്. ജൂലായ് 17, 2017ന് രഹസ്യബാലറ്റിലൂടെ രേഖപ്പെടുത്തുന്ന വോട്ടുകള്‍ മൂന്ന ദിവസങ്ങള്‍ക്ക് ശേഷം 20ാം തീയതി എണ്ണി, വിജയിയെ പ്രഖ്യാപിക്കുമ്പോള്‍ ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യം നമ്മള്‍ അനുഭവിക്കുന്നുണ്ടോ എന്ന ചിന്ത ഉയരും. ഇന്ത്യയുടെ പരമാധികാരം കൈമാറുമ്പോള്‍ ഏറ്റവും വലിയ ശക്തിയായി കാണുന്ന അതിന്റെ പൗരന്മാര്‍ക്ക് പങ്കില്ലെന്ന തിരിച്ചറിവ് വിഷമകരമാണ്. നമ്മള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ വിധിയെഴുതി കണ്ടെത്തുന്ന രാഷ്ട്രപതിയെ അംഗീകരിക്കാതെ തരമില്ല. ആകെ ചെയ്യാന്‍ കഴിയുന്നത് നമുക്ക് അനുവദിച്ചിരിക്കുന്ന വോട്ട് ചെയ്യാനുള്ള അവകാശം ശരിയായി ഉപയോഗപ്പെടുത്തുക മാത്രമാണ്. എല്ലാവരും ഒത്തുശ്രമിച്ചാല്‍ മാറ്റങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യ്ും. പ്രതികരണശേഷിയുള്ള ജനതയാണ് ഇന്നിന്റെ ആവശ്യം