ശരിയാണ്, ഒരു കര്‍ഷക കുടുംബത്തില്‍ പിറന്നതു കൊണ്ട് റബ്ബറും ഏലവും തോക്കും
അത്യാവശ്യത്തിനു പണവും കണ്ടു വളരാനുള്ള അവസരമുണ്ടായിട്ടുണ്ട്. ഞാന്‍
വളര്‍ന്ന ചുറ്റുപാടുകളില്‍ ജീവിച്ചിരുന്ന ആളുകള്‍ക്കും എന്റെ കുടുംബത്തിനും
ഏലവും റബ്ബറും കുരുമുളകും കപ്പയുമൊക്കെ കൃഷി ചെയ്യേണ്ടി വന്നിരുന്നു.
കാരണം,ജീവിക്കാന്‍ അതല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു. അക്കാലത്ത്
സിനിമയില്‍ കയറി ശബ്ദം നല്‍കിയും അഭിനയിച്ചും ഉപജീവനം കഴിക്കാന്‍
എല്ലാവര്ക്കും കഴിയുകയുമില്ലായിരുന്നു.
കൃഷി ചെയ്തും അതിലെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചുമാണ് അക്കാലത്ത്
കഴിഞ്ഞിരുന്നത്. ശരിയാ പലര്‍ക്കും അക്കാലത്ത് തോക്കുമുണ്ടായിരുന്നു. ഇപ്പോ
എന്റെ കൈവശമുള്ള പോലുള്ള പിസ്റ്റല്‍ അല്ല നാടന്‍ തോക്ക്. അതു ചുമ്മാ
പൊട്ടിച്ചു കളിക്കാനുള്ളതായിരുന്നില്ല. പകലന്തിയോളം ചോര വിയര്‍പ്പാക്കി
നട്ടുനനച്ചു വയ്ക്കുന്നതൊക്കെ കുത്തിമലര്‍ത്താനും നശിപ്പിക്കാനുമായി
ഇരുട്ടിന്റെ മറവു പറ്റിയെത്തുന്ന കാട്ടുപന്നികളേയും കാട്ടാനക്കൂട്ടത്തെയും
കുരങ്ങന്മാരുടെ സംഘത്തെയും വെടിശബ്ദം കൊണ്ട് വിരട്ടിയോടിക്കാന്‍ അന്നത്
അത്യാവശ്യവുമായിരുന്നു.
അപ്പനും അമ്മയും ചേട്ടനും നാലു
പെങ്ങന്മാര്ക്കുമൊപ്പമാണ് ഞാന്‍ വളര്‍ന്നത്. വലിയ അംഗസംഖ്യയുള്ള
കുടുംബമായിരുന്നതുകൊണ്ട് സ്ത്രീകളായ ബന്ധുജനങ്ങള്‍ അനവധിയായിരുന്നു.
ഏഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചായത്തില്‍ വളര്‍ന്നതിനാല്‍ അസംഖ്യം
വീടുകളുമായി അടുത്ത് സഹകരിച്ചാണ് വളര്‍ന്നത്. അവിടെയൊക്കെ മാന്യമായി
മാനത്തോടെ കഴിഞ്ഞിരുന്ന സ്ത്രീകളില്‍ നിന്നാണ് ഞാന്‍ പെണ്ണിന്റെ
മാനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. അതും കഴിഞ്ഞ്
പൊതുപ്രവര്‍ത്തനരംഗത്തേക്ക് വന്നിട്ടിപ്പോല്‍ നാലു നാലര പതിറ്റാണ്ടായി. 27
വര്‍ഷമായി ജനപ്രതിനിധിയുമാണ്. എത്ര ആയിരം കുടുംബങ്ങളുമായി അടുത്തിടപഴകി
അവരിലൊരാളായി ജീവിക്കുന്നവനുമാണ്.
അങ്ങനെയുള്ള കുടുംബങ്ങളില്‍
കഴിയുന്നവരില്‍ നിന്നാണ് സ്തീകളുടെ മാനത്തിന്റെ വിലയും അന്തസും ഞാന്‍
കൂടുതലായി മനസ്സിലാക്കുന്നത്.
സിനിമ എന്റെ കര്‍മ്മമേഖലയല്ലാത്തതിനാല്‍ അവിടെ സ്പെഷ്യലൈസ് ചെയ്ത്
പ്രസ്തുത കാര്യം മനസ്സിലാക്കാനുള്ള അവസരമുണ്ടായിട്ടില്ല. ഇപ്പോള്‍
വീട്ടിലാണെങ്കില്‍ ഞാന്‍ അപ്പനും അമ്മായിഅപ്പനും വല്യപ്പനും
ഭര്‍ത്താവുമാണ്. അനുഭവസമ്പത്ത് ഏറെയുണ്ടെന്ന് ചുരുക്കം. അതുകൊണ്ട് ഈ
പ്രായത്തിലെത്തിനില്‍ക്കുന്ന ഞാന്‍ പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍
പുറത്തു നിന്നുമൊരു കോച്ചിംഗ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കൂടി
മാന്യ സോദരിയായ സ്ത്രീരത്നത്തെ അറിയിക്കുന്നു.
ഒരു കാര്യം കൂടി, തയ്യല്ക്കാരന് തുന്നിയ അത്യപൂര്‍വ്വമായ വസ്ത്രം
പ്രജകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ആഘോഷമായി രാജാവ് ഏഴുന്നള്ളി
വരുമ്പോള്‍ ഒരു പുരുഷാരം മുഴുവന്‍ ആരവമിളക്കി ആര്‍പ്പു
വിളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞ
ഒരു കൊച്ചു കുട്ടിയുടെ ശബ്ദം ഒറ്റപ്പെട്ടതായിരിക്കാം. പക്ഷേ ആരു
ചന്ദ്രഹാസമിളക്കി ഉറഞ്ഞു തുള്ളിയാലും പി.സി. ജോര്‍ജ് എന്ന ഞാന്‍ എന്റെ
നിലപാടും ശബ്ദവും ആ കുട്ടിയുടെ ഭയമില്ലാത്ത നിലപാടിനോടും ശബ്ദത്തോടുമൊപ്പമേ
ഈ ജന്മത്ത് ചേര്‍ത്തു വയ്ക്കു.
കാരണം നല്ലൊരപ്പന്‍ സാത്വികയായൊരു
സ്ത്രീയില്‍ ജനിപ്പിച്ച് ദൈവഭയത്തില്‍ വളര്‍ത്തിയ മകനാണ് ഞാന്‍. ആ ബോദ്ധ്യം
ഓരോ നിമിഷത്തിലുമുള്ളതു കൊണ്ട് സത്യാംശത്തോടു ചേര്‍ന്നു നിന്നുകൊണ്ടുള്ള
നിലപാടുകള്‍ സ്വീകരിക്കാനും വര്‍ത്തമാനം പറയുവാനുമേ എനിക്കു കഴിയുകയുള്ളൂ.
അവിടെ ഞാന്‍ കയ്യടികള്‍ പ്രതീക്ഷിക്കാറേയില്ല സഹോദരീ എന്നുകൂടി
അറിയിക്കട്ടെ!
പാട്ടുപാടുന്ന ഒരു കുഞ്ഞും മാധ്യമങ്ങളില്‍ വന്നത് വിശ്വസിച്ച് എന്നെ
ഉപദേശിച്ചതായി ആരോ പറഞ്ഞറിഞ്ഞു. ഒരു കേസിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍
FIR എങ്കിലും വായിച്ചു നോക്കണമെന്നാണ് ആ കുഞ്ഞ് എന്നെ ഉപദേശിച്ചതായി ഞാന്‍
മനസ്സിലാക്കുന്നത്. ആ കുഞ്ഞിനുള്ള മറുപടി, ദൂരെ നിന്ന് പോലിസിനെ കണ്ടും
പിന്നവരെക്കുറിച്ചുമുള്ള കേട്ടറിവും മാത്രമല്ലേ കുഞ്ഞിനുള്ളൂ?
എനിക്കങ്ങനെയല്ല കുഞ്ഞേ അടുത്തു നിന്നുള്ള അറിവുണ്ട്. ജനങ്ങള്‍
എന്നെയേല്‍പ്പിച്ച ഞാന്‍ ചെയ്യുന്ന ജോലിയുടെ ഒരു പ്രത്യേകത മൂലം
പോലീസിനെക്കുറിച്ചും അവര്‍ തയ്യാറാക്കുന്ന FIR നെക്കുറിച്ചും വളരെ അടുത്തു
നിന്നുള്ള കൃത്യമായ അറിവ് എനിക്കുണ്ട്. അതുകൊണ്ടാണ് പോലീസ്
റിപ്പോര്‍ട്ടുകളെയും മാധ്യമ റിപ്പോര്‍ട്ടുകളെയും ഞാന്‍ വെള്ളം തൊടാതെ
വിഴുങ്ങാത്തതെന്ന വിവരം ആ വിമര്‍ശനക്കുഞ്ഞിനെ കൂടി അറിയിക്കട്ടെ.