HOTCAKEUSA

ഭീകരവാദത്തിന്റെ ഘോരമാം നാളുകള്‍ (കവിത: ഏബ്രഹാം തെക്കേമുറി)

Published on 04 February, 2018
ഭീകരവാദത്തിന്റെ ഘോരമാം നാളുകള്‍ (കവിത: ഏബ്രഹാം തെക്കേമുറി)
ഭീകരര്‍ താണ്ഡവമാടുന്നു മുറ്റും
മൃഗമുഖമാര്‍ന്ന പുകച്ചുരുളാല്‍
എരിഞ്ഞടങ്ങുന്നു പ്രതാപമെല്ലാം
അലയുന്ന പ്രേതങ്ങള്‍ ഏറിവരുന്നു.

സാത്താനെ തളയ്ക്കുവാന്‍ തോക്കുമേന്തി
ഭക്തര്‍ നയിക്കുന്ന സംഘനൃത്തം
സാത്താനും ഭക്തനം മര്‍ത്യനെന്ന
സത്യം ഏവരും വിസ്മരിപ്പൂ.

ഏകനാം ദൈവത്തിന്‍ പല മുഖങ്ങള്‍
മര്‍ത്യനെ ചാമ്പലായ് മാറ്റുന്നനുദിനം
പ്രാണഭയത്തിനാലോടുന്ന മര്‍ത്യന്റെ
ഹൃത്തിന്റെ വേദനയാരറിവൂ.

തീറ്റ വിതറയിങ്ങരികേ വിളിച്ചിട്ട
ഊറ്റനാം ബോംബിട്ട് ഭസ്മമാക്കി
കാറ്റില്‍ പറക്കുന്ന ധൂളിയിലിന്നിതാ
ഉഗ്രനാം സര്‍പ്പത്തിന്‍ രുദ്രഭാവം.

അധര്‍മ്മമൂര്‍ത്തിയെ കാണുന്ന ഭീതിയാല്‍
നെടുവീര്‍പ്പുകളിന്നേറിടുന്നു
ഏതും സഹിപ്പാനെളുതല്ലെനിക്കെന്ന്
ചൊല്ലി ധരിത്രിയും തുടിച്ചിടുന്നു.

പ്രകൃതിയുമങ്ങനെ നിന്നു വിതുമ്പുന്നു
ഭൂമിതന്‍ പണികളും വെന്തുതുടങ്ങി
മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴിയുന്ന
നാഴിക നമ്മോടടുത്തിടുന്നു.

സ്രാഷ്ടാവും, സൃഷ്ടിസംഹാരകനും
താനെന്നരുളിയ തന്ത്രമിതേ
കാലത്തിന്‍ അന്തകനായി വന്നു
മര്‍ത്യരെ നോക്കി പല്ലിളിപ്പൂ.

ഏകകോശം പിന്നെ മാമലായ് മാറി
വാലതോ അങ്ങറ്റ് മനുഷ്യനായി
ഇന്നിതാ മര്‍ത്യനു വീണ്ടും കിളിര്‍ക്കുന്നു
അന്നറ്റുപോയതാം നീണ്ട വാല്.


Ponmelil Abraham 2018-02-05 18:05:54
Beautiful and meaningful poem.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക