‘ഞാന്‍ എന്നെങ്കിലും ഒരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ ഒരു പാട്ട് ഞാന്‍ നിന്നെക്കൊണ്ട് പാടിക്കും’ കാഴ്ചയില്ലാത്ത നാലാംക്ലാസുകാരന് ഗോകുല്‍രാജിന് നടന് ജയസൂര്യ നല്കിയ വാക്കായിരുന്നു ഇത്. ആ വാക്ക് സത്യമായിരിക്കുകയാണ്. സ്വന്തമായി ഒരു സിനിമ ചെയ്യുന്നതുവരെ കാത്തുനിന്നില്ല ജയസൂര്യ, താന്‍ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിലേക്ക് ഗോകുല്‍രാജിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. സാജി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോകുല്‍ ഗാനം ആലപിക്കും.
ഒരു ചാനലിന്റെ പരിപാടിയില്‍ വെച്ചായിരുന്നു ജയസൂര്യയുടെ ആ വാഗ്ദാനം. കാസര്‍ഗോഡ് സ്വദേശിയായ നാലാംക്ലാസുകാരന് കലാഭവന്‍ മണിയുടെ പാട്ടുകള്‍ പാടിക്കൊണ്ടാണ് വേദിയെ കൈയിലെടുത്തത്. കാഴ്ചയില്ലെന്ന കുറവ് ഒട്ടും നിരാശ്ശപ്പെടുത്താത്ത ഗോകുല്‍രാജിന്റെ പ്രസരിപ്പും അതിമനോഹരമായ ശബ്ദവുമെല്ലാം പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിച്ചിരുന്നു.
മണിച്ചേട്ടന്റെ പാട്ടുകളാണ് ഏറെ ഇഷ്ടമെന്ന് പറഞ്ഞ് പാട്ടുപാടി മയക്കിയ ഗോകുല്‍രാജിന് വേദിയില്‍ വെച്ച് ജയസൂര്യ നല്കിയ സമ്മാനമായിരുന്നു സിനിമയില്‍ പാടാന്‍ അവസരം നല്‍കുമെന്ന വാക്ക്. ജയസൂര്യ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം എല്ലാവരെയും അറിയിച്ചത്.
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘രാജേഷ് ജോര്‍ജ്ജ് കുളങ്ങര’ നിര്‍മ്മിച്ച് നവാഗതനായ ‘സാംജി ആന്റണി ‘ സംവിധാനം ചെയ്യുന്ന, ഞാന്‍ നായകനായി എത്തുന്ന ‘ ഗബ്രി’ എന്ന ചിത്രത്തിലൂടെ കോമഡി ഉത്സവത്തില്‍ വെച്ച് ഞാന്‍ പരിചയപ്പെട്ട ‘ഗോകുല്‍ രാജ്’ എന്ന കൊച്ചു മിടുക്കനേയും സിനിമ ലോകത്തേയ്ക്ക് എത്തിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. ഗോകുലാണ് ചിത്രത്തിലെ ഒരു ഗാനം ആലപിയ്ക്കുന്നത്.’ എന്നായിരുന്നു ജയസൂര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പോസ്റ്റിനു താഴെ ലൈക്കുകളുടെയും കമന്റുകളുടെയും ബഹളമാണ്. താരങ്ങളുടെ പതിവുരീതിക്ക് വ്യത്യാസം വരുത്തുന്ന നടന് ആരാധകരുടെ അഭിനന്ദനപ്രവാഹമാണ്. പരിപാടി കണ്ടപ്പോള്‍ വെറുംവാക്ക് പറഞ്ഞതാണെന്നാണ് കരുതിയതെന്നും എന്നാല്‍ ഇത്ര പെട്ടന്ന് വാക്ക് പാലിക്കുമെന്ന് കരുതിയില്ലെന്നും ആളുകള്‍ പ്രതികരിച്ചു.