Image

അണ്‍എയ്ഡഡ് സ്‌കൂളുകളും അദ്ധ്യാപക ചൂഷണവും (ജോസഫ് പടന്നമാക്കല്‍)

Published on 02 July, 2017
അണ്‍എയ്ഡഡ് സ്‌കൂളുകളും അദ്ധ്യാപക  ചൂഷണവും (ജോസഫ് പടന്നമാക്കല്‍)
കോടതികളെ ധിക്കരിച്ചും നിലവിലുള്ള നിയമങ്ങളെ കാറ്റില്‍ പറത്തിയുമാണ് കേരളത്തിലുള്ള ഭൂരിഭാഗം അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ സഹായമില്ലാതെ വ്യാവസായികമായി നടത്തുന്ന ഇത്തരം സ്‌കൂളുകള്‍ കൂടുതലും ക്രിസ്ത്യന്‍ മാനേജുമെന്റുകളുടെ അധീനതയിലാണ്. യുവജനങ്ങളുടെ തൊഴിലില്ലായ്മയും നാടിന്റെ സാമ്പത്തിക ഞെരുക്കങ്ങളും കുട്ടികളെ നല്ല നിലവാരമുള്ള സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്നുള്ള മാതാപിതാക്കളുടെ തീക്ഷ്ണമായ ആഗ്രഹങ്ങളും മുതലെടുത്തുകൊണ്ടാണ് വ്യാവസായിവല്‍ക്കരിക്കപ്പെട്ട കേരളത്തിലെ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റ് മാതൃകയില്‍ നടത്തി വരുന്ന ഇത്തരം സ്ഥാപനങ്ങള്‍ സേവനത്തിനുപരി ലാഭം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നു. പഠിച്ചു പാസ്സായി ഒന്നാം ക്ലാസ്സോടെ ഉന്നത ബിരുദമെടുത്തവനും ജോലി ലഭിക്കണമെങ്കില്‍ കോടികള്‍ കോഴയും കൊടുക്കണം. സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന പ്രൈവറ്റ് സ്‌കൂളുകളില്‍ വലിയ തുകകള്‍ കൊടുത്തു തൊഴില്‍ നേടാന്‍ നിവൃത്തിയില്ലാത്തവരുടെ സങ്കേതങ്ങളാണ് കേരളത്തിലെ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍.

സാക്ഷരകേരളം വിദ്യാഭ്യാസ നിലവാരങ്ങളില്‍ ഇന്ത്യയിലെ മറ്റു സ്റ്റേറ്റുകളെക്കാളും വളരെയധികം മുമ്പിലെങ്കിലും സാമൂഹിക ചുറ്റുപാടുകളെ പ്രതികരിക്കുന്നതിലും സാമാന്യ വിജ്ഞാനത്തിന്റെ കാര്യത്തിലും വളരെയധികം പുറകോട്ടെന്നു കാണാന്‍ സാധിക്കും. ടീവിയിലും അച്ചടി പത്രങ്ങളിലും പ്രമുഖ നടി പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കും മാത്രം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. സാധാരണക്കാരന്റെ പ്രശ്‌നങ്ങളൊന്നും അവര്‍ക്ക് വാര്‍ത്തയല്ല. നേഴ്‌സുമാരുടെ സമരങ്ങളെപ്പറ്റിയോ അദ്ധ്യാപകരുടെ ദയനീയ സ്ഥിതിഗതികളെ സംബന്ധിച്ചോ കുത്തക ഹോസ്പിറ്റല്‍, വിദ്യാഭ്യാസ കച്ചവടക്കാരുടെ ചൂഷണങ്ങളെ സംബന്ധിച്ചോ അവര്‍ക്ക് അറിയേണ്ട ആവശ്യമില്ല. സാംസ്‌ക്കാരിക കേരളമേ! നീ എങ്ങോട്ട്, താഴോട്ടോ മുകളിലോട്ടോയെന്നും ചോദിച്ചു പോവുന്നു!

1990കളിലാണ് ഇന്ത്യ ഉദാരവല്‍ക്കരണ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്. ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും ഭാരതത്തിലാകമാനം തുടക്കമിട്ടിരുന്നു. പൊതുമേഖലകളിലെ സങ്കീര്‍ണ്ണങ്ങളായ സാമ്പത്തിക ഉത്തരവാദിത്വങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞുകൊണ്ടിരുന്നു. സ്വകാര്യവല്‍ക്കരണത്തിനു മുന്‍തൂക്കം നല്‍കിക്കൊണ്ട് പുത്തനായ ഒരു സാമ്പത്തിക യുഗം ഇന്ത്യ നടപ്പാക്കിക്കൊണ്ടിരുന്നു. വിദ്യാഭ്യാസം സ്റ്റേറ്റിന്റെ കുത്തകയായിരുന്നത് സ്വകാര്യ വ്യക്തികളുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും നിയന്ത്രണത്തില്‍ വന്നു. വ്യക്തികളും കമ്പനികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ മുതല്‍ നിക്ഷേപങ്ങള്‍ തുടങ്ങി. അത്തരം സ്‌കൂളുകള്‍ സ്വാശ്രയ സ്‌കൂളുകളായി അറിയപ്പെട്ടിരുന്നു.

അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ രണ്ടു തരമാണുള്ളത്. ആദ്യത്തേത് സര്‍ക്കാര്‍ അംഗീകരിച്ചതും രണ്ടാമത്തേത് സര്‍ക്കാര്‍ അംഗീകരിക്കാത്ത സ്‌കൂളുകളും. അംഗീകരിച്ച സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സിലബസ് തയ്യാറാക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികളായ സി.ബി.എസ്.ഇ.യോ(CBSE) ഐ.സി.എസ്.ഇ.യോ (ICSE) ആയിരിക്കും. രണ്ടാമത്തെ തരം സ്ഥാപനങ്ങളില്‍ സര്‍ക്കാരിന് എതിരുണ്ടായിരിക്കില്ല. അവര്‍ക്ക് കുട്ടികളെ ഏഴാം ക്ലാസ് വരെ മാത്രമേ പ്രവേശിപ്പിക്കാന്‍ സാധിക്കുള്ളൂ. സി.ബി.എസ്.ഇ. എന്നാല്‍ പൂര്‍ണ്ണ രൂപം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍ എന്നും ഐ.സി. എസ്.ഇ, ഇന്ത്യന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍ എന്നും പറയും.

സ്‌കൂളിനോടനുബന്ധിച്ചുള്ള ചെലവുകള്‍ കുട്ടികളില്‍നിന്നുള്ള ഫീസുകൊണ്ടും രക്ഷാകര്‍ത്താക്കളില്‍നിന്നുള്ള ക്യാപിറ്റേഷന്‍ ഫീസുകൊണ്ടുമാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം സ്‌കൂളുകളെ ലാഭം മോഹിച്ചു കച്ചവടങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായി കരുതണം. മെച്ചമായ വിദ്യാഭ്യാസവും യോഗ്യതകളും വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയെന്നതാണ് ഇവരുടെ ഉല്‍പ്പന്നം. വിദ്യാഭ്യാസം സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും നിയന്ത്രണത്തില്‍ അനുവദിച്ചതോടെ ഇത് ലാഭകരമായ ബിസിനസെന്നു കണ്ട്, പണം നിക്ഷേപിക്കാന്‍ ധാരാളം വ്യക്തികള്‍ മുമ്പോട്ട് വന്നു. അങ്ങനെ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളായി അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ നാടിന്റെ നാനാഭാഗത്തും വളര്‍ന്നു.

സ്‌കൂള്‍ക്കച്ചവടം ആദായകരമായതുകൊണ്ടാണ് കേരളത്തില്‍ ഉടനീളം കൂണുപോലെ ഇത്തരം സ്‌കൂളുകള്‍ മുളച്ചു പൊങ്ങിയിരിക്കുന്നത്. ഒരു സാധാരണ ഗ്രാമ പ്രദേശത്തില്‍ തട്ടുകട തുടങ്ങാന്‍ പോലും ലൈസന്‍സ് വേണം. എന്നാല്‍ ഈ പള്ളിക്കൂടം മുതലാളികള്‍ക്ക് പ്രത്യേകം ലൈസന്‍സ് ആവശ്യമില്ല. പണവും സ്വാധീനവുമുള്ളതുകൊണ്ടു മാറി മാറി വരുന്ന സര്‍ക്കാരുകളെയും ഇവര്‍ വിലയ്ക്ക് മേടിച്ചിരിക്കുകയാണ്. മികച്ച ലാഭരീതിയില്‍ തന്നെ ഏകദേശം പതിമൂവായിരം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഒരു ലക്ഷത്തില്‍പ്പരം അദ്ധ്യാപകര്‍ ഇന്ന് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ ഏറിയ പങ്കും നാലായിരമോ അയ്യായിരമോ രൂപാ കൈപ്പറ്റി മാനേജുമെന്റ് നല്‍കുന്ന തുച്ഛമായ ശമ്പളത്തില്‍ ജോലിചെയ്യുന്നു. കേരളത്തില്‍ പണി എടുക്കുന്ന അന്യദേശ തൊഴിലാളികള്‍ക്ക് 800 രൂപ ദിവസക്കൂലി ലഭിക്കുന്നു. അണ്‍ എയ്ഡഡ് സ്‌കൂളില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരേക്കാള്‍ മാന്യത കല്പിച്ചിട്ടുമുണ്ട്. ബിരുദാനന്തര ബിരുദങ്ങളുള്ള ഒരു അദ്ധ്യാപകന്റെ ദിവസക്കൂലി നിശ്ചയിച്ചാല്‍ ഇരുന്നൂറു രൂപയില്‍ താഴെയായിരിക്കാം. ഈ തുക കൊണ്ട് കുടുംബം പോറ്റണം. മക്കളെയും വളര്‍ത്തണം. പൂര്‍വിക സ്വത്തില്ലെങ്കില്‍ അവരുടെ മക്കള്‍ക്ക് പ്രൈവറ്റ് സ്‌കൂളില്‍ പഠിക്കാന്‍ സ്വപ്നംപോലും കാണാന്‍ സാധിക്കില്ല.

വാസ്തവത്തില്‍ ഇന്ന് അണ്‍ എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപക ജോലിയെന്നാല്‍ അടിമപ്പണിയ്ക്ക് തുല്യമാണ്. പലപ്പോഴും നിര്‍ദ്ദയവും ക്രൂരവുമായി യാതൊരു മാനുഷിക പരിഗണനയും നല്‍കാതെ ഇവരോട് സ്‌കൂള്‍ അധികൃതര്‍ പെരുമാറുന്നു. അദ്ധ്യാപകരില്‍ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. അവരില്‍ പി.എച്ച്.ഡി ക്കാര്‍വരെ നക്കാപ്പിച്ച ശമ്പളത്തിന് ജോലി ചെയ്യുന്നു. അദ്ധ്യാപകരുടെ തൊഴിലില്ലായ്മയെ സ്‌കൂള്‍ അധികൃതര്‍ പരമാവധി ചൂഷണം ചെയ്യുന്ന സ്ഥിതി വിശേഷങ്ങളാണ് കേരളം മുഴുവനായി കണ്ടുവരുന്നത്. പത്തു മുതല്‍ പതിനഞ്ചു വരെ വര്‍ഷം ജോലി ചെയ്തവര്‍ക്കുപോലും അയ്യായിരം രൂപയില്‍ കൂടുതല്‍ ശമ്പളം നല്‍കില്ല.

സ്‌കൂളില്‍ രാവിലെ കുട്ടികളെ പഠിപ്പിക്കാന്‍ ചെന്നാല്‍ പിന്നീട് ഇവര്‍ക്ക് വിശ്രമമെന്നത് ഒന്നില്ല. എത്ര ക്ഷീണിതരെങ്കിലും അഞ്ചു മിനിറ്റുപോലും വിശ്രമിക്കാന്‍ അനുവദിക്കില്ല. ക്ലാസ്സില്‍ പഠിപ്പിക്കുന്ന സമയം കസേരയിലിരിക്കാന്‍ പോലും പാടില്ല. സ്‌കൂള്‍ ബസില്‍ കുട്ടികളുമൊത്ത് സഞ്ചരിക്കുന്ന സമയത്തുപോലും ഇവര്‍ക്ക് ബസില്‍ നിന്നുകൊള്ളണമെന്നുള്ളതാണ് നിയമം. പ്രസവ ശുശ്രുഷാസമയങ്ങളിലുള്ള അവധി പോലും നല്‍കില്ല. അദ്ധ്യാപകര്‍ തമ്മില്‍ ഓഫിസ് മുറിയില്‍ പോലും സംസാരിക്കാന്‍ അനുവദിക്കില്ല. അത്രയ്ക്ക് പുരാതന കാലത്തുള്ള ബാര്‍ബേറിയന്‍ നിയമങ്ങളാണ് അധികൃതര്‍ അദ്ധ്യാപകരുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജഡ്ജി രാമചന്ദ്രന്‍ നായരുടെയും ജഡ്ജി സി.കെ. അബ്ദുല്‍ റഹിമിന്റെയും വിധിയനുസരിച്ച് 'സി.ബി.എസ്ഇ.'/'ഐ.സി.എസ്.ഇ' (CBSE /ICSE) സ്‌കൂളുകളില്‍ വിദ്യാഭ്യാസ നിയമപ്രകാരം സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ക്കു തുല്യം ശമ്പളം കൊടുക്കണമെന്നുള്ളതാണ്. അദ്ധ്യാപകര്‍ക്കും സ്‌കൂളിലെ മറ്റു അദ്ധ്യാപകേതര ജോലിക്കാര്‍ക്കും നീതി പൂര്‍വം ശമ്പളം കൊടുക്കാനും കോടതി ഉപദേശിച്ചു.അത് സര്‍ക്കാരും മാനേജുമെന്റും ഒത്തൊരുമിച്ചു നടപ്പാക്കുകയും വേണം. 'സി.ബി.എസ്.ഇ'/'ഐ.സി.എസ്ഇ' (CBSE/ICSE) സ്‌കൂളുകളിലെ അദ്ധ്യാപകര്‍ക്ക് തുച്ഛമായ ശമ്പളം മാത്രമേ കൊടുക്കുന്നുള്ളൂവെന്നു കോടതി കണ്ടെത്തിയിരിക്കുന്നുവെന്നും വിധിന്യായത്തില്‍ ഉണ്ടായിരുന്നു.

തൊഴില്‍ ചെയ്യുന്നവരായ അവര്‍ക്ക് ബാങ്ക് മുഖേന ശമ്പളം നല്‍കണമെന്നാണ് സി.ബി.എസ്.ഇ നിബന്ധന. പ്രൈമറി സ്‌കൂളില്‍ പഠിപ്പിക്കുന്നവര്‍ക്ക് പതിനായിരം രൂപയും ഹൈസ്‌ക്കൂളില്‍ പതിനയ്യായിരം രൂപയും പ്ലസ് ടൂവില്‍ ഇരുപതിനായിരം രൂപയും നല്കണമെന്നായിരുന്നു ഹൈക്കോടതി വിധി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഈ വിധിക്കു ശേഷം ജീവിത നിലവാരം വളരെയധികം ഉയരുകയും ചെയ്തു. വര്‍ഷം തോറും വിലപ്പെരുപ്പമനുസരിച്ചുള്ള അലവന്‍സും നല്‍കണമെന്ന് കോടതി വിധിയിലുണ്ടായിരുന്നു. 1996ലെ ഡല്‍ഹി കോടതി വിധിയനുസരിച്ചും അണ്‍ എയ്ഡഡ് സ്‌കൂളില്‍ അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകര്‍ക്കു ലഭിക്കുന്ന തുല്യമായ ശമ്പളം കൊടുക്കണമെന്നുള്ളതായിരുന്നു. അവര്‍ക്ക് പ്രസവാവധിയും വെക്കേഷന്‍ ശമ്പളവും കൊടുക്കണമെന്നും വിധിന്യായത്തിലുണ്ട്.

ഹൈക്കോടതി നിശ്ചയിച്ചിരിക്കുന്ന മിനിമം ശമ്പളം അദ്ധ്യാപകരുടെ അക്കൗണ്ടില്‍, നിക്ഷേപിക്കുന്നുണ്ടെങ്കിലും സ്‌കൂള്‍ അധികൃതര്‍ അദ്ധ്യാപകരെ ഭീഷണിപ്പെടുത്തി ശമ്പളത്തിന്റെ പകുതി തുക തിരികെ മേടിക്കും. അല്ലാത്ത പക്ഷം അദ്ധ്യാപകര്‍ക്ക് ജോലി സ്‌കൂളില്‍ കാണില്ല. ഏതു നിമിഷവും പിരിച്ചുവിടുമെന്നുള്ള ഭീഷണിയുടെ മുള്‍മുനയിലാണ് ഓരോ അദ്ധ്യാപകരും അണ്‍ എയ്ഡഡ് സ്‌കൂളില്‍ ജോലി ചെയ്യുന്നത്. യാതൊരു കാരണവുമില്ലാതെ അദ്ധ്യാപകരെ പിരിച്ചുവിടീല്‍ കാഞ്ഞിരപ്പള്ളി, ഇടുക്കി, കോതമംഗലം, തൃശൂര്‍ രൂപതകളില്‍ നിത്യ സംഭവങ്ങളാണ്. കാഞ്ഞിരപ്പള്ളിയിലുള്ള സെന്റ്.ആന്റണീസ് പബ്ലിക്ക് സ്‌കൂളില്‍ തന്നെ അയ്യായിരം കുട്ടികള്‍ പഠിക്കുന്നുണ്ട്. തുച്ഛമായ ശമ്പളത്തില്‍ അവിടെ അദ്ധ്യാപകരും അദ്ധ്യാപകരല്ലാത്തവരുമായി ഇരുന്നൂറ്റിയമ്പതോളം പേര്‍ തൊഴില്‍ ചെയ്യുന്നവരായുമുണ്ട്. യാതൊരു സ്വാന്തന്ത്ര്യവുമില്ലാതെ പോലീസ് ചിട്ടയിലാണ് അവിടെ അദ്ധ്യാപകരുടെയും കുട്ടികളുടെയും ജീവിതം. ഹൈറേഞ്ചിലും മലകളുടെ അടിവാരങ്ങളിലും താമസിക്കുന്ന രക്ഷകര്‍ത്താക്കളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള സ്‌കൂളിന്റെ മഹത്വം നിറഞ്ഞ പരസ്യങ്ങള്‍ ദീപികയിലും മനോരമയിലും പേജുകള്‍ കണക്കെ സാധാരണമാണ്.

പ്രോവിഡന്റ് ഫണ്ടുപോലുള്ള (PFA) എല്ലാ ആനുകൂല്യങ്ങളും അദ്ധ്യാപകര്‍ക്കു നല്‍കണമെന്നാണ് ചട്ടം. മാസം തോറും അടക്കേണ്ട പി.എഫ്.എ ഫണ്ട് മാനേജുമെന്റ് പകുതിയും അദ്ധ്യാപകര്‍ പകുതിയും ബാങ്കില്‍ നിക്ഷേപിക്കണമെന്നുണ്ട്. ഇതില്‍ മാനേജ്‌മെന്റ് അടക്കേണ്ട തുകയും അദ്ധ്യാപകര്‍ അടക്കേണ്ട തുകയും അദ്ധ്യാപകരുടെ തുച്ഛമായ ശമ്പളത്തില്‍ നിന്നും ഈടാക്കും. പ്രോവിഡന്റ് ഫണ്ടില്‍ എത്ര തുക അടക്കുന്നുണ്ടെന്ന വിവരവും അദ്ധ്യാപകര്‍ക്ക് നല്‍കാറില്ല. യഥാസമയം അടയ്ക്കുന്നുണ്ടോയെന്നും ആര്‍ക്കും നിശ്ചയമില്ല. ജോലിയില്‍നിന്ന് വിരമിക്കുമ്പോള്‍ കിട്ടാനുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുമോയെന്നുള്ള ആശങ്കയിലുമാണ്.

അടിമപ്പണിക്ക് സമാനമായ തൊഴില്‍ വ്യവസ്ഥകളാണ് ഓരോ സ്‌കൂളിലുമുള്ളത്. തൊഴില്‍ പീഡനങ്ങളും തൊഴില്‍ ചൂഷണങ്ങളും പുരോഹിതരുള്‍പ്പടെയുള്ള മാനേജുമെന്റുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെ തൊഴില്‍ ദാദാവിന് അദ്ധ്യാപകരെ ഏതു സമയത്തും പിരിച്ചുവിടാം. ഇവര്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ഒരു സംഘടനയും നിലവിലില്ല. അദ്ധ്യാപകര്‍ സംഘടിക്കാന്‍ മാനേജമെന്റ് സമ്മതിക്കില്ല. മാനേജുമെന്റിനു അതൃപ്തിയായി ആരെങ്കിലും സംസാരിച്ചാല്‍ ശമ്പളം തടയുകയോ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയോ ചെയ്യും. പെന്‍ഷനും തടയും. നീതിന്യായത്തിനു പോലും സ്വാധീനം ചെലുത്താന്‍ സാധിക്കാത്ത അധികാരമാണ് ഇവര്‍ അദ്ധ്യാപകരുടെ മേല്‍ ദുരുപയോഗം ചെയ്യുന്നത്.

കഴിഞ്ഞ നിയമസഭയില്‍ കേരളസര്‍ക്കാരിന്റെ തൊഴില്‍ വകുപ്പ് അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകര്‍ക്കായി ഒരു തൊഴില്‍ നിയമം കൊണ്ടുവന്നിരുന്നു. തത്ത്വത്തില്‍ നിയമസഭ അംഗീകരിച്ചതുമാണ്. എന്നാല്‍ മാനേജുമെന്റിന്റെ സ്വാധീനം കൊണ്ട് ആ നിയമം മരവിപ്പിച്ചു. ഇവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സാമൂഹിക സംഘടനകളോ ഇല്ലെന്നുള്ളതാണ് പ്രത്യേകത. പരസ്യങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്ന പത്ര മുതലാളിമാരും മറ്റു വാര്‍ത്താ മാദ്ധ്യമങ്ങളും അദ്ധ്യാപകരുടെ ഇരുണ്ട ജീവിതത്തെ പൊതുമദ്ധ്യേ അവതരിപ്പിക്കാന്‍ തയ്യാറാവുകയില്ല. പണത്തിന്റെ മീതെ പരുന്തും പറക്കില്ലായെന്ന പോലെ പണമുള്ള മുതലാളിമാരുടെ പക്ഷമേ മാദ്ധ്യമങ്ങളും സോഷ്യല്‍ സംഘടനകളും മതമേലാദ്ധ്യക്ഷന്മാരും സര്‍ക്കാരും നില്‍ക്കുകയുള്ളൂ. അഴിമതി രാഷ്ട്രീയം ഉള്ളടത്തോളം കാലം ഈ ചൂഷിത വര്‍ഗം നിസ്സഹായരായവരെ മുതലെടുത്തുകൊണ്ടിരിക്കും.

മതവും പള്ളിയുമായി നടക്കുന്നവരില്‍ ഭൂരിഭാഗംപേരും വിവരങ്ങള്‍ തേടുന്നത് മതത്തിന്റെ സ്വാധീന വലയങ്ങളില്‍ പ്രചരിക്കുന്ന മാദ്ധ്യമങ്ങളില്‍ നിന്നായിരിക്കും. വിവര സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ സഭയുമായി അടുത്തു ജീവിക്കുന്നവര്‍ക്ക് അറിയില്ല. സി.ബി.എസ്.ഇ സിലബസ്സില്‍ സ്‌കൂളില്‍ പഠിക്കുകയെന്നാല്‍ സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങള്‍ നേടാമെന്നുള്ള തെറ്റിധാരണകളും പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളില്‍ വ്യാപിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്നതു ഏതോ അഭിമാനം നേടുമെന്ന മിഥ്യാഭിമാനവും മാതാപിതാക്കളുടെയിടയിലും കുട്ടികളുടെ മനസിലുമുണ്ട്. കുട്ടികളുടെ ഭാവി സുരക്ഷിതമാവണമെങ്കില്‍ അത്തരം സ്‌കൂളുകളില്‍ പഠിച്ചാല്‍ മാതമേ ശരിയാവുള്ളൂവെന്ന ധാരണയാണ് പൊതുവെ കേരളസമൂഹത്തിലുള്ളത്. വ്യാവസായിക ചിന്തകള്‍ മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന സ്ഥാപനങ്ങള്‍ കുട്ടികളെയും അദ്ധ്യാപകരെയും ഒരുപോലെ ചൂഷണം ചെയ്യുന്നതായും കാണാം.

രക്ഷകര്‍ത്താക്കള്‍ക്ക് സി.ബി.എസ്.ഇ സ്‌കൂളുകള്‍ മാത്രം മതി. അത്രയ്ക്ക് പരസ്യങ്ങളും പള്ളിയിലെങ്കില്‍ പുരോഹിതരുടെ പ്രചരണങ്ങളും ശക്തമായി തന്നെ സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ ദളിതരില്‍നിന്നും ദരിദ്രരില്‍നിന്നും വേറിട്ടുകൊണ്ടു മക്കളില്‍ മത വര്‍ഗീയതയും വിദ്വെഷവും കുത്തിനിറച്ചുകൊണ്ടുള്ള വിദ്യാഭ്യാസം നല്‍കുകയും ചെയ്യാം. ഏതാനും വര്‍ഷം മുമ്പ് ചങ്ങനാശേരി അതിരൂപതയുടെ ബിഷപ്പായിരുന്ന ബിഷപ്പ് ജോസഫ് പവ്വത്ത് 'ക്രിസ്ത്യാനികളായവര്‍ കത്തോലിക്കാ സ്‌കൂളില്‍ മാത്രമേ പഠിക്കാവൂയെന്ന്' ഒരു പ്രസ്താവനയും ഇറക്കിയിരുന്നു. എന്ത് അസംബന്ധം പറഞ്ഞാലും ബിഷപ്പുമാര്‍ പറയുന്നത് ദൈവ വാക്യമായി കരുതുന്നു. അതോടൊപ്പം രക്ഷകര്‍ത്താക്കളുടെയിടയില്‍ സര്‍ക്കാര്‍ സ്‌കൂളുകളെപ്പറ്റി പുച്ഛമായ ഒരു മനോഭാവം വിദ്യാഭ്യാസ മുതലാളിമാര്‍ വരുത്തി വെച്ചിട്ടുണ്ട്.

സി.ബി.എസ്.ഇ സ്‌കൂളില്‍ മക്കളെ വിടുവാന്‍ ഭൂരിഭാഗം മാതാപിതാക്കള്‍ക്കും താങ്ങാവുന്നതില്‍ കൂടുതല്‍ ചെലവുകളും വഹിക്കണം. ശരാശരി ഒന്നാം ക്ലാസ്സില്‍ ചേരുന്ന ഒരു കുട്ടി കൊടുക്കുന്ന പ്രവേശന ഫീസ് ഇരുപതിനായിരം രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ്. കൂടാതെ ഒരു വര്‍ഷം ഫീസ് മുപ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ ചാര്‍ജ് ചെയ്യാം. ടെക്സ്റ്റ് ബുക്ക് രണ്ടായിരം മുതല്‍ അയ്യായിരം വരെയാകും. പുറമെ വില കുറച്ചു ബുക്കുകള്‍ കിട്ടുമെങ്കിലും മേടിക്കാന്‍ സ്‌കൂളുകാര്‍ സമ്മതിക്കില്ല. കുട, ബാഗ്, വാട്ടര്‍ ബോട്ടില്‍, ബോക്‌സ് മുതലായവകള്‍ക്ക് ആയിരം രൂപാ മുതല്‍ രണ്ടായിരം രൂപ വരെ ചെലവുകള്‍ പ്രതീക്ഷിക്കാം. യൂണിഫോം, സ്‌കൂള്‍ ബസ് എന്നീ ചെലവുകള്‍ക്കായി അയ്യായിരം രൂപയും കരുതണം. ഒരു കുട്ടി ഹൈസ്‌കൂള്‍ കഴിയുമ്പോഴേ മാതാപിതാക്കള്‍ സാമ്പത്തികമായി തകര്‍ന്നിരിക്കും. അതിനിടെ ഒരു പള്ളിയില്‍ പുതിയ വികാരി വന്നാല്‍ പള്ളിയും പള്ളി മേട പുതുക്കി പണിയലും തുടങ്ങും. മക്കള്‍ അതേ സ്‌കൂളില്‍ പഠിക്കുന്നതുകൊണ്ടു ലക്ഷങ്ങളുമായുള്ള സംഭാവനക്കായി രക്ഷകര്‍ത്താക്കളെ പിഴിയുകയും ചെയ്യും. കൂടുതല്‍ ദാരിദ്ര്യം സൃഷ്ടിച്ചാല്‍ മാത്രമേ സഭ വളരുകയുള്ളൂ. അമിത ഫീസ് കുട്ടികളില്‍ നിന്നും ഈടാക്കിയും അദ്ധ്യാപകര്‍ക്ക് തുച്ഛമായ ശമ്പളം കൊടുത്തും വിദ്യാഭ്യാസ കച്ചവടക്കാര്‍ വളര്‍ന്നു കൊണ്ടിരിക്കും.

സി.ബി.എസ്.ഇ സിലബസ് പ്രകാരമുള്ള സ്‌കൂളുകളില്‍ പ്രവേശനം മോഹിച്ചു തിക്കും തിരക്കും തുടങ്ങിയതില്‍ പിന്നീട് സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ വളരെ കുറവായി തുടങ്ങി. സര്‍ക്കാര്‍ സ്‌കൂളുകള്‍ പ്രൈവറ്റ് സ്‌കൂളുകളെക്കാള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ മെച്ചമായിരിക്കെ തന്നെയാണ് പ്രൈവറ്റ് സ്‌കൂളുകളില്‍ രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ മക്കളുടെ അഡ്മിഷനായുള്ള ഇടിച്ചു തള്ളലെന്നുമോര്‍ക്കണം. സര്‍ക്കാര്‍ സ്‌കൂളില്‍ ഒന്നുമുതല്‍ പത്തുവരെ സൗജന്യ വിദ്യാഭ്യാസമാണ് ലഭിക്കുന്നത്. അവിടെ ഒന്നുമുതല്‍ എട്ടുവരെ ക്‌ളാസുകളില്‍ പുസ്തകത്തിനു വില കൊടുക്കേണ്ട. കുട്ടികള്‍ നോട്ടു ബുക്കുകള്‍ മാത്രം വാങ്ങിയാല്‍ മതിയാകും. യാതൊരു വിധ ഫീസും അവിടെയില്ല. ഒരു കുട്ടിയ്ക്ക് ഒരു വര്‍ഷം അഞ്ഞൂറ് രൂപയില്‍ കൂടുതല്‍ ചെലവ് വരില്ല. അത് അണ്‍എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ ഷൂസ് മേടിക്കുന്ന ചെലവുകള്‍ മാത്രമേ വരുകയുള്ളൂ.

സി.ബി.എസ്.ഇ. സിലബസില്‍ പഠിച്ചുവരുന്നവര്‍ പ്ലസ് വണ്‍ ക്ലാസ്സില്‍ വരുമ്പോള്‍ ഉന്നത വിജയം നേടുമെന്നാണ് ഭൂരിഭാഗം രക്ഷകര്‍ത്താക്കള്‍ ചിന്തിക്കുന്നത്. അത് തെറ്റായ ധാരണയാണ്. സര്‍ക്കാര്‍ സിലബസില്‍ പഠിച്ചു വന്ന കുട്ടികള്‍ ഇംഗ്‌ളീഷ് മാത്രം സംസാരിച്ചു നടക്കുന്ന അഹങ്കാരികളായ കുട്ടികളെ കാണുമ്പോള്‍ ആദ്യമൊക്കെ അവര്‍ക്ക് അപകര്‍ഷത ബോധമുണ്ടാകാം. കൂടുതല്‍ ലോക വിവരവും അറിവുമുള്ളത് മാതൃഭാഷയില്‍ പഠിച്ചു വന്നവര്‍ക്കെന്നും കാണാം. പരീക്ഷകള്‍ വന്നു കഴിയുമ്പോള്‍ കേരള സിലബസ്സില്‍ പഠിച്ചുവന്നവര്‍ക്കാണ് കോളേജുകളില്‍ മെച്ചമായ മാര്‍ക്കുകള്‍ കിട്ടുന്നത്. കേരളത്തില്‍ കൂടുതല്‍ പ്രൊഫഷണല്‍ കോഴ്‌സില്‍ പോവുന്നവരും പരീക്ഷകളില്‍ തിളങ്ങുന്ന വിജയം കൈവരിക്കുന്നവരും സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച കുട്ടികളെന്നും കാണാം. ഒട്ടുമിക്ക എന്‍ട്രന്‍സ് പരീക്ഷകളിലും മിടുക്കന്മാരായി കാണുന്നതും സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചവര്‍ തന്നെയെന്നു സര്‍വ്വേഫലങ്ങളില്‍ വ്യക്തമാക്കുന്നു.

ഭൂരിഭാഗം രക്ഷകര്‍ത്താക്കളും പത്രങ്ങളില്‍ വലിയ പേജില്‍ ചേര്‍ത്തിരിക്കുന്ന പരസ്യങ്ങളിലെ വിശ്വസിക്കുകയുള്ളു. വിദ്യാഭ്യാസ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരായ ചിന്തകരുടെ അഭിപ്രായങ്ങള്‍ ചെവികൊള്ളുകയില്ല. അനുഭവസ്ഥരായ കോളേജ് അദ്ധ്യാപകരില്‍ നിന്നും ഇങ്ങനെയുള്ള കാര്യങ്ങളില്‍ അഭിപ്രായം ചോദിച്ചിട്ട് കുട്ടിയെ സി.ബി.എസ്.ഇ സ്‌കൂളില്‍ ചേര്‍ക്കണമോയെന്നും ചിന്തിക്കേണ്ടതാണ്. സര്‍ക്കാരില്‍ ജോലി ചെയ്യുന്നവര്‍ തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന പുതിയ മന്ത്രിസഭാതീരുമാനം കുട്ടികള്‍ക്ക് ഗുണമേ ചെയ്യുകയുള്ളൂ. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചവര്‍ക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനും മറ്റു കമ്മ്യൂണിക്കേഷന്‍ പ്രശ്‌നങ്ങളും വരുമെന്നാണ് മറ്റൊരു വാദഗതി. ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനക്കുറവ് മറ്റു സ്റ്റേറ്റുകളിലും വിദേശത്തും ജോലി ലഭിക്കാന്‍ ബുദ്ധിമുട്ടാവുമെന്നും വിചാരിക്കുന്നു. ആ പ്രശ്!നം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ചവര്‍ക്കുമുണ്ട്. കേരളത്തില്‍നിന്നും എത്ര കേമപ്പെട്ട സ്‌കൂളില്‍ പഠിച്ചു വന്നവരെങ്കിലും അവര്‍ പറയുന്ന വാക്കുകളുടെ ഉച്ഛാരണമോ ഭാഷാ ശൈലിയോ സായിപ്പിന് മനസിലാക്കാനും പ്രയാസമാണ്. മലയാളം മീഡിയായിലും ഇംഗ്ലീഷ് നല്ലവണ്ണം പഠിക്കുന്നുണ്ട്.

ചെറിയ ക്‌ളാസുകളില്‍ നിശ്ചിതമായ ഒരു സിലബസ്സില്ല. സി.ബി.എസ്.ഇ എന്ന് പറയുമെങ്കിലും സി.ബി.എസ്.ഇ. സിലബസനുസരിച്ചു പഠിക്കുന്നത് ഒമ്പതിലും പത്തിലും മാത്രമേയുള്ളൂ. ഏറ്റവും കൂടുതല്‍ കമ്മീഷന്‍ കിട്ടുന്ന കമ്പനികളില്‍ നിന്ന് സ്‌കൂളുകള്‍ പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. ബുക്കിന്റെ മൂന്നിരട്ടി മാര്‍ക്കു ചെയ്ത വില കൊടുത്ത് കുട്ടികള്‍ പുസ്തകങ്ങള്‍ വാങ്ങണം. കുട്ടികള്‍ക്ക് പുസ്തകം വില്‍ക്കുന്നതില്‍കൂടി സ്‌കൂളുകള്‍ ലാഭം കൊയ്യുകയും ചെയ്യുന്നു. എല്ലാ വര്‍ഷവും പുതിയ പുസ്തകം വാങ്ങണമെന്നും സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധവും വെക്കും. കൂടാതെ നോട്ടുബുക്കുകള്‍, അഡ്മിഷന്‍ ഫീ, ട്യൂഷന്‍ ഫീ എന്നിങ്ങനെ ആയിരക്കണക്കിന് രൂപ സ്‌കൂളുകാര്‍ രക്ഷാകര്‍ത്താക്കളോട് പിഴിഞ്ഞുകൊണ്ടിരിക്കും. വിനോദ യാത്ര, സ്‌കൂള്‍ ബസ് എന്നിങ്ങനെ മാസം തോറും ഒരു വലിയ തുക സ്‌കൂളിന് കൊടുത്തുകൊണ്ടിരിക്കണം. ഇത്തരം കൊള്ള ലാഭമെടുക്കുന്ന സ്‌കൂളുകള്‍ അദ്ധ്യാപകര്‍ക്ക് കൊടുക്കുന്നത് തുച്ഛമായ ശമ്പളവുമായിരിക്കും.

പഠിക്കുന്ന പുസ്തകങ്ങളുടെ നിലവാരം മെച്ചമായതും സര്‍ക്കാര്‍ സ്‌കൂളിലെ സിലബസുകളായിരിക്കും. ഒന്നു മുതല്‍ പത്തു വരെ പുസ്തകങ്ങള്‍ തയ്യാറാക്കുന്നത് സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങ് (SCERT)ആണ്. അടുത്ത കാലത്ത് വിദേശ ഏജന്‍സി നടത്തിയ സര്‍വേയില്‍ കേരള സര്‍ക്കാരില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പുസ്തകങ്ങള്‍ക്ക് ലോക നിലവാരമുണ്ടെന്നും വിലയിരുത്തിയിരുന്നു. നിഷ്പക്ഷമായി ഒരു വിദ്യാഭ്യാസ ചിന്തകന്‍ പ്രൈവറ്റ് സ്‌കൂളിലെയും സര്‍ക്കാര്‍ സ്‌കൂളിലേയും സിലബസ് പരിശോധിച്ചാല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ കൂടുതല്‍ മെച്ചമായ വിദ്യാഭ്യാസം നേടുന്നുവെന്നു കാണാം. ഇന്നുള്ള പ്രശസ്തരിലും പ്രമുഖരിലും കൂടുതല്‍ പേരും സ്വന്തം ഭാഷയില്‍ ആദ്യം പരിജ്ഞാനം നേടി ഉയര്‍ന്നു വന്നവരാണ്.

പ്രൈവറ്റ് കുത്തക മുതലാളിമാരുടെ സ്‌കൂളുകളുടെ എണ്ണം കേരളമങ്ങോളമിങ്ങോളം കൂടുന്നതൊപ്പം സര്‍ക്കാര്‍ സ്‌കൂളുകളും കുട്ടികളില്ലാതെ അടച്ചുപൂട്ടേണ്ടി വരുന്നു. തന്മൂലം വിരമിക്കുന്ന അദ്ധ്യാപകരുടെ സ്ഥാനത്ത് പകരം സര്‍ക്കാര്‍ അദ്ധ്യാപകരെ നിയമിക്കുന്നുമില്ല. കഴിഞ്ഞ വര്‍ഷം തന്നെ പതിനായിരക്കണക്കിന് അദ്ധ്യാപകര്‍ സര്‍ക്കാരില്‍നിന്നും സേവനകാലം കഴിഞ്ഞു വിരമിച്ചിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളെ പഠിക്കാന്‍ ലഭിക്കാത്തതു കൊണ്ട് പുതിയതായി അദ്ധ്യാപക നിയമനം നടക്കുന്നുമില്ല. ഇങ്ങനെ തൊഴില്‍ തേടുന്ന അദ്ധ്യാപകരുടെയിടയില്‍ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നതുമൂലം കുത്തക സ്‌കൂള്‍ മുതലാളിമാര്‍ അദ്ധ്യാപകരെ ചൂഷണം ചെയ്യാന്‍ കാരണമാകുന്നു. ഒരു പ്രായം കഴിഞ്ഞാല്‍ മറ്റൊരു തൊഴില്‍ അവര്‍ക്ക് ലഭിക്കുകയുമില്ല. പണമുള്ളവര്‍ക്കെല്ലാം കോഴകൊടുത്ത് സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന പ്രൈവറ്റ്‌സ്‌കൂളില്‍ നിയമനവും ലഭിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളിലാണ് ബി.എഡും എം.എഡും നല്ല ഗ്രേഡോടെ പാസായ യുവതി യുവാക്കള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിയമനത്തിനായി ശ്രമിക്കുന്നത്. അതോടെ ഭാവി കരുപിടിപ്പിക്കണമെന്നുള്ള അവരുടെ സ്വപ്നങ്ങള്‍ തകരുകയും ചെയ്യും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക