Image

മാറുന്ന ദേശീയത : ബദല്‍ രാഷ്ട്രീയ സംവിധാനം-2 (അനിലാല്‍ ശ്രീനിവാസന്‍)

Published on 04 March, 2018
മാറുന്ന ദേശീയത : ബദല്‍ രാഷ്ട്രീയ സംവിധാനം-2  (അനിലാല്‍ ശ്രീനിവാസന്‍)
യൂറോപ്യന്‍ മാതൃകയിലുള്ള (Parliamentary form of Government) നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് ചില പരിമിതികളുണ്ട്. പ്രാവര്‍ത്തിക തലത്തില്‍ ഭരണത്തിലെത്താന്‍ ജനങ്ങളുടെ വോട്ടവകാശം (വോട്ടധികാരം) പ്രയോജനപ്പെടുത്തുകയും എന്നാല്‍ അധികാരത്തിലെത്തിയാല്‍ ജനത്തെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതുമാണ് പ്രധാന പരിമിതി. 

ഇവിടെയാണ് സാഹിത്യകാരനും ചിന്തകനുമായ സക്കറിയുടെ അഭിപ്രായം പ്രസക്തമാവുന്നത് - രാഷ്ട്രീയക്കാരനെ ജനമല്ല , ജനത്തെ അവരാണ് ബഹുമാനിക്കേണ്ടത് -എന്നത്. സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിയുടെ സ്വപ്നം സ്വാതന്ത്ര്യമെന്നത് അധികാരം ബ്രിട്ടീഷ് മുതലാളിമാരില്‍ നിന്നുമെടുത്ത് ഇന്ത്യന്‍ മുതലാളിമാരിലേക്ക് കൈമാറുക എന്നതായിരുന്നില്ല. എന്നാല്‍ പ്രവര്‍ത്തിക തലത്തില്‍ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും അതാണ്. 

വര്ഷങ്ങള്ക്ക് മുന്‍പ് പത്ര പ്രവര്ത്തകനായ അരുണ്‍ ഷൂറി Illustrated Weekly -യില്‍ എഴുതിയ 'Dynastic Democracy' എന്ന ലേഖനം ഓര്‍മ്മ വരുന്നു. കോണ്‍ഗ്രസ്സിനുള്ളില നെഹ്റു കുടുംബത്തിന്റെ രാജപരമ്പരക്ക് സമാനമായ അധികാര കൈമാറ്റം ആയിരുന്നു വിഷയം. ആ പരമ്പരയിലെ അടുത്ത കണ്ണിയായി പ്രിയങ്കാ ഗാന്ധിയെയോ രാഹുല്‍ ഗാന്ധിയേയോ വാഴിക്കുന്നതു വരെയെത്തി നില്ക്കുന്നു അത്. സ്വാതന്ത്ര്യ സമര കാലത്ത് തന്നെ ഗാന്ധിജിക്ക് മേല്‍പ്പറഞ്ഞതില്‍ നിന്നും വിഭിന്നമായി ഒരു ബദല്‍ രാഷ്ട്രീയ സംവിധാനത്തെക്കുറിച്ച് സ്വപ്നമുണ്ടായിരുന്നു .

ഗാന്ധി സ്വപ്നം കണ്ടത് ഗ്രാമങ്ങളുടെ ഇന്ത്യയാണ്. ഗ്രാമങ്ങളുടെ സ്വയം പര്യപ്തതയിലുടെയും സ്വതന്ത്ര്യത്തിലുടെയും സമ്പത്തിലുടെയും അധികാരം അവരിലെക്കെത്തുന്ന, ഭരിക്കപ്പെടുന്നവന്റെ അധികാരത്തിനു ഊന്നല്‍ കൊടുക്കുന്ന, ഒരു ബദല്‍ രാഷ്ട്രീയ സംവിധാനം. ഈ ദര്‍ശനം ഉള്‍ക്കൊണ്ടു രംഗത്ത് എത്തിയവരാണ് ആം ആദ്മി പാര്‍ട്ടി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ആശയപരമായി അല്ലെങ്കിലും പ്രാവര്‍ത്തിക തലത്തില്‍ കൂമ്പടഞ്ഞ ഒരവസ്ഥയിലാണ് അവരിന്നു. എന്നാല്‍ ഈ ഗാന്ധിയന്‍ ആശയങ്ങള്ക്ക്, ഇത്തരം പാര്‍ട്ടികള്‍ക്ക്, ഇന്നത്തെ മാറുന്ന ദേശീയതുടെയും രാഷ്ട്രീയ കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ പ്രസക്തിയുണ്ടോ എന്ന് പരിശോധിക്കാം.

വര്‍ഷങ്ങള്‍ക്കു മുന്പത്തെ കാര്യമാണ്. കോഴിക്കോട് ഭാഗത്തേക്ക് പോയാല്‍ പര്‍ദ്ദയിട്ട മുസ്ലിം സ്ത്രീകളെ കാണാമായിരുന്നു. എന്നാല്‍ അവരുടെ സുന്ദര മുഖങ്ങള്‍ ലോകത്തിന്റെ കണ്ണില്‍ നിന്നും മറച്ചു പിടിച്ചിരുന്നില്ല. ഇന്ന് കോഴിക്കോട് മാത്രമല്ല കേരളത്തിന്റെ മറ്റു പല ഭാഗങ്ങളിലുമുള്ള മുസ്ലിം സ്ത്രീകള്‍ ഇതര ഇസ്ലാമിക രാജ്യങ്ങളിലേതുപോലെ, കണ്ണുകള്‍ മാത്രം പുറത്തു കാണാവുന്ന, ബാക്കി ഭാഗമെല്ലാം മറക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ (ബുര്‍ക്ക) ധരിക്കുന്നു. ആനുകാലിക സംഭവങ്ങളും രാഷ്ട്രീയമായ മാറ്റങ്ങളും അവരെ ആഗോള ഇസ്ലാമിക സ്വത്വത്തിലേക്ക് എത്തിച്ചിരിക്കുന്നു. ഇന്ത്യന്‍ മുസ്ലിമിന് പാക്കിസ്ഥാനിലേക്കോ മറ്റു ഇസ്ലാമിക രാഷ്ട്രങ്ങളിലെക്കോ കുടിയേറാനോ ജോലികള്‍ക്കായി ചേക്കറാണോ പ്രയാസമില്ല. മതപരമായ, ഭുമിയുടെ അതിരുകള്‍ക്കതീതമായ ഒരു ദേശീയതയില്‍ അവന്‍ സുരക്ഷിതനാണ് . ഇതേ കാരണം കൊണ്ടുതന്നെ കേരളത്തിലെ ക്രിസ്ത്യാനിക്ക് ജര്‍മനിയിലെക്കൊ അമേരിക്കയിലേക്കോ കുടിയേറിയശേഷം പൊതുവെ അന്യതാബോധം അനുഭവപ്പെടുന്നില്ല. അപ്പോള്‍ ഭുമിപരമായ അതിരുകള്‍ക്കപ്പുറമെത്തുന്ന ദേശീയത - അതാണ് ചിന്തിക്കേണ്ടത്.

ആഗോളതലത്തില്‍ സാമ്പത്തിക ഉദാരവല്ക്കരണവും വിവര സാങ്കേതിക വിപ്ലവവും
കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. ആളുകള്ക്ക് യഥേഷ്ടം  സഞ്ചരിക്കാനും ഇഷ്ട്ടപ്പെട്ട വാസസ്ഥലം തെരെഞ്ഞെടുക്കാനുമുള്ള സകര്യങ്ങളും അവസരങ്ങളും  ഇന്ന് ധാരാളമാണ്. ഒരു രാജ്യത്തെ പൌരത്വം സ്വീകരിക്കുന്ന ഒരാള്‍ തന്റെ വോട്ടധികാരം ഉപയോഗിക്കുന്നത് ആ രാജ്യത്താണ് . ഇന്ത്യയിലല്ല. അമേരിക്കന്‍ പൌരത്വം സ്വീകരിക്കുന്ന ഒരാള്ക്കു രാഷ്ട്രീയപരമായി അമേരിക്കന്‍ ദേശീയതയാണുള്ളത്. 

ഇങ്ങിനെ നോക്കുമ്പോള്‍, ഇന്ത്യക്ക് അകത്തോ പുറത്തോ ഉള്ള ഒരാളിലെ ദേശീയത ഇങ്ങിനെ പലവിധ ദേശീയതകളുടെ സങ്കലനമാനെന്നു കാണാം. എന്നാല്‍ ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം ദേശീയത എന്നത് എത്ര സങ്കീര്‍ന്നമായി വ്യാഖ്യാനിച്ചാലും കേരളീയത എന്നത് ഉറച്ച വൈകാരിക ബോധം തന്നെയാണ്. വടക്കേ അമേരിക്കയിലെ മലയാളീ കണ്‍വെന്‍ഷനുകള്‍ (ഫോമാ, ഫൊക്കാന തുടങ്ങിയവ) ക്‌നാനായ ദേശീയ കണ്‍വെന്‍ഷന്‍, ദേശീയ മലയാളീ ഹിന്ദു കണ്‍വെന്‍ഷന്‍ തുടങ്ങിയവ ഈ കാഴ്ചപ്പാട് ഒന്നുകുടി ഉറപ്പിക്കുന്നു. ഭാഷയോടും കലകളോടും സംസ്‌കാരത്തോടും ഇവര്‍ കാണിക്കുന്ന ആഭിമുഖ്യം പ്രവാസി മലയാളിയില്‍ ഉറച്ച കേരളീയത വിളിച്ചോതുന്നു - കേരളീയതയുടെ അടയാളങ്ങളായി ആവര്ത്തിച്ചു അവതരിപ്പിക്കപ്പെടുന്ന വള്ളം കളിയുടെയും കഥകളിയുടെയും മോഹിനിയാട്ടത്തിന്റെയും വരകളും ചിത്രങ്ങളും അറപ്പുളവാക്കുന്നുവെങ്കിലും.

മാറുന്ന രാഷ്ട്രീയ കാലാവസ്ഥ

താന്‍ അധകൃതരുടെയും ദരിദ്രരുടെയും കുടെയാണ് എന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് നരേന്ദ്ര മോഡി പ്രധാന മന്ത്രിയായി അധികാരമേറ്റത് . എന്നാല്‍ 
ആര്‍. എസ്. എസ്സിന്റെ ചരിത്ര പ്രഖ്യാപിത ലക്ഷ്യമായ രാമരാജ്യം സ്ഥാപിച്ചെടുക്കുന്നതില്‍ നിന്നും അദ്ദേഹത്തിന് പിന്മാറാനാവുമോ ? ആര്‍. എസ്.എസ് മോദിയില്‍ നിന്നും ചിലതു പ്രതീക്ഷിക്കുന്നില്ലേ? എന്നാല്‍ ആ ഹിന്ദു രാജ്യ സ്ഥാപനം ഏതു തരത്തിലുള്ളതായിരിക്കും? മറ്റു മത ന്യുനപക്ഷങ്ങളെ പുറത്താക്കി കൊണ്ടുള്ള ഒരു ഹിന്ദു രാജ്യം അസാദ്ധ്യമാണ് . 

ആഗോള മുതലാളിത്തത്തിന്റെയും (corporate multi nationals) സവര്‍ണ്ണ ഫാസ്സിസ്സത്തിന്റെയും പിന്ബലത്ത്‌തോടെ അവര്ക്ക് കഴിയുകയെന്താണ്? മറ്റു മത ന്യുനപക്ഷങ്ങളെ നിലനിറുത്തികൊണ്ട് തന്നെ, ആവരുടെ  ജാതിപരവും ലിംഗപരവുമായ സ്വത്വങ്ങളെയെല്ലാം പരിമിതപ്പെടുതിക്കൊണ്ടുള്ള ഒരു ഹിന്ദു രാജ്യം സാധ്യമാണ് - ഒരുപക്ഷെ അത് മാത്രമേ സാധ്യമായുള്ളൂ. എത്ര അപകടപരമാണ് എന്നോര്ക്കുക അത് . എന്നാല്‍ Dr ഡി ബാബു പോള്‍ 'മോഡിയുടെ തുടക്കം' എന്ന ചെറുലേഖനത്തില്‍ വ്യക്തമാക്കുന്നത് അത്ര ആശങ്കപ്പെടെണ്ടതില്ല എന്നാണ് . അപ്പോള്‍ ചിന്താപരമായും നാമിന്നൊരു വഴിത്തിരിവിലാണ്. ഏത് വഴി തിരിയും എന്നത് മോഡിയുടെ അടുത്ത വര്‍ഷങ്ങളിലെ ഭരണം തീരുമാനിക്കും. ഏതൊരു മുതലാളിത്ത വ്യവസ്ഥക്കും അഭിവ്രുദ്ധിപ്പെടാന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരു വിഭാഗം ജനത ആവശ്യമാണ് - ഇല്ലെങ്കില്‍ അത് സൃഷ്ട്ടിച്ചെടുക്കപ്പെടും.

മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍, ബി ജെ പി യുടെ ഇലക്ഷന്‍ മാനേജ്‌മെന്റിന്റെയും തന്ത്രങ്ങളുടെയും വിജയമാണ്. ത്രിപുരയില്‍ ബിജെപി മുന്നണി 43 സീറ്റു നേടി കഴിഞ്ഞ 20 വര്ഷങ്ങളിലെ, മണിക് 
 സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സിപിഎം ഭരണത്തിന് കടിഞ്ഞാണിട്ടു. ഇടതുപക്ഷ ശക്തികളുടെ സ്വാധീനം സംസ്ഥാന തലങ്ങളില്‍ കുറഞ്ഞു വരുന്നതായാണ് ഓരോ തെരഞ്ഞെടുപ്പും തെളിയിക്കുന്നത്.

 ഭരണത്തിലുണ്ടായിരുന്ന സംസ്ഥാനങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുമ്പോള്‍ ഭാവിയില്‍ ഒരു ദേശീയ പാര്‍ട്ടി എന്ന് അവകാശപ്പെടാന്‍ പോലും അവര്‍ക്കു കഴിയുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപിയുടെ പണക്കൊഴുപ്പിന്റെ വിജയം എന്നൊന്നും പറയുന്നത് ഗുണം ചെയ്യില്ല. മറിച്ചു എന്തുകൊണ്ടാണ് സിപിഎംന്റെ 20 വര്‍ഷത്തെ ഭരണം ജനങ്ങള്‍ വേണ്ടെന്നു വെക്കാനും എന്തു കൊണ്ടാണ് രണ്ടാം സ്ഥാനത്തു നിന്നിരുന്ന കോണ്‍ഗ്രസ്സിന് പോലും അവസ്സരം കൊടുക്കാത്തതും എന്ന് പാര്‍ട്ടികള്‍ വിലയിരുത്തണം, നിലപാടുകള്‍ തിരുത്തണം. 

കോണ്‍ഗ്രസ്സിനു പഴയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സെന്ന പാരമ്പര്യം ശെരിക്കു വില്‍ക്കാന്‍ കഴിയുന്നില്ല - അത് വോട്ടാക്കി മാറ്റാന്‍ കഴിയുന്നില്ല, അതുപോലെ നേതൃത്വത്തിന്റെ പിടിപ്പുകേടുകള്‍ . ഇത്തരം ശൂന്യതകളാണ് ബിജെപി തന്ത്രങ്ങള്‍ വിജയിക്കാന്‍ മുഖ്യ കാരണം. അഡ്വ. പി എസ് ശ്രീധരന്‍ പിള്ള ( ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റ്) ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്, 'മുന്‍പ് ഗാന്ധിജി പറഞ്ഞ ഹൈന്ദവത മാത്രമേ ഞങ്ങളുടെ കൈയ്യില്‍ ഉള്ളു' എന്നാണ്. അത് നൂറു ശതമാനവും തെറ്റാണ് - ഗാന്ധിജി കണ്ട ഹൈന്ദവത നേരത്തെ പറഞ്ഞുവല്ലോ. ഈ ഹൈന്ദവത ഹിന്ദുത്വ ആണ്. അതിന് ത്രിപുര പോലുള്ള ഗോത്ര സംസ്‌കാരങ്ങളുടെ, ആദിവാസി സംസ്‌കാരങ്ങളുടെ മേലുള്ള വിജയമാണ്, മുന്നോട്ടു വരാന്‍ പോവുന്ന അപകട സൂചന.

അടുത്ത വര്‍ഷങ്ങളില്‍, അടിച്ചമര്ത്തപ്പെടുന്ന സ്വത്വങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന 'അരികു ജീവിതങ്ങളുടെയും' വെറുപ്പും പ്രതിഷേധവും ആം ആദ്മി പോലുള്ള പാര്‍ട്ടികള്‍ക്ക് പുനര്‍ജനി നല്കിക്കൂടാ എന്നില്ല. അവ വിമോചന പ്രസ്ഥാനങ്ങളു ടെയോ സ്വാതന്ത്ര്യ  സമര പ്രസ്ഥാനങ്ങളുടെയോ രൂപത്തില്‍ ഉയര്‌ത്തെഴുന്നെറ്റെക്കാം.

അനുബന്ധം

ആദ്യ ഭാഗത്തിന് കിട്ടിയ പ്രതികരണങ്ങളില്‍ ചിലതാണ് ഇവിടെ ഇത് കുറിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. പലതിലും വിയോജിക്കുന്നു എങ്കിലും വായനക്കാര്‍ അവരുടെ അഭിപ്രായം പറയുന്നു എന്നിടത്തു അത് സ്വീകാര്യമാവുന്നു. 

ഗോഡ്സെ ആര്‍ എസ്സ് എസ്സ് കാരനായിരുന്നെങ്കിലും മഹാത്മാഗാന്ധിയെ കൊലപ്പെടുത്തുന്ന സമയത്തു ആ സംഘടനയില്‍ അല്ലായിരുന്നു എന്നും അപ്പോള്‍ അദ്ദേഹം ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തകനായിരുന്നു എന്നും കേട്ടു. എന്നാല്‍ മറ്റൊരു പക്ഷവും ഉണ്ട് - ഗോഡ്സെയുടെ കുടുംബം ആ വാദം നിരസിച്ചതായും അദ്ദേഹം ഒരിക്കലും ആര്‍ എസ്സ് എസ്സ് വിട്ടിരുന്നില്ലായെന്ന് ഉറപ്പിക്കുന്നതായും. ഇന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ശേഷം പാര്‍ട്ടികള്‍ അവരുടെ നിലനില്‍പ്പിനു വേണ്ടി കൊലചെയ്ത പാര്‍ട്ടിഅംഗങ്ങളെ തള്ളി പറയാറുണ്ട്...

എന്തായാലും ഗാന്ധിജിയുടെ കൊലക്കു പിന്നിലെ മനോവികാരം മത തീവ്രതയാണെന്നു ആവര്‍ത്തിക്കേണ്ടതില്ല. അതുപോലെ ആര്യ ദ്രാവിഡ വൈരുദ്ധ്യങ്ങള്‍ കെട്ടുകഥയാണെന്നു കേംബ്രിഡ്ജ് സര്‍വ്വകലയോ മറ്റോ ഗവേഷണം ചെയ്തു തെളിയിച്ചിട്ടുണ്ടത്രെ. ആര്യ അധിനിവേശം ഭാരതത്തില്‍ ഉണ്ടായിട്ടേയില്ലത്രേ- ഞാന്‍ അത് വിശ്വസിക്കുന്നില്ല, എങ്കിലും ഇതേ കുറിച്ച് കുറെയധികം പ്രചാരങ്ങള്‍ നടക്കുന്നുവെന്നറിയാം. 

മറ്റൊന്ന് ഒരു disclaimer ഇട്ടത് വിനയം കാണിക്കാനല്ല - ചരിത്ര വിഷയങ്ങളില്‍ അക്കാദമികമായ യോഗ്യതയില്ലാത്തതിനാല്‍ എന്റെ സമീപനം വായനയെയും ചിന്തയെയും മുന്‍നിറുത്തിയാണെന്നതു കൊണ്ടാണ്. 

തിരുവിതാംകൂര്‍ രാജാക്കന്മാരെ കുറിച്ച് പറഞ്ഞത് ചരിത്ര സത്യങ്ങളല്ല എന്നും ചരിത്രമെന്നത് യുദ്ധത്തില്‍ ജയിക്കുന്നരുടെ സ്തുതിപാഠകര്‍ എഴുതി വെക്കുന്നതാണെന്നും പ്രതികരിച്ചു കണ്ടു. ഗാന്ധിജി പറഞ്ഞു - യഥാര്‍ത്ഥ ചരിത്രം എഴുതപ്പെടുന്നേയില്ലയെന്നു. ഞാന്‍ വിശ്വസിക്കുന്നു. 

വായനയില്‍ നിന്നും വരികള്‍ക്കിടയിലൂടെയുള്ള വായനയില്‍ നിന്നും കിട്ടുന്ന അറിവിനെ സ്വന്തം വിശ്വാസ പ്രമാണങ്ങളിലിട്ടുള്ള ഒരു ഹാഷിംഗ് പ്രക്രയിലൂടെയാണ് നമ്മള്‍ ചരിത്ര അവബോധം ആക്കുന്നത് - പ്രസ്താവനയല്ല, അതാണ് എന്റെ സമീപനം. ഒരു കാര്യം കൂടി - 1998ല്‍, ഒരു സാഹിത്യ വേദിയില്‍ ഡോ.അയ്യപ്പ പണിക്കരുടെ കവിതകളെ കുറിച്ച് ചെറിയ അവതരണം നടത്തി. എല്ലാം കഴിഞ്ഞു ചര്‍ച്ചക്കിടയില്‍ ഒരാള്‍ പറഞ്ഞു 'അങ്ങോരു വല്യ ഇംഗ്ലീഷ് പ്രഫസര്‍ ആയിരിക്കും പക്ഷെ കവിതയെഴുതാനറിയില്ല' എന്ന്. 

അയ്യപ്പ പണിക്കര്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു സമകാലീന യാഥാര്‍ഥ്യമായി അനുഭവിച്ചറിഞ്ഞിട്ടു കൂടി ഞാന്‍ മൗനം പാലിച്ചു. മാത്രമല്ല ആ സമയത്തു ആരും കേട്ടില്ലാത്ത ഒരു ക്രിസ്ത്യന്‍ സ്ത്രീ (അവരുടെ പേരുപറഞ്ഞപ്പോള്‍ തന്നെ കാര്യം പിടി കിട്ടിയിരുന്നു) യായിരുന്നു അതേക്കാളും വല്യ എഴുത്തുകാരി എന്ന് ഉറപ്പിച്ചു പറഞ്ഞിട്ടും പിടിച്ചു നിന്നു, പ്രതികരിക്കാതെ. ഇവിടെ തിരുവിതാംകൂര്‍ ചരിത്രം നമ്മളെല്ലാം അറിയുന്നത് വായനയിലൂടെയോ വായ് മൊഴികളിലൂടെയോ ആണ്. 

അല്ലാതെ വേലുത്തമ്പി ദളവ കൈക്കൂലി വാങ്ങിയയാളുടെ കൈവെട്ടുന്നതോ, മാര്‍ത്താണ്ഡവര്‍മ്മ അമ്മാവനെ കൊല്ലുന്നതു കണ്ടിട്ടോ അല്ല. രാജ്യഭരണ ചരിത്രത്തില്‍ അമ്മാവനെ കൊല്ലുന്നതു വല്യ കാര്യമാണോ? ഔറംഗസീബ് സ്വന്തം സഹോദരനെ കൊന്നിട്ടാണ് അധികാരം പിടിച്ചെടുത്തത്. വ്യതാസം നമ്മള്‍ വായിക്കാന്‍ തെരെഞ്ഞെക്കുന്നതെന്ത്, വായനക്ക് ശേഷം നേരത്തെ പറഞ്ഞ ഹാഷിംഗ് പ്രക്രിയയില്‍ നിന്നും സ്വീകരിക്കുന്നതെന്ത് എന്നിടത്താണ്. പിന്നെ എഴുതുന്നയാളാര്, അയാളുടെ മതം ജാതി ലിംഗസ്വത്വം ഇതൊക്കെയും മലയാളിയുടെ അഭിപ്രായങ്ങളെ സ്വാധീനിച്ചു കാണാറുണ്ട്. അതൊക്കെ കൊണ്ടുതന്നെ രണ്ടാം ഭാഗം വായിച്ചു കഴിയുമ്പോള്‍ കമ്മ്യൂണിസ്റ്റു അനുഭാവി ഇപ്പോള്‍ ആം ആദ്മിയുടെ ആളായോ എന്ന് തോന്നിയേക്കാം - അത് സ്വാഭാവികം മാത്രം..ഇനിയും വായിക്കുമല്ലോ പ്രതികരിക്കുമല്ലോ.

അടുത്തയാഴ്ച :
അമേരിക്ക - ഗണ്‍ നിയന്ത്രണങ്ങള്‍ സാമാന്യ ബുദ്ധിക്ക് അതീതമോ?

മാറുന്ന ദേശീയത : ബദല്‍ രാഷ്ട്രീയ സംവിധാനം-2  (അനിലാല്‍ ശ്രീനിവാസന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക