MediaAppUSA

കമ്മ്യൂണിസ്റ്റ് പച്ചയുടെ നിറക്കൂട്ട് (ഡോ. നന്ദകുമാര്‍ ചാണയില്‍)

Published on 10 February, 2018
കമ്മ്യൂണിസ്റ്റ് പച്ചയുടെ നിറക്കൂട്ട് (ഡോ. നന്ദകുമാര്‍ ചാണയില്‍)

ഒരു ശതാബ്ദം മുമ്പുള്ള ഒരു ‘ലാനാ’ സമ്മേളനത്തിലാണെന്നു തോന്നുന്നു ഒരു ചെറുപ്പക്കാരന്‍ നല്ല ഈണത്തില്‍ കവിതകള്‍ ചൊല്ലി, ‘ലാന’യുടെ ചൊല്‍ക്കാഴ്ച ധന്യമാക്കിയത്. അന്നെനിക്കു തോന്നിപ്പോയി, ഇതുമാതിരി കവിതകള്‍ ചൊല്ലാന്‍ എനിക്കും കഴിഞ്ഞിരുന്നുവെങ്കില്‍... പിന്നീടാണെനിക്ക് സന്തോഷ് പാലയെന്ന ആ യുവകവിയുമായി പരിപചയപ്പെടാനും സൗഹൃദം തുടരാനും കഴിഞ്ഞത്.

സന്തോഷ് പാല 40 കവിതകളടങ്ങുന്ന ‘കമ്മ്യൂണിസ്റ്റ് പച്ച’യെന്ന ഒരു കവിതാസമാഹാരം 2011-ല്‍ പ്രസിദ്ധപ്പെടുത്തി. ഇതിലെ ഒട്ടുമിക്ക കവിതകളും ‘പച്ച’യായ ഭാവനകളുടെ തിരതല്ലലിലൂടെ വായനക്കാരന്‍ മുങ്ങിപ്പൊങ്ങുന്നൊരു പ്രതീതി ഉളവാക്കാന്‍ പര്യാപ്തങ്ങളാണ്. ‘ഞാന്‍’ എന്ന കവിതയില്‍ ഒത്തിരി തമാശക്കാരുള്ള ഒരു കുടുംബതത്തില്‍ ജനിച്ചു വളര്‍ന്നതുകൊണ്ട് തന്നെ ഞാന്‍ ഗൗരവക്കാരനായ ഒരു തമാശക്കാരനുമായി. ധാരാളം തമാശക്കാരുടെ ഇടയില്‍ ഗൗരവത്തോടു കൂടി ഗൗരവാവഹമായ തമാശകള്‍ പറയുന്ന പലരേയും നമ്മുടെ സമൂഹത്തില്‍ കണ്ടുമുട്ടിയില്ലേ! ‘വട്ടത്തില്‍ കറങ്ങുന്ന ചെറുതും വലുതുമായ രണ്ട് അടയാളങ്ങളാണ് സകലരേയും സകലടത്തും വട്ടംകറക്കുന്നത് എന്ന ഒരു ഹൃസ്വ വിവരണത്തിലൂടെ ഒരു ഘടികാരത്തിന്റെ ചിത്രവും ആ വട്ടത്തിലെ ചെറുതും വലുതും സകലരേയും സകലടത്തും, വട്ടം കറക്കുന്നതും ആയ നര്‍മ്മോക്തിയിലുള്ള കഥനം ഭാവനാസാന്ദ്രം തന്നെ.

പ്രണയകവിതകളില്‍ അകലമെന്നും അടുപ്പമെന്നും ഉള്ള വിരുദ്ധോക്തികളെ പ്രണയപാരവശ്യത്തിന്റെ നൂലില്‍കോര്‍ത്തിണക്കുമ്പോള്‍ അകലെയുള്ള പ്രണയിനി അകലത്തെ നിഷ്പ്രഭമാക്കി അടുത്താണെന്ന ജല്പനമുളവാക്കുന്നതും കാലം ഏറെ ചെന്നിട്ടും എവിടെയൊക്കെ ആയിരുന്നിട്ടും അന്നും ഇന്നുമുള്ള അടുപ്പമെന്ന തോന്നലിന്റെ ആവിഷ്ക്കാരവും മനസ്സില്‍ തട്ടുംവിധം കവി, മിതമായ വാക്കുകളില്‍ വര്‍ണ്ണിച്ചിരിക്കുന്നു.

സ്‌നേഹിച്ചു തീരാത്ത നിന്നെപ്പറ്റി, ഇനി ആരോടാണ് പറയേണ്ടതെന്ന ചോദ്യത്തിലൂടെ എത്ര ജന്മങ്ങള്‍ ജീവിച്ചുതീര്‍ത്താലും തീരാത്തത്ര അദമ്യമായ കമിതാക്കളുടെ അനുരാഗവാഞ്ജ ലോകം മുഴുവന്‍ അറിഞ്ഞിട്ടും ഇനിയും ആരോടെങ്കിലും പറയാനുണ്ടോ എന്ന ശങ്കയാര്‍ന്ന ചോദ്യം കവിക്കൊരു ഉത്തരം കിട്ടാത്ത ചോദ്യമായി ഒരു ശിലാലിഖിതം പോലെ കവിയുടെയും അനുവാചകന്റെയും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

‘പരസ്യമല്ലാത്ത രഹസ്യം’ എന്ന കവിതയിലെ ആഖ്യാനരീതി ശ്ലാഘനീയമാണ്. മണ്ണാങ്കട്ടയും കരിയിലയും എന്ന കൊച്ചുകവിതയിലെ തത്വോപദേശം നാമെല്ലാം കേട്ടുവളര്‍ന്നവരാണല്ലോ. ഈ സാരാംശകഥയെ അനുസ്മരിപ്പിക്കുമാറുള്ളതാണ് ഇക്കവിതയും. കണ്ണും കരളും തമ്മിലുള്ള കൂട്ടുകെട്ടും, ഉടക്കും, വായയുടെ മദ്ധ്യസ്ഥതയും സംവാദരൂപേണ ഇമ്പമുള്ളതാക്കിത്തീര്‍ത്തിരിക്കുന്നു.

വിഗ്രഹം പാല്‍കുടിക്കുന്നെന്നും ഭസ്മവിഭൂതികളെക്കുറിച്ചും മറ്റും മറ്റുമുള്ള അത്ഭുതവാര്‍ത്തകള്‍ നാം ഇടയ്ക്കിടെ കേള്‍ക്കുന്നതാണല്ലോ. ‘കല്ലില്‍ കൊത്തിയ രൂപം പാല്‍കുടിക്കുമെന്ന കഥ കണ്ണുപറഞ്ഞത് കരള്‍ വിശ്വസിച്ചില്ല’. കേട്ടീലയോ കിഞ്ചനവര്‍ത്തമാനം നാട്ടില്‍ പൊറുപ്പാനെളുതല്ല മേലില്‍ എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരല്ലെന്നുള്ള സൂചനയും കവി ഈ നര്‍മ്മസംവാദത്തിലൂടെ തരുന്നുണ്ട്. ഈ കവിതയിലെ സ്മാര്‍ത്തവിചാരേണയുള്ള അന്ത്യം അപാരം തന്നെ. ‘കരളലിയുന്ന കാഴ്ചയകള്‍ മിന്നിവരുമ്പോള്‍ കണ്ണടക്കുന്നതും, ഒരാള്‍ കണ്ണടയ്ക്കുമ്പോള്‍ എല്ലാവരുടേയും കരളലിയാന്‍ തുടങ്ങുന്നതും’ മൂകമായ ധ്വനികളിലൂടെ വാചാലനാകുന്ന കവിയുടെ കാവ്യഭാവനയ്ക്ക് എം.എസ്. വിശ്വനാഥന്‍ പാടിയതു പോലെ, ‘അഭിനന്ദനം, അഭിനന്ദനം’!

ഐരാവതങ്ങള്‍ വിഹരിക്കുന്ന സ്വര്‍ഗ്ഗഭൂവിലെ ഒരു അത്ഭുതക്കാഴ്ചയാണല്ലോ പന്ത്രണ്ടുകൊല്ലത്തിലൊരിക്കല്‍ പൂത്തുല്ലസിക്കുന്ന ‘കുന്തിയാനക്കാടുകള്‍’. നീലക്കുറിഞ്ഞിയുടെ വംശനാമത്തില്‍ (ുെലരശല)െ നിന്നുരുത്തിരിഞ്ഞ പദത്തെ കുഴിയാന, പിടിയാന, കൊമ്പനാന #െന്നീ പരിചിതമായ ആനകളുടെ കൂട്ടത്തില്‍ കാണാത്ത കൂട്ടം തെറ്റിയും തെറ്റാതെയും നില്‍ക്കുന്ന കുന്തിയാനകളുടെ ശേലില്‍ രമിക്കുന്ന കവിഭാവനയ്ക്ക് പ്രണാമം. ‘പേടിക്കരുത്’ എന്ന കവിതയിലെ, ‘പേടിക്കരുത് നീ, നീയായി ജീവിക്കുക’, എന്ന സന്ദേശം ഒരു മുദ്രാവാക്യത്തിന്റെ ധ്വനിയ്ക്കുപരിയായി നമ്മുടെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. ‘ഒരു ചിഹ്നക്കവിത’ ദ്വയാര്‍ത്ഥങ്ങളും സ്വാരസ്യങ്ങളും മുറ്റി നില്‍ക്കുന്ന സരസഭയിനി തന്നെ. ‘കണ്ണുകള്‍’ കഥ പറയുമെന്ന് ആദ്യം പഠിപ്പിച്ചത് അമ്മയും മുത്തശ്ശിയും, കാലാന്തരേണ എന്നെ കണ്ണുകൊണ്ടെങ്ങനെ എറിയാം എന്നു പഠിപ്പിച്ചത് കോളേജിലെത്തിയപ്പോള്‍ ഒരു കൂട്ടുകാരനും എന്നു തുടങ്ങി കണ്ണുകള്‍ വ്യാപരിക്കന്ന വ്യത്യസ്ത മേഖലകള്‍ കവി ഫലിതരൂപേണ നമുക്ക് കാണിച്ചുതരുന്നുണ്ട്. അതെ, ശരിയാണ് കവേ ‘മുത്തശ്ശി പറയാത്ത, അമ്മയ്ക്കറിയാത്ത കഥകളുമായി കണ്ണുകളിന്നും (നല്ലതും ചീത്തയും) കഥകള്‍ പഠിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.’

വലിയ ഉപകരണങ്ങളും ചായക്കൂട്ടുകളും ഇല്ലാതെ സുന്ദരചിത്രങ്ങള്‍ രചിക്കുന്ന ഒരു കലാകാരനെപ്പോലെ, മിതമായ, വാക്കുകളുപയോഗിച്ച് വാങ്മയചിത്രങ്ങള്‍ ചമയ്ക്കുന്നതിലും, വിപരീതാര്‍ത്ഥപദങ്ങളുടെ അര്‍ത്ഥതലങ്ങള്‍, ഗഹനമായ വിചാരധാര എന്നിവ പ്രദാനം ചെയ്യുന്നതിലും സന്തോഷിന് ഒരു പ്രത്യേക കഴിവുണ്ട്. അതെ, ഒരു സാഗരം ചിമിഴിലൊതുക്കാനുള്ള ചാതുരിയും സന്തോഷിനുണ്ട്. അങ്ങിനെ കവിതാസ്വാദനത്തിനു തുനിയുന്ന അനുവാചകനെ ഉദാത്തചിന്തകളിലൂടെ സംതൃപ്തിയും സന്തോഷവും സമ്മാനിക്കുന്ന സന്തോഷ് പാലയില്‍ നിന്നും പാലപ്പൂവിന്റെ നറുമണം നല്കുന്ന, മനസ്സിലെങ്ങും പച്ചപടര്‍ന്നുനില്ക്കുന്ന കമ്മ്യൂണിസ്റ്റ് പച്ച പോലുള്ള കൃതികള്‍ ഉണ്ടാകട്ടെ എന്ന ശുഭകാമനകളോടെ നിര്‍ത്തട്ടെ.

***********

കമ്മ്യൂണിസ്റ്റ് പച്ചയുടെ നിറക്കൂട്ട് (ഡോ. നന്ദകുമാര്‍ ചാണയില്‍)
സന്തോഷ് പാല 2018-02-11 19:31:09
എന്റെ കവിതകള്‍ വായിക്കുകയും വിശദമായി അതിനെക്കുറിച്ചെഴുതുകയും ചെയ്ത നന്ദകുമാര്‍ ചേട്ടനോട് വളരെ നന്ദി. ഒരു സൂചനയും തരാതെ ഇതൊരു സര്‍പ്രൈസ് തന്നെയാക്കികളഞ്ഞു. അഭിപ്രായങ്ങള്‍ക്കും ആ നല്ല മനസ്സിനും ഒരിക്കല്‍ കൂടി നന്ദി.

സന്തോഷ് പാല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക