മലയാളത്തിലും തമിഴിലുമുള്ള സിനിമകളിലും
സീരിയലുകളിലും അറിയപ്പെടുന്ന ഒരു നടിയാണ് വരദ. 2006-ല്‍ പുറത്തിറങ്ങിയ
'വാസ്തവം' എന്ന സിനിമയില്‍ക്കൂടിയാണ് അഭിനയ ജീവിതത്തിന്റെ തുടക്കം. 2008-ല്‍
പുറത്തിറങ്ങിയ 'സുല്‍ത്താന്‍' എന്ന സിനിമയില്‍ നായികയായിരുന്നു.
സിനിമയില്‍ അത്യുജ്ജലമായ അഭിനയം കാഴ്ച്ച വെച്ചെങ്കിലും വരദ പ്രസിദ്ധയായത്
മിനി സ്ക്രീനില്‍ സീരിയല്‍ നടിയായുള്ള അഭിനയത്തില്‍ക്കൂടിയാണ്. നിരവധി
പുരസ്കാരങ്ങളും അവാര്‍ഡുകളും മിനി സ്ക്രീനുകളില്‍ ചുരുങ്ങിയ കാലഘട്ടത്തില്‍
കരസ്ഥമാക്കുകയും ചെയ്തു. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതില്‍
പിന്നീടാണ് വരദയെന്ന പേര് സ്ഥിരമായത്. അതിനുമുമ്പ് വീട്ടിലും സ്കൂളിലും
'എമി മോള്' എന്നറിയപ്പെട്ടിരുന്നു.
1988 ഏപ്രില്‍ 29ന് തൃശൂരുള്ള മോഹന്‍ എബ്രാഹം പടന്നമാക്കലിന്റെയും പുഷ്പ്പ
മോഹന്റെയും മകളായി ജനിച്ചു. വരദയ്ക്ക് 'എറിക്ക് മോഹന്‍' എന്ന
സഹോദരനുമുണ്ട്. 2004-ല്‍ തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ
വിദ്യാഭ്യാസത്തിനുശേഷം 'ഇരവു' സ്ഥലത്തുള്ള ഹയര്‍ സെക്കണ്ടറി സ്കൂളില്‍
നിന്നും ഹൈസ്കൂള്‍ പൂര്‍ത്തിയാക്കി. കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍
നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. 2014 മെയ്
ഇരുപത്തിയഞ്ചാം തിയതി അമല എന്ന സീരിയലില്‍ ഒപ്പം അഭിനയിച്ചുകൊണ്ടിരുന്ന
നടനായ ജിഷിന് മോഹനെ വിവാഹം കഴിച്ചു. 2017മാര്‍ച്ചു ഇരുപത്തിമൂന്നാം തിയതി ഈ
ദമ്പതികള്‍ക്ക് 'ജിയാന്‍' എന്ന ഒരു ആണ്‍കുട്ടി കുട്ടി ജനിച്ചു.
ഒരു താരത്തിനൊത്ത അഴകാര്‍ന്ന മുഖതേജസോടെയുള്ള നടിയാണ് വരദ. 'സുല്‍ത്താന്‍'
എന്ന സിനിമയില്‍ക്കൂടിയാണ് അഭിനയ രംഗത്ത് വന്നതെങ്കിലും പ്രേക്ഷക
ഹൃദയങ്ങളില്‍ നിറയാന്‍ തുടങ്ങിയത് അമല എന്ന സീരിയലില്‍ അഭിനയിക്കാന്‍
തുടങ്ങിയ സമയം മുതലാണ്. സദാ ചിരിച്ചും കളിച്ചും ഉല്ലസിച്ചും നടക്കുന്ന ഈ
യുവ നടിക്ക് ഒരു താരമാണെന്നുള്ള അഹന്ത ഒരിക്കലുമുണ്ടായിട്ടില്ല. 'മഴവില്‍
മനോരമ'യിലെ ജനപ്രിയ നായികയായിരുന്നു അമലയായി അഭിനയിച്ച വരദ. 'അമല' എന്ന
സീരിയലില്‍ തിളങ്ങി നില്ക്കവേ അതിലെ വില്ലനുമായി വരദ പ്രേമത്തിലായതും
ഒടുവില്‍ നായികയെ വില്ലന്‍ ജീവിതത്തിലും സ്വന്തമാക്കിയതും വലിയ
വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. സീരിയലിലെ ക്രൂരനായ വില്ലന്‍ പ്രശസ്ത
നായികയും നിഷ്കളങ്കയുമായ ഒരു പെണ്ണിനെ സ്വന്തമാക്കിയപ്പോള്‍ എതിര്‍പ്പുകള്‍
സ്വന്തം വീട്ടില്‍ നിന്നും ആയിരക്കണക്കിന് ആരാധകരില്‍ നിന്നും
ഒരുപോലെയുണ്ടായി. പാവം നായികയെന്ന സഹതാപം ലക്ഷക്കണക്കിന്
പ്രേഷകരില്‍നിന്നും ലഭിച്ചിരുന്നു.
തമിഴിലും മലയാളത്തിലും കന്നഡയിലും വരദ നായികയായി അഭിനയിച്ചിട്ടുണ്ട്.
2006-ല്‍ മലയാളത്തിലെ 'വാസ്തവം' എന്ന സിനിമയില്‍ ബാലചന്ദ്രന്റെ സഹോദരിയായും
'യേസ് യേസ് യുവര്‍ ഹോണര്‍' എന്ന സിനിമയില്‍ രവിശങ്കറുടെ മരുമകളായും
അഭിനയിച്ചു. സുല്‍ത്താനില്‍ നിഷിധ, മകന്റെ അച്ഛനില്‍ ആന്‍, ഉത്തരാ
സ്വയംവരത്തില്‍ അമ്പിളി, വലിയങ്ങാടിയില്‍ ഗൗരി, മുതലായ സിനിമകളിലും
അഭിനയിച്ചിരുന്നു. 2012-ല്‍ തമിഴിലെ കാതലിക്കലമ, കന്നഡയിലെ അജന്ത എന്നീ
സിനിമകളിലും വരദയുടെ അഭിനയം കാഴ്ച്ച വെച്ചിരുന്നു. സൂര്യ ടീവിയിലെ
സ്നേഹക്കൂടിലെ സ്വപ്ന (2012), മഴവില്‍ മനോരമയുടെ ഹൃദയം സാക്ഷി സീരിയലില്‍
ഭാമയും ഗാഥയും ഇരട്ട റോളുകള്‍(2013), മഴവില്‍ മനോരമയുടെ അമല (2013-2015),
സൂര്യ ടിവിയുടെ സ്പന്ദനം (2015), ഏഷ്യ നെറ്റിലെ പ്രണയം സീരിയലില്‍ ഡോ.
ലക്ഷ്മി ഷരന്‍ (2015-2017) അമൃത ടീവിയിലെ ജാഗ്രതയില്‍ ശിവകാമി, (2017) ഒരു
ടെലിഫിലിമായ സൂര്യ ടീവിയിലെ മാലാഖായുടെ മകള്‍ (2017) മുതലായ സീരിയലുകളില്‍
വരദ അഭിനയിച്ചിരുന്നു. നിരവധി പ്രോഗ്രാമുകളില്‍ അവര്‍ സെലിബ്രറ്റി
അതിഥിയായി എത്തിയിട്ടുണ്ട്. ഫ്ളവേഴ്സ്, സൂര്യ, മഴവില്‍, ഏഷ്യാനെറ്റ്,
കൈരളി, ടിവി പരിപാടികളില്‍ പങ്കെടുക്കുന്നതും പതിവാണ്. സെലിബ്രിറ്റി ലീഗ്,
പൊന്നോണ ഓണം, ഡോണ്ട് ഡു ഡോണ്ട് ഡു, കോമഡി സ്റ്റാര്‍സ്, ഒന്നും ഒന്നും
മൂന്ന്, അശ്വമേധം, സൂര്യോത്സവം, നമ്മള് തമ്മില്‍, ശ്രീകണ്ഠന് നായര്‍ ഷോ,
വനിത, റണ്‍ ബേബി റണ്‍ എന്നീ പ്രോഗ്രാമുകളില്‍ സെലിബ്രറ്റിയായി
എത്തിയിരുന്നു. റീയാലിറ്റി ഷോകളിലും അവര്‍ തനതായ കഴിവുകള്‍
പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. കൈരളി ടെലിവിഷനില്‍ 'പട്ടുറുമാലില്‍'
അവതാരകയായി (അിരവീൃ) തിളങ്ങിയിരുന്നു. 'രാരീ രാരീരം രാരോ' എന്ന കൗമുദി
ടിവിയിലും അവതാരികയായി തന്നെ പങ്കെടുത്തു. കൈരളി ടീവിയില്‍ 'ആര്‍പ്പോ എറോ'
എന്ന പരിപാടിയില്‍ മത്സരാര്‍ത്ഥിയായി സമ്മാനങ്ങള്‍ നേടി. സൂര്യാ ടീവിയിലെ
സ്റ്റാര്‍ വാറിലും ഫഌവഴ്സ് ടീവിയിലെ 'താമര പത്രത്തിലും' സൂര്യ ടീവിയിലെ
സൂപ്പര്‍ ജോഡിയിലും പങ്കെടുത്തിരുന്നു. ഫഌവഴ്സ് ടീവിയില്‍ 'മലയാളി
വീട്ടമ്മ' പരിപാടിയില്‍ സഹനടിയുമായിരുന്നു.
അമലയായി (മഴവില്‍ മനോരമ)അഭിനയിച്ചതിന് നിരവധി അവാര്‍ഡുകള്‍ വരദ
നേടിക്കഴിഞ്ഞു. സുരാസു മെമ്മോറിയല്‍ അവാര്‍ഡ്, കളര്‍ ഫുള്‍ ഫിലിം ആന്‍ഡ്
ടീവി അവാര്‍ഡ്, കണ്ണൂര്‍ രാജന് അവാര്‍ഡ്, മണപ്പുറം അവാര്‍ഡ്, സി.കെ.എം.എ
അവാര്‍ഡ്, സ്മാര്‍ട്സ് കണ്ണൂര്‍ അവാര്‍ഡ്, വിന്ധ്യന് അവാര്‍ഡ് എന്നിങ്ങനെ
അവാര്‍ഡുകളുടെ ഒരു നിരതന്നെയുണ്ട്. പ്രണയം സീരിയല്‍ അഭിനയത്തിനും
ഏഷ്യനെറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു.
'അമല' എന്ന സീരിയലില്‍ നായികയായി വരദ അഭിനയിച്ചപ്പോള്‍ അതില്‍ വില്ലനായി
അഭിനയിച്ചത് ജിഷിനായിരുന്നു. വരദ പറയുന്നു, "ആദ്യമായി താന്‍ ജിഷിനെ
കണ്ടുമുട്ടിയപ്പോള്‍ ജിഷിനോട് അത്രമാത്രം മതിപ്പൊന്നും തോന്നിയിരുന്നില്ല.
എന്നാല്‍ സംഗീതത്തിന്റെ താല്‍പ്പര്യം വന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒരേ
സംഗീതവും പാട്ടും കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു." അങ്ങനെ ഒരേ
താളങ്ങളോടെയുള്ള സംഗീതം വരദയേയും ജിഷുവിനെയും നല്ല സുഹൃത്തുക്കളാക്കി.
അതിനുശേഷം വാട്സ് അപ്പു വഴിയും മറ്റു സോഷ്യല്‍ മീഡിയാകളില്‍ക്കൂടിയും
അവര്‍ തമ്മില്‍ സല്ലപിക്കുകയും അനുരാഗബദ്ധരായി സ്നേഹബന്ധം കൂടുതല്‍
അരക്കിട്ടുറപ്പിക്കുകയും ചെയ്തിരുന്നു.
മഴവില്‍ മനോരമയുടെ 'അമല' എന്നുള്ളത് ജിഷിന്റെ അഭിനയ ലോകത്തിലെ സുപ്രധാനമായ
ഒരു സീരിയലായിരുന്നു. ഈ സീരിയലിലും അദ്ദേഹത്തിനുണ്ടായിരുന്നത് വില്ലന്‍
റോളായിരുന്നു. വരദയാണ് അതിലെ പ്രധാന നായിക. 'ഹരീഷ്' എന്ന കഥാപാത്രത്തിനാണ്
ജിഷന് ജീവന് കൊടുത്തത്. അതിനുള്ളില്‍ അമല എന്ന കഥാപാത്രത്തോട് ചെയ്യുന്ന
ക്രൂരതമൂലം ഈ കഥാപാത്രം അതിവേഗം പ്രേഷകരുടെയിടയില്‍ ശ്രദ്ധിക്കപ്പെട്ടു.
അമല സീരിയല്‍ ഒരു വലിയ വിജയമായിരുന്നു. ഏഷ്യനെറ്റ് വിക്ഷേപണം ചെയ്ത 'അമ്മ'
ജിഷന്റെ വിജയിച്ച മറ്റൊരു സീരിയലായിരുന്നു. ജിഷന്, 'രാഹുല്‍' എന്ന
കഥാപാത്രത്തെ അവിടെ അവതരിപ്പിച്ചു. രാഹുല്‍ ബ്രിട്ടനില്‍ നിന്ന് പഠനം
പൂര്‍ത്തിയാക്കി മടങ്ങി വീട്ടില്‍ വരുകയായിരുന്നു. ആരംഭത്തില്‍ രാഹുല്‍
എന്ന കഥാപാത്രം വക്രതയും ക്രൂരതയും പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട്
കഥാപാത്രത്തിന്റെ സ്വഭാവത്തിന് മാറ്റം വരുന്നു. അയാള്‍ വില്ലനില്‍നിന്നും
നല്ലവനായി തീരുന്നു. ജിഷിന്റെ കഥാ പാത്രങ്ങളെല്ലാം ഒന്നുകില്‍
പരിപൂര്‍ണ്ണമായും വില്ലനായിരിക്കും. അല്ലെങ്കില്‍ നല്ലവനില്‍ നിന്ന്
വില്ലനാവുന്ന കഥാപാത്രമായിരിക്കും. ഇതിലെ കഥാപാത്രം വ്യത്യസ്തമായിരുന്നു.
അദ്ദേഹത്തന്റെ അഭിനയകല മുഴുവന്‍ ഈ നായകനില്‍ക്കൂടി പ്രകടമായിരുന്നു.
2014ല്‍ ഏഷ്യ നെറ്റിന്റെ വില്ലനായുള്ള അഭിനയത്തിന് ജിഷനായിരുന്നു അവാര്‍ഡ്
ലഭിച്ചത്.
മനോരമയില്‍ അമല എന്ന വരദ സ്വന്തം ജീവിതത്തെപ്പറ്റി മനസുതുറക്കുന്ന ഒരു
ലേഖനമുണ്ട്. അഭിമുഖ സഭാഷണത്തില്‍ ചോദിക്കുന്ന വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക്
ഉത്തരവും പറയുന്നു. തന്റെ പ്രേമവും ജീവിതത്തിലേക്ക് വന്ന അഭിനയ
വില്ലന്റെ യഥാര്‍ത്ഥ മുഖവും വരച്ചു കാട്ടുന്നുമുണ്ട്. വരദ പറയുന്നു,
"പ്രേമിച്ചു നടന്നിരുന്ന സമയത്ത് പരസ്പ്പരം കണ്ടു അടുത്തിടപഴുകി
നടക്കാനുള്ള അവസരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. യഥാര്‍ത്ഥ പ്രേമം
തുടങ്ങിയത് വിവാഹ ശേഷമായിരുന്നു. കമിതാക്കളുടെ ദിനമായ വാലന്റയിനില്‍ മാത്രം
ഒതുങ്ങുന്നതല്ല പ്രേമം. അത് നിത്യം പ്രേമമെന്ന ആ സത്ത ഞങ്ങളുടെ
ജീവിതത്തില്‍ പ്രതിഫലിക്കുന്നുണ്ട്. എങ്കിലും 'വാലന്റൈന്‍' ദിനങ്ങളില്‍
ജിഷിന് സമ്മാനങ്ങള്‍ നല്കാന് മറക്കില്ല. ഞങ്ങള്‍ തമ്മില്‍
ആദ്യകാലങ്ങളില്‍ വെറും സൗഹാര്‍ദ്ദം മാത്രമേയുണ്ടായിരുന്നുള്ളൂ. പാട്ടുകള്‍
ഞങ്ങളുടെ സ്നേഹിക്കുന്ന ഹൃദയങ്ങളെ അടുപ്പിച്ചു. ഞാന്‍ നായികയും ചേട്ടന്
വില്ലനുമായി അഭിനയിക്കുന്നതുകൊണ്ടു ലൊക്കേഷനിലും വളരെ അപൂര്‍വമായി മാത്രമേ
കണ്ടുമുട്ടുമായിരുന്നുള്ളൂ. പ്രേമം എന്ന സങ്കല്പം ഒരു
സൗഹാര്‍ദ്ദത്തെക്കാള്‍ ഉപരിയായി എന്റെ മനസിലുണ്ടായിരുന്നില്ല. ഒരിക്കല്‍
ചേട്ടന് എന്നോട് ഇഷ്ടമെന്ന് പറഞ്ഞു. എനിക്കതൊരു തമാശയായി തോന്നി. 'എന്താ
അസുഖം ബാധിച്ചോ' എന്ന് ഞാന്‍ ഒന്നും കാര്യമാക്കാതെ മറുപടി കൊടുത്തു. ഒരു
ദിവസം ഞാന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയം ചേട്ടന് എന്റെ മാതാപിതാക്കളെ
കണ്ട് എന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. വാസ്തവത്തില്‍
അത്തരം ഒരു നീക്കം എന്നെ സംബന്ധിച്ച് ഒരു ഞെട്ടലായിരുന്നു. വിവാഹാലോചന
വന്നപ്പോള്‍ എന്റെ മാതാപിതാക്കളില്‍നിന്നും ശക്തമായ
എതിര്‍പ്പുകളുണ്ടായിരുന്നു. അവര്‍ നിത്യം അമല സീരിയല്‍
കാണുന്നുണ്ടായിരുന്നു. സ്വന്തം മകളെ വില്ലന്‍ ഉപദ്രവിക്കുന്ന രംഗങ്ങള്‍
കാണുന്നതുകൊണ്ടു അവര്‍ വില്ലനായ ഈ നടനെ വെറുത്തിരുന്നു.
സീരിയലിലെപ്പോലെയാണ് ജീവിതമെന്നും അവര്‍ തെറ്റി ധരിച്ചു. പിന്നീട് ചേട്ടനെ
മനസിലാക്കി വന്നപ്പോള്‍ അവരുടെ എതിര്‍പ്പുകളുടെ ശക്തി കുറയുകയും ചെയ്തു.
ചേട്ടന്റെ വ്യക്തിത്വം മനസിലാക്കുകയും ചെയ്തു. ഞങ്ങളുടെ പ്രേമം
വാസ്തവത്തില്‍ ആരംഭിച്ചത് വിവാഹ ശേഷമാണ്. സ്വാതന്ത്ര്യത്തോടെ അതിനു ശേഷം
പുറത്തു കറങ്ങാനും ആഘോഷങ്ങളില്‍ പങ്കു ചേരുവാനും സുഹൃത്തുക്കളുമായി കമ്പനി
കൂടുവാനും സാധിച്ചു. രണ്ടു പേരും പല സ്ഥലങ്ങളിലായി ഷൂട്ടിങ്ങില്‍
തിരക്കിലായതിനാല്‍ വളരെ കുറച്ചു സമയം മാത്രമേ ഒന്നിച്ച് പരസ്പ്പരം
കൂടുവാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ഞങ്ങളുടെ സ്നേഹത്തെ അത് കൂടുതല്‍
ദൃഢതരമാക്കുകയാണുണ്ടായത്. ഞങ്ങള്‍ തമ്മിലുള്ള പ്രേമം തീവ്രമാവുകയും
ചെയ്തു."
ഒരു ജേര്ണലിസ്റ്റുമായുള്ള മറ്റൊരു അഭിമുഖ സംഭാഷണത്തിലും വരദ പറഞ്ഞു,
"ഷൂട്ടിങ്ങു സ്ഥലത്ത് അവരുടെ സൗഹാര്‍ദത്തെ തെറ്റായ രീതിയില്‍
ചുറ്റുമുണ്ടായിരുന്നവര്‍ വ്യാഖ്യാനിക്കാനും തുടങ്ങി. കിംവദന്തികളും
വ്യാപകമായി പ്രചരിച്ചുകൊണ്ടിരുന്നു. അതിനാല്‍ കുറെ നാള് പരസ്പ്പരം
സംസാരിക്കാതെയുമിരുന്നു." അവസാനം ഇരുവരും സ്നേഹബന്ധങ്ങള്‍ മനസിലാക്കി
അവര്‍ സ്നേഹത്തിലെന്ന വിവരം. മാതാപിതാക്കളെ അറിയിക്കുകയും അവരുടെ
അനുവാദത്തോടെയും അനുഗ്രഹാശംസകളോടെയും 2014 മെയ് ഇരുപത്തിയഞ്ചാം തിയതി
വിവാഹിതരാവുകയും ചെയ്തു.
വില്ലനായ അഭിനേതാവ് ജിഷിന് മോഹന്‍ കണ്ണൂര്‍ ജില്ലക്കാരനാണ്. കണ്ണൂരുള്ള
നെടുംഗോമേ സര്‍ക്കാര്‍ ഹൈസ്കൂളില്‍ നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടി.
അതിനുശേഷം കോഴിക്കോട് യുണിവേഴ്സിറ്റിയില്‍ നിന്ന് ബികോം ബിരുദമെടുത്തു.
ഐ.സി.ഐ.സി.ഐ ബാങ്കില്‍ ബാംഗളൂരില്‍ ആദ്യം പ്രോസസ്സ് അസ്സോസിയേറ്റ് ആയി
ജോലി ചെയ്തു. ബാംഗളൂര്‍ അടിസ്ഥാനമായുള്ള ക്രിസ്റ്റല്‍ ഗ്രുപ്പില്‍ കളക്ഷന്‍
മാനേജരായും ജോലി ചെയ്തിരുന്നു. പിന്നീട് അടുത്ത തൊഴില്‍ ദാതാവ്
ബാങ്കളൂരുള്ള ഡെമഗ് ക്രയിന്‍സ് ആന്‍ഡ് കമ്പോണന്റ്സ് കമ്പനിയായിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജരായും ജോലി ചെയ്തിട്ടുണ്ട്.
ജിഷിന്, ജിതീഷ് എന്ന സഹോദരനുമുണ്ട്. അഭിനയം കൂടാതെ ജിഷിന് മോഹന്‍ നിരവധി
ടെലിവിഷന്‍ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. 'ഡോണ്ട് ഡു ഡോണ്ട് ഡു' എന്ന
ഏഷ്യ നെറ്റ് റിയാലിറ്റി ഷോ, 'ഇവിടെ ഇങ്ങനാണ് ഭായി,' (മനോരമ മഴവില്‍)
'സ്മാര്‍ട്ട് ഷോ' (ഫ്ലവര്‍സ് റ്റിവി) 'ആര്പ്പൂ ഈരൂ' (കൈരളി ടീവി) 'ഒന്നും
ഒന്നും മൂന്ന്' (മഴവില്‍ മനോരമ) എന്നീ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.
സീരിയലില്‍ വില്ലനെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സൗമ്യനും
വിശാലഹൃദയനും കുടുംബസ്നേഹിയുമാണ്. ഏഷ്യാനെറ്റിലെ 'ഓട്ടോഗ്രാഫ്' സീരിയലില്‍
ആണ് ജിഷിന്റെ അഭിനയത്തിന്റെ തുടക്കം. ഈ സീരിയലില്‍ 'ജെസ്വിന് രാം' എന്ന
കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇത് വളരെ ഹിറ്റായ സീരിയല്‍ ആയിരുന്നു.
അതിലെ 'രാം' എന്ന ഉജ്വല കഥാപാത്രം പ്രസിദ്ധമാവുകയും ചെയ്തു. രാം
അതിനുള്ളിലെ വില്ലനായിരുന്നു. വിസ്മയകരമായി വില്ലന്‍ കഥാപാത്രം ജിഷിന്
ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു. ആദ്യത്തെ സീരിയലില്‍ തന്നെ ജിഷിന്
പ്രസിദ്ധനായി തീര്‍ന്നിരുന്നു.
ഒരിക്കല്‍ അഭിനയിക്കാനുള്ള അവസരത്തിനായി ജിഷിന് ഓരോ ഷൂട്ടിംഗ്
സ്ഥലങ്ങളിലും അലഞ്ഞു നടക്കുമായിരുന്നു. ഇന്ന് അദ്ദേഹം പ്രസിദ്ധനായി
തീര്‍ന്നതുകൊണ്ടു വാഗ്ദാനങ്ങള്‍ അദ്ദേഹത്തെ തേടി വരുന്നു. ഈ നടന്റെ കഴിവിനെ
സിനിമാ നിര്‍മ്മാതാക്കളും ഡയറക്ടര്‍മാരും അംഗീകരിച്ചു കഴിഞ്ഞു. അതുകൊണ്ടു
ഇന്ന് അഭിനയിക്കാനുള്ള അവസരങ്ങള്‍ക്കായി തേടി നടക്കേണ്ട ആവശ്യമില്ല.
സ്വന്തം കഠിനാധ്വാനമാണ് അദ്ദേഹത്തെ അഭിനയലോകത്ത് ഉയര്‍ത്തിയത്. ഫിലിം
വ്യവസായത്തില്‍ നിന്നും ധാരാളം വാഗ്ദാനങ്ങള്‍ വരാറുണ്ട്. നല്ല സിനിമകളില്‍
അഭിനയിച്ചു പ്രസിദ്ധനാവുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയാറുണ്ട്. ഇപ്പോള്‍
കിട്ടുന്ന അവസരങ്ങളെപ്പറ്റി വിശദമായി ഒന്നും പുറത്തു വിടുന്നില്ല. അത്
സിനിമാ പ്രേമികളില്‍ സന്ദേഹവുമുണ്ടാക്കുന്നു.
ജിഷിന് യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിലെ അംഗവും വരദ പാരമ്പര്യമുള്ള
ക്രിസ്ത്യന്‍ കുടുംബത്തില്‍നിന്നു ജനിച്ചു വളര്‍ന്നവളുമായിരുന്നു.
മതത്തിനും ജാതിക്കുമതീതമാണ് യഥാര്‍ത്ഥ സ്നേഹമെന്ന സത്യം അവര്‍
സ്വജീവിതത്തില്‍ക്കൂടി തെളിയിക്കുകയും ചെയ്തു. മഴവില്‍ മനോരമയുടെ 'അമല'
സീരിയല്‍ വാസ്തവത്തില്‍ അവരുടെ ജീവിതത്തിന്റെ ഒരു വഴിത്തിരിവായിരുന്നു.
ജെഷിനും വരദയുമായുള്ള വിവാഹവും ലളിതമായ ഒരു ചടങ്ങായിരുന്നു. അടുത്തുള്ള
സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമേ ക്ഷണിച്ചിരുന്നുള്ളൂ. നവ
ദമ്പതികള്‍ക്ക് സല്‍ക്കാരവും സ്വീകരണവും നല്‍കിയത് ചെമ്പഴന്തിയില്‍
തിരുവനന്തപുരം കാന്‍സര്‍ സെന്ററിനോടനുബന്ധിച്ചുള്ള ഒരു ഹാളിലായിരുന്നു.
സ്വീകരണപന്തലില്‍ രോഗികളായ കുട്ടികളുമൊത്ത് അവര്‍ ആഘോഷങ്ങളില്‍
പങ്കുകൊണ്ടു. തിരുവനന്തപുരത്ത്, വരദയും ജിഷിനും താമസിക്കുന്ന പുതിയതായി
പണിത വീടിന് അമലയെന്നു പേരിട്ടിരുന്നു. അമല എന്ന സീരിയലില്‍ക്കൂടി
കണ്ടുമുട്ടി ജീവിതം കരുപിടിപ്പിച്ചതുകൊണ്ടാണ് അവര്‍ വീടിനു അമല എന്ന്
വീട്ടുപേര് നല്‍കിയത്.
ജിഷിന് വില്ലനായി പ്രേഷകരുടെ മനസ്സില്‍ പതിഞ്ഞെങ്കിലും സ്വന്തം
ജീവിതത്തില്‍ അദ്ദേഹം നല്ലയൊരു കുടുംബ പ്രേമിയാണ്. ഭാര്യയും കുഞ്ഞുമെന്നു
വെച്ചാല്‍ ജീവനാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ യാതൊരു വില്ലത്തരവുമില്ലാതെ
കുടുംബസ്ഥനായി കഴിയുന്നു. വിവാഹ ശേഷവും വരദ അഭിനയം തുടര്‍ന്നിരുന്നു.
പൂര്‍ണ്ണ ഗര്‍ഭിണിയായിരിക്കുമ്പോഴും ഏഷ്യാനെറ്റിലെ പ്രണയമെന്ന സീരിയലില്‍
അഭിനയിക്കുന്നുണ്ടായിരുന്നു. പ്രസവ സമയം അടുക്കാറായ സമയത്താണ് വരദ
സീരിയലുകളിലെ അഭിനയത്തില്‍ നിന്നും താല്‍ക്കാലികമായി മാറി നിന്നത്.
വില്ലനായി അഭിനയിച്ചതുകൊണ്ട് സമൂഹവും അദ്ദേഹത്തെ ഒരു ഭീകരരൂപമായി
കണ്ടിരുന്നു. സ്ത്രീകള്‍ ജിഷനെ കാണുമ്പോള്‍ കുപിതരായി അകന്നുപോവുകയും
പതിവായിരുന്നു. ജീവിതത്തിലും ജിഷന്റെ സ്വഭാവം അങ്ങനെയെന്ന് പലരും
തെറ്റിദ്ധരിച്ചു. ഷോപ്പിംഗ് മാളിലും ട്രെയിനിലും യാത്ര ചെയ്യുമ്പോള്‍ ആ
പ്രശ്നമുണ്ടായിരുന്നു. അത്തരം പ്രതികരണങ്ങള്‍ ജിഷന് സന്തോഷകരമായിരുന്നു.
അദ്ദേഹത്തിന്റെ 'രാം' എന്ന കഥാപാത്രം കാഴ്ചക്കാരില്‍
സ്വാധീനമുളവാക്കിയതില്‍ സംതൃപ്തനുമായിരുന്നു.
ഭക്ഷണ രീതികളില്‍ വരദയും ജിഷനും വ്യത്യസ്തരാണ്. വരദ ഇറച്ചി, മീന്‍ മുതലായവ
കഴിക്കുമ്പോള്‍ ജിഷന് എന്നും സസ്യാഹാരം മാത്രമേ കഴിക്കുള്ളൂ. മുട്ട പോലും
കഴിക്കില്ല. അത്രയ്ക്ക് യാഥാസ്ഥിതികമായി കഴിഞ്ഞു പോവുന്ന കുടുംബമാണിത്.
സീരിയലില്‍ ഇറച്ചിയും മീനും കഴിക്കുന്ന കഥാപാത്രമാണ് അദ്ദേഹം
അവതരിപ്പിക്കുന്നതെങ്കിലും ജീവിതത്തില്‍ എന്നും സസ്യാഹാരം മാത്രം കഴിച്ചാണ്
ജീവിച്ചു പഠിച്ചത്.
വിവാഹ സമയത്തുണ്ടായ ചില പ്രതികരണങ്ങളും സോഷ്യല്‍ മീഡിയാകളിലെ അമര്‍ഷങ്ങളും
പ്രതികൂലവും അനുകൂലവുമായ കമന്റുകളും വരദ വിശകലനം ചെയ്യുന്നുണ്ട്. "ഞാന്‍
വിവാഹ സമയം മറ്റുളളവരോട് വിവാഹം കഴിക്കുന്നത് സീരിയലിലെ വില്ലനെയെന്ന്
പറയുമ്പോള്‍ പലരും പ്രതികരിക്കുന്നത് ഭയത്തോടെയായിരുന്നു. എന്റെ കൊച്ചെ,
നിന്റെ ജീവിതം തന്നെ പാഴായി പോയിയെന്ന് കേള്‍ക്കുന്നവര്‍ പറയുമായിരുന്നു.
ഫേസ് ബുക്കില്‍ കമന്റുകളുടെ ഘോഷയാത്രയായിരുന്നു. 'ഇവനാണോ നിന്നെ
കെട്ടുന്നത്. അമല പിന്തിരിയൂ' എന്ന് കമന്റുകള്‍ വരുന്നുണ്ടായിരുന്നു.
ജിഷനും ഞാനും ഒരിക്കല്‍ ബസ് യാത്ര നടത്തുകയായിരുന്നു. ഒരു
മദ്ധ്യവയസ്ക്കയായ സ്ത്രീ ജിഷന്റെ തോളത്ത് അടിച്ചു കൊണ്ട് പറഞ്ഞു, 'എടാ നീ
പെണ്ണിനെ വെറുതെ വിടൂ. നീ ആ പെണ്ണിന്റെ ജീവന് നശിപ്പിക്കാന്‍ ഇറങ്ങി
തിരിച്ചിരിക്കുകയാണ്.' ഇങ്ങനെയുള്ള അനേകം അനുഭവങ്ങളില്‍ക്കൂടിയാണ് ഞങ്ങള്‍
കടന്നു പോവുന്നത്."
ഒരു നായകന് സാധാരണ നായികയെ വിവാഹം കഴിക്കുന്നതായുളള വാര്‍ത്തകള്‍
സാധാരണമാണ്. എന്നാല്‍ ഒരു നായിക അതേ സീരിയലിലുള്ള ഒരു വില്ലനെ കല്യാണം
കഴിക്കുന്ന ചരിത്രം അപൂര്‍വവുമാണ്. വരദ പറയുന്നു, "താന്‍ ജിഷിനെ
സ്നേഹിച്ചത് അഭിനയത്തിന്റെ മികവിലല്ല. ക്രൂരനും വില്ലനുമായ ഒരു
അഭിനേതാവിനെ സാധാരണ ഒരു പെണ്‍കുട്ടി ഇഷ്ടപ്പെടുകയില്ല. 'അമല' എന്ന
സീരിയലില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ ആദ്യം ചേട്ടന്റെ 'അടി തൊട്ടു മുടി
വരെയുള്ള ഒരു നോട്ടവും' ഓര്‍മ്മിക്കുന്നു. അഭിനയം കണ്ടാല്‍ ഒരു
പെണ്‍കുട്ടിയും ഇദ്ദേഹത്തെ വിവാഹം കഴിക്കുകയില്ലെന്നുള്ളതും ഉറപ്പാണ്.
പാട്ടിന്റെ കാര്യത്തില്‍ ഞങ്ങള്‍ ഒരേ താല്പര്യക്കാരായിരുന്നു. ഞാനും
ചേട്ടനും തമ്മില്‍ ഒന്നിച്ചുള്ള ഈണംവെച്ചുള്ള പാട്ടുകളും ഞങ്ങളെ
അടുപ്പിച്ചിരുന്നു. ലൊക്കേഷനില്‍ വെച്ച് മൊബൈലില്‍ പാട്ടുകള്‍
വെക്കുമായിരുന്നു. പിന്നീട് വാട്സപ്പ് മെസ്സേജില്‍ക്കൂടി സന്ദേശങ്ങള്‍
അയക്കാന്‍ തുടങ്ങി. കല്യാണം കഴിപ്പിച്ചത് ഫിലിം കമ്പനിയാണെങ്കിലും
വാസ്തവത്തില്‍ പാട്ടിന്റെ ലോകമാണ് ഞങ്ങളെ തമ്മില്‍ കൂടുതല്‍ അടുപ്പിച്ചത്.
ഒരു ഘട്ടത്തില്‍ പരസ്പ്പരം സംസാരിക്കാന്‍ പോലും സാധിക്കാത്ത
അവസ്ഥയുണ്ടായിരുന്നു. കിംവദന്തികള്‍ ശക്തമായി വന്നു."
സ്വന്തം വ്യക്തിത്വത്തെപ്പറ്റിയും കുടുംബജീവിതത്തെപ്പറ്റിയും വരദ പറഞ്ഞു,
"ഞാന്‍ അമലേയെപ്പോലെ കണ്ണീരില്‍ കുതിര്‍ന്നു ജീവിക്കുന്നവളോ പാവമോ അല്ല.
ഞാന്‍ ഒരു സംസാരപ്രിയയാണ്. സ്വതന്ത്രമായ ലോകത്തില്‍ പാട്ടും കൂത്തുമായി
കൊഞ്ചിയും ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന ഒരുവളാണ് ഞാന്‍.
വില്ലത്തികളായ അമ്മായിയമ്മമാരുമായി സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ എന്റെ ജീവിതത്തില്‍ എനിക്കുള്ള അമ്മായിയമ്മ വെറും പാവമാണ്.
ആദ്യമായി ചേട്ടനെ കണ്ടുമുട്ടിയപ്പോള്‍ കണ്ണൂരെന്ന സ്ഥലം കേട്ടപ്പോഴേ
ഭയപ്പെട്ടിരുന്നു. കണ്ണൂരെന്ന സ്ഥലം ബോംബേറ് എന്നൊക്കെയാണല്ലോ ദിനം പ്രതി
നാം വാര്‍ത്തകളില്‍ വായിക്കുന്നത്. ഇവരുടെ വീട്ടില്‍ വന്നു കഴിഞ്ഞപ്പോഴാണ്
എനിക്ക് മനസിലായത്, ഇത്രയും പാവം പിടിച്ച ഒരു അമ്മയും അച്ഛനും. ആ
കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയും അനുഗ്രഹീതയുമാണ്. ഞാന്‍ ഇട്ടിരിക്കുന്ന
ഇന്നത്തെ ഡ്രസ്സ് പോലും എന്റെ അമ്മയ്ക്ക് തുല്യമായ അമ്മായിയമ്മ മേടിച്ചു
തന്നതാണ്. എന്റെ 'അമ്മ എങ്ങനെയാണോ അതുപോലെയാണ് എന്റെ അമ്മായിയമ്മയും.
ഭക്ഷണം പാകം ചെയ്യാനൊന്നും എനിക്കറിയില്ല. ചെറുതായി ഞാന്‍
സഹായിക്കുമെന്നല്ലാതെ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നത് അമ്മായിയമ്മയാണ്."
വിവാഹ ശേഷം നായികയായി അഭിനയിച്ച അനുഭവങ്ങളും അമല വിവരിക്കുന്നുണ്ട്. "പുതു
മണവാളനും പുതു മണവാട്ടിയുമായിരുന്നപ്പോള്‍ തമാശകളും പറഞ്ഞു
വീട്ടില്‍നിന്നും ഇറങ്ങും. ലൊക്കേഷനില്‍ എത്തുമ്പോള്‍ ഞങ്ങളുടെ ഭാവങ്ങള്‍
മാറും. പരസ്പ്പരം ചീത്ത വിളികളായി, മല്പിടുത്തങ്ങളായി ഷൂട്ടിങ്
തുടര്‍ന്നിരുന്നു. വിവാഹം വരെ എന്റെ കാഥാപാത്രം ഒരു പാവം
പെണ്‍ക്കുട്ടിയായിട്ടായിരുന്നു. വിവാഹശേഷം കഥാപാത്രത്തിന്റെ സ്വഭാവം
കൂടുതല്‍ പരുക്കനായി മാറി. തിരിച്ചു തറുതല പറയാനും എടാ പോടാ വിളികളും
തുടങ്ങി. വില്ലന്‍ മരിച്ച അഭിനയഭാഗം വന്നപ്പോള്‍ വില്ലന്‍ റീത്ത് വെച്ച ഒരു
രംഗം ഉണ്ടായിരുന്നു. സ്വന്തം ഭര്‍ത്താവിന്റെ ശരീരമാണെന്ന മാനസിക
വികാരമൊന്നും അന്ന് മനസ്സില്‍ പ്രകടമായില്ല. അതും ഒരു കഥയുടെ ഭാഗമായി
തികച്ചും ലാഘവത്തോടെ വിജയകരമായി അഭിനയിച്ചു."
ഭാവിയെപ്പറ്റിയും വരദയ്ക്ക് ചില വീക്ഷണങ്ങളും അഭിലാഷങ്ങളുമുണ്ട്.
സിനിമയില്‍ എത്താവുന്നടത്തോളം പിടിച്ചുകയറണമെന്നും ആഗ്രഹിക്കുന്നു.
സിനിമയില്‍ നല്ല റോളുകളുടെ അവസരങ്ങള്‍ കിട്ടിയാല്‍ ഇനിയും ചെയ്യുമെന്നും
അവര്‍ പറയുന്നു. 'ഇടയ്ക്ക് ചെറിയ റോളുകള്‍ക്കായി വിളിച്ചിരുന്നെങ്കിലും
സമയക്കുറവുകൊണ്ടു പോകാന്‍ സാധിച്ചില്ലന്നും നായികാ സ്ഥാനം
മോഹിക്കുന്നില്ലെങ്കിലും ചെയ്യുന്ന അഭിനയത്തിന് അനുയോജ്യമായ കഥാപാത്രത്തെ
ലഭിച്ചെങ്കില്‍ മാത്രമേ സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുള്ളൂവെന്നും'
വരദ പറഞ്ഞു.
(Ref: Manorama, Hindu, Times of India)