അരുതായ്മകളുടെ ദണ്ഡനമേകാന്‍
അലസത കാട്ടാത്തറേബ്യയില്‍,
അരുതുകളൊക്കെ കരുതലിനാ
ണെന്നറിയുകയെതിരു ചരിക്കാതെ.
കുചേലനേയും കുബേരനാക്കിയ
പൊന്നു വിളഞ്ഞിടുമീനാടിന്‍
ശരികള്‍ക്കൊപ്പം നില്‍ക്കേണം,നാം
ഇവിടെ വസിക്കണമെങ്കില്‍.
അളവില്ലാത്ത സമൃദ്ധികളറകളില്‍
നിധിയായുള്ളൊരു നാട്ടില്‍നിന്നും,
കാലിക്കൈകളുമായിവിടെത്തിയ
വേലക്കാര്‍ നാം പ്രവാസികള്‍.
കനവുകള്‍ നിറവാക്കീടും നാടിന്‍
കനിവുകളേറെ നുകര്‍ന്നില്ലേ!
ക്ഷണിച്ചുവന്നവരല്ലെന്നാലും
നേട്ടവുമേറെക്കൊയ്തില്ലേ!
ഊഷരമാമീ ഭൂമി കനിഞ്ഞൊരു
ഭാസുരകാലമതോര്‍ക്കേണം.
കഷ്ടം വരുമൊരു നേരത്തും,നാം
പോറ്റിയ കൈകളെ വാഴ്‌ത്തേണം.
തിരുഗേഹങ്ങള്‍ നിലകൊള്ളുന്നൊരു
പരിപാവനമാം നാടേ....നിന്നുടെ
അഭ്യുദയത്തിനു കാംക്ഷിപ്പവരാം
ഭാരതപുത്രര്‍ ഞങ്ങള്‍...
ഇന്നോളം നീയേകിയ തണലിന്‍
നേരിയ കുറവിനെയോര്‍ത്തല്ലാ,
അന്നം നല്‍കിയ നാടേ ,നിന്നെ –
പിരിയുവതോര്‍ത്താണീ ദുഃഖം...