Image

ലീലാ ജെ എന്നിരിയില്‍ - കഥകള്‍, കഥാപാത്രങ്ങള്‍ (സപ്ന അനു ബി. ജോര്‍ജ്)

Published on 14 March, 2018
ലീലാ ജെ എന്നിരിയില്‍ - കഥകള്‍, കഥാപാത്രങ്ങള്‍ (സപ്ന അനു ബി. ജോര്‍ജ്)
ഭാവനയിലുള്ള ഒരു സന്ദര്‍ഭം മനോഹരമായി ചിത്രീകരിക്കുകയാണ് ഒരു ചെറുകഥയിലൂടെ ചെയ്യുന്നത്. എന്നാല്‍ നോവലില്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യാപ്തിയോടെ പരത്തി പറയുന്നു. പഴയ മുത്തശ്ശികഥകളാണ് ചെറുകഥയുടെ ആദിരൂപം എന്നു കരുതപ്പെടുന്നു.

ഒഴിച്ചു കൂടാനാവാത്ത വിധം തങ്ങളുടെ നിലപാടുകള്‍ സ്തീകള്‍ കഥാസാഹിത്യത്തില്‍ സ്ഥാപിച്ചു കഴിഞ്ഞു. ഒന്നിനൊന്ന് വ്യത്യസ്ഥമാണവ! അവയില്‍ അന്തര്‍ഭവിച്ചിരിക്കുന്ന കാഴ്ചപ്പാട് ഒറ്റ നോട്ടത്തില്‍ വായിച്ചെടുക്കാനാവുന്നതല്ല. സുഗതകുമാരിയില്‍ നിന്നും, മാധവിക്കുട്ടിയില്‍ നിന്നും തുടങ്ങി, ഒമനാ ഗന്ധര്‍വനിലൂടെ,നീനാ പനക്കല്‍, ചന്ദ്രികാ ബാലന്‍, രാധാ വേണുപ്രസാദ്, നിര്‍മ്മല, പ്രിയ എസ്, സംഗീത ശ്രീനിവാസന്‍, ഗീത ബക്ഷിയിലൂടെ ഇന്നത്തെ തലമുറയിലെ ആന്‍സി മോഹന്‍, കുഞ്ചൂസ് ഇന്നിങ്ങനെയുള്ളവരുടെ കഥകള്‍ അതിന്നടിവരയിടുന്നുണ്ട്. സ്ത്രീ കാഴ്ചപ്പാടിലൂടെയാണ് അത് കൂടുതല്‍ പ്രകടമാകുന്നത് . അതുകൊണ്ടു തന്നെ ആത്മനിര്‍വചനത്തിനു വേണ്ടിയുള്ള സ്ത്രീയുടെ അന്വേഷണമായി അവരുടെ എഴുത്തിനെ നമുക്ക് നോക്കിക്കാണാം! ദൈനംദിന ജീവിതത്തിലെ ഏടുകളും, വീടുവീടാന്തരം നടക്കുന്ന പ്രശ്‌നങ്ങളും അവയിലെ വിവിധ ഭാവങ്ങളും തമ്മിലേറ്റുമുട്ടുമ്പോഴുണ്ടാകുന്ന ഒരു മാനസീകാവസ്ഥ കഥയുടെ എഴുത്തിനെ സ്വാധീനിക്കുന്നുണ്ടാവം! പലതരം വേഷങ്ങള്‍ , ഒരേസമയം ജീവിതത്തില്‍ സ്വയം ആടിത്തീര്‍ക്കുന്നവളാണ് സ്ത്രീ. കാമുകി ഭാര്യ അമ്മ ഉദ്യോഗസ്ഥ എഴുത്തുകാരി എന്ന നിലകളിലുള്ള വേഷച്ചുവടുകള്‍ ഒരു ഉന്മാദിനിയുടെ ഭാവത്തിലേയ്ക്ക് സ്ത്രീയെ കൊണ്ടെത്തിക്കുന്നതിനാല്‍ കഥകളുടെ ഭാവങ്ങളും അതീവ വികാരപരങ്ങളാണ്.

ഒരു പുഴയില്‍ രണ്ടുതവണ ഇറങ്ങാല്‍ കഴിയില്ല, പക്ഷെ ചില പുഴകള്‍ നാമറിയാതെ നമ്മുടെ ഓരൊ ചുവടും ഒഴുക്കില്‍ പറന്നുകൊണ്ടെയിരിക്കും! ഈ ജന്മം മുഴുവന്‍ ആ പുഴനീരാന്നു എന്റെ കഥകകളുടെ ഉറവ്... എന്ന്,പത്രപ്രവര്‍ത്തകയും, കഥാകൃത്തും ആയ ഗീത ബക്ഷി തറപ്പിച്ചു പറയുന്നു. എന്നാല്‍ ആദ്യമായി കഥ എഴുതിയ രാധ വേണുപ്രസാദിന്റെ കാഴ്ചപ്പാടില്‍, കഥകള്‍ ഹൃദയത്തില്‍ നിന്ന് വരണം, യാഥാര്‍ഥ്യങ്ങളുമായി ചേര്‍ന്നു നിക്കുന്നവയാകണം, കഥകള്‍ ഭാവപ്രചുരമായ, അര്‍പ്പണശീലമുള്ള, ഭാവമയമായിരിക്കണം ഉണ്ടാകേണ്ടത്! ഇക്കാലത്തെ കഥകൃത്തായ ആന്‍സിയുടെ കാഴ്ചപ്പാടില്‍ "അടക്കവും ഒഴുക്കുമുള്ള ഭാഷയില്‍ വിഷയത്തില്‍ ഒതുങ്ങി നിന്നു കൊണ്ട് വായനക്കാരന്റെ വികാരവിചാരങ്ങളെ ഉദ്ദീപിപ്പിക്കാന്‍ ശേഷിയുള്ളവയാകണം ചെറുകഥകള്‍“.

മലയാള സാഹിത്യത്തിലെ ഒരു നോവലിസ്റ്റും,ചെറുകഥാകൃത്തും അധികം അറിയപ്പെടാതെ പോയ ഒരു പെണ്ണെഴുത്തുകാരിയുമാണ് അകാലത്തില്‍ പൊഴിഞ്ഞുപൊയ ലീലാ ജെ എന്നിരിയില്‍ എന്ന തൂലികാനാമമുള്ള മേരി ജേക്കബ്. കഥാകൃത്തിന്റെയും ജീവിതവും കഥയും, ഇതുപോലെ ജീവിതത്തോടു അടുത്തു നിര്‍ത്തിയ ഒരു വ്യക്തിയാണ് ലീല. 1957 ത്രിശ്ശൂര്‍ മംഗളോദയം പ്രസിദ്ധികരിച്ച ‘നാടിന്റെ മക്കള്‍‘ എന്ന നോവല്‍ ഇന്നും ത്രിശ്ശൂര്‍ സാഹിത്യ അക്കാദമിയി ലൈബ്രറിയില്‍ ലഭ്യമാണ്. “ തന്റെ പുസ്തകത്തെപ്പറ്റിയുള്ള ആദ്യപേജിലെ പ്രസ്താവനയില്‍ അറിയേണ്ടതെല്ലാം മഹാകവി ജി ശങ്കരക്കുറിപ്പിന്റെ ആമുഖത്തില്‍ പറയുന്നുണ്ട് എന്നും,പ്രത്യേകിച്ച് സ്വയം തനിക്കൊന്നും എടുത്തുപറയാനില്ല എന്നും, അദ്ദേഹത്തോടുള്ള എക്കാലത്തെയും കടപ്പാടുമാത്രം രേഖപ്പെടുത്തുന്നു എന്നും പറയുന്നു. കൂടെ ഈ പുസ്തകത്തിനുവേണ്ടി ചെറുതും വലുതുമായ സഹായം ചെയ്തവരോടെല്ലാം നന്ദി പറഞ്ഞു കൊണ്ട് ഈ ചെറിയ നോവല്‍ സമര്‍പ്പിച്ചുകൊള്ളുന്നു എന്ന് പറഞ്ഞു നിര്‍ത്തുന്നും കാഥകൃത്തായ ലീല. ശങ്കരക്കുറിപ്പിന്റെ വിശദമായ ആമുഖം കാഥാകാരിയെക്കുറിച്ചും , നോവലിനെക്കുറിച്ചു ആ കാലഘട്ടത്തെക്കുറിച്ചു കൃത്യമായി പറയുന്നു. “ നമ്മുടെ ഭാഷയിലെ പല പുരോഗമനവാദികളും ആദ്യത്തെ സിദ്ധാന്തം ആദരിച്ചുകൊണ്ട് കഥകളിലും നോവലുകളിലും കവിതകളിലും ജീവിതത്തെ വ്യാഖ്യാനിച്ചുപോന്നിട്ടുണ്ട്! നാടിന്റെ മക്കള്‍ എന്ന ഈ ചെറിയ നോവലിനു ഈ വിഷയത്തില്‍ ഹൃദ്യമായ ഒരു പുതുമ കാണാം. പരിവര്‍ത്തനത്തിനു സ്‌നേഹത്തിന്റെയും സേവനത്തിന്റെയും മാര്‍ഗ്ഗമാണ് ഗ്രന്ഥകര്‍ത്തി നിര്‍ദ്ദേശിക്കുന്നത്; വൈരത്തിന്റെയും പ്രതികാരത്തിന്റെയും അല്ല!പ്രസിദ്ധ സാഹിത്യകാരിയായ പേള്‍ബക്കിനോട് പ്രതിപാദനരീതിയില്‍ കടപ്പാടുണ്ടായിരിക്കാം എന്നാലും ശ്രീ. ലീലാ ജെ എന്നിരിരിയില്‍ മലയാളസാഹിത്യത്തിന് സംങ്കല്പത്തിലും ആദര്‍ശത്തിലും നൂതനമായ ഒരു നോവല്‍ സര്‍വ്വോദയപ്രസ്ഥനവീക്ഷണം പ്രതിബിംബിക്കുന്ന ആദ്യത്തെ നോവല്‍, സംഭാവനം ചെയ്തിരിക്കുന്നു. ഗ്രന്ഥകര്‍ത്തിക്കു തീര്‍ച്ചയായും ഇതി അഭിമാനം കൊള്ളാം “ എന്ന് ആമുഖത്തില്‍ മഹാകവി ജീ. ശങ്കരക്കുറിപ്പ് പറയുന്നു.

കഥയുടെ ഇതിവൃത്തം ഏതാണ്ട് ഇങ്ങനെയാണ്. ന്യൂയോര്‍ക്കില്‍ ഒരു കോളേജ് അദ്ധ്യാപകനായി കഴിഞ്ഞുകൂടുന്ന ശേഖര്‍ പാശ്ചാത്യ സംസ്കാരത്തെ ആദരിക്കുകയും അനാവശ്യസംബ്രദായങ്ങളെ നിരാകരിക്കുകയും ചെയ്യുന്നു. ഭര്‍തൃപ്രേമത്തില്‍ , വിദ്ധ്യാഭ്യസത്തിന്റെ അഭാവത്തിലും പ്രിയതമന്റെ കൂടിത്താമസിക്കുന്ന മീസ്സിസ്. ശേഖര്‍ .ഈ ദംബതികളും മക്കളായ ഡോക്ടര്‍ ശ്യാം, രാജ്, രാധ, രം ഇവരാണ് ഈ നോവലിലെ മുഖ്യ കഥാപാത്രങ്ങള്‍. ജാതിഭേതം,ധനികദരിദ്രബോധം , കര്‍മ്മാലസ്യം, അനാരോഗ്യം അജ്ഞത മുതലായ ഗ്രാമജീവിതശ്ത്രുക്കളോടുള്ള സമരത്തില്‍ മറ്റനേകം വ്യക്തികളുടെ സജീവഛായകളും ഈ കൊച്ചു നോവലില്‍ വന്നുചേരുന്നുണ്ടെന്ന് ജി ശങ്കരക്കുറുപ്പ് തറപ്പിച്ചു പറയുന്നു. ഗ്രാമത്തിന്റെ സംബത്തും ശുചിത്വവും സൌന്ദര്യവും നല്‍കുന്ന് കുളിരുപോലെയുള്ള ഒരു കഥ എന്ന് അദ്ദേഹം സംഗ്രഹിച്ചു പറയുന്നു.

1930 ല്‍ കോട്ടയം ജില്ലയിലെ കഞ്ഞിക്കുഴിയില്‍ ഇ ഐ ചാക്കൊയുടെയും അന്നമ്മ ചാക്കൊയുടെയും മകളായി ജനിച്ചു. കോട്ടയം മൌണ്ട്കാര്‍മല്‍ സ്കൂളില്‍ പ്രാദ്ധമികവിദ്യാഭ്യാസവും , തുടര്‍ന്ന് എറണാകുളം സെന്റ് തെരെസാസില്‍ ഇന്റെര്‍മീഡിയറ്റും പഠിച്ചു. ഹൃദയത്തിന്റെ വാല്‍വിന്റെ അസുഖത്താല്‍ സ്ഥിരമായി ക്ലാസ്സില്‍ വരാന്‍ സാധിച്ചിട്ടിലെങ്കിലും, അടുത്തമുറിയില്‍ കിടന്നു ലെക്ചറുകള്‍ കേട്ടുപഠിച്ചു. എന്നാല്‍ തുടര്‍ന്നുള്ള വിദ്ധ്യാഭാസത്തില്‍ മഡ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നീന്ന് റാങ്കും കരസ്ഥമാക്കി. വായനയി വളരെ ആവേശം ഉണ്ടായിരുന്ന ലീലയുടെ ഇഷ്ടപുസ്തകങ്ങള്‍ പി ജി വുഢ്‌ഹൌസ്, അന്ന കരീന, പേള്‍ ബക്‌സ് എന്നിവരാണ് . തുടര്‍ന്നുള്ള ജീവിതത്തില്‍ കോട്ടയം മാങ്ങാനം ആശ്രമത്തിന്റെ സാമൂഹിക സേവനത്തില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചിരുന്നു. മനോരമ വീകിലിയില്‍ കോളം എഴുതാറുണ്ടായിരുന്നു. കൂടെ മനോരമയില്‍ ചെറുകഥകളും എഴുതിത്തുടങ്ങി. 1958ല്‍ 28ആം വയസ്സില്‍ ഹൃദയത്തിന്റെ ഒരു ഓപ്പറേഷനോടെ ലീല ജെ എന്നിരിയില്‍ മരണം സ്വീകരിച്ചു.

ഒടിക്കുറിപ്പ്:  ലീല ജെ എന്നിരിയില്‍ എന്ന കഥാകൃത്തിന്റെ അനന്തരവള്‍ എന്ന സ്ഥാനം എനിക്കുണ്ട്. നോവലില്‍ പ്രതിപാദിച്ചിട്ടുള്ള സംഭവങ്ങള്‍ പറയാനോ എഴുതാനോ, കഥാപാത്രങ്ങളെ പരിചയപ്പെടുത്താനൊ ഈ പേജുകള്‍ പോര എങ്കിലും നോവലിന്റെ താളുകള്‍ തേടിപ്പൊകാന്‍ എന്ന് പ്രേരിപ്പിച്ച ലീലാമ്മകൊച്ചമ്മയോടുള്ള നന്ദിയും സ്‌നേഹവും ആദരവും ഇവിടെ സമര്‍പ്പിക്കുന്നു.
ലീലാ ജെ എന്നിരിയില്‍ - കഥകള്‍, കഥാപാത്രങ്ങള്‍ (സപ്ന അനു ബി. ജോര്‍ജ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക