ഉണ്ണി അടുക്കളയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. വയറ്റില്‍നിന്നും വിശപ്പിന്റെ വിളി ഉയരുന്നു.
പത്തുമണിയായിരുന്നെങ്കില് അമ്മയുടെ പ്രാതലിന്റെ പങ്ക് കഴിച്ച്
വിശപ്പടക്കാമായിരുന്നു. അഛന്റെ മരണശേഷമാണ് അമ്മ മേലേത്ത് വീട്ടില്‍
ജോലിക്ക് പോയിത്തുടങ്ങിയത്. വെള്ളപുതച്ച് തലക്കല്‍ കത്തിച്ചുവെച്ച
വിളക്കുമായി വരാന്തയില്‍ കിടത്തിയിരുന്ന അഛനെ ഓര്‍മ്മവന്നു. അന്ന്
വീട്ടില്‍ കൂടിയിരുന്ന കുട്ടികളുമായി കളിക്കുന്നതിലായിരുന്നു ഉണ്ണിക്ക്
താല്‍പര്യം. അമ്മ അലമുറയിട്ടുകരയുന്നതും അമ്മാവന്‍ കരഞ്ഞുകൊണ്ട് അവനെ
വാരിയെടുത്ത് ഉമ്മവെച്ചതും എന്തിനെന്നു മനസ്സിലായില്ല. അഛന്റെ ഫോട്ടോ
വരാന്തയുടെ ചുവരില്‍ സ്ഥാനംപിടിച്ചു. “ഇനി എന്നാ അമ്മേ അഛന്‍ വരിക?”
എന്നുമാത്രം ഉണ്ണി ചോദിച്ചു. അഛന്‍ ദൂരെ എവിടയോ പോയിരിക്കയാണ് എന്ന
തോന്നലായിരുന്നു ഉണ്ണിക്ക്. മരിക്കുന്നത് അത്ര കുഴപ്പമുള്ള കാര്യമാണെന്ന്
വിചാരിച്ചതുമില്ല, വിശപ്പുകൊണ്ടു വയര്‍ കത്തുന്നതുവരെ. അപ്പോഴേക്കും
വീട്ടിലുണ്ടായിരുന്ന അവസാനത്തെ അരിമണിയും അമ്മ ഉപയോഗിച്ചുകഴിഞ്ഞിരുന്നു.
എല്ലാവരെയും എതിര്‍ത്ത് അഛനെ വിവാഹം കഴിച്ചതിനാല്‍ അമ്മക്ക് വീട്ടില്‍
നിന്നോ അഛന്റെ വീട്ടില്‍ നിന്നോ സഹായം കിട്ടിയതുമില്ല.
അമ്മ മേലേത്തെ വീട്ടില്‍ ജോലിക്ക് പോയതോടെ ഉണ്ണിയുടെ വിശപ്പടങ്ങി.
ഉണ്ണി വീണ്ടും ജനാലയിലൂടെ പുറം കാഴ്ചകള്‍ നോക്കിയിരുന്നു. അമ്മ കഴുകുന്ന
പാത്രങ്ങളില്‍ നിന്ന് വറ്റ് തിന്നുന്നതിനായി ഏതാനും കാക്കകള്‍ ചുറ്റും
നടക്കുന്നു. തെങ്ങിന്‍ചുവട്ടില്‍ കെട്ടിയിരിക്കുന്ന പശു എന്തോ ചവക്കുകയാണ്.
പശു കിടക്കുന്നതിനടുത്തൊന്നും പുല്ല് കാണുന്നുമില്ല. ഉണ്ണിക്ക് ആകെ
സംശയമായി.
അമ്മ പാത്രങ്ങളുമായി അടുക്കളയിലേക്ക് കയറിവന്നു.
“അമ്മേ, എന്തിനാണ് പശു എപ്പോഴും ചവച്ചുകൊണ്ടിരിക്കുന്നത്?”
അവനെ കുറച്ചുസമയമായി ശല്യപ്പെടുത്തിക്കൊണ്ടിരുന്ന സംശയം അമ്മയോമ്മ പറഞ്ഞു.
പശു നേരത്തെ കഴിച്ച ഭക്ഷണം വീണ്ടും ചവച്ചരച്ച് തിന്നുകയാണന്ന്. ഉണ്ണിക്ക്
ഇതൊരു പുതിയ അറിവായിരുന്നു. അവന്റെ കൗതുകം വളര്‍ന്നു.
അന്ന് വൈകുന്നേരം വീട്ടിലേക്ക് നടക്കുമ്പോള്‍ പമ്പില്‍ അയവിറക്കുന്ന മറ്റൊരു പശുവിനെക്കണ്ടു.
പിറ്റേന്നു കാലത്തെഴുന്നേറ്റ് ഉണ്ണി തയ്യറായപ്പോള്‍ അമ്മ പതിവുപോലെ തിരക്കുകാണിച്ചില്ല.
“ഇന്നു മേലേത്ത് പോവേണ്ട. ഇനി മുതല്‍ അവര്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസത്തേക്ക് ആളുമതി” അമ്മ വ്യസനത്തോടെ പറഞ്ഞു.
“മേലേത്ത് എന്നും പൊയ്‌ക്കോണ്ടിരുന്നപ്പോള്‍ ഭക്ഷണത്തിനു
ബുദ്ധിമുട്ടില്ലായിരുന്നു.” അമ്മ അയല്‍വക്കത്തെ ലീലചേച്ചിയോട് പറയുന്നത്
കേട്ടു.മുറ്റത്തെ ചെമ്പരത്തിയില്‍ പലവട്ടം പൂക്കള്‍ വിരിയുകയും കൊഴിയുകയും
ചെയ്തു.
മുറ്റത്തു കളിച്ചുനടക്കുകുയായിരുന്നു. നേരം ഉച്ചയായി. തലക്കു മുകളില്‍
സൂര്യന്‍ കത്തിയെരിയുന്നു, അതിനോടൊപ്പം വയറും. ഉണ്ണി അടുക്കളയില്‍
ചെന്നുനോക്കി. അവിടെ ഒന്നും പാചകം ചെയ്ത ലക്ഷണമില്ല. അമ്മയോട് വിശക്കുന്നു
എന്ന് പറഞ്ഞില്ല, അമ്മയെ എന്തിന് വിഷമിപ്പിക്കണം? അയല്‍വക്കത്തെ പറമ്പില്‍
മേയുന്ന പശുവിനെക്കാണാം. അവന്‍ ചുറ്റും നോക്കി, പശുവിന് ഇഷ്ടംപോലെ
തിന്നുവാനുള്ള പുല്ലുണ്ട്. മഴക്കാലം കഴിഞ്ഞതുകൊണ്ട് ഉണ്ണിയുടെ പറമ്പിലും
ധാരാളമായി പുല്ല് വളര്‍ന്നിരിക്കുന്നു. ഉണ്ണിയുടെ വയര്‍ വിശപ്പ് നിമിത്തം
മുരണ്ടു. ഉണ്ണി ഒരുപിടി പുല്ലുപറിച്ച് വായില്‍ ഇട്ട്ചവച്ചു നോക്കി. യാതൊരു
സ്വാദുമില്ല. പുല്ലു ചവച്ചത് ഇറക്കാന്‍ നോക്കി, സാധിക്കുന്നില്ല. പക്ഷെ
പശുവിനെപ്പോലെ നാല് കാലില്‍ നിന്നാല്‍ എളുപ്പമാകുമായിരിക്കും, അവന്‍
ചിന്തിച്ചു. അവന്‍ നിലത്ത് കയ്യൂന്നി, കാല്‍ മുട്ടുകള്‍ മെല്ലെ വളച്ചു.