Image

സാമസംഗീതം- (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 30 April, 2018
സാമസംഗീതം- (കവിത: മാര്‍ഗരറ്റ് ജോസഫ്)
നെയ് വിളക്കുകള്‍ നെയ്ത നിഴലില്‍,
ധ്യാനയോഗ നിമഗ്നയായ്;
ആര്‍ഷമന്ത്രമുതിര്‍ത്ത ഭാരത-
മാര്‍ത്തനാദതരംഗമായ്;

 പോര്‍ വിളികള്‍ മുഴക്കിയാളുകള്‍,
ചോരയാലഭിഷിക്തരായ്;
തമ്മില്‍ത്തല്ലും കൊല്ലുമിന്ന്,
നേരമ്പോക്കായ്ത്തീര്‍ന്നുവോ?

സാമമേ, സുരസുന്ദരീ, നിന്നെ,
തേടിയീ മരുഭൂമിയില്‍,
ഞാനലഞ്ഞു നടക്കിലെന്തേ-
കേവലം മൃഗതൃഷ്ണയായ്?

മോഹക്കുമിളകള്‍ മിന്നിയുതിരും,
ജീവിതക്കടല്‍ത്തിരകളില്‍,
പൊങ്ങുതടിയായൊഴുകിയെത്തും,
മൗനതീരത്തേകനായ്.

ജീവഗോളം നരകമാക്കും,
പത്തിനീര്‍ത്തിയ സ്വാര്‍ത്ഥത-
മൂത്തശത്രുതയായി, വര്‍ണ്ണ-
വര്‍ഗ്ഗയുദ്ധക്കെടുതിയായ്;

ആയുധക്കളിമേളമോടെ,
കബന്ധനൃത്തക്കളരിയായ്;
ദുഃഖഭേരിക്കിടയിലെവിടെ,
സാന്ത്വനം കുളിര്‍തെന്നലായ്?

ആര്‍ദ്രസ്‌നേഹമരന്ദമാത്മ-
നിര്‍വൃതിക്ക് നിദാനമായ്;
ആഞ്ഞടിക്കും ദുര്‍ഘടങ്ങളി-
ലുല്‍ക്കടക്ഷമയാര്‍ന്നവര്‍;

സഹനമാം തീച്ചൂളയില്‍ സ്വയ-
മുരുകിയുറച്ചുള്‍ക്കട്ടിയായ്;
കര്‍മ്മരംഗമണഞ്ഞിടുമ്പോ-
ളേന്തിടാം വിജയക്കൊടി.

പാപപ്രായശ്ചിത്തമായി,
തീര്‍ത്ഥഗംഗയില്‍ മുങ്ങുവെ,
ജീര്‍ണ്ണദേഹമൊഴുക്കിലൂടെ,
അക്ഷണമണയുന്നുവോ?

നീരുകെട്ടി മിഴിച്ചകണ്ണുക-
ളാരെയോതിരയുന്നുവോ?
'നീ, ഹനിച്ചൊരു സഹജ' നെന്ന്,
മൂകമായ് മൊഴിയുന്നുവോ?

മൃദുലഭാവങ്ങളന്യമായ്, മനം,
കൃഷ്ണശിലയായ് മാറിയോ?
കടമയൊക്കെ മറന്നുവോ? കൊടും-
പാതകങ്ങള്‍ക്കടിമയോ?

ഭോഗലഹരിയില്‍ മുങ്ങിമുങ്ങി,
മൃഗങ്ങളെക്കാളധമരായ്,
ശാന്തിയാരും കൈവെടിഞ്ഞാല്‍,
വാഴ് വിനെന്തൊരു ശൂന്യത!

സാമഗീതം പാടിപ്പാടി,
ദീനന് സഹചാരിയായ്;
സൗമ്യത മുഖമുദ്രയാക്കി,
സേവനം വ്രതമാക്കുവോര്‍;

ധന്യര്‍, ജന്മം സഫലമാക്കി,
മേദിനിക്കഭിമാനമായ്;
ഇരുളില്‍ നിന്നാമിനുങ്ങുകള്‍പോല്‍,
നുറുങ്ങുവെട്ടം പകരട്ടെ.

ഏതുദേശത്തു, മേതുകാലത്തും,
മാനവന്റെ മനീഷയില്‍,
നിര്‍മ്മലജലധാരപോലൊളി,
തൂകണേ, സമഭാവന;

അഹന്തയാമന്ധത മാഞ്ഞ്,
ഇമ്പദായകമായിടും,
കുടുംബങ്ങളില്‍ സമാധാനം,
ദിവ്യമെത്ര മഹത്തരം!

സാമസംഗീതം- (കവിത: മാര്‍ഗരറ്റ് ജോസഫ്)
സാമസംഗീതം- (കവിത: മാര്‍ഗരറ്റ് ജോസഫ്)

Join WhatsApp News
വിദ്യാധരൻ 2018-05-01 00:02:40
"ഭോഗലഹരിയിൽ മുങ്ങി മുങ്ങി 
മൃഗങ്ങളെക്കാൾധമരായ് "

ഭോഗത്തിന്റെ കാര്യത്തിൽ മനുഷ്യരെല്ലേ അധമർ ? 
 
" സത്യസ്ഥിതിയൽപം ചിന്തിച്ചുനോക്കിയാൽ
മർത്ത്യൻ മൃഗത്തിലും കഷ്ടമല്ലേ?
വീട്ടിൽ വളർത്തും മൃഗങ്ങളോ പോകട്ടെ,
കാട്ടുമൃഗത്തിൻ കഥയെടുക്കാം.
എന്താണവയ്ക്കുള്ളദോഷം?-അവമറ്റു
ജന്തുജാലങ്ങളെ വേട്ടയാടും.
എന്തിനു?-ജീവിക്കാൻ, കാളും വയറ്റിലെ-
ച്ചെന്തീ കെടുത്തുവാനായിമാത്രം!
ആവശ്യമാണതു, ജീവിക്കണമെങ്കി-
ലാവശ്യമാണതു, തർക്കമില്ല!
തിന്നുവാൻ കൊന്നിടും, കൊന്നാകിൽത്തിന്നിടും,
വന്യജന്തുക്കളെ,തൊന്നിനെന്ന്യേ
കൊല്ലുമാറില്ല സാധാരണയാ,യതി-
നില്ലാ പഠിപ്പു, മാസ്സംസ്കാരവും.
എന്നാ,ലിതല്ലാതൊ,രൊറ്റദോഷം വേറെ-
യിന്നേതു ജന്തുവിനുണ്ടുലകിൽ?
പോകുന്നതില്ലവ തെങ്ങുകേറിക്കുവാൻ
പോകുന്നതില്ല കൊയ്യിക്കുവാനും."

"കള്ളു,കറുപ്പു,കഞ്ചാവുഷാപ്പാവശ്യ-
മില്ല നിങ്ങൾക്കു കഴിഞ്ഞുകൂടാൻ.
നിങ്ങൾതൻ ലോകത്തു തേവിടിശ്ശിത്തെരു-
വെങ്ങുമില്ലില്ലൊരു വൈകൃതവും.
പ്രേമലേഖനങ്ങളെഴുതില്ല, വാങ്ങുകി-
"ല്ലോമനേ" യെന്നു വിളിക്കുകില്ല.
ഹാ,ഗുഹ്യരോഗം പിടിക്കില്ല നിങ്ങൾക്കു,
ഭോഗഭ്രമവുമധികമില്ല.
കാതിൽഗ്ഗുളോപ്പിട്ടിടതുഭാഗം തല-
കോതി,മുഖത്തു ചുണ്ണാമ്പു പൂശി,
മുട്ടോളം കൈകളിലൊന്നിൽ വളയെടു-
ത്തിട്ടൊരു സഞ്ചി ചുമ്മാതെ തൂക്കി,
പൂവണിസ്സാരിയി,ലുർവ്വശിമാരെന്ന
ഭാവത്തിൽക്കണ്ണെറിഞ്ഞും, കുഴഞ്ഞും,
നിങ്ങൾതൻപെണ്ണൂങ്ങൾ സ്ലിപ്പറിൽകേറിനി-
ന്നെങ്ങും നടന്നിടാറില്ല, പക്ഷേ
നിന്ദ്യഗർഭച്ചിദ്രനിന്ദ്യപരിപാടി
നിങ്ങൾക്കശേഷമറിഞ്ഞുകൂട."  (പാടുന്ന പിശാച് -ചങ്ങമ്പുഴ )

നല്ലൊരു കവിതയ്ക്ക് അഭിനന്ദനം 
മൃഗഗർജ്ജനം 2018-05-01 14:51:05
   മൃഗഗർജ്ജനം 
ഞങ്ങളെ അധമരെന്നു വിളിക്കുവാൻ 
നിങ്ങൾക്ക് ചങ്കൂറ്റം എങ്ങനെ ഉണ്ടായി?
ഞങ്ങളുമായി താരതമ്യം ചെയ്യുവാൻ 
എങ്ങനെ നേടിയീ  മനോധൈര്യം ചൊല്ലുമോ ?
എട്ടുവയസ്സുള്ള പിഞ്ചു കുഞ്ഞിനെ 
എട്ടു പത്തു പേർ ചേർന്ന്  ബലാൽസംഗം ചെയ്തത് 
ഇത്ര പെടുന്നു മറന്നു പോയോ മനുഷ്യരെ ?
മനുഷ്യരാണ് പോലും മനുഷ്യർ!
ഉറങ്ങുന്നു നിങ്ങടെമസ്തിഷക്കത്തിനുള്ളിൽ
ഉഗ്രവിഷമുള്ള പാമ്പുകൾ ഒട്ടേറെ 
തക്കവും പാത്തു പതുങ്ങി കിടക്കുന്നു
പത്തിവിടർത്തി കൊത്തുവാൻ കൊല്ലുവാൻ 
സംസ്കാര സമ്പന്നരാണു പോലും കഷ്ടം !
ജാതി മതത്തിന്റെ പേരിലീ  താളിൽ
കാണുന്ന കൊപ്രാഞ്ചം കണ്ടാലറിയാം നിങ്ങൾ 
നന്നാകില്ല ഒരിക്കലും ശരിയാകില്ല നിശ്ചയം 
ഞങ്ങൾ മൃഗങ്ങൾ ഒന്നാകെ ഞെട്ടിപ്പോയി 
ലജ്ജയാൽ ഒന്നലറുവാൻ ഒത്തില്ല 
ക്രൂരത ക്രൂരത കൊടും ക്രൂരത മർത്ത്യരെ 
ഞങ്ങൾ മൃഗങ്ങളിൽ കാണില്ലിതു പോലെ 
നിങ്ങടെ കവി ചങ്ങമ്പുഴ ചൊന്നത് 
എത്ര സത്യം, വരുന്നുണ്ട് ഞങ്ങൾ ഒരുദിനം 
നിങ്ങടെ കാമ  ഭ്രാന്തിൻ പ്രഭവസ്ഥാനമാം 
തലമണ്ട തച്ചുടച്ചു തകർക്കുവാൻ 
അധമരാണു പോലും മൃഗങ്ങൾ അധമർ കഷ്ടം 
എങ്ങനെ നിങ്ങൾക്ക് എഴുതുവാൻ കഴിഞ്ഞത് ?
പോയി നിൽക്കുക നിങ്ങൾ നിലകണ്ണാടിക്കു മുന്നിൽ 
സൂക്ഷിച്ചു നോക്കുക അടിമുടി നിങ്ങളെ 
കണ്ടിടാം അപ്പോൾ അധമരൂപത്തെ അപ്പാടെ മുന്നിൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക