Image

മനസില്‍ നിന്നു മായാതെ ഒരു ചൂരല്‍ മധുരം (ബിന്ദു ടിജി)

Published on 16 July, 2018
മനസില്‍ നിന്നു മായാതെ ഒരു  ചൂരല്‍ മധുരം (ബിന്ദു ടിജി)
ഗ്രാമത്തെ കുറിച്ചോര്‍ക്കുമ്പോള്‍
'നാട്യപ്രധാനം നഗരം ദരിദ്രം
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം '

എന്ന വരികള്‍ ഹൃദയത്തിലേക്കെത്തും പക്ഷെ ഗ്രാമം അത്രമേല്‍ വിശുദ്ധവും നഗരം മലിനവും ആണെന്ന് അടച്ചങ്ങു പറയാന്‍ ഒക്കുമോ. ഇത് രണ്ടും മറ്റു പല ജീവിതാവസ്ഥകള്‍ പോലെ തന്നെ ആപേക്ഷികം മാത്രം . മനുഷ്യ ഹൃദയത്തിലെ നന്മയെ തല്‍ക്കാലം ഗ്രാമം എന്നും അല്ലാത്തതിനെ നഗരം എന്നും വിളിച്ചു കൊണ്ട് ഞാന്‍ എന്റെ ഗ്രാമത്തിലേക്ക് പോകട്ടെ.

കുഞ്ഞു ഗ്രാമത്തിലെ ഇടത്തരം വീട്ടില്‍ ജനിച്ച എന്റെ രാവിലെ ഉള്ള ഒന്നാമത്തെ ജോലി ( ഇവിടുത്തെ കുട്ടികള്‍ ആണെങ്കില്‍ ചോഴ്‌സ് ) മുറ്റമടിക്കുക എന്നതാണ് . ഇന്നലെയുടെ ഇഷ്ടങ്ങള്‍ ഇന്നത്തെ നഷ്ടങ്ങള്‍ ആയി പഴുത്തു വീണു കിടക്കുന്ന കാഴ്ച .അവ അടിച്ചൊതുക്കുമ്പോള്‍ ഭാവിയില്‍ എത്രയോ സ്വപ്നങ്ങള്‍ ഇതുപോലെ അമര്‍ത്തിയൊതുക്കേണ്ടി വരും എന്ന ഒരു ഞെട്ടല്‍ , ഒരു പേരറിയാത്ത നോവ്. ആഴ്ചയിലെ രണ്ട് ദിവസങ്ങള്‍ ആ ജോലി പതിവിലും ഉഷാറായി ചെയ്യും , കാരണം ചൊവ്വാഴ്ച ദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പും വ്യാഴം എന്നാണ് ഓര്‍മ്മ കലാകൗമുദി യും ഇലകള്‍ക്കൊപ്പം വീണു കിടക്കുന്നുണ്ടാകും. (അച്ഛന്‍ കുളിജപാദികള്‍ കഴിഞ്ഞു വന്നാല്‍ ഈ വാരികകള്‍ പിന്നെ ഞങ്ങളുടെ കയ്യില്‍ കിട്ടില്ല . വാരിക കുട്ടികള്‍ ആദ്യം എടുത്താല്‍ അതിലും ചെറിയ കുട്ടിയെ പോലെ തട്ടിപ്പറിക്കും. അച്ഛന്‍ ചെറിയ കുട്ടി ആവുന്ന ചില നിമിഷങ്ങള്‍. അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുന്നത് എന്ന പുറംചട്ട വായിച്ചു തീരുന്ന വരെ അത് മറ്റാര്‍ക്കും തൊടാന്‍ കിട്ടില്ല.)

അതുകൊണ്ട് അന്നേ ദിവസം പതിവിലും നേരത്തെ എണീറ്റ് വേഗത്തില്‍ താളുകള്‍ മറിച്ചു കവിത ആരുടെയൊക്കെ എന്ന് മാതൃ ഭൂമിയിലും, കഴിഞ്ഞ ലക്കത്തിലെ കവിതകളെ പറ്റി തനിക്കു തോന്നിയത് തന്നെ കൃഷ്ണന്‍ നായര്‍ സര്‍ നും തോന്നിയോ എന്ന് കലാകൗമുദിയും വേഗത്തില്‍ മറിച്ചു നോക്കും.

ഒരു ദിവസം ധൃതിയില്‍ താളുകള്‍ മറിക്കുന്നതിനിടയില്‍ ഒരു സ്‌നേഹാര്‍ദ്രമായ വിളി. 'ബിന്ദൂ മോള് ഒന്നിങ്ങു വരൂ' . തൊട്ടു മുന്നിലെ വീട്ടില്‍ നിന്നും സ്‌നേഹമയി യായ ഭാനുമതി ചേച്ചി . നാട്ടില്‍ എല്ലാര്‍ക്കും ഉപകാരം മാത്രം ചെയ്യാന്‍ സന്മനസ്സുള്ള ആ കൈകളെ പലരും ഒരു ദുര്‍ബ്ബലയായി കണ്ടിരുന്നു. ആര് കാശ് കടം ചോദിച്ചാലും കൊടുക്കും, ഇനി രൂപ യായി കയ്യില്‍ ഇല്ലാത്ത ദുര്‍ഘട സന്ധിയില്‍ സ്വര്‍ണ്ണ വളകള്‍ ഊരി കൊടുത്ത പുരാണവും ഉണ്ട് . 

അറ്റമില്ലാത്ത അന്ധവിശ്വാസം. രാഹു , ഗുളികന്‍ ഒക്കെ മാറ്റി ഓരോരോ കാര്യങ്ങള്‍ നടത്താന്‍ ചേച്ചിക്ക് മുന്നൂറ്റി അറുപത്തിയഞ്ച് ദിവസത്തില്‍ ബാക്കി വിരലില്‍ എണ്ണാവുന്ന മുഹൂര്‍ത്തങ്ങള്‍ മാത്രം. ക്ഷേത്ര ദര്‍ശനങ്ങളുടെയും ശയന പ്രദക്ഷിണങ്ങളുടെയും ലിസ്റ്റ് വേറെ . ഇങ്ങനെയുള്ള ഒരു നാട്ടിന്‍പുറ നന്മയെ ദുര്‍ബ്ബലയായി ജനം ചിത്രീകരിച്ചതില്‍ അതിശയിക്കാനില്ല. 'ഗ്രാമീണ കന്യക' തന്നെ. നന്മ ചെയ്യുന്നത് ദൗര്‍ബ്ബല്ല്യമെങ്കില്‍ ആ ദൗര്‍ബ്ബല്യം നല്ലതല്ലേ എന്ന് ചോദിയ്ക്കാന്‍ അന്നും എനിക്ക് തോന്നിയിരുന്നു .

അയല്‍വീടുകളിലേക്കു അനുവാദം ഇല്ലാതെ പോകരുത് എന്ന താക്കിത് എനിക്ക് എന്റെ അമ്മ തന്നിട്ടുള്ളതുകൊണ്ട് അല്പം പരുങ്ങലോടെ ഞാന്‍ നിന്നു. ചേച്ചി വീണ്ടും വിളിച്ചു , 'വാ വേഗം, ഞാന്‍ പറഞ്ഞോളാം അമ്മയോട്, ഇപ്പൊ വേഗം ഇങ്ങോട്ടു വാ ' ധൈര്യപ്പെട്ടു ഞാന്‍ ചെന്നു. 'വരൂ അകത്തേയ്ക്കു ..' വീണ്ടും പരുങ്ങിയ എന്നെ ധൈര്യപ്പെടുത്തി 'കയറൂ അകത്തേയ്ക്ക്'. കയറി ചെന്നപ്പോള്‍ മേശമേല്‍ ഒരു ഗ്ലാസ് ചായ . ''ഇരിക്കൂ ചായ കുടിക്കൂ'' . ഞാന്‍ ഒറ്റ ശ്വാസത്തിന് ചായയും കുടിച്ചു . 

 അനുവാദമില്ലാതെ അടുത്ത വീട്ടില്‍ കയറി, അനുവാദം ഇല്ലാതെ അവര്‍ തന്ന ചായ കുടിച്ചു , ഇനി ഉണ്ടാകാന്‍ പോകുന്ന ചൂരല്‍ പൂരത്തിന്റെ പേടിയില്‍ വിറച്ചു ഞാന്‍. ചേച്ചി തോളില്‍ തട്ടി ''ഇനി ബിന്ദു പൊയ്‌ക്കോളൂ ഇന്ന് ചിങ്ങം ഒന്നാം തിയതി യാണ് . നല്ലൊരാള്‍ ഈ വീട്ടില്‍ ആദ്യം കയറണം അതാ തിരക്കിട്ടു മറ്റാരും വരുന്നതിനു മുമ്പ് ബിന്ദു നെ വിളിച്ചത്''. ചൂരലിന്റെ ഭയം ഞാന്‍ മറന്നു കണ്ണുകള്‍ നിറഞ്ഞൊഴുകി . എന്നില്‍ ഇത്രയേറെ വിശ്വാസം അന്ന് വരെ ജീവിതത്തില്‍ മറ്റാരും വെച്ച് നീട്ടിയിട്ടില്ല . അന്തര്‍മുഖിയും ദുഃഖാനുസാരിയുമായ എന്നില്‍ ഇവര്‍ക്കെങ്ങിനെ ഇത്രയും നന്മ കാണാന്‍ സാധിച്ചു എന്ന അത്ഭുതത്തില്‍ ഞാന്‍ എന്റെ വീട്ടിലേയ്ക്കു തിരിച്ചു നടന്നു .

നിശ്ചിത സമയം കഴിഞ്ഞിട്ടും മുറ്റമടിച്ചു മടങ്ങാത്ത എന്നെ തിരഞ്ഞു തുടങ്ങിയിരുന്നു എന്റെ അമ്മ. 'നീ എവിടെ പോയീ 'എന്ന ചോദ്യത്തിന് ഏറെ ആവേശത്തോടെ 'അമ്മയ്ക്കറിയോ എന്നെ ഭാനുമതി ചേച്ചി വിളിച്ചു ഒന്നാം തിയതി ആയിട്ട് വീട്ടില്‍ ആദ്യം കയറുന്ന ആളാവാന്‍'. ഉടനെ മറു ചോദ്യം ''എന്നിട്ടു നീ പോയോ'' . ''ഉവ്വ് ചേച്ചി ചായയും തന്നു'' . ' നിനക്ക് ഞാന്‍ തരുന്നുണ്ട് ഒന്നാം തിയതി ആയിട്ട് നീ ഇന്ന് വാങ്ങിക്കും എന്റെ കയ്യീന്ന് . നീ എന്തിനു അവിടെ പോയീ .. ഇനി ഈ വര്‍ഷം അവര്‍ക്കു എന്തെങ്കിലും ദുരിതം വന്നാല്‍ ആ അന്ധ വിശ്വാസി പറഞ്ഞു കൊണ്ട് നടക്കില്ലേ ഈ വര്‍ഷം ബിന്ദു ആണ് ഇവിടെ ഒന്നാം തിയതി കയറിയതെന്ന് ' പറഞ്ഞു തീരലും ഇനി മേലാല്‍ ചോദിക്കാതെ പടിയിറങ്ങുമോ എന്ന ചോദ്യവും ചൂരല്‍ കാലില്‍ പതിഞ്ഞതും എല്ലാം ഒന്നിച്ചായിരുന്നു .

എന്തേ ഞാന്‍ അങ്ങനെ ഒരു 'മറുവശം' ചിന്തിക്കാതെ പോയത് . ഞാന്‍ നന്മ യാണെന്ന് അവരും, അവര്‍ പറഞ്ഞപ്പോള്‍ ഞാനും മൂഢ യായി വിശ്വാസിച്ചതെന്തേ? ഉത്തരം കിട്ടിയില്ല . ഉള്ളുരുകി പ്രാര്‍ത്ഥിച്ചു 'ദൈവമേ അവര്‍ക്കും കുടുംബത്തിനും ഈ വര്‍ഷം നന്മ മാത്രം കൊടുക്കണേ' . അങ്ങനെ ആ വര്‍ഷത്തെ ഓണം , ക്രിസ്തുമസ്, വിഷു , ഈസ്റ്റര്‍, തുടങ്ങിയ സമയം അറിയിക്കുന്ന ആഘോഷങ്ങള്‍ പതിവുപോലെ കടന്നുപോയി. ഓരോ മാസവും കടന്നു പോകുമ്പോള്‍ ഭാനുമതി ചേച്ചിയും കുടുംബവും സ്വസ്ഥമാണല്ലോ എന്ന് ഓര്‍ത്തും മറന്നും ഞാനും . മനസ്സില്‍ ഈ ആധി മിന്നിമായുമ്പോള്‍ കലണ്ടറില്‍ നോക്കും ..ആവൂ ആശ്വാസം .. ഒടുവില്‍ മിഥുനം-കര്‍ക്കിടകം അടുക്കുന്നു.

ജൂണിലെ കാലവര്‍ഷം തകര്‍ത്തു പെയ്യുന്ന ഒരു രാത്രി , ലഡ്ഡു വുമായി ചേച്ചി ഓടി ഞങ്ങളുടെ വീട്ടില്‍ വന്നു . ' സുനിത യ്ക്കു ജോലി കിട്ടി . ബാങ്ക് ക്ലാര്‍ക്ക് '.ചേച്ചിയുടെ മകള്‍ . എന്നിട്ടു അമ്മയോട് ''ടീച്ചറെ ഒന്നാം തിയതി ബിന്ദു നെ ഞാന്‍ വിളിച്ചു കയറ്റി ..നല്ല ഒരു വര്‍ഷമായി''. അമ്മ ലഡ്ഡുവിന്റെ പൊതി വാങ്ങി. കാല്‍ മുട്ടിലെ ചൂരല്‍ നീറ്റല്‍ എനിക്ക് മാത്രം സ്വന്തം.

ഇന്ന് ജീവിത രീതി കൊണ്ട് തീര്‍ത്തും ഒരു നഗരാംഗനയായി മാറിയിരിക്കുന്നു ഞാന്‍ . എന്നാലും മനുഷ്യരോട് അടുക്കുമ്പോള്‍ പകുതി നിറഞ്ഞ കുപ്പിയുടെ 'ഒഴിഞ്ഞ' ആ 'മറുവശം' കാണാന്‍ പലപ്പോഴും ഞാന്‍ മറക്കാറുണ്ട് . ഓരോ മറവിയും ലഡ്ഡുവിന്റെ പൊതികളായി എന്നെ തേടി വരാറുമുണ്ട്. ഗ്രാമമധുരമായി തന്നെ.

അന്ന് അമ്മ നല്‍കിയ പൊള്ളുന്ന ചൂരല്‍ പഴം ജീവിക്കാനാവശ്യ മായ പൊളിറ്റിക്കല്‍ ഇന്റലിജെന്‍സ് ന്റെ ബാലപാഠ മായിരുന്നു എന്ന് പിന്നീടെപ്പോഴോ മനസ്സിലായി . എങ്കിലും ഇന്നും ശുദ്ധമായ സ്നേഹത്തെ തോല്‍പ്പിക്കാന്‍ ശക്തിയുള്ള ബുദ്ധിയൊന്നും ഭൂമിയിലില്ല എന്ന് തന്നെ വിശ്വസിക്കു ന്നു . അങ്ങനെ നോക്കുമ്പോള്‍ ഉള്ളിലൊരു ഗ്രാമത്തെ കുടിയിരുത്തുന്നത് നല്ലതെന്നും
****************************************************************************************************

ആത്മവിശ്വാസം ജീവിതത്തില്‍ ആദ്യമായി എന്നില്‍ നിറച്ച സ്‌നേഹമയിയായ അയല്‍ക്കാരി ഭാനുമതി ചേച്ചിയും തീവ്ര ശാസന കൊണ്ട് അച്ചടക്കം പഠിപ്പിച്ച എന്റെ ത്യാഗ മൂര്‍ത്തിയായ അമ്മയും ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഇരുന്നു ഈ ഓര്‍മ്മകള്‍ വായിച്ചു ചിരിക്കുന്നുണ്ടാകും. അമേരിക്കന്‍ എഴുത്തുകാരി മേരി ആന്‍ വില്യംസണ്‍ ന്റെ കുട്ടികളിലെ നിഷ്‌കളങ്കത എങ്ങിനെ ?മുതിര്‍ന്നവരുടെ നിഷ്‌കളങ്കത എന്ത് ? എന്ന ഗംഭീര പ്രഭാഷണം കേള്‍ക്കാന്‍ ഇടയായപ്പോള്‍ .. അമ്മേ നീ ഒരൊറ്റ ചൂരല്‍ പ്രയോഗം കൊണ്ട് ഇതെന്നെ പഠിപ്പിച്ചല്ലോ എന്നോര്‍ത്ത് ഇവിടെ ഞാനും .
മനസില്‍ നിന്നു മായാതെ ഒരു  ചൂരല്‍ മധുരം (ബിന്ദു ടിജി)
Join WhatsApp News
Vayanakkaran 2018-07-17 09:19:00
അടുത്ത ചിങ്ങം ഒന്നിനു ഫ്രീ ആണോ?
Sudhir Panikkaveetil 2018-07-17 12:48:42
നാട്ടിൻപുറത്തെ പ്രഭാതം, അവിടെ മുറ്റമടിക്കുന്ന പാവാടക്കാരി 
ആളുകൾ ഇനിയും ഉണരാനുണ്ടെങ്കിൽ അവരെ ഉണർത്താൻ 
പൂങ്കോഴികളുടെ കൂജനം.കന്യകമാരുടെ പാദസ്പര്ശമേറ്റാൽ 
വൃക്ഷങ്ങൾ പുവ്വണിയുമെന്ന് കരുതുന്ന നിഷ്‌കളങ്കരായ 
ഗ്രാമീണർ . മാസപ്പിറവിക്കും ആണ്ടുപിറവിക്കും അവരുടെ 
നഗ്നപാദങ്ങൾ ഭൂമിയിൽ പതിഞ്ഞാൽ ആ  മാസം മുഴുവൻ അല്ലെങ്കിൽ 
ആണ്ടുമുഴുവൻ ഐശ്വര്യമായിരിക്കുമെന്ന അവരുടെ വിശ്വാസം. 
അമ്മയുടെ സ്നേഹശാസനം. കൗമാരത്തിന്റെ പകപ്പ് .
എല്ലാം നന്നായി. കറയറ്റൊരാലസ്യ ഗ്രാമഭംഗി കല്പനകളെ 
പുറകോട്ട് ക്ഷണിച്ചു. അഭിനന്ദനങ്ങൾ !

Jyothylakshmy nambiar 2018-07-18 02:43:44
 നിഷ്കളങ്കമായ വിവരണവും,  അവതരണവും, ഭാഷയും വായനാസുഖം അനുഭവപ്പെട്ടു.  അഭിനന്ദനങ്ങൾ

Bindu Tiji 2018-07-18 12:10:14
വായനയ്ക്കും  നല്ലവാക്കുകൾക്കും രണ്ടുപേർക്കും നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക