Image

ക്ഷമാദിനം(ഗദ്യകവിത: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 08 March, 2018
ക്ഷമാദിനം(ഗദ്യകവിത: ജോണ്‍ വേറ്റം)
സകലും സഹോദരങ്ങളെന്നു നിനച്ചും, സമഭാവയോടെ 
സ്‌നേഹിച്ചും, നിത്യരക്ഷയിലെത്തുവാന്‍ വഴിതെളിച്ച യേശുനാഥാ!

സമസ്തലോകം നമിച്ചിടും നിന്‍ സ്ഥിതിസമത്വസിദ്ധാന്തത്തില്‍,
വര്‍ഗ്ഗാനന്തരവും വിഭാഗീയതയും വിമതവിദ്വേഷവുമില്ല.

കരുണയും കളങ്കമറ്റകര്‍മ്മനിഷ്ഠയും  താഴ്മയും നീതിയും
ജനജീവനത്തില്‍ നിത്യം നിറയ്ക്കും നിന്‍ നിര്‍മ്മലനിയോഗം;

അമാനുഷികക്രിയകളിലൂടെ, അത്ഭുതരോഗശാന്തിയിലൂടെ,
ആത്മീയസുധയില്‍, മഹിമയില്‍, മാനവമതത്തിനു നല്‍കി.

അദ്ധ്വാനിക്കുന്നവന്റെ ആഹാരം ദാനമല്ല അവകാശമാണെന്ന
നിന്റെ തത്വം, സമകാലികരാഷ്ട്രീയത്തില്‍ ആധാരശിലയായി!

അന്ന് അപ്പവും വീഞ്ഞും വാഴ്ത്തി ശിഷ്യര്‍ക്കു നല്‍കിക്കൊണ്ട് നീ സ്ഥാപിച്ച,
പുതിയനിയമവ്യവസ്ഥിതി രക്ഷാമാര്‍ഗ്ഗവും വെളിവുമായി!

അന്ന് രാവില്‍, സ്വയം മറന്ന അനുചാരി നിന്നെ ഒറ്റിക്കൊടുത്തു!
അധികാരികള്‍ വൃഥാ ബന്ധിച്ചു അതിക്രൂരമായ് മര്‍ദ്ദിച്ചു!

'നീ ദൈവത്തിന്റെ ക്രിസ്തു' എന്നേറ്റു പറഞ്ഞ ശിഷ്യന്‍ തള്ളിപ്പറഞ്ഞു!
നിര്‍ദ്ദോഷിയും നീതിമാനുമെന്നറിഞ്ഞിട്ടും നീതിപീഠം ശിക്ഷിച്ചു!

ഇരുമ്പാണികള്‍ കാല്‍കരങ്ങളില്‍ തുളച്ചുകയറുമ്പോള്‍,
നിണധാരകളില്‍ നനഞ്ഞ കുരിശില്‍കിടന്നു നീ പിടഞ്ഞു!

കാടിയും കൈയ്പും തന്നു പടജനം പരിഹസിച്ചു രസിച്ചപ്പോള്‍,
കദനഭാരത്താല്‍ കണ്ണീരണിഞ്ഞ കരുണാത്മാവേ! നീ മൊഴിഞ്ഞു:

'പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നതെന്ന്
അറിയാത്തതുകൊണ്ട് ഇവരോടു ക്ഷമിയ്ക്കണമേ'

മനുഷ്യമനസ്സാക്ഷിയില്‍ മാനസാന്തരം മെനഞ്ഞൊരാ യാചന,
പ്രവചനനിവൃത്തിയും വിശ്വാസ സത്യവുമായെങ്കിലും, രക്ഷകാ!

ഭാഷാന്തരം, നിന്‍ ശ്രേഷ്ഠ സിദ്ധാന്തത്തില്‍ ഭക്തിസാധന ചോര്‍ത്തി,
മായം ചേര്‍ത്തു വില്‍ക്കുന്നു; സാരസംശയം, സമാന്തരചിന്തകള്‍.

അക്രമം അഴിമതികലഹം ലൈംഗികതിന്മ വ്യവഹരണവും,
അനുവര്‍ത്തിച്ചനുദിനം ചിന്തിയ്ക്കുന്നു ഭക്തരാം ആരാധകരെ.

ദുഃഖ വെള്ളിയാഴ്ച നിന്‍ ജീവബലിയുടെ അനുസ്മരണദിനം!
ആധുനികതയിലതു, ആത്മോദയമില്ലാത്തൊരു ആഘോഷവേള!

കറുത്ത ആചാരത്തില്‍ പൊതിഞ്ഞു ക്രൂശിന്റെ നിറംമാറ്റുന്നു മതം!
കനത്തധനികതയുടെ പാതവക്കത്തതിനെ നാട്ടുന്നു മതം!

ബലിമരണസ്മാരകം ഒരു സമുത്ഥിതദിനമായി മാറണം!
ഏകോപനത്തിന്റെ, വിമോചനത്തിന്റെ, വിശ്വസമാധാനത്തിന്റെ,

മതാധീതമാം മനുഷ്യസ്‌നേഹത്തിന്റെ, സംഗമസമയമാകണം!
ക്ഷമിക്കും ദിനമായി ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കണം!

ക്ഷമാദിനം(ഗദ്യകവിത: ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക