രാമായണചിന്തകള്‍ (ഡോ. നന്ദകുമാര്‍ ചാണയില്‍)

ഡോ. നന്ദകുമാര്‍ ചാണയില്‍ Published on 10 August, 2018
രാമായണചിന്തകള്‍ (ഡോ. നന്ദകുമാര്‍ ചാണയില്‍)
രാമായണം, മഹാഭാരതം, ഭാഗവതം എന്നിവയെ കൂടാതെ, ബൈബിള്‍, ഖുറാന്‍, തോറ, ഇതിവല്‍ വേദഗ്രന്ഥങ്ങളെല്ലാം അതാതു സംസ്‌കാരങ്ങളിലെ അത്യുത്തമ സാഹിത്യകൃതികളാണെന്നതില്‍ ഒരു സന്ദേഹത്തിനും ഇടമില്ല. ഈ മഹല്‍ ഗ്രന്ഥങ്ങളെല്ലാം തന്നെ ഒരു നിശ്ചിത ജനവിഭാഗത്തിനുവേണ്ടി മാത്രം രചിക്കപ്പെട്ടവയല്ല; പ്രത്യുത, സമസ്തമാനവരാശിയുടെയും ഉന്നമനത്തിനായി ഉള്ളവയാണെന്ന വസ്തുതയും വിസ്മരിക്കുക വയ്യ.

ആദ്യമായി, എന്താണ് ഈ ഇതിഹാസം എന്നു പരിശോധിക്കാം. ഇതിഹാസം എന്നു വെച്ചാല്‍, പുരാതനചരിതം, ഇതിഹ, അല്ലെങ്കില്‍ പാരമ്പര്യോപദേശം, ഐതിഹ്യം, പുരാവൃത്തം എന്നൊക്കെയുള്ള നാനാര്‍ത്ഥങ്ങള്‍ നിഘണ്ടുവില്‍ കാണാം. 'ധര്‍മ്മാര്‍ത്ഥകാമമോക്ഷാണാമുപദേശ സമന്വിതം പൂര്‍വ്വവൃത്തം കഥായുക്തമിതിഹാസം പ്രചക്ഷതേ.' അതായത്, ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം ഇവ ഉപദേശിക്കുന്നതും കഥായുക്തവുമായ പൂര്‍വ്വചരിതമാണ് ഇതിഹാസം. ഇതിഹാസവും പുരാണവും അന്യോന്യം പര്യായപദങ്ങളായി ഉപയോഗിക്കാറുണ്ടെങ്കിലും, പുരാണത്തിന് സര്‍ഗ്ഗാദിപഞ്ചലക്ഷണങ്ങളുള്ള ഗ്രന്ഥമാണെന്ന വിവക്ഷയുണ്ട്. അനാദിയായിട്ടുള്ളത് എന്നും നിലനിന്നുപോരുന്നത് എന്നുമെല്ലാമാണ് അര്‍ത്ഥമാക്കുന്നത്. ഇതിഹാസം പോലെ, പുരാണവും പൂര്‍വ്വീകരുടെ ചരിത്രമടങ്ങിയതാണെങ്കിലും, സര്‍ഗ്ഗാദിപഞ്ചലക്ഷണങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കും. സര്‍ഗ്ഗം, പ്രതിസര്‍ഗ്ഗം, വംശം, മന്വന്തരം, വംശാനുചരിതം ഇവ അഞ്ചും കൂടിയവയേ്രത സര്‍ഗ്ഗാദി പഞ്ചലക്ഷണങ്ങള്‍.
രാമായണത്തിന്, രാമന്റെ മാര്‍ഗ്ഗം(രാമസ്യഅയനം) എന്ന അര്‍ത്ഥം കൂടാതെ, തമസകറ്റാനുള്ള മാര്‍ഗ്ഗം എന്നും ഒരു വ്യാഖ്യാനമുണ്ട്. ഇതിഹാസങ്ങളെല്ലാം മനുഷ്യനിര്‍മ്മിതങ്ങളാകാനേ തരമുള്ളൂ. ഋഷികളും പ്രവാചകന്മാരും എല്ലാം മനുഷ്യരാണല്ലൊ. അവരുടെ തപശ്ചര്യയുടേയും ഏകാഗ്രതയുടേയും ഫലമായി സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തമായ ഉള്‍ക്കാഴ്ചയും ദീര്‍ഘദൃഷ്ടിയും അവര്‍ക്ക് ലഭ്യമായിരിക്കാം. തല്‍ഫലമായി, മനുഷ്യര്‍ സംഘര്‍ഘങ്ങള്‍ക്കും വിഭിന്ന വിചാര വികാരങ്ങള്‍ക്കും അടിമപ്പെടുമ്പോള്‍, അനുവര്‍ത്തിക്കേണ്ട സാരോപദേശങ്ങള്‍ ഈ കൃതികളില്‍ നിന്നും നമുക്ക് ലഭിക്കുന്നു. രാമായണത്തിലൂടെ സഞ്ചരിക്കുമ്പോള്‍, നിരവധി കഥാപാത്രങ്ങളെ നാം കണ്ടുമുട്ടുന്നു. മാതാപിതാക്കളുടെ ഇച്ഛാനുസാരിയും, അവര്‍ക്കുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറുമുള്ള പുത്രന്‍, മാതൃകാഭ്രാതാവ്, സഹോദരസ്‌നേഹി, ഉത്തമനായ രാജാവ്, ബഹുഭാര്യാ സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് ഏകപത്‌നീവ്രതം മാതൃകയാക്കിയ മന്നന്‍, ഇതിലെല്ലാമുപരി, മര്യാദാ പുരുഷോത്തമന്‍ എന്നു കേളികേട്ട ശ്രീരാമനാണല്ലോ മുഖ്യ കഥാപാത്രം. പിന്നെ, സുഖത്തിലും ദുഃഖത്തിലും ഭര്‍ത്താവിന്റെ നിഴല്‍പോലെ പിന്തുടരുന്ന പ്രിയതമയുടെ പ്രതീകമായ സീതാദേവി, സഹോദര സ്‌നേഹാദര പാരമ്യത്താല്‍ പത്‌നിയെ കൂടാതെ വനവാസത്തിന് ഇറങ്ങിപ്പുറപ്പെട്ട ലക്ഷ്മണന്‍, കാമാതുരയായ ശൂര്‍പ്പണേഖ, സ്വന്തം സഹോദരി പീഢിപ്പിക്കപ്പെടുകയാല്‍ പ്രതികാരത്തിനൊരുങ്ങിയ രാവണന്‍, മടിയനും നിദ്രാലോലുപനുമായ കുംഭകര്‍ണ്ണന്‍, സാധ്വിയും സല്‍ക്കര്‍മ്മങ്ങളില്‍ ആകൃഷ്ടനുമായ വിഭീഷണന്‍, പരാക്രമത്തേയും, അക്രമാസക്ത പ്രവൃത്തികളേയും വെറുക്കുകയും ന്യായത്തിനും സദാചാരത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന മണ്ഡോദരി, പരദൂഷണവിദുഷിയായ മന്ഥര, സ്വാര്‍ത്ഥതയുടേയും രണ്ടാനമ്മപ്പോരിന്റേയും മൂര്‍ത്തീകരണമെന്ന് പ്രത്യക്ഷത്തില്‍ തോന്നിച്ചേക്കാവുന്ന കൈകേയി, സ്വമാതാവിന്റെ സ്വാര്‍ത്ഥതയെ വെറുത്ത്, സഹോദരന്റെ മെതിയടിവെച്ച് അദ്ദേഹത്തിനുവേണ്ടി താല്‍ക്കാലിക രാജ്യഭരണം നടത്തുന്ന ഭരതന്‍, അങ്ങിനെ പോകുന്നു കഥാപാത്രങ്ങളുടെ നിര. മര്യാദാപുരുഷോത്തമനെന്നു വാഴ്ത്തപ്പെടുന്ന ശ്രീരാമന്‍ സവര്‍ണ്ണനല്ലാത്ത ശംബൂകനെ വധിക്കകൊണ്ടും ഒരു മണ്ണാന്റെ കിംവദന്തിക്കടിമപ്പെട്ട്, അഗ്നിയില്‍ ചാടി ചാരിത്ര്യശുദ്ധി തെളിയിച്ചിട്ടും, ഗര്‍ഭിണിയായ സീതയെ വാല്മീകിയുടെ ആശ്രമത്തില്‍ ത്യജിക്കകൊണ്ടും കളങ്കാങ്കിതനാണെന്നു ഒരു ധാരണ പരക്കെയുണ്ട്. വ്യക്തിഗത ദുഃഖത്തിനേക്കാള്‍ പ്രജാഹിതത്തിന് രാമന്‍ എന്ന രാജാവ് പ്രാധാന്യം നല്‍കി. പലരും അവനവന്റെ ഭാവനാനുസൃതം ഈ ചെയ്തികളെ വിലയിരുത്തുന്നു. അതിലേക്ക് ഞാന്‍ കടക്കുന്നില്ല. കാരണം, ഈ വക കാര്യങ്ങള്‍ മൂലരാമായണത്തില്‍ ഇല്ലെന്നും അവയെല്ലാം ഉത്തരരാമായണക്കാര്‍ കൂട്ടിച്ചേര്‍ത്തതാണെന്നും ഒരു ചിന്താധാര നിലവിലുണ്ട്. കാട്ടുജാതിക്കാരിയായ ശബരി കടിച്ച ഉച്ഛിഷ്ഠ ഫലങ്ങള്‍ ആസ്വദിച്ച ശ്രീരാമന്‍ അവ്ര#ണ്ണനാണെന്ന കാരണത്താല്‍ ശംബൂകനെ കൊന്നു കളഞ്ഞെന്ന വാദഗതിയില്‍ ഞാനല്പം അസാംഗത്യം കാണുന്നു.

രാമായണ ചിന്തകള്‍ നല്‍കുന്ന സന്ദേശം, മറ്റു ഇതിഹാസങ്ങളെപ്പോലെത്തന്നെ, നന്മ, തിന്മയെ ജയിക്കുന്നു എന്നതാണല്ലോ. പ്രായോഗിക ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍, ശ്രീരാമനെന്ന സല്‍കഥാപാത്രത്തിന്റെ വ്യക്തിജീവിതത്തിന്റെ പരിസമാപ്തി അസന്തുഷ്ഠിയുടേതാണെന്നു കാണാം. അതേ സമയം ദുഷ്ടനെന്നു കുപ്രസിദ്ധി നേടിയ രാവണന്റേതോ, സന്തുഷ്ഠിയുടേതാണെന്നും, സാമാന്യധാരണകള്‍ക്കു വിപരീതമായി, രാവണന്‍, വളരെ അറിവുള്ള ഒരു വിദ്വാനും, സുന്ദരനും, ധീരനും, കുടുംബസ്‌നേഹിയും ഒക്കെയാണ്. അദ്ദേഹത്തിന്റെ ഒരു പ്രധാന ബലഹീനത, കാമത്തിന് അധീനനായി എന്നുള്ളതാണ്. അത് അദ്ദേഹത്തിന്റെ നാശത്തിനും കാരണഭൂതമായി.
ജനങ്ങളില്‍ ധര്‍മ്മം പ്രചരിപ്പിക്കുക, അവരെ സല്‍കര്‍മ്മനിരതരാക്കുക എന്നിവയാണ് പുരാണങ്ങളുടെ ആത്യന്തിക ലക്ഷ്യങ്ങള്‍. അതിന് ഉപോല്‍ബലകമായ മനുഷ്യഗന്ധിയായ ദൃഷ്ടാന്തങ്ങളുള്‍ക്കൊള്ളുന്നവയാണ് പുരാണകഥകള്‍ എന്നാണ് പൊതുസങ്കല്പം. ഉന്നതാശയങ്ങള്‍ സാധാരണക്കാരിലെത്തിക്കാനുള്ള ഉദ്യമങ്ങളാണ് പുരാണങ്ങള്‍ എന്നാണ് വിവേകാന്ദസ്വാമികളുടെ അഭിപ്രായം. ഇതിഹാസങ്ങള്‍ മനുഷ്യകഥകളും, പുരാണങ്ങള്‍ ദൈവീകകഥകളും അതേ സമയം രണ്ടിലും ദൈവമനുഷ്യ സഹകരണമുള്ളതായും ചില പണ്ഡിതര്‍ സമര്‍ത്ഥിക്കുന്നു.

പ്രകൃതിരമണീയമായ പഞ്ചവടിയെക്കുറിച്ചുള്ള വര്‍ണ്ണന, മനുഷ്യനും പ്രകൃതിയും മറ്റു ജീവജാലങ്ങളും തമ്മിലുള്ള ഒരു സമീകൃത വാസത്തിന്റേയും സഹജീവബോധത്തിന്റേയും സന്തുലിതാവസ്ഥയെക്കുറിച്ച് നമ്മെ ബോധവല്‍ക്കരിക്കുന്നുണ്ട്. രാമായണത്തിലെ ഹനുമാന്‍, സുഗ്രീവന്‍ എന്നീ വാനരവീരന്മാര്‍, ജടായു എന്ന പക്ഷിരാജന്‍ ഇവരൊക്കെയുമായുള്ള സമ്പര്‍ക്കം, മനുഷ്യനും മറ്റു ജീവജാലങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ അനിവാര്യത സ്പഷ്ടമാക്കുന്നുണ്ട്. ഇന്നത്തെ പോലീസുകാര്‍ക്കും അപസര്‍പ്പകപടുകള്‍ക്കും കണ്ടുപിടിക്കാന്‍ ദുഷ്‌ക്കരമായ കുറ്റവാളികളെ അന്വേഷിച്ച് കണ്ടെത്താന്‍ പ്രത്യേകതരം നായകളുടെ സഹായം തേടേണ്ടിവരുന്നത് ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നു.

സാങ്കേതിക മായാജാലത്തിന്റെ ഒരു പ്രതീകമായ വിമാനം, അങ്ങിനെ ഒന്നില്ലാത്ത കാലത്ത് വിഭാവനം ചെയ്ത അത്ഭുതാവഹവും കല്പനാപൂര്‍ണ്ണവുമായ മഹര്‍ഷിവര്യന്റെ പ്രവചനശേഷിയും ഭാവിയെക്കുറിച്ചുള്ള ദീര്‍ഘ വീക്ഷണവും അനുപമമാണെന്ന് എടുത്തു പറയേണ്ട ഒരു വസ്തുതയാണെന്ന് ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിക്കുന്നു.
ഇതിഹാസ ഗ്രന്ഥങ്ങളിലെല്ലാം മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളിലേക്കു വെളിച്ചം വീശുന്നതിനാല്‍, മര്‍ത്ത്യരെ നേര്‍വഴിയിലേക്ക് നയിക്കുന്ന അനവധി സാരോപദേശങ്ങള്‍ അടങ്ങിയിരിക്കുന്നു. ജനപ്രിയമാക്കാനുതകുന്ന ഒട്ടേറെ വസ്തുതകളിലൂടെ കടന്നു പോകുന്ന രാമായണം വായനക്കാര്‍, ഇവയെല്ലാം സ്വന്തം പ്രശ്‌നങ്ങളെന്നപോലെ അനുഭവിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. 'താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍, താന്‍ താനനുഭവിച്ചീടുകെന്നേ വരൂ' എന്നതാണ് രാമായണം കൈകാര്യം ചെയ്യുന്ന മുഖ്യ പ്രമേയം. പലപല സംഭവങ്ങളിലൂടെ വാല്‍മീകി അത് ദൃഷ്ടാന്തീകരിക്കുന്നതായി ഡോ.സി.എന്‍.പരമേശ്വരന്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതിഹാസങ്ങളിലെ ന്യൂനതകളില്‍ ഊന്നല്‍ കൊടുക്കാതെ, മാനവരാശിയുടെ സാഹോദര്യത്തിനും സമഭാവനക്കും, സ്‌നേഹത്തിനും, മാനസികാരോഗ്യത്തിനും ഉത്തേജകമായും കാലാനുവര്‍ത്തിയായും ഇവ എന്നെന്നും വര്‍ത്തിക്കുമെന്നതില്‍ തെല്ലും സന്ദേഹത്തിനിടമില്ല. 'പാപഹരം പഴയോരിതിഹാസം' എന്നാണല്ലോ ബുധമതം.

രാമായണചിന്തകള്‍ (ഡോ. നന്ദകുമാര്‍ ചാണയില്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക