Malabar Gold

മാതൃ സ്‌നേഹത്തിന്റെ മഹനീയ ശക്തി (ആര്‍. പഴുവില്‍, ന്യൂജേഴ്‌സി)

ആര്‍. പഴുവില്‍, ന്യൂജേഴ്‌സി Published on 10 February, 2018
 മാതൃ സ്‌നേഹത്തിന്റെ മഹനീയ  ശക്തി (ആര്‍. പഴുവില്‍, ന്യൂജേഴ്‌സി)
ഇത്തവണ ഞാന്‍ കുറിക്കുന്നത് , നാട്ടില്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഒരമ്മക്കുണ്ടായ ഒരു അവിസ്മരണീയമായ  അനുഭവത്തിന്റെ കഥ.

അപ്പുവിന്റെ  അമ്മക്ക്.

അപ്പുവിന് കുറച്ചൊരോര്‍മയുണ്ടെങ്കിലും വിശദമായി ഈ കഥ പിന്നീട് വിവരിച്ചു പറഞ്ഞു കൊടുത്തത് വടക്കേതിലെ ശാരദാമ്മായി ആണ്.

അവരെക്കാള്‍ ആധികാരികമായി പറയാന്‍ മറ്റാര്‍ക്കുമാവില്ല. കാരണം അവരാണ് ഈ സംഭവം മുഴുവനായി കണ്ടിട്ടുള്ള വ്യക്തി.

അവര്‍ കഥ വിവരിച്ചത് ഇങ്ങനെ.

അപ്പുവിന്  അന്ന് അഞ്ചു വയസ്സ്.വീട്ടില്‍ അച്ഛനും അമ്മയും അവനടക്കം നാലു കുട്ടികളും.. അമ്മ  അഞ്ചാമതും ഗര്‍ഭിണിയാണ്.

ആറു മാസത്തോളം.

ഒരു ദിവസം  അപ്പുവിന്റെ  'അമ്മ പതിവ് പോലെ കിണറ്റില്‍ വെള്ളം കോരാന്‍ പോയി.  അതിര്‍ത്തിയില്‍ വളരെ ആഴത്തില്‍ ഉള്ള കിണര്‍.വീട് ഉയര്‍ന്ന പ്രദേശത്തായതിനാല്‍,  വളരെ ആഴത്തില്‍  കുഴിച്ചിട്ടാണത്രെ വെള്ളം കണ്ടത്.

ശാരദാമ്മായി അവരുടെ  മുറ്റത്തു നിന്ന് വസ്ത്രം അലക്കുന്നു.

അപ്പുവും ചേട്ടനും അമ്മയുടെ പിന്നാലെ പോയി കിണറ്റു കരയില്‍ കുറച്ചു മാറി ഇരുന്നു കളിക്കുകയായിരുന്നു.  അപ്പുന്റെ 'അമ്മ ശാരദാമ്മായിയോട് അവരുമായി എന്തോ കുശലം പറഞ്ഞു ചിരിച്ചു.

പിന്നെ കിണറ്റിന്‍ വക്കിലിരുന്ന പാളയെടുത്തു കിണറ്റിലേക്കിട്ടു , വെള്ളം കോരിത്തുടങ്ങി.

 ഒറ്റത്തുടിക്കാല്‍ ആണ്. അത് കിണറ്റിലോട്ടല്പം ചരിഞ്ഞാണ് നില്‍ക്കുക. വെള്ളം നിറച്ച പാള ഇങ്ങോട്ടെടുക്കാന്‍  അപ്പുവിന്റെ അമ്മ കുനിഞ്ഞു തുടിക്കാലില്‍ ഒന്നമര്‍ത്തിയതും ഒരു വലിയ ശബ്ദം !!!

ശബ്ദം കേട്ട് ശാരദാമ്മായി തിരിഞ്ഞു നോക്കിയതും അവര്‍ക്കു സമനില തെറ്റി.

അപ്പുവിന്റെ അമ്മ നിന്നിരുന്ന സ്ഥലം ശൂന്യം  ! 

തുടിക്കാലും കാണുന്നില്ല.!!രണ്ടു  കുടങ്ങള്‍ മാത്രം അനാഥരായി അവിടെ ഇരിപ്പുണ്ട്. 

( ആ രംഗം അപ്പുവിനും ചെറുതായി ഓര്‍മയുണ്ടത്രേ! )

അലറിവിളിച്ചു കൊണ്ടവര്‍  കിണറിനടുത്തേക്കോടി വന്നു.

അമ്മയെ കാണാഞ്ഞു കിണറിനു നേരെ ഓടിയ കുട്ടികളെ അവര്‍ പിടിച്ചു നിര്‍ത്തി.

 പിന്നെ  എട്ടു ദിക്കും കേള്‍ക്കുമാറ് നെഞ്ചത്തടിച്ചു അലമുറയിട്ടു. കുട്ടികളും കൂടെ കരയാന്‍ തുടങ്ങി.

നിമിഷ നേരത്തിനകം ആള്‍ക്കാര്‍ ഓടിക്കൂടി. വന്നവര്‍ വന്നവര്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്.

കിണറിനു ചുറ്റും വേലി പോലെ കുറച്ചു കുറ്റിച്ചെടികള്‍ കാട് പിടിച്ചു നില്‍പ്പുണ്ട്. അവിടവിടെ കുറച്ചു ശീമക്കൊന്നകള്‍.  അതല്ലാതെ ചുറ്റും കല്ലോ ഇഷ്ടികയോ വെച്ച് കെട്ടുന്ന പതിവൊന്നും അന്ന്  ഇല്ല

ആ കിണറ്റില്‍ ഏതാണ്ട് പൂര്‍ണ്ണഗര്ഭിണിയായ ഒരു ആളാണ് വീണിരിക്കുന്നത്. താഴെ എന്താണാവസ്ഥ എന്ന് ആലോചിക്കാന്‍ പോലും എല്ലാവരും അശക്തരായി!

കീഴോട്ട് നോക്കിയാല്‍ അറ്റം കാണാത്ത അത്രയും ആഴമുള്ള  കിണര്‍. താഴെ ഇരുട്ടാണ്. വെള്ളത്തില്‍  അനക്കമൊന്നും കാണുന്നില്ല.

ഉറക്കെ കൂവി വിളിച്ചു നോക്കിയിട്ടുീ  മറുപടി ഒന്നും ഇല്ല

പിന്നെയങ്ങോട്ട്  എന്തൊക്കെ അവിടെ നടന്നു എന്ന് വിവരിക്കാന്‍ പ്രയാസം. വിവരം കേട്ടറിഞ്ഞു അപ്പുവിന്റെ അച്ഛന്‍ പാഞ്ഞെത്തി.   എവിടെന്നെക്കൊയോ കിണറു പണിക്കാരും കല്ല് പണിക്കാരും എത്തി.

സമീപത്തുള്ള മാവില്‍ വടം കെട്ടി,  അതില്‍ പിടിച്ചു ഒരാള്‍ കിണറ്റിലേക്കിറങ്ങി.

ആ സമയം ചിലര്‍  തൊട്ടപ്പുറത്തെ വളപ്പില്‍ നിന്നും നാല് കവുങ്ങുകള്‍ ക്ഷണം കൊണ്ട് വെട്ടി , രണ്ടു വീതം കൂട്ടിക്കെട്ടി  കിണറിന്റ് കുറുകെ ഇട്ടു. അതിന്മേല്‍ കയറി രണ്ട് പേര്‍ കിണറിനു ഒത്ത നടുവില്‍  എത്തി നിന്നു. താഴോട്ട് ഒരു കസാര ഇറക്കാനുള്ള ശ്രമമായി.

കിണറ്റിലേക്കിറങ്ങിയ ആള്‍ പകുതിയോളം ചെന്ന്  ഉള്ളിലേക്ക് നോക്കി വീണ്ടും വിളിച്ചപ്പോള്‍ എന്തോ ഒരു ചെറിയ ഞരക്കം കേള്‍ക്കായി. ഏറെ നേരം സൂക്ഷിച്ചു നോക്കിയപ്പോള്‍, പാമ്പേരിയോട് ( കിണറിനുള്ളിലെ ചുറ്റുകള്‍) ചേര്‍ന്ന് ചിരട്ട  പോലെ തോന്നിക്കുന്ന എന്തോ കണ്ടു.

അത് അപ്പൂന്റമ്മയുടെ തലയായിരുന്നു. വീണ്ടും കുറച്ചുകൂടെ താഴേക്ക് ചെന്നപ്പോള്‍ ഓരോ കയ്യുടെയും മൂന്നു  വിരലുകളാല്‍  പാമ്പേരിയുടെ വക്കില്‍ പിടിച്ചു തൂങ്ങി തല മാത്രം വെള്ളത്തിന് പുറത്തും, ശരീരം വെള്ളത്തിനടിയിലും ആയി അപ്പൂന്റമ്മ  അനക്കമില്ലാതെ  പാതി മരിച്ച നിലയില്‍...!!!

വായില്‍ നിന്ന് ഞരക്കം പോലെ വളരെ താഴ്ന്ന ഒരു ശബ്ദം മാത്രമാണ് പുറത്തു വരുന്നത്.

അത് മുകളില്‍ നിന്ന് കേള്‍ക്കാന്‍ സാധ്യമല്ല.

ഏതു നിമിഷവും ആ വിരലുകള്‍ വഴുതി വെള്ളത്തില്‍ വീഴാവുന്ന അവസ്ഥ !!! അയാള്‍ക്ക് കയ്യും കാലും വിറച്ചത്രേ.

അയാള്‍ മുകളിലുള്ളവരെ കൂവി വിളിച്ചു.

  ' ആളെ കണ്ടു കിട്ടി.  ജീവനുണ്ടെന്നു തോന്നുന്നു ' എന്നാണത്രെ അയാള്‍ വിളിച്ചൗ പറഞ്ഞത്.

അപ്പോഴേക്കും, എല്ലാ കാലുകളിലും കയര്‍ കെട്ടി ബന്ധവസ്സാക്കിയ ഒരു മരക്കസാര താഴേക്കിറങ്ങി വന്നു. അത് വശത്തോട്ടു ചേര്‍ത്തിറക്കി ഒരു കണക്കിന് അയാള്‍ അപ്പൂവിന്റെ അമ്മയെ കസേരയിലേക്ക് വലിച്ചടുപ്പിച്ചു , അതിലിരുത്തി ശരീരം വരിഞ്ഞു  കെട്ടി. ഒരു കാരണവശാലും വീഴാത്ത വിധത്തില്‍.

മുകളിലുള്ളവര്‍ സാവകാശം , വളരെ സൂക്ഷിച്ചു കുറേശ്ശേ കുറേശ്ശേ ആയി  കസാര വലിച്ചു പൊക്കി. വല്ലപ്പോഴുമുള്ള ഒരു ഞരക്കം അപ്പോഴും മരിച്ചിട്ടില്ലെന്നുള്ള ആശ നല്‍കി.

കിണറിനു മുകളിലെത്തിയതോടെ കണ്ട് നിന്നവരെല്ലാം ശബ്ദാരവങ്ങള്‍ ഉയര്‍ത്തി. പുറത്തെത്തി എന്നറിഞ്ഞിട്ടോ എന്തോ, ഒരു ഞരക്കത്തോടെ അമ്മയുടെ ചലനം നിലച്ച മട്ടായത്രേ !!  അത് വരെ പിടിച്ചു നിന്ന അപ്പുവിന്റെ അച്ഛനും നിലവിളിച്ചു പോയി.

ആ അവസ്ഥ കണ്ട് അയല്പക്കത്തെ  സ്ത്രീകള്‍ വാവിട്ടു കരഞ്ഞു. ചിലര്‍ക്ക് ബോധം പോയി. ഡോക്ടര്‍ കിണറിന്അടുത്തു വരെ വന്നു  കാത്തു നില്‍പ്പുണ്ടായിരുന്നു. കുറച്ചു സമയം കഴിയാതെ ഒന്നും പറയാന്‍ പറ്റില്ലെന്നത്രെ ആള്‍ പറഞ്ഞത്.

ഉധ്വേഗം  തുടിക്കുന്ന ഒന്ന് രണ്ട് മണിക്കൂറുകള്‍ക്കു ശേഷം, എല്ലാവര്‍ക്കും സന്തോഷിക്കാന്‍ വക നല്‍കി കൊണ്ട്  അപ്പൂന്റമ്മയുടെ  നില മെച്ചപ്പെട്ടു.

ആ നാട്ടിലുള്ളവരൊക്കെ, അവിശ്വസനീയമായ ഈ സംഭവത്തില്‍  ദൈവത്തിന്റെ കാരുണ്യത്തെ വാഴ്ത്തി.

എല്ലാവരെയും അതിശയപ്പെടുത്തിയ കാര്യം എന്തെന്നാല്‍ ,

 കിണറ്റില്‍ വീണതിന് ശേഷം ഒരു മണിക്കൂറിലധികം സമയമാണ് അപ്പുവിന്റെ  'അമ്മ  കിണറ്റില്‍ അര്‍ദ്ധബോധാവസ്ഥയില്‍ , മരണത്തെ മുഖാമുഖം കണ്ട് കഴിച്ചു കൂട്ടിയത്.  നീന്തല്‍ അറിയാത്ത , താരതമ്യേന ദുര്‍ബലയായ പൂര്‍ണ ഗര്‍ഭിണിയായ ഒരു സ്ത്രീക്ക് ഇതെങ്ങിനെ സാധിച്ചു ?

എവിടെ നിന്നാണ് ഒരു  സ്ത്രീക്ക് അതിനുള്ള  നിശ്ചയ ധാര്‍ഢ്യവും അവിശ്വസനീയമായ കരുത്തും ഊര്‍ജ്ജവും കിട്ടിയത്  ?

ആ അമ്മയുടെ ഉത്തരം ഇതായിരുന്നുവത്രെ .

' വയറ്റിലുള്ള കുഞ്ഞിന്റെ ജീവനെപ്പറ്റി മാത്രമായിരുന്നു ചിന്ത . പിന്നെ   കിണറ്റിനു മുകളില്‍ കളിച്ചു കൊണ്ടിരുന്ന എന്റെ മറ്റു മക്കളെ അനാഥരാക്കരുത് എന്ന ബോധവും. അവ പകര്‍ന്നു തന്ന ഇഛാശക്തിയും കരുത്തും, പിന്നെ ഈശ്വരാനുഗ്രഹവും. അല്ലാണ്ടെന്താ? പല തവണ മുങ്ങിപ്പോയ ഞാന്‍ എങ്ങനെയൊക്കെയോ പൊന്തി വന്നു. പാമ്പേരിയില്‍ തൂങ്ങിക്കിടന്നു കൈകള്‍ പൊട്ടിപ്പോകുന്ന അവസ്ഥയായിട്ടും എങ്ങനെയോ പിന്നേം പിടിച്ചു തൂങ്ങി കിടന്നു..ഈശ്വരാ ..എന്റെ മക്കള്‍ '.

മാതൃ സ്‌നേഹത്തിന്റെ മാഹാത്മ്യവും കരുത്തും വിളംബരം ചെയ്ത ഈ  അവിശ്വസനീയ സംഭവം  എന്നും അതിശയത്തോടെ  മാത്രമേ ശാരദാമ്മായിക്കും നാട്ടുകാര്‍ക്കും ഓര്‍ക്കാനാകൂ !

കുറച്ചു നാളുകള്‍ക്കകം വലിയ കുഴപ്പങ്ങളൊന്നും കൂടാതെ അപ്പുവിന്റെ 'അമ്മ പ്രസവിച്ചു. ഒരു പെണ്‍കുട്ടി.

***  **** **** *** *** ****

അപ്പുവിന്റെ 'അമ്മ ഇന്നും ഉണ്ട്.  പ്രായത്തിന്റേതായ കുറച്ചു അസുഖങ്ങളും പ്രാരാബ്ധങ്ങളുമായി.  

ശാരദാമ്മായി  ഇന്നില്ല.

അപ്പുവിന്റെ ആ  സഹോദരി ഭര്‍ത്താവും  രണ്ട് മക്കളുമായി സുഖമായിരിക്കുന്നു.

അപ്പുവിനും രണ്ട് മക്കള്‍.  സകുടുംബം വിദേശത്താണ്.

ഈ കുറിപ്പെഴുതുന്നത് അപ്പു തന്നെയാണ്.

അപ്പൂന്റെ 'അമ്മ എന്റെ അമ്മയും. 

ആ അമ്മയ്ക്ക്, അമ്മമാര്‍ക്ക് , പകരം വെക്കാനില്ലാത്ത അവരുടെ നിസ്വാര്‍ത്ഥ  സ്‌നേഹത്തിന്  എന്റെ പ്രണാമം !

കൂപ്പു കൈ!!!


 മാതൃ സ്‌നേഹത്തിന്റെ മഹനീയ  ശക്തി (ആര്‍. പഴുവില്‍, ന്യൂജേഴ്‌സി)
Amerikkan Mollaakka 2018-02-11 14:18:13
പഴുവിൽ സാഹിബ് - ഒരു ചക്ക വീണപ്പോൾ മുയൽ ചത്തു. എപ്പോഴും ചാവില്ല ട്ടോ. അത് ഓർക്കണം.
R Pazhuvil 2018-02-12 00:26:32
ശ്രീ അമേരിക്കൻ മൊല്ലാക്ക : വായനക്കും അഭിപ്രായത്തിനും നന്ദി. താങ്കൾ ഉദ്ദേശിച്ചത് ഞാൻ എഴുതിയ സംഭവത്തിന്റെ വിശ്വാസ്യതയെയാണെങ്കിൽ .. 
ആണെങ്കിൽ മാത്രം .. എനിക്ക് പറയാനുള്ളത്  താങ്കളുടെ വിശ്വാസം താങ്കളുടെ സ്വാതന്ത്ര്യം !  അതിനെ ചോദ്യം ചെയ്യാൻ ഞാനാളല്ല. 

സംഭവത്തിന്, ഞാൻ ഇതുവരെ കുറിച്ചിട്ട സംഭവങ്ങൾക്കു  ദൃക്‌സാക്ഷികളായ പലരും ഇന്നും നാട്ടിൽ  ജീവിച്ചിരിപ്പുണ്ട്. അവരെന്നെ വേണ്ട വിധം പ്രോത്സാഹിപ്പിക്കുകയും, ഇനിയും എഴുതാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എഴുത്തിന്റെ കാര്യത്തിൽ ഞാൻ തുടക്കക്കാരനാണ് , എന്നാൽ ജീവിതാനുഭവങ്ങളുടെ  കാര്യത്തിൽ ഞാൻ വളരെ, വളരെ  സമ്പന്നനാണ് സുഹൃത്തേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക